പഠനത്തോടൊപ്പം ശ്രദ്ധിക്കണം, കുട്ടികളുടെ ആരോഗ്യവും

ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ പഠനത്തിന് മുന്‍തൂക്കം നല്‍കേണ്ട കാലമാണ്. അധ്യയന വര്‍ഷാരംഭം മുതല്‍ ഏതു ക്ലാസിലായാലും ടൈംടേബിള്‍ അനുസരിച്ച് ചിട്ടയോടെ പഠിച്ചാല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടാം. പഠനത്തിൽ മാത്രമല്ല, രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഭക്ഷണം കഴിക്കുന്നതിലും കളിയിലും ഉറക്കത്തിലുമെല്ലാം ചിട്ട ആവശ്യമാണ്.

തിളപ്പിച്ചാറിയ വെള്ളം കുടിച്ച് തുടങ്ങാം
രാവിലെ എഴുന്നേറ്റ ഉടൻ കാപ്പിയോ ചായയോ കുടിക്കുന്നതിനു പകരം ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. നാലു തുള്ളി തേന്‍ കഴിച്ച് അതിനു മീതേ ഒരു ഗ്ലാസ് ചൂടാറിയ വെള്ളം കുടിക്കുന്നതും നല്ലതാണ്. പഠനത്തിലെന്നപോലെ ഭക്ഷണകാര്യത്തിലും ചിട്ട പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. ബിസ്‌ക്കറ്റ്, ബേക്കറി പലഹാരങ്ങള്‍ ഇവയൊക്കെയാണ് ഇന്ന് സ്‌കൂളിലേക്കു കൊടുത്തുവിടുന്നത്. കുട്ടികളുടെ ഉന്മേഷവും ഓര്‍ശമക്തിയും വര്‍ധിപ്പിക്കാന്‍ കഴിയുന്നതായിരിക്കണം നല്‍കുന്ന ഭക്ഷണം. തലച്ചോറിന്‍റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കാന്‍ ഉതകുന്ന ഗ്ലൂക്കോസ് ഭക്ഷണത്തില്‍ ഉണ്ടാകണം. പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പാല്‍, തേന്‍ എന്നിവ ഭക്ഷണത്തിന്‍റെ ഭാഗമാക്കണം.
 

ഭക്ഷണത്തിന്‍റെ അളവിലല്ല കാര്യം
ടിഫിന്‍ ബോക്‌സില്‍ ഭക്ഷണം കുത്തിനിറച്ചു കൊടുത്തു വിടരുത്. കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവല്ല പ്രധാനം. പോഷകങ്ങള്‍ എത്രത്തോളം അടങ്ങിയിരിക്കുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത്. ജങ്ക് ഫുഡുകള്‍ ഒഴിവാക്കി വിറ്റാമിന്‍ അടങ്ങിയ നാടന്‍ ഭക്ഷണം ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ഉന്മേഷം വര്‍ധിപ്പിക്കാനും സഹായിക്കും.
എരിവ്, പുളി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ കറികളില്‍ കുറക്കുക. ഉരുളകിഴങ്ങ് തൊലിയോടെ പുഴുങ്ങണം. ചൂട് പോയ ശേഷം തൊലി കളഞ്ഞ് കുട്ടികള്‍ക്കു കഴിക്കാന്‍ നല്‍കുക. ഉരുളകിഴങ്ങ് ഊര്‍ജ്ജം പ്രദാനം ചെയ്യും. മത്തി (ചാള), അയല, നെത്തോലി തുടങ്ങിയ മത്സ്യങ്ങള്‍ നൽകാം.
ആഴ്ച്ചയില്‍ ഒരിക്കല്‍ ചീനി (കപ്പ), ചേമ്പ്, കാച്ചില്‍, ചേന എന്നിവ പകല്‍ പുഴുങ്ങി നൽകാം. വൈകുന്നേരം അഞ്ച് കഴിഞ്ഞാല്‍ കട്ടിയുള്ള ഭക്ഷണം ഒഴിവാക്കുക. കോളകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ചിപിസ്, ബര്‍ഗര്‍, ഷവര്‍മ, സാന്‍ഡ്‌വിച്ച്, ചോക്ലേറ്റ് എന്നിവയെല്ലാം പരമാവധി ഒഴിവാക്കുക. ടി.വിക്ക് മുന്നിൽ ഇരുത്തി ആഹാരം കഴിപ്പിക്കുന്ന ശീലം വളർത്തരുത്.


മനസ്സിനെ ശാന്തമാക്കുക
കൂട്ടുകാരെ ഒപ്പം കൂട്ടി വൈകുന്നേരം കളിക്കാം. കുടംബാംഗങ്ങള്‍ക്കൊത്ത് ടി.വി കാണുകയും അത്താഴം കഴിക്കുകയും ചെയ്യണം. ദിവസേന ഡയറി എഴുതുന്ന ശീലം നല്ലതാണ്. അവധി ദിനങ്ങളിൽ ലൈബ്രറിയിൽ പോയി സാഹിത്യ, പൊതു വിജ്ഞാന പുസ്തകങ്ങള്‍ വായിക്കാനും സമയം കണ്ടെത്തണം. ടി.വിയില്‍ സിനിമകളോടൊപ്പം വാര്‍ത്തകളും പഠനോപകാരപ്രദമായ പരിപാടികളും കാണാന്‍ ശ്രദ്ധിക്കണം. ഉത്ക്കണ്ഠ, മാനസിക സമ്മര്‍ദ്ദം, വിഷാദം ഇവയെല്ലാം അകറ്റിനിര്‍ത്താന്‍ ഇത്തരം കാര്യങ്ങളിലൂടെ സാധിക്കും. 
മനസിനെ ശാന്തമാക്കാൻ ശ്രമിക്കണം. ശാന്തമായ മനസോടെ പഠിച്ചാലേ ഫലമുണ്ടാവു. എല്ലാകാര്യങ്ങളും പോസിറ്റീവായി കാണണം. ''എനിക്കിത് ചെയ്യാന്‍ കഴിയും. നല്ല മാര്‍ക്ക് നേടാനാകും'' എന്നിങ്ങനെ ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ നേരിടാന്‍ ശ്രമിക്കുക. മെഡിറ്റേഷന്‍ ശീലമാക്കുക.
 

മാനസിക പിന്തുണ സ്കൂളിൽനിന്നും
എല്ലാ സ്‌കൂളുകളിലും മനഃശാസ്ത്രജ്ഞരുടെ സേവനം ഉണ്ടാകണം. വീട്ടിലെ മോശം സാഹചര്യം പലപ്പോഴും കുട്ടികളെ ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തി കൗൺസലിങ് നൽകണം. കുടുംബവഴക്കുകള്‍ക്കിടയില്‍ വളരുന്ന കുട്ടികള്‍ക്ക് പഠനത്തിലും മറ്റും ശ്രദ്ധ പുലര്‍ത്താനാവില്ല. ആവശ്യമെങ്കില്‍ രക്ഷാകര്‍ത്താക്കള്‍ക്കും കൗണ്‍സലിങ് നല്‍കണം.
പഠിക്കുന്ന കുട്ടികളെ മുന്‍ ബെഞ്ചിലും മറ്റുള്ളവരെ പിന്‍ബെഞ്ചിലേക്കും തള്ളുന്നത് ശരിയല്ല. ''ഞാന്‍ പിന്‍ബെഞ്ചിലാണ്, എനിക്കു പഠിക്കാന്‍ കഴിയുകയില്ല'' എന്നിങ്ങനെയുള്ള ചിന്തകള്‍ കുട്ടികളിലുണ്ടാകാനേ ഈ പ്രവണത ഉപകരിക്കൂ. ഒരോ ആഴ്ച്ചയും കുട്ടികളെ മുന്നിലേക്കും പിന്നിലേക്കും മാറ്റി ഇരുത്തുന്നത് നന്നാകും. ചീത്തകൂട്ടുകാരോട് കൂട്ടുകൂടരുതെന്ന് പറഞ്ഞ് പഠനത്തില്‍ മികവുള്ളവരെ മാറ്റി നിര്‍ത്തരുത്. അവരെ ഉപയോഗിച്ച് പിന്നാക്കമുള്ളവരുടെ ന്യൂനതകള്‍ പരിഹരിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്.
വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ അധ്യാപകര്‍ ബാധ്യസ്ഥരാണ്. പുസ്തകത്തില്‍ പഠിക്കുന്നവ നേരില്‍ കാണിച്ചും പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കിയും മനഃശാസ്ത്രപരമായ പഠനരീതിയാണ് അവലംബിക്കേണ്ടത്. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചും കണ്ടും അറിയണം. അവരുടെ കഴിവും പോരായ്മയും കണ്ടറിഞ്ഞ് അവരെ നല്ല വ്യക്തിത്വമുള്ളവരാക്കി തീര്‍ക്കേണ്ടത് അധ്യാപകരുടെ കടമയാണ്.
 

കഴിവതും ട്യൂഷന്‍ ഒഴിവാക്കുക
പഠിക്കാന്‍ നല്ല സാഹചര്യം സൃഷ്ടിച്ചുകൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. എന്തു ചെയ്താലും ''അരുത്'' എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തരുത്. കുട്ടികളെ തൊട്ടതിനു പിടിച്ചതിനും വഴക്കു പറയുകയും അടിക്കുകയും ചെയ്യുന്ന പ്രവണത ഉപേക്ഷിക്കണം.
കഴിവതും കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കാതിരിക്കുക. സ്‌കൂളിലെ അധ്യാപകരോട് ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുക. വേണ്ടത്ര യോഗ്യതയില്ലാത്ത ട്യൂഷന്‍ ടീച്ചര്‍മാരുടെ ശിക്ഷണം പ്രയോജനം ചെയ്യണമെന്നില്ല.
 

മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്
കുട്ടികള്‍ പഠിക്കുന്ന സമയങ്ങളില്‍ ഉച്ചത്തിൽ ടി.വി വെക്കരുത്. പഠിക്കാൻ കുട്ടികൾക്ക് ശാന്തമായ അന്തരീക്ഷം ഉണ്ടായിരിക്കണം. ചില കുട്ടികള്‍ക്ക് രാത്രി പഠിക്കുന്നതാവും ഇഷ്ടം. മറ്റു ചിലര്‍ക്ക് രാവിലെ എഴുന്നേറ്റു പഠിക്കാനായിരിക്കും ഇഷ്ടം. കുട്ടികളുടെ ഇത്തരം ശീലം മാറ്റാന്‍ ശ്രമിച്ചാല്‍ ഗുണത്തെക്കാളധികം ദോഷമാകും ഉണ്ടാവുക. തെറ്റുകള്‍ കണ്ടാല്‍ തല്ലി ശരിയാക്കുകയല്ല വേണ്ടത്. അതി​െൻറ ദോഷം മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്. മറ്റു കുട്ടികളെ നിങ്ങളുടെ കുട്ടിയുമായി താരതമ്യം ചെയ്യരുത്. അത് മായാത്ത വേദനയും ദേഷ്യവും കുട്ടികളും മനസ്സിൽ ഉണ്ടാക്കും.
 

ഉറക്കവും പ്രധാനം
ഉറക്കമിളക്കുന്നത് ഏതു വ്യക്തിയുടെയും ശാരീരികാരോഗ്യത്തെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. പ്രത്യേകിച്ച് ബുദ്ധിവികാസത്തിനും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നതിനും ഉറക്കം അത്യന്താപേക്ഷിതമാണ്. കുറഞ്ഞത് എട്ടു മണിക്കൂര്‍ ഉറങ്ങാന്‍ കുട്ടികള്‍ ശ്രദ്ധിക്കണം. രാത്രി നേരത്തെ കിടന്ന് രാവിലെ എഴുന്നേല്‍ക്കുന്ന ശീലമാണ് നല്ലത്. പഠനത്തിന്‍റെ സ്വഭാവം അനുസരിച്ച് ഉറക്കസമയം ക്രമീകരിക്കുക.

- നദീറ അൻവർ
എം.എസ്.സി സൈക്കോളജി, പി.ജി.ഡി.ജി.സി.

Loading...
COMMENTS