താളം തെറ്റുന്ന ഹാർട്ടിനെതിരെ ഒരു അറ്റാക്ക്!

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം വൈകുന്നേരം രോഗികളെ പരിശോധിക്കുന്നതിനിടെ ഭാര്യയുടെ ഫോൺ കോൾ. തൊട്ടടുത്ത വീട്ടിലെ സുഹൃത്തും അയൽവാസിയും ജ്യേഷ്ഠ സഹോദരനുമായ വ്യക്തിക്ക് തീരേ സുഖമില്ല. എല്ലാവരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയിരിക്കുന്നു, എന്താണെന്നറിയില്ല. അൽപം കഴിഞ്ഞ് ഞെട്ടലോടെ ആ വാർത്ത കേട്ടു. രാവിലെ ജോലിക്ക് പോയി തിരിച്ചെത്തി കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നതാണ്, പിന്നീട് എണീറ്റില്ല. ഏവർക്കും ഒരു ഞെട്ടലോടെയും ഭയത്തോടുമല്ലാതെ ഈ വാർത്ത കേൾക്കാനാവില്ല. നല്ല ആരോഗ്യമുള്ള, അദ്ധ്വാനശീലനായ, ദു:ശീലങ്ങളൊന്നുമില്ലാത്ത ഒരു മദ്ധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചിരിക്കുന്നു.
ദിനേനെ നമ്മൾ ഇത്തരം വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം മകളുടെ കല്യാണത്തലേന്ന് പാട്ട് പാടികൊണ്ടിരിക്കുന്നതിനിടെ മരിച്ച പൊലീസുകാരനെ നാമാരും മറന്നിട്ടില്ല.

ഹൃദയാഘാതം പ്രായമൊന്നും നോക്കാതെ കടന്നു വരുന്ന ഏറ്റവും വലിയ ഒരു കൊലയാളിയായി മാറി കഴിഞ്ഞിരിക്കുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതും ബൈപാസ് ചെയ്യുന്നതും ബ്ലോക്ക് വരുന്നതും പക്ഷാഘാതം വരുന്നതും ഇന്ന് നമുക്കൊരു വാർത്തയല്ലാതായിരിക്കുന്നു. ഒരോ വർഷവും ഹൃദ്രോഗികളുടെ എണ്ണവും ആൻജിയോകളുടെ എണ്ണവും കൂടുകയല്ലാതെ കുറയുന്നില്ല. മധ്യവയസ്കരിലും ഇന്ന് ഹൃദ്രോഗ ലക്ഷണങ്ങൾ ഏറി വരുന്നു എന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോകത്ത് ഒരോ വർഷവും 17.9 മില്യൺ ആളുകൾ ഹൃദ്രോഗം മൂലം മരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ. ഇടനെഞ്ചിലെ മിടിപ്പ് നിലനിർത്താൻ മനുഷ്യൻ നിസഹായൻ ആണെങ്കിലും അകാലത്തിൽ നിലച്ച് പോവാതിരിക്കാൻ അൽപം ഒന്ന് ശ്രദ്ധിച്ചാൽ മതി...

ഈ ഹൃദയ ദിനത്തിൽ കുറച്ച് ദൃഢപ്രതിജ്ഞകൾ എടുത്താൽ തന്നെ ഒരു പരിധിവരെ ഹൃദ്യോഗികളാവാതിരിക്കാനും ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കാനും നമുക്കാവും. ഹൃദയത്തിന്‍റെ താളം പലപ്പോഴും മാറ്റപ്പെടാൻ കാരണക്കാർ നാം ഒരോരുത്തർ തന്നെയാണ്. മാറിയ കാലത്തും തിരക്കിട്ട ജീവിതത്തിലും അൽപം ശ്രദ്ധിച്ചാൽ ഹൃദയതാളം തെറ്റാതെ നോക്കാൻ കഴിയും. ഓർത്തുവെക്കാൻ ചില കാര്യങ്ങൾ:

ആരോഗ്യകരമായ ഭക്ഷണം, പാചകം
ഭക്ഷണം ആരോഗ്യകരമായി പാചകം ചെയ്യാനും കഴിക്കാനും നമ്മെയും കുടുംബത്തെയും പ്രാപ്തമാക്കും എന്ന പ്രതിജ്ഞയെടുക്കുക. ഈ പ്രതിജ്ഞ നിറവേറ്റിയാൽ നല്ലൊരു ശതമാനം ഹൃദയതാളത്തെ പിടിച്ചു നിർത്താനാവും. അനാവശ്യ ഭക്ഷണങ്ങൾ, അമിതാഹാരം, അനാവശ്യ കൊഴുപ്പുകളും അമിത എണ്ണകളും, അമിത പഞ്ചസാരയുടേയും ഉപ്പിന്‍റെയും അളവുകൾ... ഇവയെല്ലാം നിയന്ത്രിക്കണം. ‘രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളിക കഴിക്കുന്നുണ്ട്, പക്ഷേ ഭക്ഷണം നിയന്ത്രിക്കാനാവില്ല. മരുന്ന് എത്രയും കഴിച്ചോളാം, പക്ഷേ ഒന്നും നിയന്ത്രിക്കാൻ പറയരുത്’ എന്ന് പറയുന്ന മലയാളിക്ക് എങ്ങനെ നല്ലൊരു ഹൃദയം ഉണ്ടാകും​?

കഴിഞ്ഞ ദിവസം എന്‍റെ ഒരു രോഗിയെ വിവാഹ ചടങ്ങിനിടെ കണ്ടു. എന്നെ കണ്ടതും അദ്ദേഹം പരുങ്ങി. കൈയ്യിൽ എന്തോ പൊതിയുണ്ട്, അത് പിറകിൽ മറക്കാൻ ശ്രമിക്കുന്നു. എന്താണെന് ചോദിച്ചിപ്പോൾ ചിരിക്കുക മാത്രം ചെയ്തു. ചുറ്റും നോക്കിയപ്പോൾ കാര്യം മനസിലായി, തൊട്ടടുത്ത് ജിലേബിയും ലഡുവും മൈസൂർ പാക്കും വിവിധ നിറങ്ങളിൽ കാറ്ററിങ് ബോയ് എണ്ണയിൽ നിന്ന് ഊറ്റി ടേബിളിലെ ട്രേയിലേക്ക് മാറ്റുന്നു. ഉടൻ ട്രേ കാലിയാകുന്നു. അദ്ദേഹം എല്ലാം ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് കൈയ്യിൽ പിടിച്ചിട്ടുണ്ടെന്ന് മനസിലായി. ‘ഷുഗർ ഉള്ളതിനാൽ ഭാര്യ മധുരം കഴിക്കാൻ സമ്മതിക്കില്ല. ഇവിടെ കണ്ടപ്പോൾ കഴിച്ചതാണ്. വൈകുന്നേരം ഒരു ഗുളിക കൂടി അധികം കഴിച്ചാൽ പ്രശ്നം തീരുമല്ലോ....’ ഇതാണ് ശരാശരി മലയാളിയുടെ അവസ്ഥ.!

എത്ര മരുന്നും വ്യായാമവും നിർദ്ദേശിച്ചിട്ടും പ്രമേഹം കുറയാത്ത രോഗിയുടെ ഭാര്യയോട് പുള്ളിക്കാരനെ നിരീക്ഷിക്കണം എന്ന് പറഞ്ഞേൽപ്പിച്ചു. താൻ എഴുന്നേൽക്കുന്നതിന് മുമ്പ് പുലർച്ചെ വ്യായാമം ചെയ്യാനെന്ന് പറഞ്ഞ് പോയി മതിവരുവോളം പഞ്ചസാരയിട്ട് കട്ടൻ ചായ കുടിക്കുന്ന ഭർത്താവിനെയാണ് ഭാര്യ കണ്ടെത്തിയത്.! ഡോക്ടർക്കും പങ്കാളിക്കും വേണ്ടിയല്ലാതെ സ്വന്തത്തിനായി പ്രതിജ്ഞയെടുക്കാൻ നമുക്കോരോരുത്തർക്കും സാധിക്കണം.

പുകവലി പറ്റില്ല
ഒരോ സിഗരറ്റ് വലിച്ച് തീർക്കുമ്പോഴും ആയുസ്സിൽനിന്ന് പതിനാല് മിനിറ്റ് കുറയുന്നു എന്നാണ് കണക്കുകൾ. വലിക്കുന്നവർ മാത്രമല്ല, പുറത്ത് വിടുന്ന പുക ശ്വസിക്കുന്നവരുടേയും ആയുസ് ചുരുങ്ങുന്നു. കടുത്ത സാമൂഹ്യ ദ്രോഹം തന്നെ. പ്രിയപ്പെട്ടവരെ ഈ വിപത്തിൽനിന്ന് തടഞ്ഞില്ലെങ്കിൽ ചെറിയ കുട്ടികൾ മുതൽ ഇതുപയോഗിക്കാത്ത ആളുകളും വരെ ഫലം അനുഭവിക്കേണ്ടിവരും. ഉറച്ച തീരുമാനത്തോടെ ഈ ദു:ശീലം പിഴുതെറിഞ്ഞാൽ, ഒരു ദൃഢപ്രതിജ്ഞയെടുത്താൽ ഈ ഹൃദയ ദിനം ധന്യമായി.

കാലം മാറുന്നതിനനുസരിച്ച് കൂടുതൽ ലഹരി അടങ്ങിയ പുകയിലകളും കഞ്ചാവുകളേയും പ്രണയിക്കുന്നവർ ഒന്നോർക്കുക, ചുണ്ടിലെ പുക ആവേശത്തോടെ പുറത്തേക്ക് ഊതി വിടുമ്പോൾ ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും താളം തകരാൻ അധിക സമയമുണ്ടാകില്ല. ജീവിതമെന്ന ലഹരി നില നിർത്താൻ മറ്റു ലഹരികളോട് വിട പറയാനുള്ള പ്രതിജ്ഞ കൂടിയാവട്ടെ ഈ ഹൃദയദിനം...

ഊർജസ്വലരാവുക
പഴയ ചില നല്ല ശീലങ്ങളിൽ നിന്ന് സമൂഹം ഒരു പാട് മാറ്റപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം കയറുന്നു എന്ന പരാതിയുമായി എട്ടാം ക്ലാസുകാരൻ കാണാനെത്തി. കറുപ്പ് നിറം മാറാൻ ഓയിൽമെന്‍റ് വേണം എന്നായിരുന്നു മാതാവിന്‍റെയും അവന്‍റെയും ആവശ്യം. അവന്‍റെ ഭാരം 82 കിലോ! പ്രായം ഒന്നുകൂടി ചോദിച്ച് ഉറപ്പാക്കി. കൊളസ്േട്രാൾ 320. ഇങ്ങനെ പോയാൽ ഹൃദയത്തിൽ കറുപ്പ് കയറാൻ അധിക സമയമുണ്ടാവില്ല എന്ന് പറഞ്ഞു. സ്കൂൾ കഴിഞ്ഞെത്തിയാൽ ടാബിൽ കളിച്ചിരിക്കുമെന്നും മറ്റു കുട്ടികളുമായി കളിക്കാൻ പോകാറില്ലെന്നും രക്ഷിതാവ്. വലിയ അപകടം രക്ഷിതാക്കളെ പറഞ്ഞ് മനസിലാക്കിയാണ് തിരിച്ചയച്ചത്.

ഇത്തരം സാഹചര്യങ്ങൾ നാട്ടിൽ വർധിക്കുന്നതാണ് കാണുന്നത്. ഇതിനെതിരെ ഒരു പ്രതിജ്ഞ എടുക്കാനായില്ലെങ്കിൽ യുവാക്കളിൽ എത്തി നിൽക്കുന്ന ഹൃദയസ്തംഭനം ചെറിയ കുട്ടികളിൽ വരെ എത്താൻ കാലതാമസമുണ്ടാകില്ല എന്നോർക്കുക. പുതുതലമുറയെ ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളിൽ തളച്ചിടാതെ തുടിക്കുന്ന ഹൃദയമുള്ളവരാക്കാൻ ഊർജജസ്വലതയോടെ മുന്നോട്ട് പോവാനുള്ള പ്രതിജ്ഞയും ഉൽസാഹവും മുതിർന്നവർ നൽകണം, അതിന് മാതൃകയാവാനും മുതിർന്നവർക്ക് കഴിയണം.

ഈ ഹൃദയദിനത്തിൽ അമിത ഭക്ഷണവും വ്യായമമില്ലായ്മയും മറ്റു ദുഃശീലങ്ങളും മാനസിക സംഘർഷങ്ങളും പടിക്ക് പുറത്താക്കി നല്ല ശീലങ്ങളുമായി മുന്നോട്ട് പോകാമെന്ന് ദൃഢപ്രതിജ്ഞയെടുക്കാം. താളം തെറ്റുന്ന ഹാർട്ടിനെതിരെ ജീവിത ശൈലിയും വ്യായാമവും ക്രമീകരിച്ചുള്ള അറ്റാക്കിന് കൈകോർക്കാം. ഹൃദ്യമായ ഹൃദയാരോഗ്യം നേർന്നു കൊണ്ട്...

Loading...
COMMENTS