ചൂടിൽ നിന്ന് രക്ഷനേടാൻ എ.സി വേണം, പക്ഷേ 24 ഡിഗ്രിയിൽ താഴരുത്; ഉഷ്ണതരംഗത്തിനിടെ കരുതിയിരിക്കേണ്ട 5 ആരോഗ്യ ഭീഷണികൾ
text_fieldsഇന്ത്യയിൽ ഉഷ്ണതരംഗം കടുക്കുന്നതോടെ എയർ കണ്ടീഷണറുകൾ (AC) നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. എന്നാൽ, 45 ഡിഗ്രി ചൂടിൽ നിന്ന് രക്ഷനേടാൻ നാം ആശ്രയിക്കുന്ന ഈ തണുപ്പ്, നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. എ.സി മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്ന് 'വാട്ടർ, എയർ ആൻഡ് സോയിൽ പൊല്യൂഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
1. രോഗാണുക്കളുടെ പ്രജനന കേന്ദ്രം
എ.സി യൂണിറ്റുകൾ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ അവ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും താവളമായി മാറും. എ.സി ഡക്റ്റുകളിലെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ വളരുന്ന ലീജിയനെല്ല ബാക്ടീരിയകൾ വഴി മാരകമായ ന്യൂമോണിയ വരാൻ സാധ്യതയുണ്ട്.
2. നിർജ്ജലീകരണവും ചർമപ്രശ്നങ്ങളും
എ.സി വായുവിലെ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ ചർമത്തിലെയും കണ്ണിലെയും ഈർപ്പം നഷ്ടപ്പെടുന്നു. കണ്ണ് ചുവക്കുക, ചൊറിച്ചിൽ, കാഴ്ച മങ്ങൽ എന്നിവക്ക് ഇത് കാരണമാകുന്നു. ചർമം വരളാനും ചൊറിച്ചിൽ ഉണ്ടാകാനും എക്സിമ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾ കൂടാനും ഇത് ഇടയാക്കും.
3. ശ്വാസകോശ അസ്വസ്ഥതകൾ
എ.സി ഫിൽട്ടറുകൾ 15 മുതൽ 30 ദിവസത്തിനുള്ളിൽ വൃത്തിയാക്കിയില്ലെങ്കിൽ പൊടിപടലങ്ങളും പൂപ്പലും ശ്വസിക്കുന്നത് ആസ്ത്മക്കും മറ്റ് ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായ തണുത്ത വായു ശ്വസിക്കുന്നത് ശ്വാസംമുട്ടലിനും കാരണമാകാം.
4. തെർമൽ ഷോക്ക്
പുറത്തെ 45 ഡിഗ്രി ചൂടിൽ നിന്ന് പെട്ടെന്ന് എ.സി മുറിയിലെ 18 ഡിഗ്രി തണുപ്പിലേക്ക് പ്രവേശിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തളർത്തും. രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങുന്നത് വഴി ജലദോഷം, പനി, പേശീവേദന എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
5. കടുത്ത ക്ഷീണവും തലവേദനയും
എ.സി മുറികളിൽ ഓക്സിജന്റെ അളവ് കുറയുന്നതും കാർബൺ ഡയോക്സൈഡ് കൂടുന്നതും വിട്ടുമാറാത്ത തലവേദനക്കും തളർച്ചക്കും കാരണമാകുന്നു. ഇതിനെ 'സിക്ക് ബിൽഡിംഗ് സിൻഡ്രോം' (Sick Building Syndrome) എന്ന് വിളിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
24 ഡിഗ്രി റൂൾ: എസി താപനില എപ്പോഴും 24 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ക്രമീകരിക്കുക. ഇത് തെർമൽ ഷോക്ക് ഒഴിവാക്കാൻ സഹായിക്കും.
വായുസഞ്ചാരം ഉറപ്പാക്കുക: ഓരോ നാല് മണിക്കൂർ കൂടുമ്പോഴും കുറച്ചു നേരം എ.സി ഓഫ് ചെയ്ത് ജനലുകൾ തുറന്നിടുക. ഇത് ശുദ്ധവായു കയറാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക: എ.സി മുറികളിൽ ദാഹം തോന്നിയില്ലെങ്കിലും ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ വെള്ളം കുടിക്കുന്നത് തുടരണം.
ഫിൽട്ടറുകൾ വൃത്തിയാക്കുക: രണ്ടാഴ്ചയിലൊരിക്കൽ എ.സി ഫിൽട്ടറുകൾ വൃത്തിയാക്കുന്നത് ശീലമാക്കുക.
ഹ്യുമിഡിഫയർ ഉപയോഗിക്കുക: ചർമത്തിലും കണ്ണിലും അമിതമായ വരൾച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ മുറിയിൽ ഈർപ്പം നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

