Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവേനലില്‍ ആരോഗ്യം...

വേനലില്‍ ആരോഗ്യം വാടാതെ സൂക്ഷിക്കാം

text_fields
bookmark_border
വേനലില്‍ ആരോഗ്യം വാടാതെ സൂക്ഷിക്കാം
cancel

സാധാരണ മഴക്കാലമാണ് രോഗങ്ങളുടെ കാലമായി പൊതുവെ പരിഗണിക്കുന്നത്. പനിയും ജലദോഷവും വാര്‍ധക്യകാലരോഗങ്ങളും ഇക്കാലത്ത് പ്രത്യേകമായി തലപൊക്കുന്നതുകൊണ്ടാണിത്. എന്നാല്‍, വേനല്‍കാലവും ആരോഗ്യത്തിന്‍െറ കാര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കേണ്ട കാലയളവാണ്. ഒരുപക്ഷേ, മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് വേനല്‍കാലരോഗങ്ങളാണ്.

പൊതുവെ വേനല്‍ ജീവജാലങ്ങള്‍ക്ക് അസഹ്യതയുടെ കാലമാണ്. വേനല്‍ചൂട് കൂടുന്തോറും ശരീരം വെന്തുരുകാന്‍ തുടങ്ങുന്നു. വിശപ്പിന് പകരം ദാഹവും ഊര്‍ജസ്വലതക്കു പകരം ക്ഷീണവും ശരീരത്തെ വലക്കുന്നു.

ജലാംശത്തിന്‍െറ നഷ്ടമാണ് ശരീരം നേരിടുന്ന ഒരു പ്രധാന ഭീഷണി. ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം മരണത്തിനുതന്നെ കാരണമാകുന്നു. വേനലിന്‍െറ ആധിക്യത്തില്‍ നിര്‍ജലീകരണംമൂലം കുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനു പേരാണ് ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ വര്‍ഷംതോറും മരിക്കുന്നത്. കുടിവെള്ളക്ഷാമവും കുടിക്കുന്ന വെള്ളത്തിലെ മാലിന്യങ്ങളുടെ സാന്നിധ്യവും ഒരുപോലെ രോഗങ്ങള്‍ക്ക് കാരണമാവുന്നു.
വിയര്‍പ്പുകുരു മുതല്‍ മാരകമായ സൂര്യാഘാതം വരെ നിരവധി പ്രശ്നങ്ങള്‍ക്ക് കൊടുംവേനല്‍ കാരണമാവുന്നു.

മനുഷ്യശരീരത്തിന്‍െറ 75 ശതമാനവും ജലമാണ്. നിത്യേനയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തില്‍നിന്ന് വലിയതോതില്‍ ജലം നഷ്ടപ്പെടുന്നു. മലമൂത്ര വിസര്‍ജനം, വിയര്‍പ്പ് എന്നിവ കൂടാതെ ശ്വാസോച്ഛ്വാസത്തില്‍ കൂടിയും ധാരാളം ജലാംശം നഷ്ടമാകുന്നുണ്ട്. മഞ്ഞുകാലത്ത് അതിരാവിലെയും മറ്റും നാം ശ്വാസം പുറത്തുവിടുമ്പോള്‍ മൂക്കിലൂടെയും വായിലൂടെയും പുകയുടെ രൂപത്തില്‍ ദൃശ്യമാകുന്ന നീരാവി വേനലില്‍ നമുക്ക് വേര്‍തിരിച്ച് കാണാനാവുന്നില്ല എന്നേയുള്ളൂ. ഇങ്ങനെ നഷ്ടമാവുന്നതിന് ആനുപാതികമായ ജലാശം ശരീരത്തിനുള്ളിലേക്ക്  എത്തേണ്ടതുണ്ട്. പലകാരണങ്ങളാലും ഇതിന്‍െറ അളവില്‍ കുറവുണ്ടാകുമ്പോഴാണ് ശരീരം രോഗത്തിന് കീഴ്പ്പെടുന്നത്. ചുരുക്കത്തില്‍  ലഭ്യമാകുന്ന ജലത്തിന്‍െറ അളവിനേക്കാള്‍ കൂടുതലായി നഷ്ടമാവുമ്പോഴാണ് ശരീരം പ്രതികരിക്കുന്നത്.

അമിതമായ ദാഹമാണ് ജലനഷ്ടത്തോടുള്ള ശരീരത്തിന്‍െറ ആദ്യപ്രതികരണം. മൂത്രത്തിന്‍െറ അളവ് കുറയുകയും സാന്ദ്രതകൂടി മഞ്ഞനിറമായിത്തീരുകയും ചെയ്യും. തുടര്‍ന്ന് ശരീരം മുഴുവനായി വരളുക, പ്രത്യേകിച്ച് വായയും കണ്ണും വരണ്ടുണങ്ങുക, പേശികള്‍കോച്ചിപ്പിടിക്കുക, ഛര്‍ദിക്കാനുള്ള തോന്നലുണ്ടാകുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുക എന്നിവക്ക് പുറമെ തലവേദനയും സാധാരണയാണ്. ജലനഷ്ടം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളര്‍ച്ചയും ബോധക്ഷയവും സംഭവിക്കും. ഈ അവസ്ഥയില്‍  അടിയന്തര സഹായം ലഭിക്കാത്തപക്ഷം അത് മരണത്തിനുതന്നെ കാണമാകും.
രോഗിയുടെ ശരീരത്തിലേക്ക് ഒട്ടും വൈകാതെ ജലം നല്‍കുകയാണ് പരിഹാരമാര്‍ഗമായി ആദ്യം ചെയ്യേണ്ടത്. ചില സമയത്ത് അവശനായ രോഗിക്ക് കുടിക്കാന്‍ വെള്ളം നല്‍കിയാല്‍തന്നെ ആവശ്യത്തിനു വെള്ളം അകത്താക്കാന്‍ കഴിയാതെ വരും. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇത്തരം സന്ദര്‍ഭത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഞരമ്പുകള്‍വഴി തുടര്‍ച്ചയായി ഗ്ളൂക്കോസ് നല്‍കേണ്ടിവരും. കടുത്ത വെയിലില്‍നിന്ന് രോഗിയെ തണലത്തേക്കു മാറ്റിയശേഷം കഴിയുന്നത്ര ശുദ്ധജലം കുടിക്കാന്‍ നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്.  

സൂര്യാഘാതമാണ് വേനല്‍ നല്‍കുന്ന  മറ്റൊരും മാരകമായ അവസ്ഥ. കടുത്തവേനലില്‍ തുറസ്സായ സ്ഥലത്ത് കൊടുംവെയിലില്‍ കഴിയേണ്ടിവരുന്നവരിലാണ് സൂര്യാഘാതമുണ്ടാകുക. സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് റേഡിയേഷന്‍ തൊലിപ്പുറത്ത് സൃഷ്ടിക്കുന്ന പൊള്ളലാണ് ഇത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരിലും കെട്ടിടങ്ങള്‍ക്ക് പുറത്ത് തണലിടങ്ങളില്ലാത്ത പ്രദേശത്ത് ദീര്‍ഘനേരം ജോലിചെയ്യുന്നവര്‍ക്കുമാണ് സൂര്യാഘാതമുണ്ടാകുക. തൊലിപ്പുറം പൊള്ളലേറ്റ് നിറംമാറുകയും കടുത്തവേദന അനുഭവപ്പെടുകയുമാണ് ഒരു ലക്ഷണം. സൂര്യാഘാതവും ഉടന്‍ ചികിത്സിച്ചില്ളെങ്കില്‍ മരണത്തിന് കാരണമാവും. ഭാവിയില്‍ തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദത്തിനും ഇത് കാരണമാവും.

പകര്‍ച്ചവ്യാധികളാണ്  മറ്റൊരു ഭീഷണി. വേനല്‍ക്കാലം തുടങ്ങുന്നതോടെ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. ഒരുതരം വൈറസുകളാണ് ഇതിന് കാരണമാവുക. കണ്ണുകള്‍ക്ക് കടുംചുവപ്പ് നിറം, വേദന, ചൊറിച്ചില്‍, കണ്ണുനീര്‍ പ്രവാഹം എന്നിവയാണ് പ്രധാന ലക്ഷണം. അപൂര്‍മായി കാഴ്ചക്ക് മങ്ങലും പനിയും കണ്ടുവരുന്നുണ്ട്. കണ്ണിന് പൂര്‍ണവിശ്രമം നല്‍കുകയും മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെങ്കണ്ണ് ഒരാഴ്ചകൊണ്ട്  സുഖപ്പെടും. ചിലപ്രത്യേക വൈറസുകള്‍ മൂലമുണ്ടാകുന്ന ചെങ്കണ്ണ് മാസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ട്. പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗിയുമായി മറ്റുള്ളവര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗി ഉപയോഗിക്കുന്ന ടവല്‍, തുവര്‍ത്തുമുണ്ട് എന്നിവ തൊടരുത്. പൊതുവായി ഉപയോഗിക്കുന്ന കുളിമുറി, വാഷ്ബേസിന്‍ എന്നിവ ഉപയോഗിക്കാതിരിക്കാന്‍ രോഗിയും ശ്രദ്ധിക്കണം.
മൂത്രാശയ രോഗങ്ങളാണ് മറ്റൊരു വെല്ലുവിളി. ശരീരത്തിലെ ജലാംശത്തിന്‍െറ നഷ്ടം കാരണം മൂത്രത്തിന്‍െറ അളവ് കുറയുകയും മൂത്രനാളിയില്‍ അണുബാധയുണ്ടാകുകയും ചെയ്യുന്നതാണ് സാധാരണ കണ്ടുവരുന്ന രോഗം. വേദനയോടെ ഇടക്കിടെ മൂത്രമൊഴിക്കല്‍, വിറയലോടുകൂടിയ കടുത്ത പനി, ശരീരവേദ എന്നിവക്ക് പുറമെ മൂത്രത്തിന് നിറവ്യത്യാസവും രക്തംകലര്‍ന്ന മൂത്രവും ഈ രോഗത്തിന്‍െറ ലക്ഷണങ്ങളാണ്. ധാരാളം വെള്ളംകുടിക്കുക, ഫലപ്രദമായ ആന്‍റിബയോട്ടിക്കുകള്‍ കൃത്യമായ അളവിലും കാലയളവിലും കഴിക്കുക എന്നതാണ് ചികിത്സ. രോഗലക്ഷണം കണ്ടാലുടന്‍ വൈദ്യസഹായം തേടണം.

മൂത്രത്തിലെ കല്ലാണ് മറ്റൊരു രോഗം. പുറംഭാഗത്ത് അരക്കെട്ടിന് തൊട്ടുമുകളിലായി കടുത്തവേദനയാണ് പ്രധാനലക്ഷണം. രക്തം കലര്‍ന്ന മൂത്രവും മറ്റൊരു ലക്ഷണമാണ്. അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെയും മൂത്രപരിശോധന മുഖേനയും കല്ലിന്‍െറ സാന്നിധ്യം ഉറപ്പുവരുത്താം. വൃക്കക്കുള്ളിലെ കല്ലിന്‍െറ വലുപ്പത്തിനും സ്വഭാവത്തിനുമനുസരിച്ച് വേദനയുടെ കാഠിന്യത്തിന് എറ്റക്കുറച്ചില്‍ വരാം. പലപ്പോഴും അസഹ്യമായ വേദനമൂലം രോഗി ഛര്‍ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്യാറുണ്ട്. ഒരു വിദഗ്ധ ഡോക്ടറുടെ സേവനം ഈ അവസരത്തില്‍ നിര്‍ബന്ധമാണ്. മൂത്രത്തിലൂടെ വൃക്കയിലും മൂത്രസഞ്ചിയിലും അടിഞ്ഞുകൂടുന്ന രാസവസ്തുക്കള്‍ ക്രമേണ പരലുകളായി രൂപപ്പെടുന്നതാണ് ഈ രോഗത്തിന് കാരണം. അത്യാവശ്യഘട്ടങ്ങളില്‍ ശസ്ത്രക്രിയ ആവശ്യമായിവരും. മരുന്ന് കഴിച്ച് കല്ലുകള്‍ മൂത്രനാളിവഴി പുറംതള്ളുന്ന ചികിത്സയും കല്ല് അലിയിച്ചുകളയുകയോ പൊടിച്ചുകളയുകയോ ചെയ്യുന്ന അത്യാധുനിക ചികിത്സയും നിലവിലുണ്ട്.

വിയര്‍പ്പുകുരു അഥവാ ചൂടുകുരു ആണ് വേനലില്‍ വില്ലനാവുന്ന മറ്റൊരു രോഗം. അമിതവിയര്‍പ്പുമൂലം സ്വേദഗ്രന്ഥികളില്‍ അഴുക്ക്  അടിഞ്ഞുകൂടി അവിടെ രോഗാണുക്കള്‍ പെരുകുന്നതുമൂലം തൊലിപ്പുറത്ത് തിണര്‍ത്ത് പൊന്തുകയോ കുരുക്കളായി രൂപപ്പെടുകയോ ചെയ്യും. ചൊറിച്ചിലും നീറ്റലും വേദനയും ഉണ്ടാവും. ചെറിയ കുഞ്ഞുങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പ്രത്യേക ചികിത്സയില്ലാതെതന്നെ ഇത് മാറുന്നതാണ്. കുരുക്കള്‍ പഴുത്ത് വേദനകൂടുകയാണെങ്കില്‍ ഒരു ചര്‍മരോഗ വിദഗ്ധന്‍െറ സഹായം തേടാം.

വേനലില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന മറ്റൊരു രോഗമാണ് ചിക്കന്‍പോക്സ്. കടുത്ത പനിയും ശരീരവേദനയും തുടര്‍ന്ന് ശരീരത്തില്‍ വെളുത്തനിറത്തിലുള്ള ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് രോഗലക്ഷണം. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പൊതുവെ രണ്ടാഴ്ചകൊണ്ട് സുഖപ്പെടുമെങ്കിലും എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതിനാല്‍ രോഗിയുമായി ഒരു തരത്തിലും ബന്ധപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം.
മലബന്ധവും  പുത്തുനിന്ന് കഴിക്കുന്ന ശീതളപാനിയങ്ങള്‍ മുഖേനയുണ്ടാവുന്ന വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയവയും വേനലില്‍ കണ്ടുവരുന്ന രോഗങ്ങളാണ്.

ധാരാളം വെള്ളം കുടിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്താല്‍ വേനല്‍ക്കാലരോഗങ്ങളെ ഒരു പരിധിവരെ നേരിടാം. അയവുള്ള പരുത്തിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും ഒന്നിലധികം തവണ കുളിക്കുന്നതും ചര്‍മരോഗത്തെ ചെറുക്കാന്‍ സഹായിക്കും.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer disease
Next Story