Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രവാസികള്‍...

പ്രവാസികള്‍ സൂക്ഷിക്കുക; വൃക്കരോഗം അരികെയുണ്ട്

text_fields
bookmark_border
പ്രവാസികള്‍ സൂക്ഷിക്കുക; വൃക്കരോഗം അരികെയുണ്ട്
cancel


ഗള്‍ഫ് മേഖലയിലെന്നല്ല ലോകത്താകമാനംതന്നെ വൃക്കരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണ്. പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 8-16 ശതമാനം പേരിലും വൃക്കരോഗങ്ങള്‍ ഉള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൃക്കരോഗം തീവ്രമായാല്‍ പിന്നെ വൃക്ക മാറ്റിവെക്കലോ അല്ളെങ്കില്‍ ഡയാലിസിസ് ചെയ്യുകയോ മാത്രമാണ് പോംവഴി. അതുകൊണ്ടുതന്നെ ഈ രോഗം വരാതെ തടയുകയോ അല്ളെങ്കില്‍ തുടക്കത്തില്‍തന്നെ കണ്ടുപിടിച്ച് ചികിത്സിച്ച് രോഗം അധികരിക്കുന്നത് തടയുകയോ വേണം.
ഗള്‍ഫ് മേഖലയില്‍ മാത്രമല്ല, അധികം ചൂടുള്ള രാജ്യങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കിടയിലും വൃക്കരോഗസാധ്യത കൂടുതലാണ്. അമേരിക്കയിലെ ചിലയിടങ്ങളില്‍ ചൂടുള്ള കാലാവസ്ഥയില്‍ ജോലിചെയ്യുന്ന കരിമ്പുകൃഷിക്കാരായ ചെറുപ്പക്കാര്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ വളരെയധികം കാണപ്പെടുകയും ഏകദേശം 20,000ത്തില്‍പരം രോഗികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ മരിക്കുകയും ചെയ്തു. മെസോ അമേരിക്കന്‍ നെഫ്രോപതി എന്നാണ് ഈ അസുഖം അറിയപ്പെട്ടത്. കാരണങ്ങളിലേക്കുള്ള അന്വേഷണം പല സാധ്യതകളെയും വെളിച്ചത്തു കൊണ്ടുവന്നു.
അവയില്‍ പ്രധാനപ്പെട്ടതാണ് നിര്‍ജ്ജലീകരണം. അഥവാ ശരീരത്തില്‍ വെള്ളം കുറഞ്ഞുപോകുന്ന അവസ്ഥ. കഠിനമായ ചൂടുള്ള അന്തരീക്ഷത്തില്‍ ജോലിചെയ്യുമ്പോള്‍ വളരെയധികം ജലം ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്നു. അതിനനുസരിച്ച് വെള്ളം കുടിച്ചില്ളെങ്കില്‍ ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയില്‍ എത്തിച്ചേരും. ഇത് വൃക്കകള്‍ക്ക് ഹാനികരമാണ്. കാരണം, ഈ അവസ്ഥയില്‍ ശരീരത്തില്‍ Fructose, യൂറിക് ആസിഡ് മുതലായവയുടെ ഉല്‍പാദനം വര്‍ധിക്കുകയും അവ വൃക്കകളെ തകരാറിലാക്കുകയും ചെയ്യുന്നു.
പൊതുവെ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ യൂറിക് ആസിഡ് അധികമായി കാണുന്നു. ആഹാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാകാം ഇതിനു കാരണം. മാംസാഹാരങ്ങള്‍, അസ്പരാഗസ്, കൂണ്‍, കക്ക, ചെമ്മീന്‍, സ്പിനാച്ച് എന്നിവയെല്ലാം യൂറിക് ആസിഡ് കൂട്ടുന്ന ആഹാരങ്ങളാണ്. യൂറിക് ആസിഡ് കൂടിയവരില്‍ വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, രക്താതിസമ്മര്‍ദം മുതലായ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ബിയര്‍ കഴിക്കുന്നത് യൂറിക് ആസിഡ് വര്‍ധിപ്പിക്കും.
കൂടാതെ, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ പലതരം കീടനാശിനികള്‍ കൈകാര്യം ചെയ്യുന്നു. ഇവയില്‍ ആര്‍സനിക് (എലിവിഷത്തില്‍ അടങ്ങിയ രാസവസ്തു) വൃക്കകള്‍ക്ക് ദോഷം ചെയ്യും. ശ്രീലങ്കയില്‍ ആര്‍സനിക് ഉപയോഗം മൂലമുള്ള വൃക്കരോഗങ്ങള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാധാരണ ഏറ്റവുമധികം വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത് പ്രമേഹം, രക്താതിസമ്മര്‍ദം മുതലായ രോഗങ്ങള്‍ മൂലമാണ്. കൂടാതെ, വൃക്കയിലെ കല്ലും രോഗകാരണമാകാം. ഈ പറഞ്ഞ രോഗങ്ങളൊക്കെയും ഗള്‍ഫ് മലയാളികളുടെ ഇടയില്‍ സര്‍വസാധാരണമാണ്. അമിതവണ്ണം, വ്യായാമക്കുറവ്, മാനസികസംഘര്‍ഷം, പുകവലി, അനാരോഗ്യകരമായ ഭക്ഷണരീതി ഇവയെല്ലാം ഈ ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്നു. അതിന്‍െറ കൂടെ പലപ്പോഴും ഈ രോഗങ്ങളെ അവഗണിക്കുകകൂടിയാകുമ്പോള്‍ രോഗസങ്കീര്‍ണതകള്‍ വേഗത്തിലാകും.
വേദനസംഹാരികളായ മരുന്നുകള്‍, ചിലതരം പച്ചിലമരുന്നുകള്‍, ചില ആന്‍റിബയോട്ടിക്കുകള്‍ എന്നിവയെല്ലാം ചിലപ്പോള്‍ വൃക്കകളെ തകരാറിലാക്കും. ഡോക്ടര്‍മാര്‍ അഞ്ചു ദിവസത്തേക്കു മാത്രം കൊടുക്കുന്ന വേദനസംഹാരികള്‍ മാസങ്ങളോളം കഴിക്കുന്ന രോഗികളുണ്ട്. ഇത് പലപ്പോഴും വൃക്കരോഗങ്ങള്‍, അള്‍സര്‍ (വയറ്റില്‍ പുണ്ണ്) മുതലായവക്ക് കാരണമാകും.
അധികം അറിയപ്പെടാത്ത മറ്റൊരു കാരണമാണ് Rhabdomyolysis. കഠിനമായ കായികജോലി ചെയ്യുന്നവരുടെ കൈകാലുകളിലെ പേശികള്‍ക്ക് ചെറിയ തകരാറുകള്‍ സംഭവിക്കുകയും ആ പേശിയില്‍നിന്നുണ്ടാകുന്ന ‘മയോഗ്ളോബിന്‍’ രക്തത്തില്‍ കലര്‍ന്ന് വൃക്കകളില്‍ എത്തിച്ചേരുകയും വൃക്കയിലെ സൂക്ഷ്മക്കുഴലുകളെ (നെഫ്രോണ്‍) തകരാറിലാക്കുകയും ചെയ്യുന്നു. മദ്യപാനം, കഠിനമായ കായികാഭ്യാസം, മയക്കുമരുന്നുകളുടെ ഉപയോഗം, വാഹനാപകടങ്ങള്‍, വൈദ്യുതി മൂലമുണ്ടാകുന്ന ഷോക്, സൂര്യാഘാതം എന്നിവയെല്ലാം ഈ രോഗാവസ്ഥക്ക് കാരണമാകാം. ഈ അവസ്ഥയില്‍ പേശികളില്‍ വേദനയും ചിലപ്പോള്‍ മൂത്രത്തിന് ചുവപ്പുനിറം വരുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം.
അസുഖങ്ങളെ അവഗണിക്കുന്ന രീതി പ്രവാസികളില്‍ കൂടുതലായി കാണുന്നു. ഡോക്ടറെ കാണാനുള്ള ബുദ്ധിമുട്ട്, അധിക ചെലവ് ഓര്‍ത്തുള്ള വ്യാകുലത, ചികിത്സയോടുള്ള ഭീതി, അബദ്ധധാരണകള്‍ എന്നിവയൊക്കെ ഇതിന് കാരണമാകാം. പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളേക്കാള്‍ രോഗികള്‍ ഭയപ്പെടുന്നത് അതിന്‍െറ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെയാണ്. ഫലമോ, വര്‍ഷങ്ങളോളം രോഗത്തെ അവഗണിക്കുകയും അവസാനം ജീവിതത്തെയും രോഗചികിത്സയെയും സങ്കീര്‍ണമാക്കുകയും ചെയ്യുന്നു.
വൃക്കരോഗങ്ങള്‍ ചില കുടുംബങ്ങളില്‍ കൂടുതലാണ്. അത്തരം കുടുംബത്തില്‍പെട്ട ആള്‍ക്കാര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും വൃക്കരോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം.
കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ചൂടിന്‍െറ കാഠിന്യമനുസരിച്ച് നാല്-അഞ്ച് ലിറ്റര്‍ വെള്ളം ചിലപ്പോള്‍ വേണ്ടിവരും. ശരീരത്തില്‍ ജലാംശം കുറയുമ്പോഴാണ് മേല്‍വിവരിച്ച വൃക്കരോഗസാധ്യത കൂടുന്നത്. എന്നാല്‍, വൃക്കരോഗമുള്ളവര്‍, ശരീരത്തില്‍ നീരുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍ തുടങ്ങിയ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വെള്ളം കുടിക്കാന്‍ പാടുള്ളൂ. ചില രോഗാവസ്ഥയില്‍ അധികം വെള്ളം കുടിക്കുന്നത് ആപത്താകും.
വൃക്കരോഗങ്ങള്‍ തുടക്കത്തിലേ കണ്ടുപിടിക്കണം. അതിന് പ്രത്യേക പരിശോധനകളുണ്ട്. രോഗാവസ്ഥ സംശയിക്കുകയും യോജിച്ച പരിശോധനകള്‍ നടത്തിയും ഇത് സാധ്യമാക്കാം. ‘ക്രിയാറ്റിന്‍’ പരിശോധന മാത്രം ചെയ്ത് വൃക്കകള്‍ സുരക്ഷിതമാണ് എന്ന് കരുതുന്നത് അബദ്ധമാണ്. മേല്‍വിവരിച്ച അസുഖങ്ങളുള്ളവരെല്ലാം തുടര്‍ച്ചയായ ചികിത്സയും സമയോചിത പരിശോധനകളും ചെയ്യേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story