Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകഴുത്തു വേദന:...

കഴുത്തു വേദന: കാരണങ്ങള്‍, പരിഹാരങ്ങള്‍

text_fields
bookmark_border
കഴുത്തു വേദന: കാരണങ്ങള്‍, പരിഹാരങ്ങള്‍
cancel

ഒരിക്കലെങ്കിലും കഴുത്തുവേദന വരാത്തവരുണ്ടാവില്ല. ചിലര്‍ക്കാകട്ടെ കഴുത്തുവേദന ഒരു ഒഴിയാബാധയാണ്. വിവാഹംപോലുള്ള പ്രധാനപ്പെട്ട ചടങ്ങിലോ ഗൗരവമേറിയ ഔദ്യോഗിക കാര്യങ്ങള്‍ക്കോ പോകാനുള്ള ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോഴായിരിക്കും കഴുത്തുവേദന ഒരു വില്ലന്റെ വേഷത്തില്‍ രംഗപ്രവേശം ചെയ്യുക. അല്ലെങ്കില്‍, ഒരു ഉല്ലാസയാത്രക്കിടയിലായിരിക്കും അവനവന്റെയും കൂടെയുള്ളവരുടെയും 'മൂഡ്' കളഞ്ഞ് കഴുത്തുവേദന നിങ്ങളുടെ തോളില്‍ കയറിയിരിക്കുക.

പരീക്ഷക്കാലത്തും ദീര്‍ഘയാത്രക്ക് ഒരുങ്ങുമ്പോഴും ഈ പ്രശ്‌നം ഒരു ശകുനംമുടക്കിയായി നമ്മെ തേടിയെത്താറുണ്ട്. ഗുരുതര രോഗങ്ങളുടെ കൂട്ടത്തില്‍പ്പെടില്ലെങ്കിലും ഈ രോഗം സൈ്വരജീവിതത്തെ ഇടക്കിടെയെല്ലാം അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.

സ്വകാര്യവാഹനങ്ങളും കമ്പ്യൂട്ടറുകളും വ്യാപകമായതോടെ കഴുത്തുവേദനമൂലം കഷ്ടപ്പെടുന്നവരുടെ എണ്ണവും നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍പോലെ കഴുത്തുവേദനയും ഒരു ജീവിതശൈലീ രോഗമായി മാറിക്കഴിഞ്ഞു. ഓഫിസിലും വീട്ടിലുമായി ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവരിലും വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവരിലും കഴുത്തുവേദന സാധാരണമാണ്.

ജോലിയുമായി ബന്ധപ്പെട്ടത്, ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ മൂലം പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാവുന്ന കേടുപാട്, നട്ടെല്ലിലെ ഡിസ്‌കിന്റെ പ്രശ്‌നങ്ങള്‍, പ്രായാധിക്യം മൂലം അസ്ഥികള്‍ക്കുണ്ടാവുന്ന തേയ്മാനം (സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്) തുടങ്ങി കഴുത്തുവേദനക്ക് നിരവധി കാരണങ്ങളുണ്ട്.

കഴുത്ത് ശരിയായ രീതിയില്‍ വെക്കാതെ വായിക്കുകയും എഴുതുകയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യുന്നതുമൂലമാണ് അടുത്തകാലത്തായി കൂടുതലായി ഈ രോഗം പൊതുവെ കണ്ടുവരുന്നത്. കമ്പ്യൂട്ടര്‍ നിരന്തരം ഉപയോഗിക്കുന്നവരില്‍ മാത്രമല്ല, ചെറിയ ക്ലാസുകളില്‍ പ~ിക്കുന്ന വിദ്യാര്‍ഥികളിലും ഈ പ്രശ്‌നമുണ്ട്. കഴുത്ത് തെറ്റായരീതിയില്‍ അധികസമയം ഒരേ അവസ്ഥയില്‍ തുടരുന്നതുകൊണ്ടാണിത്. എഴുതുമ്പോഴും വായിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും കുനിഞ്ഞിരിക്കുന്നത് തെറ്റായ രീതിയാണ്. പക്ഷേ, ഭൂരിപക്ഷം പേരും വായിക്കുമ്പോള്‍ കുനിഞ്ഞിരിക്കുന്നതായാണ് കണ്ടുവരുന്നത്. ഉയര്‍ത്തിവെച്ച തലയിണയില്‍ തലവെച്ച് കിടന്ന് വായിക്കുന്നവരുടെ കഴുത്തും കുനിഞ്ഞിരുന്ന് വായിക്കുന്നതിന് തുല്യമാണ്. കമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ ശരിയായ ലെവലില്‍ അല്ലെങ്കിലും കഴുത്തിന്റെ സ്വാഭാവിക അവസ്ഥക്ക് കോട്ടംതട്ടും. ഈ അവസ്ഥ ദീര്‍ഘകാലം തുടരുന്നവരുടെ കഴുത്തിന്റെ പേശികള്‍ക്ക് അമിതമായ ആയാസമുണ്ടാക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ക്രമേണ കഴുത്തിലെ പേശികളില്‍ വേദനയുണ്ടാക്കുന്ന ഭാഗങ്ങള്‍ രൂപപ്പെടുന്നു. പേശികള്‍ക്ക് ആവശ്യത്തിന് വ്യായാമം ലഭിച്ചില്ലെങ്കില്‍ അവയുടെ ശക്തി കുറയുകയും ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു.

ഈ രീതിയില്‍ കണ്ടുവരുന്ന വേദനകള്‍ക്ക് അസ്ഥികളുമായി ബന്ധമൊന്നുമുണ്ടായിരിക്കില്ല. എക്‌സ്-റേയിലും സ്‌കാനിങ്ങിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും പ്രകടമാവുകയുമില്ല. കഴുത്തിലെ ചില ബിന്ദുക്കളില്‍ തൊടുമ്പോഴും കഴുത്ത് പ്രത്യേക ദിശയിലേക്ക് തിരിക്കുമ്പോഴുണ്ടാകുന്ന വേദനയുമാണ് തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സാധാരണ കണ്ടുവരുന്നത്.

പരിക്കുമൂലവും നട്ടെല്ലിലെ ഡിസ്‌കിന്റെ സ്ഥാനചലനം /തേയ്മാനം മൂലവും പ്രായാധിക്യം മൂലവുമുള്ള കഴുത്തുവേദനക്ക് എക്‌സ്-റേ, സ്‌കാനിങ് തുടങ്ങിയ പരിശോധനകളിലൂടെയാണ് ചികിത്സ നിശ്ചയിക്കുക.

കിടന്നുകൊണ്ട് വായിക്കുന്നതും ടെലിവിഷന്‍ കാണുന്നതും കഴുത്തുവേദനക്ക് ഒരു പ്രധാന കാരണമാണ്. തലയിണയും ഇവിടെ വില്ലന്റെ റോളിലാണ്. ഉയരം കൂടിയ തലയിണ ഉപയോഗിക്കുന്നതും ഒന്നിലധികം തലയിണകള്‍ ഉപയോഗിക്കുന്നതും നമ്മുടെ വീടുകളില്‍ സാധാരണമാണ്. ഇത് തികച്ചും അശാസ്ത്രീയമായ രീതിയാണ്. തലയിണ കഴുത്തിന് താങ്ങുനല്‍കാനാണ് ഉപയോഗിക്കേണ്ടത്. മറിച്ച് ഉയരമുള്ള തലയിണ തലക്കു പിറകില്‍ വെക്കുന്നത് കഴുത്തുവേദനയുണ്ടാക്കും.

ചികിത്സയുടെ ഭാഗമായി നല്‍കുന്ന പേശികളുടെ സങ്കോചം കുറക്കാനുള്ള മരുന്നുകള്‍, വേദനയുള്ള ഭാഗത്ത് ചൂടുപിടിപ്പിക്കല്‍, വേദന സംഹാരികള്‍ തുടങ്ങിയവ പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ ഉപകരിക്കും. എന്നാല്‍ ഫിസിയോതെറപ്പി, പ്രത്യേക രീതിയിലുള്ള വ്യായാമം എന്നിവ കൂടുതല്‍ ഗുണംചെയ്യും. അപൂര്‍വ അവസരങ്ങളില്‍ ശസ്ത്രക്രിയയും വേണ്ടിവന്നേക്കാം.

മുന്‍കരുതലുകള്‍

1. കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം കുറക്കുക. കണ്ണുകള്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിനുനേരേ വരത്തക്കവിധം കസേരയുടെ ഉയരമോ മോണിറ്ററോ ക്രമീകരിക്കണം. നിലവില്‍ അധികപേരും മോണിറ്ററിനനുസരിച്ച് കുനിഞ്ഞിരുന്ന് ജോലിചെയ്യുന്നവരാണ്. ഈ ശീലം നിര്‍ബന്ധമായും മാറ്റുക.

2. കുനിഞ്ഞിരിക്കാതെ എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശീലിക്കുക. വായിക്കുമ്പോഴും കുനിഞ്ഞിരിപ്പ് ഒഴിവാക്കുക.

3.ഒരേ ഇരിപ്പില്‍ അധികസമയം തുടരാതിരിക്കുക. ദീര്‍ഘനേരം ജോലിചെയ്യേണ്ടി വരുമ്പോള്‍ ഇടക്കിടക്ക് (ചുരുങ്ങിയത് ഓരോ മണിക്കൂറിലും) എഴുന്നേറ്റ് നടക്കുകയും കഴിയുമെങ്കില്‍ കഴുത്തിന് ലഘുവായ വ്യായാമം നല്‍കുകയും ചെയ്യുക.

4. ഉയരം കുറഞ്ഞ തലയിണ കിടക്കുമ്പോള്‍ മാത്രം കഴുത്തിന് താങ്ങുനല്‍കുന്ന രീതിയില്‍ ഉപയോഗിക്കുക.

ജോലിക്കിടയില്‍ കഴുത്തിനും തോളിനുമിടയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് ദീര്‍ഘനേരം സംസാരിക്കുന്ന രീതിയും അടുത്തകാലത്തായി കണ്ടുവരുന്നുണ്ട്. ഇതും കഴുത്തുവേദനക്ക് കാരണമാവും.

(ലേഖകന്‍ തലശ്ശേരി കോ-ഓപറേറ്റീവ് ഹോസ്പിറ്റലില്‍ അസ്ഥിരോഗ വിദഗ്ധനാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:back painneck pain
News Summary - neck pain, back pain
Next Story