വൃക്കയിലെ കല്ലുകളും നൂതന ചികിത്സാ മാര്‍ഗ്ഗങ്ങളും

13:06 PM
12/07/2018
Kidney-Pain

പത്തുവര്‍ഷം മുന്‍പ് വരെ വൃക്കയിലെ കല്ലുകള്‍ കേരളത്തില്‍ വിരളമായി കാണുന്ന രോഗമായിരുന്നു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും മാറിവന്ന ജീവിതശൈലികളും ഈ സ്ഥിതിക്ക്​ കാര്യമായ മാറ്റമുണ്ടാക്കി. ഇന്ന് മറ്റ് ഉഷ്ണ മേഖലയിലുള്ളവരെപ്പോലെ തന്നെ കേരളത്തില്‍ വസിക്കുന്നവര്‍ക്കും വൃക്കയിലെ കല്ലുകള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ കാണപ്പെടുന്നു. വൃക്കയിലെ കല്ലിനെയും അതിനുള്ള പുതിയ ചികിത്​സാ രീതികളേയും കുറിച്ച്​ മേയ്​ത്ര ആശുപത്രിയിലെ യൂറോളജി വിഭാഗം സീനിയർ കൺസൾട്ടൻറ്​ ഡോ.ജോർജ്​ സി. ജോസഫ്​ സംസാരിക്കുന്നു.

വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖര രൂപത്തിലുള്ള വസ്തുക്കളാണ് കല്ല്. ശരീരത്തില്‍ ജലാംശം കുറയുക, ശരീരത്തിലെ ജലം കൂടുതലും വിയര്‍പ്പായി നഷ്ടപ്പെടുക, മൂത്രത്തിന്റെ ഉത്പാദനം കുറയുക, ഭക്ഷണത്തിലെ ചില ഘടകങ്ങളുടെ ആധിക്യവും ചില ഘടകങ്ങളുടെ കുറവും വൃക്കകളില്‍ കല്ലുകള്‍ ഉണ്ടാവാന്‍ കാരണമായിത്തീരുന്നു. ഇങ്ങനെയുണ്ടാകു കല്ലുകളില്‍ 75 ശതമാനം കാല്‍സ്യം ഓക്‌സലേറ്റ്കല്ലുകളാണ്. മൂത്രത്തിലെ ഓക്‌സലേറ്റിന്റെ കൂടിയ അളവാണ് കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകള്‍ക്ക് മുഖ്യ കാരണം. കൂടാതെ സ്ട്രുവൈറ്റ് കല്ലുകള്‍, യൂറിക്ക് ആസിഡ് കല്ലുകള്‍, സിസ്റ്റീന്‍ കല്ലുകള്‍ എന്നിങ്ങനെയും കല്ലുകള്‍ കാണപ്പെടുന്നു. 

മൂത്രക്കല്ലുകള്‍ എല്ലാം തന്നെയും വൃക്കകളിലാണുണ്ടാവുന്നത്. പിന്നീടത ് മൂത്രനാളിയിലും മൂത്രസഞ്ചിയിലും എത്തുന്നു. ഇതില്‍ ചിലത് വലുതാവുന്നു. എന്നാല്‍ മറ്റ് ചിലത് മൂത്രത്തിലൂടെ പുറത്തു പോകുന്നു. സാധാരണയായി കുട്ടികളില്‍ കല്ലുകള്‍ കാണപ്പെടാറില്ല. 20നും 50നും ഇടയില്‍ പ്രായമുള്ളവരിലാണ് കല്ലിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിച്ച് കാണുന്നത്.

രോഗലക്ഷണങ്ങള്‍
വയറിന്റെ വശങ്ങളിലുണ്ടാകുന്ന വേദനയാണ് കല്ലുകളുടെ മുഖ്യലക്ഷണം. മനുഷ്യജീവിതത്തിലുണ്ടാകുന്ന ഏറ്റവും കടുത്ത വേദനകളിലൊന്നാണ് കല്ലുകള്‍ മൂത്രവാഹിനിയിലുണ്ടാകുമ്പോഴുള്ള വേദന. അതേസമയം ചിലയിനം കല്ലുകള്‍ വൃക്കയില്‍ തന്നെ സ്ഥിതിചെയ്​ത് വലുതാവുകയും വലിയ വേദനയുണ്ടാക്കാതിരിക്കുകയും ചെയ്യാം. ഇവയാണ് കൂടുതല്‍ അപകടകാരികള്‍. മറ്റേതെങ്കിലും ലക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള പരിശോധനയില്‍ അവ കണ്ടുപിടിക്കുമ്പോഴേക്കും വൃക്കയുടെ പ്രവര്‍ത്തനത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ടാവാം. മൂത്രത്തില്‍ രക്തം കാണുക, കൂടെക്കൂടെ ഉണ്ടാവുന്ന മൂത്രപ്പഴുപ്പ്, മൂത്രതടസ്സം, മൂത്രമൊഴിക്കുന്ന സമയത്ത് വേദന, ഛര്‍ദ്ദി എന്നിവയൊക്കെ കല്ലുകളുടെ ലക്ഷണമായിക്കാണാം.

Urinary-Stone-Pain

പരിശോധനകളും ചികിത്സയും
കല്ലുകളുടെ എണ്ണം, വലിപ്പം, സ്ഥാനം, വൃക്കകള്‍ക്കും മൂത്രനാളികള്‍ക്കും മൂത്രാശയത്തിനും അവയെക്കൊണ്ടുണ്ടാകുന്ന തടസ്സം, കല്ലുകളുടെ ഘടന(കോമ്പോസിഷന്‍), വൃക്കകളുടെ പ്രവര്‍ത്തനം എന്നിവയൊക്കെ അറിയുവാനുള്ള പരിശോധനകളും സ്കാനിങ്ങുകളും ഇന്ന് മിക്ക ആശുപത്രികളിലും ലഭ്യമാണ്. എല്ലാ കല്ലുകള്‍ക്കും ചികിത്സ ആവശ്യമില്ല. തീരെ ചെറിയ കല്ലുകള്‍ അതായത് അഞ്ച്​ മില്ലീമീറ്റര്‍ വരുന്ന കല്ലുകള്‍ മൂത്രത്തിലൂടെ തന്നെ പുറത്ത് പോകുന്നു. വേദനയുണ്ടാക്കുന്നവ, വൃക്കകള്‍ക്കോ മൂത്രവാഹിനിക്കോ തടസ്സമുണ്ടാക്കുന്ന കല്ലുകള്‍, വലുതാകുന്ന കല്ലുകള്‍, ചെറുപ്പക്കാരില്‍ കാണുന്ന കല്ലുകള്‍ ഇവയൊക്കെ ചികിത്സിക്കേണ്ടതാണ്. 

ചെറിയ കല്ലുകള്‍ പുറത്ത് പോകുവാന്‍ മരുന്നുകളും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നത് ഒരളവ് വരെ സഹായിക്കും. തുറന്ന ശസ്ത്രക്രിയകളായിരുന്നു (ഓപ്പണ്‍ സര്‍ജറി) വൃക്കകളിലെ കല്ലുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന ചികിത്സാരീതി. എന്നാല്‍ ഇന്ന് ഈ സ്ഥിതിക്ക് കാര്യമായ മാറ്റങ്ങള്‍ വിന്നിട്ടുണ്ട്. 

എക്‌സ്ട്രാ കോര്‍പോറിയല്‍ ഷോക്ക് വേവ് ലിത്തോട്രിപ് സി-ഇ.എസ്​.ഡബ്ല്യു.എല്‍ 
വൃക്കയിലെ കല്ലുകളുടെ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ചികിത്സാരീതിയാണിത്. ഈ ചികിത്സയില്‍ ശരീരത്തിന് പുറത്ത് നിന്നും കടത്തിവിടുന്ന ഷോക്ക് തരംഗങ്ങള്‍ വൃക്കയിലെത്തി അതിനുള്ളിലെ കല്ലുകളെ ഉടച്ച് കളയുന്നു. തുടര്‍ന്ന് കല്ല് മൂത്രത്തിലൂടെ തന്നെ പുറത്ത് പോകുന്നു. ഈ രീതി താരതമ്യേന ചെറിയ കല്ലുകള്‍ക്കും അധികം കടുപ്പമില്ലാത്തവയ്ക്കും പ്രയോജനപ്പെടുന്നു. ഇത്തരത്തിലുള്ള ചികിത്സയില്‍ ശരീരത്തില്‍ മുറിവോ ആശുപത്രിവാസമോ ആവശ്യമില്ല. എന്നാല്‍ മറ്റ് നൂതന സംവിധാനങ്ങളുടെ വരവോടെ ഈ ചികിത്സാരീതിയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു.

സിസ്റ്റോസ്കോപി ആന്റ് യൂറിറ്ററോസ്‌കോപ്പി 
ഈ ചികിത്സാ രീതിയിലൂടെ മൂത്രസഞ്ചിയിലെയും വൃക്കകളില്‍ നിന്നുള്ള മൂത്രനാളിയിലെയും കല്ലുകള്‍ മൂത്രദ്വാരത്തിലൂടെ തന്നെ പൊടിച്ച് നീക്കം ചെയ്യുവാന്‍ സാധിക്കുന്നു. കല്ലുകള്‍ പൊടിക്കുവാന്‍ ന്യൂമാറ്റിക് എനര്‍ജി അല്ലെങ്കില്‍ കൂടുതല്‍ ഫലവത്തായ ലേസര്‍ എനര്‍ജി ഉപയോഗിക്കുന്നു. 

Kidney-Stone

പി.സി.എൻ.എല്‍, മിനി പി.സി.എൻ.എല്‍, മൈക്രോ പി.സി.എൻ.എല്‍ (പെര്‍ക്യൂട്ടേനിയസ്​നെഫ്രോലിത്തോട്ടമി) 
വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകളാണ് പി.സി.എൻ.എല്‍. ഉപയോഗിക്കുന്ന എന്‍ഡോസ്‌കോപ്പിന്റെ വലിപ്പം അനുസരിച്ച് താക്കോല്‍ ദ്വാരത്തിന്റെ വ്യാസം കുറയുന്നു. ഹോള്‍മിയം ലേസറിന്റെ കണ്ടുപിടുത്തം തീരെ ചെറിയ സുഷിരങ്ങളിലൂടെ കല്ലുകള്‍ പൊടിച്ചു നീക്കാന്‍ സഹായിക്കുന്നു. മിനി പി.സി.എൻ.എല്‍, മൈക്രോ പി.സി.എൻ.എല്‍ എന്നിവയ്ക്ക് തീരെ വലിപ്പം കുറഞ്ഞ എന്‍ഡോസ്‌കോപ്പുകളാണ് ഉപയോഗിക്കുന്നത്. വൃക്കയിലുണ്ടാവുന്ന ദ്വാരങ്ങള്‍ ചെറുതാക്കാന്‍ സാധിക്കുമ്പോള്‍ അതുമൂലമുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകളും കുറക്കാന്‍ സാധിക്കുന്നു. രക്തസ്രാവമാണ് താക്കോല്‍ദ്വര ചികിത്സയുടെ പ്രധാന പ്രശ്‌നം. ചെറിയ എന്‍സോസ്‌കോപ്പുകളും ലേസര്‍ ഫൈബര്‍ കൊണ്ടുള്ള ചികിത്സയും രക്തസ്രാവത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. പി.സി.എൻ.എല്‍ കഴിഞ്ഞാല്‍ രോഗിക്ക് രണ്ടാഴ്ചത്തെ പരിപൂര്‍ണ വിശ്രമം ആവശ്യമാണ്.

ആർ.​െഎ.ആർ.എസ് / ഫ്‌ളക്സിബിള്‍ യൂറിറ്ററോസ്‌കോപ്പി
മൂത്രദ്വാരത്തിലൂടെ കടത്തിവിടുന്ന വളയുന്ന എന്‍ഡോസ്‌കോപ്പുപയോഗിച്ച് വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന രീതിയാണ് ആർ.​െഎ.ആർ.എസ്( റിട്ടോഗ്രേഡ് ഇന്‍ട്രാറീനല്‍ സര്‍ജറി). പുറമെ മുറിവുകള്‍ ഉണ്ടാകുന്നില്ലായെന്നതും രക്തസ്രാവവും മറ്റ് പാര്‍ശ്വഫലങ്ങളും തീരെ കുറവാണെന്നതുമാണ് ഈ ചികിത്സാ രീതിയുടെ സവിശേഷത. കല്ലുകള്‍ മുഴുവനായി പൊടിച്ച് മാറ്റുന്നതിന് ചിലപ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യമായി ആർ.​െഎ.ആർ.എസ് ചെയ്യേണ്ടി വന്നേക്കാം. ചികിത്സക്ക് ശേഷം രോഗിക്ക് കാര്യമായ വിശ്രമവും ആവശ്യമില്ല. 

തുടര്‍ചികിത്സയും പ്രതിരോധ മാര്‍ഗ്ഗങ്ങളും 
ഒരിക്കല്‍ വൃക്കയില്‍ കല്ല് ഉണ്ടായാല്‍ വീണ്ടും വരാന്‍ ഉള്ള സാധ്യത 50 ശതമാനത്തോളം ആണ്. പലപ്രാവശ്യം കല്ലുകള്‍ ഉണ്ടാകുന്നവര്‍ക്ക് രക്തത്തിന്റേയും മൂത്രത്തിന്റേയും പ്രത്യേക പരിശോധനകള്‍(മെറ്റബോളിക് വര്‍ക്അപ്) ആവശ്യമാണ്. ഏത് തരം കല്ല് ആണെന്ന് അറിഞ്ഞാല്‍ അത് അനുസരിച്ച് തുടര്‍ ചികിത്സയും ഭക്ഷണ ക്രമീകരണവും നടത്താവുന്നതാണ്. എന്നാല്‍ കൂടുതല്‍ അവസരങ്ങളിലും പൊതുവായ ഭക്ഷണക്രമമാണ് വേണ്ടിവരിക. 

Water

കൂടുതല്‍ വെള്ളവും പാനീയവും കുടിക്കുക. 
ഒരു ദിവസം ശരാശരി 2ലിറ്റര്‍ മൂത്രം ഉല്‍പാദിപ്പിക്കുവാനുള്ള അത്രയും ജലമോ പാനീയങ്ങളോ കുടിക്കേണ്ടി വരും. കുടിക്കുന്ന പാനീയങ്ങളുടെ അളവ്, കാലാവസ്ഥ, ശാരീരിക വ്യായാമം, ശരീരപ്രകൃതി എന്നിവ അനുസരിച്ച ് ക്രമീകരിക്കേണ്ടതാണ്. മൂത്രക്കല്ല് വീണ്ടും വരാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഭക്ഷണരീതികള്‍ ഉള്‍പ്പെടെ ആശുപത്രിയിലെ സ്റ്റോണ്‍ ക്ലിനിക്കുകളില്‍ നിന്നും ഡയറ്റീഷ്യന്‍മാരുടെ പക്കല്‍ നിന്നും ലഭ്യമാണ്. മൂത്രക്കല്ലുകള്‍ വീണ്ടും ഉണ്ടാവാതിരിക്കാനുള്ള മരുന്നുകൾ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.

MEITRA

 

Loading...
COMMENTS