ജ്യോതിഷിക്കും വാട്ടർബർത്തിനുമിടയിലെ പ്രസവാനന്ദങ്ങൾ

സുൽഹഫ്​
12:44 PM
28/08/2018
Water-birth

രണ്ട്​ മരണ വാർത്തകൾ
ആദ്യ സംഭവം തമിഴ്​നാട്ടിലെ തിരുപ്പൂരിൽ നിന്നാണ്​. പേര്​ കൃതിക. വയസ്​ 28. സ്​കൂൾ അധ്യാപികയായിരുന്നു. പ്രസവത്തിനിടെയായിരുന്നു കൃതികയുടെ മരണം. സുഖപ്രസവത്തിന്​ നിർബന്ധം പിടിച്ച ആ യുവതിയും ഭർത്താവും ആശുപത്രിയിൽ പോകുന്നില്ലെന്ന്​ തീരുമാനിച്ചു. അതിനുവേണ്ടി സോഷ്യൽ മീഡിയയിൽ പ്രസവസംബന്ധമായി പ്രചരിക്കുന്ന വീഡിയോകളും മറ്റും ‘പഠിക്കാൻ’ ആരംഭിച്ചു. ആശുപത്രിയിൽ പ്രസവിച്ചാൽ ജനിക്കുന്ന കുഞ്ഞി​​െൻറ പ്രതിരോധശേഷി കുറയുമെന്ന്​ വിശ്വസിച്ചായിരുന്നു ഇങ്ങനെയൊക്കെ ചെയ്​തത്​. ഇക്കഴിഞ്ഞ ജൂലൈ 26ന്​ കൃതിക ഒരു കുഞ്ഞിന്​ ജന്മം നൽകി. പക്ഷെ, പ്രസവത്തിനിടെ അവർക്ക്​ വലിയ അളവിൽ രക്​തസ്രാവമുണ്ടായി. ഒടുവിൽ രക്​തം വാർന്ന്​ വീടിനുള്ളിൽ അവർ മരണത്തിന്​ കീഴടങ്ങി. തൊട്ടടുത്ത്​ ചികിത്സ സംവിധാനങ്ങളുണ്ടായിട്ടും കൃതികയെ മരണത്തിന്​ വിട്ടുകൊടുത്ത കുറ്റത്തിന്​ ഭർത്താവ്​ കാർത്തി​കേയനെതിരെ കേസെടുത്തിരിക്കുകയാണ്​.

Baby

തികച്ചും സാധാരണമായ ഒരു മരണവാർത്തയാണ്​ രണ്ടാമത്തേത്​. തിരുവനന്തപുര​ം പാളയം സ്വദേശി ശവരിമുത്തു എന്ന 98കാര​​െൻറ മരണമായിരുന്നു അത്​. തികച്ചും സാധാരണമായ മരണമായിട്ടും അത്​ പല പത്രങ്ങളുടെയും ഒന്നാം പേജിൽ സ്​ഥാനം പിടിച്ചു. കാരണം, കേരള ചരിത്രത്തിൽ ശവരിമുത്തുവിന്​ നിർണായക സ്​ഥാനമുണ്ട്​. കേരളത്തിൽ ആദ്യമായി പ്രസവശസ്​ത്രക്രിയയിലൂടെ ജനിച്ച ആളാണ്​ ശവരിമുത്തു എന്ന മിഖായേൽ ശവരിമുത്തു. 1920ൽ ​തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യിൽവെച്ചാണ്​ ​മേരി എന്ന സ്​ത്രീ ശ​വ​രി​മു​ത്തുവി​ന്​ ജന്മം നൽകിയത്​. മേ​രി​യു​ടെ നാ​ലാ​മ​ത്തെ പ്ര​സ​വ​മാ​യി​രു​ന്നു അത്​. ആദ്യ മൂന്ന്​ പ്രസവങ്ങളിലും പുറത്തെത്തിയത്​ ചാപിള്ളയായിരുന്നു. നാലാമതും ഗർഭിണിയായപ്പോൾ പ്രസവത്തോടെ മേരി മരിക്കുമെന്ന്​ ഡോക്​ടർമാർ വിധിയെഴുതി. ഇതോടെയാണ്​ ശസ്​ത്രക്രിയ എന്ന അവസാന ‘ഒാപ്​ഷൻ’ തെരഞ്ഞെടുക്കാൻ മേരി നിർബന്ധിതയായത്​. ശസ്​ത്രക്രിയക്ക്​ നേതൃത്വം നൽകിയത്​ മറ്റൊരു മേരിയായിരുന്നു: മേരി പുന്നൻ ലൂ​ക്കോസ്​. ഇഗ്ലണ്ടിൽനിന്ന്​ പഠനം പൂർത്തിയാക്കിയ മേരി പ്രസവശസ്​ത്രക്രിയയിൽ നേരത്തെ പരീശീലനം നേടിയ ആളായിരുന്നു. ആ ശസ്​​ത്രക്രിയ വിജയിച്ചു. മൂന്ന്​ വർഷത്തിനുശേഷം ശവരിമുത്തുവിന്​ ഒരനുജൻ പിറന്നു; അതും ശസ്​ത്രക്രിയയിലൂടെ. 

1866 മുതൽ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ സ്​ത്രീകളെ കിടത്തി ചികിത്സിക്കുന്നതിനു മാ​ത്രമായി പ്രത്യേകം കെട്ടിടമുണ്ടായിരുന്നു. പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങൾ തിരുവിതാംകൂറിൽ വർധിക്കുന്നുവെന്ന്​ വ്യക്​തമായപ്പോഴാണ്​ അധികാരികളിൽ സ്​ത്രീകൾക്കു മാത്രമായുള്ള ആശുപത്രി എന്ന ആശയം ഉദിച്ചത്​. അതി​​െൻറ ആദ്യപടിയായിരുന്നു ഇത്​. 1870ൽ എട്ട്​ നായർ സ്​ത്രീകളെ പ്രവസ ചികിത്സയിൽ പരിശീലനം നൽകുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. ജാതീയതയൊക്കെ ശക്​തമായ കാലം. ബ്രാഹ്​മണ ഗൃഹങ്ങളിൽ അക്കാലത്ത്​ നായർ സ്​ത്രീകൾക്ക്​ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ്​ നായർ സ്​ത്രീകളെ തെരഞ്ഞെടുത്തത്​. പിന്നെ, പെൺകുട്ടികൾക്ക്​ നഴ്​സിങ്​ പരിശീലനത്തിനായി പ്രത്യേക സ്​ഥാപനം വരെ തുടങ്ങി. 1905ലാണ്​ തൈക്കാട്​ സ്​ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കുന്നത്​. അതിനുശേഷം, തിരുവിതാംകൂറിൽ മാതൃ-ശിശു മരണ നിരക്ക്​ ഗണ്യമായി കുറഞ്ഞുവെന്ന്​ കണക്കുകൾ വ്യക്​തമാക്കുന്നു. അതി​​െൻറയൊക്കെ തുടർച്ചയായിട്ടാണ്​ ശവരിമുത്തുവി​​െൻറ ജനനം. അക്കാലത്ത്​ വികസിത രാജ്യങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള പ്രസവ ശസ്​ത്രക്രിയ സാധാരണക്കാർക്ക്​ പോലും ലഭ്യമാക്കാൻ കഴിയുമെന്ന്​ ഇതിലൂടെ തെളിയിക്കപ്പെട്ടു. 

New-born

വീട്ടിലെ പ്രസവം
ആരോഗ്യമേഖലയിൽ കേരളം എത്തിപ്പിടിച്ച നേട്ടങ്ങളുടെ പട്ടിക ആരംഭിക്കുന്നത്​ ശവരിമുത്തുവിലാ​െണന്ന്​ പറയാം. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ  വി​ക​സ​ന​ത്തി​െ​ൻ​റ ഏ​ത്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ലും ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കേ​ര​ളം മു​ന്നി​ലെ​ത്തി നി​ൽ​ക്കു​ന്ന​താ​യി കാ​ണാം. ആ​യു​ർ​ദൈ​ർ​ഘ്യം ദേ​ശീ​യ ശ​രാ​ശ​രി 64ൽ ​എ​ത്തി​നി​ൽ​ക്കു​​േ​മ്പാ​ൾ കേ​ര​ള​ത്തി​െ​ൻ​റ​ത്​ 74 ആ​ണ്​. മാ​തൃ-​ശി​ശു മ​ര​ണ​നി​ര​ക്ക്​ ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്​​ഥാ​ന​വും കേ​ര​ളം ത​ന്നെ. ഇ​ന്ത്യ​യി​ൽ ആ​യി​രം കു​ഞ്ഞു​ങ്ങ​ളി​ൽ 39 പേ​ർ മ​രി​ക്കു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്ക്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഇ​ത്​ 12മാ​ത്ര​മാ​ണ് (​അ​വ​ലം​ബം: ഇ​ക്ക​ണോ​മി​ക്​ റി​വ്യൂ-2016, കേ​ര​ള സ​ർ​ക്കാ​ർ). ജ​ന​സം​ഖ്യ​യി​ൽ 94 ശ​ത​മാ​ന​വും സാ​ക്ഷ​ര​രാ​യ​തി​നാ​ൽ, പ്രാ​ഥ​മി​കാ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​വും കേ​ര​ളം ആ​ർ​ജി​ച്ചി​ട്ടു​ണ്ട് എന്നതുകൊണ്ടാണ്​ ഇൗ നേട്ടങ്ങളിലേക്ക്​ കൈപിടിച്ചുയരാൻ കേരളത്തിന്​ സാധിച്ചത്​്. ഇ​ത്ത​രം മു​ന്നേ​റ്റ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഡി​ഫ്​​ത്തീ​രി​യ (തൊ​ണ്ട​മു​ള്ള്) പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ളെ ഏ​റെ​ക്കു​റെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. അ​ഞ്ചാം​പ​നി​യു​ടെ (മീ​സി​ൽ​സ്) കാ​ര്യ​വും സ​മാ​ന​മാ​ണ്. ഏ​റ്റ​വും അ​വ​സാ​നം കേ​ര​ള​ത്തി​ൽ അ​ഞ്ചാം​പ​നി മ​ര​ണ​മു​ണ്ടാ​യ​ത്​ 2014ലാ​ണ്. ആ ​വ​ർ​ഷം ഇ​ന്ത്യ​യി​ലാ​കെ 39 കു​ട്ടി​ക​ളാ​ണ്​ അ​ഞ്ചാം​പ​നി ബാ​ധി​ച്ച്​ മ​രി​ച്ച​ത്. എ​ന്നാ​ൽ, മേ​ൽ​സൂ​ചി​പ്പി​ച്ച ആ​രോ​ഗ്യ മാ​തൃ​ക​ക്ക്​ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കാ​ര്യ​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു​​വോ എ​ന്ന്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കേ​ണ്ട പ​ല സം​ഭ​വ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ട്. അതിലൊന്ന്​ പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടതാണ്​. 

കൃതികയുടേതുപോലുള്ള ദാരുണ മരണങ്ങൾക്ക്​ കേരളവും അടുത്ത കാലത്ത്​ സാക്ഷ്യം വഹിച്ചിട്ടുണ്ട്​. പ്രകൃതി ചികിത്സയുടെയും മറ്റും പേരിൽ നടക്കുന്ന ഗർഭകാല ചികിത്സകൾ പലപ്പോഴും മരണത്തിലേക്ക്​ വഴിമാറുന്നുവെന്ന്​ സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഏതാണ്ട്​ രണ്ട്​ വർഷങ്ങൾക്കു മുമ്പ്​ മലപ്പുറം ജില്ലയിലെ കോട്ടക്കലിലായിരുന്നു അതിലൊന്ന്​. അവിടുത്തെ, ഒരു സ്വകാര്യ ആശുപത്രിയിൽവെച്ച്​ നവജാത ശിശു മരണപ്പെട്ട സംഭവമാണ്​ തുടക്കമെന്ന്​ പറയാം. കുഞ്ഞ്​ മരിച്ചത്​ ആശുപത്രിയിലാണെങ്കിലും പ്രസവം നടന്നത്​ ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തിലായിരുന്നു. ‘വാട്ടർ ബർത്ത്​’ എന്ന ചികിത്സമുറയാണത്രെ അവിടെ പരീക്ഷിക്കപ്പെട്ടിരുന്നത്​. ‘വാട്ടർ ബർത്തി’ലൂടെ പ്രസവിച്ചെങ്കിലും കുഞ്ഞിനെ അവർക്ക്​ രക്ഷിക്കാനായില്ല. നേരെ സമീപത്തുള്ള ആധുനിക വൈദ്യാശുപത്രിയി​ലെത്തിച്ചുവെങ്കിലും കുഞ്ഞി​​െൻറ ജീവൻ രക്ഷിക്കാനായില്ല. ഇൗ ചികിത്സാ കേന്ദ്രത്തിൽനിന്ന്​ രണ്ടാം തവണയാണ്​ ഇത്തരത്തിൽ മരണവക്കിലെത്തിനിൽക്കുന്ന ചോരക്കുഞ്ഞുമായി അവർ വന്നത്​. മരണപ്പെട്ട കുഞ്ഞി​​െൻറ രക്ഷിതാക്കൾ പരാതി​യുമായി ജില്ലാ കലക്​ടർ അടക്കമുള്ളവരെ സമീപിച്ചതോടെയാണ്​ വലിയൊരു തട്ടിപ്പി​​െൻറ കഥ പുറം ലോകം അറിയുന്നത്​. 

baby-at-hand

ജില്ലാ കലക്​ടറുടെ നിർദേശമനുസരിച്ച്​ ഒരു മെഡിക്കൽ സംഘമാണ്​ അന്വേഷണം നടത്തിയത്​. കോട്ടക്കലിനടുത്തുള്ള വെന്നിയൂരിലെ ‘വാട്ടർ ബർത്ത്​’ ചികിത്സാ കേന്ദ്രത്തിലെത്തിയ സംഘത്തോട്​ ആദ്യഘട്ടത്തിൽ സഹകരിക്കാൻ അവിടെയുള്ള ‘ഡോക്​ടർ’ തയാറായില്ല. പിന്നെ കളി കാര്യമാകുമെന്ന്​ കണ്ടപ്പോൾ അന്വേഷണ സംഘത്തി​​െൻറ ചോദ്യങ്ങൾക്ക്​ അയാൾക്ക്​ ഉത്തരം പറയേണ്ടി വന്നു. യഥാർഥത്തിൽ അയാൾ ഡോക്​ടർ തന്നെയാണ്​. മംഗലാപുരത്തെ ഏതോ കോളജിൽനിന്ന്​ നാചുറോപതിയിൽ ബിരുദം നേടിയിട്ടുണ്ട്​ ടിയാൻ. പ്രായം 35ൽ കൂടില്ല. സഹായിക്കാൻ ഭാര്യയുമുണ്ട്​. പഠനകാലത്ത്​, ലേബർ സന്ദർശിച്ചതാണ്​ ഗൈനക്കോളജിയിലെ അനുഭവജ്ഞാനം. പിന്നെ, എ​ന്തെങ്കിലും സംശയം വന്നാൽ യു ട്യൂബാണ്​ ഏക ആശ്രയം. ചുരുക്കത്തിൽ, ‘വിക്കിപീഡിയ’ വിവരവുമായാണ്​ ഇയാൾ കുറെക്കാലമായി അവിടെ ‘വാട്ടർ ബർത്ത്​’ പരീക്ഷണം നടത്തിയിരുന്നത്​. 26 പേർ അവിടെവെച്ച്​ പ്രസവിച്ചുവെന്നാണ്​ ഇയാൾ അവകാശപ്പെടുന്നത്​. എന്നാൽ, അന്വേഷണ സംഘത്തിന്​ ഇതി​​െൻറ രേഖകളൊന്നും അവിടെ നിന്ന്​ കിട്ടിയില്ല. ആദ്യ പ്രസവം സിസേറിയൻ ആയാലും രണ്ടാം പ്രസവം നാച്വറലാക്കും എന്നതായിരുന്നു ഇൗ ചികിത്സയുടെ മേന്മയായി ഇയാൾ പ്രചരിപ്പിച്ചിരുന്നത്​. ഇനി പ്രസവത്തിനിടെ അത്യാഹിതം സംഭവിച്ചാൽ, തൊട്ടടുത്ത ആശുപത്രിയുമായി (കുട്ടി മരണപ്പെട്ട ആശുപത്രി) ടൈയപ്പുണ്ടെന്നും അയാൾ അന്വേഷണ സംഘത്തോട്​ പറഞ്ഞു. എന്നാൽ, അങ്ങനെയൊരു കരാർ ഇല്ലെന്ന്​ പിന്നീട്​ വ്യക്​തമായി. ഏതായാലും ജില്ലാ മെഡിക്കൽ ഒാഫിസർ ഇടപെട്ടതോടെ ‘ഡോക്​ടർ’ക്ക്​ സ്​ഥാപനം പൂ​േട്ടണ്ടിവന്നു. 

മാസങ്ങൾക്കിപ്പുറം, മലപ്പുറം ജില്ലയിലെ തന്നെ മഞ്ചേരിയിൽനിന്ന്​ സമാനമായ മറ്റൊരു വാർത്ത കേട്ടു. പക്ഷെ, ഇവിടെ മരണപ്പെട്ടത്​ കുഞ്ഞായിരുന്നില്ല; മാതാവായിരുന്നു. പ്രസവമെടുത്തത്​ ഇതേ ‘ഡോക്​ടറും’ സംഘവും തന്നെ. വെന്നിയൂരിൽ പൂട്ടിയ സ്​ഥാപനം മഞ്ചേരിയിൽ കൂടുതൽ വിപുലമായി തുറന്നു. അതും ഒരു ആശുപത്രിയുടെ ഒരു ഭാഗം വാടകക്കെടുത്ത്​. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഉടൻ യഥാർഥ ചികിത്സ തേടാമല്ലൊ. ഇവിടെ ‘വാട്ടർ ബർത്തി’നു പുറമെ ‘ഗ്രൗണ്ട്​ ബർത്തും’ പരീക്ഷിച്ചിരുന്നു. വാട്ടർ ബർത്തിന്​ 50,000 രൂപയും ഗ്രൗണ്ട്​ ബർത്തിന്​ 20,000 രൂപയുമാണ്​ ഇൗടാക്കിയിരുന്നത്​. അത്​ഭുതകരമായ കാര്യം എന്തെന്നുവെച്ചാൽ, മഞ്ചേരിയിൽ മരണപ്പെട്ട ആ യുവതിയുടെ രക്ഷിതാക്കൾ ഇൗ ചികിത്സകനൊപ്പം നിലകൊണ്ടു എന്നതാണ്​. മകളുടെ മരണത്തിൽ തങ്ങൾക്ക്​ പരാതി ഇല്ലെന്ന്​ അവർ പത്രസമ്മേളനം നടത്തി പറഞ്ഞു. പക്ഷെ, അവിടെയും ആരോഗ്യ വകുപ്പി​​െൻറ ഇടപെടലുണ്ടായി. തുടർന്ന്​, യുവതിയുടെ മൃതദേഹം പുറത്തെടുത്ത്​ പോസ്​റ്റ്​മോർട്ടം ചെയ്യിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. അപ്പോഴും ഇപ്പോഴും ഇപ്പറഞ്ഞ ‘ഡോക്​ടർ’ സുരക്ഷിതനാണ്​. മെഡിക്കൽ സംഘം ഇയാളുടെ തട്ടിപ്പുകൾ അക്കമിട്ട്​ നിരത്തി കലക്​ടർക്ക്​ സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടായില്ല. ഇപ്പോഴും പലയിടങ്ങളിലായി ഇയാൾ വാട്ടർബർത്ത്​ ചികിത്സയുമായി ​ലക്ഷങ്ങൾ സമ്പാദിക്കുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. 

pregnant

തിരുപ്പൂരിലെ കൃതികയും മലപ്പുറത്ത്​ തട്ടിപ്പിനിരയായവരുമെല്ലാം വിദ്യാസമ്പന്നരായിരുന്നു. അതി​​െൻറ കാരണമെന്തായിരിക്കും. ആധുനിക വൈദ്യശാസ്​ത്രത്തോടുള്ള നിഷേധാത്​മക സമീപനമാണ്​ യഥാർഥത്തിൽ ഇവർക്ക്​ ഇൗ വിധി സമ്മാനിച്ചതെന്ന്​ കാണാനാകും. പല രാജ്യങ്ങളും ഇന്ന്​ ‘വീട്ടിലെ പ്രസവ’ സങ്കൽപത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്​. താരതമ്യേന സങ്കീർണത കുറഞ്ഞ പ്രസവമാകുമെന്ന്​ ഉറപ്പുണ്ടെങ്കിൽ പരിശീലനം ലഭിച്ച മിഡ്​വൈഫി​​െൻറ സഹായത്തോടെ വീട്ടിൽ തന്നെ പ്രസവിക്കാനുള്ള സൗകര്യമേർപ്പെടുത്തുക എന്നത്​ പല രാജ്യങ്ങളിലും നിയമപരമായി തന്നെ അനുവദിക്കപ്പെട്ടിട്ടുണ്ട്​. അത്യാവശ്യം ഒാക്​സിജൻ കിറ്റ്​ കൈകാര്യം ചെയ്യാനും സ്​റ്റിച്ച്​ ചെയ്യാനുള്ള അറിവ്​, രക്​ത സ്രാവം നിയന്ത്രിക്കാനുള്ള മരുന്നുകളുടെ ഉപയോഗം എന്നിവയൊ​െ​ക്ക വശമുള്ള മിഡ്​വൈഫുമാരായിരിക്കണമെന്നു മാത്രം. ഇങ്ങനെയൊക്കെ സൗകര്യമൊരുക്കിയിട്ടും ആസ്​ട്രേലിയയിൽ കരോലിൻ എന്ന സ്​ത്രീയുടെ പ്രസവ മരണം വലിയ വിവാദമായി. ‘വീട്ടിലെ പ്രസവത്തി’നു വേണ്ടി വാദിച്ച ആളായിരുന്നു കരോലിൻ. ത​​െൻറ രണ്ടാം പ്രസവം വീട്ടിൽവെച്ച്​ ‘വാട്ടർ ബർത്തി’ലൂടെയായിരിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. അതിനായി എല്ലാ സൗകര്യങ്ങളുമൊരുക്കി. അവർ പ്രസവിക്കുകയും ചെയ്​തു. എന്നാൽ, അതിനുശേഷമുണ്ടായ രക്​തസ്രാവം നിയന്ത്രിക്കാൻ അവർക്കോ മിഡ്​വൈഫിനോ സാധിച്ചതുമില്ല. തൊട്ടടുത്ത ആശുപത്രിയിൽ പോകാനും അവർ തയാറായില്ല. അതോടെ അവർക്ക്​ മരണത്തിന്​  കീഴടങ്ങേണ്ടി വന്നു. മലപ്പുറത്തെ സംഭവവുമായി ഇതിന്​ ചെറുതല്ലാത്ത ബന്ധമുണ്ട്​. 

ആശുപത്രിയിലെ പ്രസവം
ആരോഗ്യ മേഖലയിൽ വേണ്ടത്ര മുന്നേറിയിട്ടും അതിനെ അവഗണിച്ച്​ പിന്നാക്കം പോയവരുടെ ദുരവസ്​ഥയാണ്​ മുകളിൽ വിശദീകരിച്ചത്​. ഇതിനൊരു മറുവശം കൂടിയുണ്ട്​. ആരോഗ്യ രംഗത്ത്​  മനുഷ്യൻ എത്തിപ്പിടിച്ച നേട്ടങ്ങളെ ചൂഷണം ചെയ്യുന്ന വലിയൊരു കൂട്ടം ആളുകളും ഇവിടെയുണ്ട്​. പ്രസവ ചികിത്സയിലും അത്​ കാണാം. ഇന്ത്യയിൽ സിസേറിയൻ പ്രസവങ്ങൾ ക്രമാധീതമായി വർധിക്കുന്നുവെന്ന്​ തെളിയിക്കുന്ന നിരവധി പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്​. ഇൗ സിസേറിയനുകളിൽ വലിയൊരു പങ്കും ഏതെങ്കിലും തരത്തിലുള്ള സങ്കീർണതകൾ മൂലമല്ലെന്നും മറിച്ച്​ അമ്മയുടെ ഇച്ഛ അനുസരിച്ചാണെന്നും പഠനങ്ങൾ വ്യക്​തമാക്കുന്നുണ്ട് (Roberts and Nippita 2015; Lumbiganon et al 2010).​. 

infant

1985ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്​ പ്രകാരം പ്രസവങ്ങളിൽ 10 മുതൽ 15 ശതമാനം വരെ സിസേറിയൻ ആകുന്നതിൽ തെറ്റില്ല. കാരണം, അത്രയും പ്രസവങ്ങളിൽ കോംപ്ലിക്കേഷനുകൾക്ക്​ സാധ്യതയുണ്ട്​. മാതൃ-ശിശു മരണ നിരക്ക്​ കുറക്കാൻ ഇൗ സന്ദർഭത്തിൽ സിസേറിയൻ തന്നെയാണ്​ തെരഞ്ഞെടുക്കേണ്ടതും. ആ അർഥത്തിൽ സിസേറിയ​ൻ പ്രസവങ്ങളെ ആരും എതിർക്കുന്നില്ല. എന്നല്ല, കാലങ്ങളായി നാം ആർജിച്ച അറിവി​​െൻറ പ്രയോഗം കൂടിയാണത്​. നേരത്തെ, സൂചിപ്പിച്ചപോലെ ഭൂമിയി​െല കോടിക്കണക്കിന്​ മരണങ്ങൾ ഒഴിവാക്കിയത്​ ഇൗ സിസേറിയൻ മൂലമാണ്​. പക്ഷെ, ലോകാടിസ്​ഥാനത്തിൽ തന്നെ സിസേറിയൻ നിരക്ക്​ വർധിക്കുന്നത്​ മറ്റു പല ചോദ്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. 1990ൽ, 15 പ്രസവങ്ങളിൽ ഒന്നായിരുന്നു സിസേറിയൻ. 2014ൽഅത്​ അഞ്ചിൽ ഒന്ന്​ എന്ന നിലയിലേക്കെത്തി. ഏറ്റവും കുറവ്​ സിസേറിയൻ നടക്കുന്നത്​ ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്​: 7.3 ശതമാനം. അതുകഴിഞ്ഞാൽ ഏഷ്യ; 19.2 ശതമാനം. ലാറ്റിനമേരിക്കയിലെ പ്രസവങ്ങളിൽ 40 ശതമാനവും സിസേറിയനിലൂടെയാണ്​ (കണക്കുകൾക്ക്​ കടപ്പാട്: (Betrán et al 2016)​. 

ഇനി ഇന്ത്യയിലെ കണക്കു നോക്കാം. 2005ൽ എട്ടര ശതമാനമായിരുന്നു സിസേറിയൻ. പത്ത്​ വർഷങ്ങൾക്കിപ്പുറം അത്​ 17.2 ശതമാനമായി. മറ്റൊരു തരത്തിൽ പറഞ്ഞാൽ, 102 ശതമാനത്തി​​െൻറ വർധനയാണ്​ പത്ത്​ വർഷത്തിനുള്ളിലുണ്ടായത്​. ഇന്ത്യയിലെ സിസേറിയൻ പ്രസവങ്ങൾ സംബന്ധിച്ച്​ വിശദമായ കണക്കുകളുള്ളത്​ ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യുട്ട്​ ​േഫാർ പോപുലേഷൻ സയൻസസ്​ നടത്തിയ പഠനത്തിലാണ്​(2017). ഇൗ റിപ്പോർട്ട്​ പ്രകാരം ഏറ്റവും കൂടുതൽ സിസേറിയൻ പ്രസവങ്ങൾ നടക്കുന്നത്​ തെലങ്കാനയിലാണ്​: 58 ശതമാനം. കഴിഞ്ഞ പത്ത്​ വർഷത്തിനിടെ കേരളമടക്കം 16 സംസ്ഥാനങ്ങളിൽ സിസേറിയൻ പ്രസവങ്ങൾ ഇരട്ടിയായതായും ഇൗ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ഏറ്റവും കൂടുതൽ സിസേറിയൻ നടക്കുന്നത്​ നഗര പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രിയിലാണെന്നത്​ കാര്യങ്ങൾക്ക്​ കൂടുതൽ വ്യകത്​തത വരുത്തുന്നുണ്ട്​. അതേസമയം, കേരളത്തിൽ സർക്കാർ ആശുപത്രിയിൽ തന്നെ സിസേറിയൻ നിരക്ക്​ 31 ശതമാനം വർധിച്ചുവെന്നത്​ ആരോഗ്യ മേഖലയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളുടെ സൂചകമായി കാണാം. ഭൂരിഭാഗം സംസ്​ഥാനങ്ങളിലെയും സർക്കാർ ആശുപത്രികളിൽ സ​ിസേറിയൻ നിരക്ക്​ കുറയുകയും സ്വകാര്യ ആ​ശുപത്രികളിൽ കുടുകയും ചെയ്യു​േമ്പാൾ​ കേരളത്തിൽ ഗവൺമ​െൻറ്​ ആശുപത്രികളിൽ സി​േസറിയൻ വർധിക്കുന്നത്​ ഗുണപരമായ വസ്​തുത തന്നെയാണ്​. 

Cesarean

എന്തുകൊണ്ടായിരിക്കും സിസേറിയൻ പ്രസവങ്ങൾ ഇത്രമേൽ വർധിക്കാൻ കാരണം? എല്ലാ സിസേറിയൻ പ്രസവങ്ങളും അനിവാര്യമായ കാരണങ്ങളാലാണോ നടന്നിട്ടുണ്ടാവുക? അങ്ങനെയല്ല എന്നാണ്​ മിക്ക പഠനങ്ങളും തെളിയിക്കുന്നത്​. ഗർഭിണികളും അവരുടെ രക്ഷിതാക്കളും ഡോക്​ട​ർമാരോട്​ അങ്ങോട്ട്​ ആവശ്യപ്പെട്ട ശേഷമാണ്​ പല സിസേറിയനുകളും നടക്കുന്നതെന്ന്​ പഠനങ്ങൾ വ്യക്​തമാക്കുന്നു (Lumbiganon et al 2010).. വിദ്യാസമ്പന്നരും പണക്കാരു​മാണ്​ സിസേറിയന്​ കൂടുതലായും വിധേയമാകുന്നതെന്നും ഇതിനോട്​ കൂട്ടിവായിക്കണം. നമ്മുടെ ചില അന്ധവിശ്വാസങ്ങളും പലപ്പോഴും സിസേറിയൻ പ്രസവങ്ങൾക്ക്​ കാരണമാകാറുണ്ട്​. സിസേറിയൻ പ്രസവങ്ങൾ സംബന്ധിച്ച നിരവധി പഠനങ്ങൾ അപഗ്രഥിച്ച്​ ഒരു സംഘം ഗവേഷകർ തയാറാക്കി ഇക്കണോമിക്​ ആൻഡ്​ പൊളിറ്റിക്കൽ വീക്ക്​ലിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ (Rising Caesarean Births: A Growing Concern) ഇൗ അന്ധവിശ്വാസങ്ങളെയും വിശകലനം ചെയ്യുന്നുണ്ട്​. പല സ്വകാര്യ ആശുപത്രികളും​ ഗൈനക്കോളജിസ്​റ്റിനൊപ്പം ഒരു ജ്യോതിഷിയെക്കുടി ഇപ്പോൾ നിയമിക്കാറുണ്ടെത്രെ. സിസേറിയൻ പ്രസവമാകു​േമ്പാൾ മാതാവ്​ ഉദ്ദേശിക്കുന്ന തീയതിയിലും സമയത്തും തന്നെ പ്രസവം നടക്കുമല്ലൊ. അതിനുള്ള ലക്ഷണമൊത്ത നാൾ ഇൗ ജ്യോതിഷി കുറിച്ചു തരും. ജ്യോതിഷത്തിൽ വിശ്വാസമുള്ള ഒരാൾ തനിക്ക്​ പ്രത്യേകിച്ച്​ കോംപ്ലിക്കേഷനുകളൊന്നുമില്ലെങ്കിലും ‘നല്ല പ്രസവ നാൾ’ ലഭിക്കാൻ ജ്യോതിഷിയുടെ നിർദേശ പ്രകാരം സിസേറിയൻ തന്നെ തെരഞ്ഞെടുക്കും. ഇത്​ ഉത്തരേന്ത്യയിലെ കാര്യമൊന്നുമല്ല. നമ്മുടെ തലസ്​ഥാന നഗരിയിൽ തന്നെ ഇത്തരം ആശുപത്രികളുണ്ടെന്നത്​ പരസ്യമായ രഹസ്യമല്ലെ. 

ലേബർ റൂമിനരികെ പതുങ്ങിയിരിക്കുന്ന ഇത്തരം ജ്യോതിഷികളും അവർക്ക്​ സഹായം നൽകുന്ന സ്വകാര്യ ആശുപത്രികളും ആരോഗ്യമേഖലയിലെ പുതിയൊരു പ്രതിസന്ധിയാണ്​. വാട്ടർബർത്ത്​ പ്രസവ ചികിത്സകൾ അതി​​െൻറ മറ്റൊരു തലവും. ഇത്​ രണ്ടും ആരോഗ്യമേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല.  

(കടപ്പാട്​: നാഷനൽ ഫൗണ്ടേഷൻ ഒാഫ്​ ഇന്ത്യ)
 

Loading...
COMMENTS