Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപനി ലക്ഷണങ്ങൾ...

പനി ലക്ഷണങ്ങൾ തിരിച്ചറിയാം...

text_fields
bookmark_border
Feve
cancel

സർവസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്​നങ്ങളിൽ ഒന്നാണ്​ പനി. പടരുന്ന പനികളിൽ പലതും ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്​ടിക്കാറുണ്ട്​. അതിനാൽ പകർച്ചപ്പനികൾ പല​േപ്പാഴും രോഗത്തിനൊപ്പം ആശങ്കകളും പകർന്നുനൽകാറുണ്ട്​. വായു, ജലം, കൊതുക്​ തുടങ്ങി പനി കടന്നുവരുന്ന വഴികളും തീർത്തും വിഭിന്നമാണ്​. രാജ്യാന്തര യാത്രകൾ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതും രോഗവ്യാപന സാധ്യത കൂട്ടിയ മറ്റൊരു ഘടകമാണ്​. ആയുർവേദം ‘ജ്വര’ വിഭാഗത്തിലാണ്​ പനികളെപ്പെടുത്തിയിരിക്കുന്നത്​. 

പനികൾ ഏറിയും കുറഞ്ഞും വരാം. ചില പനികൾ തുടർച്ചയായി താപനിലയിൽ വ്യത്യാസം വരാതെ പനിക്കും. ചില പനിയാക​െട്ട ആവർത്തന സ്വഭാവം കാട്ടും. പനി ഏതുമാക​െട്ട പരിഭ്രാന്തരാകാതെ സ്വയം ചികിത്സചെയ്യാതെ ചികിത്സ തേടുകയാണ്​ വേണ്ടത്​. കുട്ടികൾ, പ്രായമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ, പ്രമേഹരോഗികൾ തുടങ്ങിയവരിൽ ഏത്​ പനിയും മാരകമാകാം എന്നുള്ളതുകൊണ്ട്​ പ്രത്യേകം ശ്രദ്ധിക്കണം.

പനിക്കൊപ്പം രോഗികളിൽ ​ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങൾ പനിയെ തിരിച്ചറിയാൻ സഹായകമാണ്​. രോഗനിർണയത്തിനും ചികിത്സക്കും സഹായകമാകുന്ന പനി ലക്ഷണങ്ങളെ തിരിച്ചറിയേണ്ടതുണ്ട്​.

വൈറൽപ്പനി
വൈറൽപ്പനി വായുവിലൂടെ പകരുന്ന രോഗമാണ്​. വൈറസുകളാണ്​ രോഗാണുക്കൾ. തൊണ്ടവേദന, മൂക്കൊലിപ്പ്​, തുമ്മൽ, മൂക്കടപ്പ്​, തലവേദന, ക്ഷീണം തുടങ്ങിയവയാണ്​ പ്രധാന ലക്ഷണങ്ങൾ. ആസ്​ത്​മ ബാധിതരെ വൈറൽപനി ബാധിക്കു​േമ്പാൾ അസുഖം കൂടാറുണ്ട്​. ചികിത്സക്കൊപ്പം വിശ്രമവും വേണ്ടിവരും.

ടൈഫോയ്​ഡ്​
മലിനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും ആണ്​ ടൈഫോയ്​ഡ്​ പകരുക. ശരീരതാപനില ഉയർന്ന്​ നിൽക്കുന്ന, നീണ്ടുനിൽക്കുന്ന പനി ടൈഫോയ്​ഡി​​​​െൻറ പ്രത്യേകതയാണ്​. പനി തുടങ്ങി രണ്ടാഴ്​ച കഴിയു​േമ്പാൾ ക്ഷീണവും കൂടാറുണ്ട്​. വിശപ്പില്ലായ്​മ, കുടലിൽ വ്രണങ്ങൾ, മലം കറുത്ത്​ പോകുക ഇവയും കാണുന്നു. ചികിത്സക്കൊപ്പം മുത്തങ്ങ, ജീരകം, അയമോദകം, ശതകുപ്പ ഇവ ചേർത്ത്​ തിളപ്പിച്ച വെള്ളം കഴിക്കുന്നത്​ കുടൽവ്രണം ഉണക്കും. 

Typhoid

എച്ച്​1എൻ1
വായുവിലൂടെ പകരുന്ന വൈറസ്​ രോഗമാണിത്​. ജലദോഷപ്പനി പോലെയാണ്​ തുടക്കം. തൊണ്ടവേദനക്കും ഛർദിക്കുമൊപ്പം പേശികളിലും സന്ധികളിലും ശക്​തമായ വേദനയുണ്ടാകും. പനിക്കും സന്ധിവേദനക്കുമുള്ള ചികിത്സകൾ നൽകുന്നു. പ്രതിരോധവും പ്രധാനമാണ്​. ചുമക്കു​േമ്പാഴും തുമ്മു​േമ്പാഴും വൈറസ്​ അന്തരീക്ഷത്തിലെത്തി മറ്റുള്ളവരിലേക്ക്​ പകരുമെന്നതിനാൽ ടവൽകൊണ്ട്​ പൊത്തിപ്പിടിച്ച്​ തുമ്മുകയും ചുമക്കുകയും വേണം. പൊതുസ്​ഥലത്ത്​ തുപ്പുന്നതും ചീറ്റുന്നതും ഒഴിവാക്കണം. ശുചിത്വം കർശനമായി പാലിക്കണം. രോഗികളും രോഗാണു വാഹകരും ഭക്ഷണശാലകൾ പാൽവിതരണ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പണിയെടുക്കുന്നതും രോഗപ്പകർച്ചക്കിടയാക്കുന്നു.

എലിപ്പനി
വൈറൽപ്പനിപോലെ തോന്നിപ്പിക്കുന്നതും എന്നാൽ രോഗിയെ ഗുരുതരാവസ്​ഥയിൽ എത്തിക്കുന്നതുമായ പനികള​ിലൊന്നാണ്​ എലിപ്പനി. എലികൾക്ക്​ പുറമെ പട്ടികൾ, പക്ഷികൾ, മറ്റ്​ വന്യമൃഗങ്ങൾ തുടങ്ങിയവയും രോഗാണുവാഹകരായ-രോഗബാധിതരായ ജന്തുക്കളുടെ മൂത്രവുമായോ മറ്റ്​ ശരീരഭാഗങ്ങളുമായോ നേരിട്ട്​ ബന്ധമുണ്ടാ​കു​േമ്പാൾ ബാക്​ടീരിയകൾ ശരീരത്തിൽ കടക്കുന്നു.

ഒരാഴ്​ച നീണ്ടുനിന്ന ശേഷം പനി കുറയുകയും ശക്​തമായി തിരിച്ചുവരുകയും ചെയ്യും. ശക്​തമായ തലവേദന, പേശീവേദന, നെഞ്ച്​ വേദന ഇവയുമുണ്ടാകും. പേശികൾ വലിഞ്ഞുമുറുകുന്നപോലെയും  അനുഭവപ്പെടും. കണ്ണിൽ മഞ്ഞയും ചുവപ്പും നിറം പ്രത്യക്ഷപ്പെടുന്നത്​ എലിപ്പനിയുടെ പ്രത്യേകതയാണ്​. കണ്ണിൽ രക്​തസ്രാവമുണ്ടാകാം. മഞ്ഞപ്പിത്തവും വരാം. അടിയന്തര ചികിത്സ തേടേണ്ട രോഗമാണിത്​.

വൃക്കസ്​തംഭനം, രക്​തത്തിലെ പ്ലേറ്റ്​​ലറ്റുകളുടെ എണ്ണം കുറയുക, കരൾ സ്​തംഭനം, ഹൃദയം, ശ്വാസകോശം ഇവയുടെ പ്രവർത്തന സ്​തംഭനം തുടങ്ങിയവ എലിപ്പനി സൃഷ്​ടിക്കുന്ന സങ്കീർണതകളിൽ പ്രധാനമാണ്​.

ഡെങ്കിപ്പനി
മാരകമായേക്കാവുന്ന കൊതുകുജന്യ രോഗങ്ങളിൽ ഒന്നാണ്​ ഡെങ്കിപ്പനി. ഇൗഡിസ്​ വിഭാഗത്തിൽപെട്ട കൊതുകുകളാണ്​ രോഗം പരത്തുന്നത്​. രോഗമുള്ള വ്യക്​തിയെ കടിക്കുന്ന കൊതുകുകൾ ഏഴ്​ ദിവസങ്ങൾക്കുശേഷം മറ്റുള്ളവരിലേക്ക്​ രോഗം പരത്താനുള്ള കഴിവ്​ നേടുന്നു. ഒരിക്കൽ രോഗാണുവാഹകരായി മാറിയ കൊതുകുകൾ തുടർന്നങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ മറ്റുള്ളവരിലേക്ക്​ രോഗം പകർത്താൻ പ്രാപ്​തരാണ്​.

കടുത്ത ചൂടോടെ പനി തുടങ്ങുന്നവരാണ്​ ഏറെയും. പ്ലേറ്റ്​ലറ്റ്​ കുറവ്​,​ ചർമ്മത്തിലെ ചുവന്ന്​ തടിച്ച പാടുകൾ, അസഹനീയമായ പേശീവേദന എന്നിവ പ്രധാനമായും കാണുന്നു. ചർമ്മത്തിലുണ്ടാകുന്ന രക്തസ്രാവത്തി​​​​െൻറ സൂചനകളാണ്​ ചുവന്ന പാടുകൾ. നെഞ്ചിലും മുഖത്തും കൈകളിലുമാണ്​ പാടുകൾ സാധാരണയുണ്ടാവുക. കൂടാതെ തലയുടെ മുൻ ഭാഗത്തും കണ്ണിന്​ ചുറ്റും ശക്തമായ വേദനയുണ്ടാകുന്നതും ഡെങ്കിപ്പനിയുടെ സൂചനയാണ്​. കണ്ണ്​ ചലിപ്പിക്കു​േമ്പാൾ വേദനയുണ്ടാകും. പനിക്കൊപ്പം ​പ്ലേറ്റ്​ലറ്റി​​​​െൻറ എണ്ണം കൂടുന്ന ഒൗഷധങ്ങളും നൽകുന്നു.

Dengue

രക്തസ്രാവത്തോടു കൂടിയ ഡെങ്കിപ്പനി
ശക്തമായ പനിയോടൊപ്പം വായ, മൂക്ക്​, മോണ ഇവയിലൂടെയുള്ള രക്തസ്രാവം ​െഡങ്കി ഹെമറേജിക്​ പനിയുടെ പ്രധാന ലക്ഷണം. രക്തസ്രാവം കാരണം മലം കറുത്തിരിക്കും. ശ്വാസം മുട്ടൽ, സ്വഭാവ വ്യതിയാനം ഇവയും കാണാറുണ്ട്​.

ചിക്കുൻഗുനിയ
കൊതുക്​ പരത്തുന്ന മറ്റൊരു രോഗമാണ്​ ചിക്കുൻ ഗുനിയ. വൈറസാണ്​ രോഗാണു. പെ​െട്ടന്നുണ്ടാകുന്ന പനി, ചർമത്തിൽ ചുവന്ന പാടുകൾ, ചൂടുകുരു പോലെയുള്ള ചുവന്ന കുരുക്കൾ ഇവയുണ്ടാകും. കഠിനമായ സന്ധി വേദനയാണ്​ രോഗത്തി​​​​െൻറ പ്രധാന ലക്ഷണം. ചലനം പ്രയാസകരമാകുന്ന വിധത്തിൽ കാൽമുട്ട്​, കൈക്കുഴ,  കൈകാൽ വിരലുകൾ, കഴുത്ത്​, നടുവ്​ ഭാഗങ്ങളിലൊക്കെ കഠിനമായ വേദന ഉണ്ടാകാം. ശരീരത്തിൽ നീരുണ്ടാകുന്നതോടൊപ്പം വെളിച്ചത്തിലേക്ക്​ നോക്കാനും രോഗിക്ക്​ ബുദ്ധിമുട്ടുണ്ടാകും.

ചിക്കുൻഗുനിയ ബാധിച്ചവരിൽ വലിയൊരു വിഭാഗം ആളുകളിലും ആഴ്​ചകൾ കഴിഞ്ഞാലും സന്ധി വേദന മാറുന്നില്ലെന്നത്​ അനുബന്ധ പ്രശ്​നങ്ങളിൽ പ്രധാനമാണ്​. ഉചിതമായ വാത ചികിത്സക്കൊപ്പം ലഘു വ്യായാമങ്ങൾ ചെയ്യുന്നത്​ വേദനയും നീർക്കെട്ടും കുറക്കും. രണ്ട്​- മൂന്ന്​ മാസമെങ്കിലും തുടർ ചികിത്സ ചെയ്യേണ്ടതുണ്ട്​. രോഗ ബാധിതരായവരിൽ ചിലരിൽ തൊലിയിലെ പാളികൾ ഇളകുക, ചൊറിച്ചിൽ, വരൾച്ച എന്നിവ ഉണ്ടാകും. കഷായങ്ങൾക്കൊപ്പം ഏലാദി വെളിച്ചെണ്ണ, ജാത്യാദി കേരം ഇവ പുറമേ പുരട്ടുന്നത്​ നല്ല ഫലം തരും.

ജപ്പാൻ ജ്വ​രം
കൊതുക്​ പരത്തുന്ന ജപ്പാൻ ജ്വരത്തിൽ വൈറസാണ്​ രോഗാണു. പെ​െട്ടന്നുണ്ടാകുന്ന ഉയർന്ന പനി, കുളിര്​, പനി തുടങ്ങി രണ്ട്​ ദിവസം കഴിഞ്ഞ്​ കോച്ചൽ, കഴുത്ത്​ തിരിക്കാൻ പ്രയാസം, പേശികളുടെ അയവില്ലായ്​മ, അപസ്​മാരം ഇവയാണ്​ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയാനാകും. ഉടൻ തന്നെ ചികിത്സ തേടണം.

കുരങ്ങ്​ പനി
ചെറിയ സസ്​തനികൾ, കുരങ്ങുകൾ, പക്ഷികൾ എന്നിവയിലാണ്​ ​കുരങ്ങ്​ പനിയുടെ വൈറസ്​ സാധാരണ കാണപ്പെടുക. ഇവയുടെ രക്തം കുടിച്ച്​ വളരുന്ന ചെള്ളുകളാണ്​ രോഗാണുവിനെ മനുഷ്യരിൽ എത്തിക്കുന്നത്​. ശക്തിയായ പനിക്കൊപ്പം, തലവേദന, ശരീര വേദന, വയറു വേദന എന്നിവയാണ്​ പ്രധാന ലക്ഷണങ്ങൾ. തലച്ചോറിനെ ബാധിക്കുന്നത്​ മൂലം ​േബാധക്ഷയം, അപസ്​മാരം തുടങ്ങിയവയും ഉണ്ടാകും. രോഗ ബാധ സ്​ഥിരീകരിച്ച പ്രദേശങ്ങളിൽ ചികിത്സക്കൊപ്പം ആരോഗ്യ സുരക്ഷയ​ും നൽകേണ്ടതുണ്ട്​.

Nipah-fever

നിപാ വൈറസ്​ പനി
വൈറസ്​ മൂലം പകരുന്ന ഒരു പ്രത്യേകയിനം പനിയാണ്​ നിപാ വൈറസ്​ പനി. ഒരു ജന്തുജന്യ രോഗമാണിത്​. രോഗ ബാധിതരായ മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്കും നിപാ വൈറസ്​ പടരാറുണ്ട്​. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രോഗ ലക്ഷണങ്ങൾ ആരംഭിക്കാൻ 5-14 ദിവസം വേണ്ടി വരുന്നു. പനി, തലവേദന, തലകറക്കം, ബോധക്ഷയം, ശ്വാസ തടസ്സം, കാഴ്​ച മങ്ങൽ ഇവ കാണുന്നു. മസ്​തിഷ്​ക വീക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്​. ചികിത്സ തേടിയില്ലെങ്കിൽ കഠിനമായ ശ്വാസകോശ പ്രശ്​നങ്ങൾ ഉണ്ടാകുകയും രോഗി അബോധാവസ്​ഥയിൽ ആകുന്നതും നിപയുടെ പ്രത്യേകതയാണ്​. 

നിപാ ബാധയുണ്ടായവരിൽ ചിലർക്ക്​ ദീർഘകാല അനന്തര ഫലങ്ങൾ, അപസ്​മാരം, വ്യക്​തിത്വ വൈകല്യങ്ങൾ ഇവയും കാണാറുണ്ട്​. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങൾ സെറിബ്രോ സ്​പൈനൽ ഫ്​ളൂയിഡ്​ എന്നിവയുടെ പരിശോധനകളിലൂടെ രോഗസ്​ഥിരീകരണം നടത്താം. രോഗം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയും നടത്തുന്നു.

ഒരിനം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന വൈറസാണ്​ നിപ. നിപയുടെ സ്വാഭാവിക വാഹകരാണ്​ വവ്വാലുകൾ. ഡെങ്കി വൈറസും ഇൗഡിസ്​ കൊതുകും എന്ന പോലെ നിപാ വൈറസ്​ വവ്വാലിനെ ഒരു തരത്തിലും ഉപദ്രവിക്കില്ല. പരസ്​പര സഹവർത്തിത്വം (co-evolution) ആണിത്​. എന്നാൽ വവ്വാലി​​​​െൻറ കാഷ്​ഠത്തിലൂടെയും മറ്റ്​ സ്രവങ്ങളിലൂടെയും വൈറസ്​ മൃഗങ്ങളിലും മനുഷ്യരിലുമെത്തുന്നു.

പനി - പരിഹാരങ്ങൾ
സ്വയം ചികിത്സ പാടില്ല

പനി മാരകമാകുന്നത്​ പലപ്പോഴും കൃത്യ സമയത്ത്​ ഉചിതമായ ചികിത്സ ലഭിക്കാതെ പോകു​േമ്പാഴാണ്​. സ്വയം ചികിത്സ കൊണ്ടുള്ള പ്രശ്​നങ്ങളും പനിയെ മാരകമാക്കാറുണ്ട്​. പനിയുടെ കാരണം കണ്ടെത്തുന്നതിൽ രോഗ ലക്ഷണങ്ങൾക്ക്​ നിർണായക പങ്കുണ്ട്​. എന്നാൽ, മരുന്നുകൾ സ്വയം വാങ്ങി കഴിക്കു​േമ്പാൾ രോഗ ലക്ഷണങ്ങളും അവ്യക്​തമാകുന്നു. ഇത്​ രോഗ നിർണയത്തിനും തുടർന്നുള്ള ചികിത്സയ്​ക്കും തടസ്സമാകാറുണ്ട്​. അതു പോലെ സ്വയം വാങ്ങി കഴിക്കുന്ന മരുന്നുകൾ പലതും ശരീരത്തിൽ ചെലുത്തുന്ന പ്രവർത്തനങ്ങളും രോഗ നിർണയത്തിന്​ പലപ്പോഴും പ്രശ്​നമാകാറുണ്ട്​. പ്രത്യേകിച്ച്​ പനി പടരുന്ന സാഹചര്യത്തിൽ ഇത്തരം തെറ്റായ പ്രവണതകൾ ഒഴിവാക്കേണ്ടതാണ്​.

പ്രതിരോധം പ്രധാനം
പ്രതിരോധമാണ്​ ചികിത്സയെക്കാൾ അഭികാമ്യം എന്നത്​ പനിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്​. വ്യക്​തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, ഒൗഷധങ്ങളുടെ ഉപയോഗം തുടങ്ങിയവയിലൂടെ പനിയുടെ കടന്നു വരവിനെ പ്രതിരോധിക്കാനാവും. ച്യവനപ്രാശം, അമൃതപ്രാശം, ബ്രഹ്​മരസായനം, ദശമൂല കടമത്രയം കഷായം, ഇന്ദുകാന്തം കഷായം, ഇന്ദുകാന്ത ഘൃതം, അമൃതാരിഷ്​ടം, ദശമൂലരാഷ്​ടം, വില്വാദി ഗുളിക, ദ്രാക്ഷാദി കഷായം, അഗസ്​ത്യരസായനം തുടങ്ങി പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്ന ഒൗഷധങ്ങൾ ഡോക്​ടറുടെ നിർദേശാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്​.

പനി പടരാതിരിക്കാൻ

  • ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി ഇവ ബാധിച്ചവരെ കൊതുക്​ വലയ്​ക്കുള്ളിൽ കിടത്തുക.
  • പകർച്ചപ്പനി ബാധിച്ച രോഗിക്ക്​ പൂർണ വിശ്രമം നൽകുക
  • ശുചിത്വം കർശനമായി പാലിക്കുക, യാത്രയും ജോലിക്ക്​ പോകലും ഒഴിവാക്കുക.
  • സ്വയം ചികിത്സ ഒഴിവാക്കി പനിയുടെ തുടക്കത്തിൽ തന്നെ വൈദ്യ ചികിത്സ തേടുക.​

 

തയാറാക്കിയത്​:  ഡോ. ​പ്രിയ ദേവദത്ത്​, കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല, മാ​ന്നാ​ർ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverH1N1denguemalayalam newsNipah VirusHealth News
News Summary - Fever Signs - Health News
Next Story