കണ്ണുകളെ കാക്കാം, കണ്ണിലെ കൃഷ്​ണമണി പോലെ...

നീ എനിക്ക്​ ‘കണ്ണിലെ കൃഷ്ണമണി’ പോലെയാണ്...!' സ്​നേഹം കുടുമ്പോൾ പലപ്പോഴും നാം ഇങ്ങനെയൊക്കെ പറയാ​റില്ലേ... കണ്ണില്ലാതായാലേ കണ്ണിന്‍റെ വിലയറിയൂ എന്ന്​ മുതിർന്നവർ പറയുന്നത്​ നാം പല തവണ കേട്ടിട്ടുമുണ്ടാക​ും. അത്രക്ക്​ വിശേഷപ്പെട്ട ഒരു അവയവമാണ്​ കണ്ണ്​. പ്രിയപ്പെട്ടവരുടെ രൂപം നമുക്കറിയാനാവുന്നത്​ കണ്ണുകളുടെ സഹായ​ത്തോടെയല്ലെ. കാടി​ന്‍റെ വന്യതയും മഞ്ഞു തുള്ളിയുടെ നൈർമല്യവും അപ്പൂപ്പൻ താടിയുടെ മനോഹാരിതയും എന്നിങ്ങനെ എത്രയെത്ര കാഴ്​ചകളാണ്​ നാം കണ്ണുകളാൽ ആസ്വദിച്ചത്​. അതിനാൽ കാഴ്ചയില്ലാത്ത ലോകം ആർക്കും സങ്കൽപ്പിക്കാനാവില്ല. ഒരു നിമിഷം കണ്ണടച്ച്​ അൽപ ദൂരം നടന്നുനോക്കിയാൽ അറിയാം കണ്ണ്​ കാണാത്തവരുടെ വേദന. അതിനാൽ നമ്മുടെ കണ്ണുകളെ കേടുപാടുകൾ കൂടാതെ സംരക്ഷിച്ച്​ നിർത്തേണ്ടത് അത്യാവശ്യമാണ്​.

എന്താണ് കാഴ്ച?
നമ്മൾ ഒരു വസ്തുവിനെ കാണുന്നത് എങ്ങനെയാണ്? കണ്ണിനുള്ളിലെ കാഴ്​ച ഞരമ്പിൽ വസ്തുവിൽ നിന്നും പുറപ്പെടുന്ന കിരണങ്ങൾ പതിക്കുകയും തുടർന്ന് ആവേഗങ്ങൾ കാഴ്ച നാഡി വഴി തലച്ചോറിൽ എത്തുകയും ചെയ്യും. അങ്ങനെയാണ് നമ്മൾ ഒരു വസ്​തുവിനെ കണ്ടു എന്ന തോന്നലുണ്ടാവുന്നത്​.

കണ്ണുകളെ വേണ്ടത്ര ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ നേത്രരോഗങ്ങൾ എളുപ്പം പിടിപെടാവുന്നതാണ്​. ഹ്രസ്വ ദൃഷ്​ടി (short sight), ദീർഘ ദൃഷ്​ടി (Long sight), വിഷമദൃഷ്​ടി (astigmatism), വെള്ളെഴുത്ത്​ തുടങ്ങിയവ കണ്ണിനെ ബാധിക്കുന്ന പ്രശ്​നങ്ങളാണ്​.

അടുത്തുള്ളത്​ കാണാനാവുകയും ദൂരെയുള്ളത്​ കാണാൻ സാധിക്കാതെ വരികയും ചെയ്യുന്ന പ്രശ്​നമാണ്​ ഹ്രസ്വദൃഷ്​ടി. പുസ്​തകങ്ങൾ അടുത്ത്​ പിടിച്ച്​ വായിക്കുന്നത്​ ഹ്രസ്വ ദൃഷ്​ടിക്കാരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണമാണ്​.

ദൂരെയുള്ള വസ്​തുക്കൾ കാണുന്നതിന്​ ബുദ്ധിമുട്ടില്ലാതിരിക്കുകയും അതേസമയം അടുത്തുള്ള വസ്​തുക്കൾ കാണാൻ സാധിക്കാതെ വരികയും ചെയ്യുന്ന പ്രശ്​നമാണ്​ ദീർഘ ദൃഷ്​ടി. കണ്ണട ധരിക്കുകയാണ്​ ഇതിനുള്ള ഫലപ്രദമായ മാർഗം. കാഴ്​ചക്കുള്ള കഴിവ്​ രണ്ട്​ കണ്ണുകൾക്കും വ്യത്യാസമുള്ളവർ കണ്ണട ധരിക്കേണ്ടത്​ അത്യാവശ്യമാണ്​.

ദൃശ്യങ്ങൾ വ്യക്തമായി കാണാത്ത അവസ്ഥയാണ്​ വിഷമദൃഷ്​ടി.

പൊന്നു പോലെ സംരക്ഷിക്കാം
ഭക്ഷണ രീതികളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിലൂടെ കാഴ്​ച ശക്തി മെച്ചപ്പെടുത്താം. ചീര, ബ്രൊക്കോളി, കാരറ്റ്​, മധുരക്കിഴങ്ങ്, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകേണ്ടതും നേത്ര സംരക്ഷണത്തിന്​ അത്യന്താപേക്ഷിതമാണ്​.

എപ്പോഴും കണ്ണട ധരിക്കുക
കണ്ണട ധരിക്കുന്നവർ സ്ഥിരമായി അത് ധരിക്കാൻ ശ്രദ്ധിക്കണം. സൺഗ്ലാസുകൾ പ്രധാനമാണ്.

കാണാനുള്ള ഭംഗി എന്നതിലല്ല മറിച്ച് അവ ഉപയോഗിച്ചാലുള്ള ഗുണത്തിലാണ്​ കാര്യമെന്ന്​ മനസ്സിലാക്കണം. സൺഗ്ലാസുകളുടെ ഉപയോഗം അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും കണ്ണിനെ സംരക്ഷിക്കും.

കണ്ണുകൾ തുടിക്കുന്നുണ്ടോ.?
അമിതമായ ക്ഷീണം, പിരിമുറുക്കം എന്നിവ മൂലമാണ് മിക്കപ്പോഴും കണ്ണുകൾ തുടിക്കുന്നത്. എന്നാൽ ഈ പ്രശ്നം നിരന്തരമായി അലട്ടുന്നവർ ചികിത്സ തേടേണ്ടതുണ്ട്​.
ജോലി ചെയ്യുന്ന സമയത്തും കമ്പ്യൂട്ടറിൽ നോക്കുമ്പോഴുമാണ് കണ്ണുകൾ തുടിക്കുന്നതെങ്കിൽ കുറച്ചു സമയത്തേക്ക് കണ്ണുകൾ അടച്ചുവയ്ക്കുന്നതിലൂടെ ഈ പ്രശ്​നം പരിഹരിക്കാം. ധാരാളമായി വെള്ളം കുടിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുക. മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങളുള്ളവരിൽ കണ്ണു തുടിക്കുന്ന പ്രശ്​നം കണ്ടു വരാറുണ്ട്​. കൈവിരൽ കൊണ്ട് കൺപോളയിൽ വൃത്താകൃതിയിൽ മസാജ് ചെയ്യുന്നതും കണ്ണ്​ തുടിക്കുന്നത്​ നിയന്ത്രിക്കാൻ നല്ലതാണ്​.

വിരലുകൾകൊണ്ട് തിരുമ്മരുത്
കണ്ണുകളിൽ അനാവശ്യമായി കൈവിരലുകൾ കൊണ്ട്​ തിരുമ്മരുത്​. കാരണം ഇങ്ങനെ തിരുമ്മുന്നത്​ കണ്ണുകളിൽ അണുബാധയ്ക്ക് കാരണമാകും.

വൃത്തിയുള്ള കൈകൾകൊണ്ടേ കണ്ണുകളിൽ സ്പർശിക്കാവൂ.

കണ്ണിന് ഈ ഭക്ഷണങ്ങൾ
ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ലഭിക്കാൻ ഓയിൽ അടങ്ങിയ മൽസ്യങ്ങൾ കഴിക്കാം. ചെമ്മീൻ, ചൂര, കരൾ , മുട്ട,ബീഫ് , ബ്രൗൺ അരി, മുന്തിരി എന്നിവ കഴിക്കുന്നതും കണ്ണിന്‍റെ ആരോഗ്യത്തിന്​ നല്ലതാണ്​. ടോറിൻ എന്ന അമിനോ ആസിഡ് കണ്ണിന്‍റെ പ്രവർത്തനത്തെ മികച്ചതാക്കുന്നു. അതിനാൽ അവ കൂടുതലടങ്ങിയ കടൽ മത്സ്യങ്ങൾ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുന്നത്​ നല്ലതാണ്​.

‘കണ്ണ് ശരീരത്തിൻറെ വിളക്ക്’ എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. കാഴ്ച മനുഷ്യന് വളരെ പ്രധാനപ്പെട്ട ആയതുകൊണ്ടുതന്നെ എന്നെ നേത്ര സംരക്ഷണത്തിലും നമ്മൾ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
കുടുംബത്തിൽ ആർക്കെങ്കിലും പാരമ്പര്യമായി നേത്രരോഗങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുക. കണ്ണിൽ എന്തെങ്കിലും തരത്തിലുള്ള അലർജിയോ മറ്റോ അനുഭവപ്പെട്ടാൽ ഉപ്പുവെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകുന്നത് നല്ലതാണ്​.
നമ്മുടെ മരണത്തോടെ കൂമ്പിയടഞ്ഞു പോകു​ന്ന ഒന്നല്ല നമ്മുടെ കണ്ണുകൾ. നേത്ര ദാനത്തിലൂടെ അത്​ നാളെയുടെ വെളിച്ചമാകേണ്ടുന്ന വിളക്ക്​ തന്നെയാണ്​.

Loading...
COMMENTS