Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഗ്ലൂക്കോമീറ്റർ എന്ന...

ഗ്ലൂക്കോമീറ്റർ എന്ന മധുരസമ്മാനം

text_fields
bookmark_border
Sugar
cancel

കുറച്ചുകാലം മുമ്പാണ്...അതായത് ഹൈക്കോടതി ടെലിഫോണ്‍ കണ്‍സള്‍ട്ടേഷനുകള്‍ക്ക് പണിതരുന്നതിനും മുമ്പ്..
സമയം രാത്രി മൂന്ന് മൂന്നര...
നിര്‍ത്താതെ മൊബൈല്‍ കരയുന്നു..
അങ്ങേ തലക്കല്‍ നുമ്മടെ ബന്ധുവിന്‍റെ ഭാര്യ..പക്ഷാഘാതവും ഷുഗറും പ്രഷറും ഹൃദയാഘാതവും ഒക്കെ അതിജീവിച്ച സഹൃദയനാണ് ടി ബന്ധു..

'രാത്രി കിടക്കുന്നതു വരെ പ്രത്യേകിച്ച് ഒരുപ്രശ്നോം പുള്ളിക്ക്  ഉണ്ടായിരുന്നില്ല..'
'ഒ.കെ'
' 2 മണിക്ക് മൂപ്പര് കിടക്ക്ണോടത്ത്ന്ന് എണീറ്റ് ഒറ്റ ഓട്ടം...കിടക്കാന്‍ കൂട്ടാക്കുന്നില്ല..പിന്നെ പൂരാ തെറിവിളി..ബോധല്ലാത്ത പെരുമാറ്റോം..
അടങ്ങുന്നേ ഇല്ല..'
'ആശുപത്രീല് കൊണ്ടുപൊയ്ക്കൂടെ..'
'അയിന് മോനും മരോളും ഇവിടെയില്ല...ഓര് ഊട്ടീക്ക് ടൂറു പോയതാ..മോന് മടങ്ങാൻ നോക്ക്ണുണ്ട്..ഇങ്ങളെ വിളിക്കാനും പറഞ്ഞി..ഇഞ്ഞിപ്പം എന്താ ചെയ്യാ....'

വല്ലാത്ത ചോദ്യമാണ്..അവരുടെ ഓണംകേറാമൂലയിലേക്ക് പുറപ്പെടാം എന്നുവെച്ചാൽ ഞാനും ഒരു നാൽപത് നാൽപത്തഞ്ച് കിലോമീറ്റർ ദൂരെയാണ്..

മാനസികപ്രയാസമാണോ,അങ്ങനെ ഒരു ഹിസ്റ്ററി മൂപ്പർക്കില്ല..
ഒരുപക്ഷേ,ഹൃദയവും തലച്ചോറുമൊക്കെ പണിമുടക്ക് തുടങ്ങിയാലും ഏതാണ്ടീ ലക്ഷണങ്ങള്‍ കാണിക്കാം.. കുഴഞ്ഞുമറിയാവുന്ന കാരണങ്ങള്‍..

ഭാര്യയുടെ ടെലഫോണ്‍ കമന്‍ററി തുടര്‍ന്നുകൊണ്ടേ ഇരുന്നു- 'ഇന്‍സുലിന്‍ ഡോസ് സ്വന്തം അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ് മൂപ്പര്..ഇന്നലെ രാവിലെ ഷുഗര്‍ നോക്കിയപ്പോ ഫാസ്റ്റിങ്ങ് 190 ആയിരുന്നു..'

മനസ്സിലൊരു മിന്നെറിഞ്ഞ് ഇടിപൊട്ടിയ പ്രതീതി..
മൂപ്പര് ഇൻസുലിൻ‍ ഡോസ് സ്വയം ഒന്ന് കുത്തിപ്പൊക്കിയിരിക്കണം..

'ഗ്ളൂക്കോമീറ്റര്‍ ഉണ്ടോ..'
'ഉണ്ട്'
'വേം ഒന്ന് ഷുഗറ് നോക്കീ...'

സെക്കന്‍റുകൾ കൊണ്ട് ഫലം കിട്ടിബോധിച്ചു.

46mg/dl..

ഹൈപ്പോഗ്ളൈസീമിയയില്‍ ഈ സ്വഭാവവ്യത്യാസങ്ങള്‍ ഒക്കെ കാണാറുണ്ട്..
മകൻ വീടെത്തുമ്പോഴേക്കും ഇച്ചിരെ പഞ്ചാരറെമെഡി കൊണ്ട് ആളുടെ സ്വഭാവം നേരെയായി നോർമലായി..

  ഒരു ആശുപത്രിവാസവും ഐ സി യു അഡ്മിഷനും ഒഴിവാക്കിയ ഗദ - ഞാന്‍ കേള്‍ക്കെ - ഇപ്പഴും അവര് പറയാറുണ്ട്..

നമ്മുടെ നാട്ടില്‍ പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്..
വീട്ടില്‍ നിന്നേ രക്തത്തിലെ ഗ്ളൂക്കോസ് ലെവല്‍  പരിശോധിക്കാന്‍ സാധിച്ചാല്‍ പ്രമേഹനിയന്ത്രണത്തിനും കുറയുന്നതും കൂടുന്നതുമായ അടിയന്തിരഘട്ടങ്ങളെ പെട്ടെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനും സഹായകമാകും..
അല്‍പം അറിവും പരിശീലനവും ഉണ്ടെങ്കില്‍ സംഗതി എളുപ്പമാണ്..
സാധനം കൈയിലുണ്ട് എന്നു വെച്ച് മുറിവൈദ്യന്‍ ആകരുത് എന്നേയുള്ളൂ..

വീട്ടില്‍ നിന്നും രക്തത്തിലെ ഗ്ളൂക്കോസ് പരിശോധിക്കുന്നതിന് എന്തൊക്കെ ഉപകരണങ്ങള്‍ വേണം എന്നു നോക്കാം

1)ഗ്ളൂക്കോമീറ്റര്‍ 
2)ഗ്ളൂക്കോമീറ്ററിന് യോജിച്ച സ്ട്രിപ്പുകള്‍
3)ലാന്‍സെറ്റ് അല്ലെങ്കില്‍ നേരിയ സൂചികള്‍
4)പഞ്ഞി
5)സ്പിരിറ്റ്

ഗ്ളൂക്കോമീറ്റര്‍ഃ-സ്ട്രിപ്പിന്‍റെ അറ്റത്തുള്ള ഒരുതുള്ളി ചോരയിലെ ഗ്ളൂക്കോസിന്‍റെ അളവിനെ തിരിച്ചറിയുന്നതിനുള്ള ബാറ്ററിയിലോടുന്ന ചെറിയൊരു ഇലക്ട്രോണിക് ഉപകരണമാണിത്.രാസപദാര്‍ത്ഥം ഉള്ള ഗ്ളൂക്കോസ് സ്ട്രിപ്പിനെ കയറ്റിവെക്കാനുള്ള ഒരു സ്ലോട്ടും അതിലുണ്ട്.750 രൂപ മുതല്‍ 3000 രൂപവരെ വിലയുള്ളവയുണ്ട്..സ്ട്രിപ്പ് നന്നായി ചിലവുള്ളവര്‍ക്ക് മെഷീന്‍ ഫ്രീ കൊടുക്കുന്ന കമ്പനികളുമുണ്ട്..കൂടിയ ഇനം  മെഷിനുകളില്‍ ഡാറ്റ ശേഖരിച്ചു വയ്ക്കാനും കഴിഞ്ഞ പതിനഞ്ചു ദിവസത്തെ  ശരാശരി നല്‍കാനും,ഗ്ളൂക്കോസിന്‍റെ അളവ് അപകടകരമായി കൂടുകയോ കുറയുകയോ ചെയ്താല്‍ ബീപ് അടിക്കാനും,കംമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യാനും ഒക്കെ സംവിധാനം ഉണ്ട്..

Dr.Morepan BG-03, Bayers കമ്പനിയുടെ ‘Contour’ ജോൺസൺ ആന്റ് ജോൺസന്റെ ‘one touch’ ,Accu chek (Roche) തുടങ്ങിയവയാണ് പ്രധാന ബ്രാന്റുകൾ.വാങ്ങുമ്പോൾ കോഡിങ്ങ് വേണ്ടാത്ത തരം മെഷിൻ വാങ്ങുന്നതാണ് നല്ലത്.അല്ലെങ്കിൽ വേറെ ബാച്ച് നമ്പർ ഉള്ള പുതിയ ഡപ്പയിലെ സ്ട്രിപ്പ് ഇടുമ്പോൾ റീകോഡ് ചെയ്യുക എന്ന മറക്കാൻ ചാൻസുള്ള പണി വരും.

നമ്മുടെ നാട്ടിൽ സർവീസുള്ള സ്ട്രിപ്പ് കിട്ടുന്ന ഗ്ലൂക്കോമീറ്ററേ വാങ്ങാവൂ.ഒരു കമ്പനിയുടെ സ്ട്രിപ്പ് വേറൊരു കമ്പനിയുടെ മെഷിനിൽ റീഡു ചെയ്യില്ല.ഒരേ കമ്പനിയുടെ പല മോഡലുകളുടെ സ്ട്രിപ്പും മെഷിനും അങ്ങോട്ടുമിങ്ങോട്ടും ചേരണം എന്നില്ല.ബുദ്ധിമുട്ടി ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ ഗ്ളൂക്കോമീറ്റർ വാങ്ങി അയക്കുന്നവർ അതിന്റെ സ്ട്രിപ്പും സർവീസുമൊക്കെ നാട്ടിലും ലഭ്യമാണോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

സ്ട്രിപ്പ്:- സ്ട്രിപ്പ് ഒന്നിന് മെഷിനും വാങ്ങിക്കുന്ന എണ്ണവും ഒക്കെ അനുസരിച്ച് 12 മുതല്‍ 25 രൂപവരെ ആകും.സ്ട്രിപ്പുകള്‍ ഡപ്പ(Vial) ആയാണ് കിട്ടുക..ഒരു ഡപ്പയില്‍ 25 സ്ട്രിപ്പുണ്ടാകും.. തുറന്നിട്ടില്ലാത്ത ഡപ്പക്ക് 18 മാസവും പൊട്ടിച്ചതിലെ സ്ട്രിപ്പുകള്‍ക്ക് മൂന്നു മുതൽ ആറുമാസവുമാണ് കാലാവധി.കാലാവധി കഴിഞ്ഞ സ്ട്രിപ്പുകൾ ഉപയോഗിക്കരുത്. തുറക്കുന്നതിന് മുമ്പും ശേഷവുമുള്ള കാലാവധി ഡപ്പയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.ഓരോ സ്ട്രിപ്പ് എടുത്തതിനുശേഷവും ഡപ്പ മുറുക്കി അടക്കണം.സ്ട്രിപ്പിൽ ഈർപ്പം വന്ന് തെറ്റായ ഫലം നൽകുന്നത് തടയാനാണത്.

ലാൻസെറ്റ്/സൂചി:- ലാന്‍സെറ്റുകള്‍ക്കും നമ്പർ 20 നീഡിലിനും 1-4 രൂപവരെയാണ് വില.സ്പ്രിങ്ങ് ഉള്ള ലാന്‍സെറ്റ് ഉപകരണം വിരലില്‍ കുത്തുംബോള്‍ ഉള്ള വേദന കുറക്കാന്‍ വളരെ സഹായകമാണ്..
അധികതുക നല്‍കാതെ തന്നെ മിക്ക ഗ്ളൂക്കോമീറ്ററുകള്‍ക്കൊപ്പവും ഇത് ലഭിക്കും. 

മറ്റെല്ലാ സാങ്കേതികതകളേയും പോലെ തന്നെ ഒരുപാട് വികാസവും പുരോഗതിയും ഗ്ളൂക്കോമീറ്ററും കൈവരിച്ചിട്ടുണ്ട്.മാന്വലിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും സ്ട്രിപ്പുകള്‍ ശരിയായി സൂക്ഷിച്ചു വയ്ക്കുകയും കാലാവധി കഴിഞ്ഞ സ്ട്രിപ്പുകള്‍ ഒഴിവാക്കുകയും ചെയ്യണം.

എങ്ങനെയാണ് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുന്നത് എന്നു നോക്കാം.

ആദ്യം സോപ്പും വെളളവും ഉപയോഗിച്ച് കൈ നന്നായി കഴുകി തുടക്കുക.
കൈയിൽ മധുരത്തിന്റെ അവശിഷ്ടമുണ്ടെങ്കിൽ പോലും കൂടിയ റിസൽറ്റ് ആണു കിട്ടുക.വെള്ളം കൊണ്ടോ മീതൈൽ ആൽക്കഹോൾ കൊണ്ടോ ഉള്ള നനവുണ്ടെങ്കിൽ റിസൽട്ട് തെറ്റായ രീതിയിൽ കുറവും കാണിക്കും.

വിരലില്‍ സ്പിരിറ്റ് ഉപയോഗിച്ച് തുടച്ച ശേഷം ലാന്‍സെറ്റുകൊണ്ടോ സൂചികൊണ്ടോ കുത്തുക.ഒരിക്കലും വിരൽ ശക്തിയിൽ ഞെക്കി രക്തം എടുക്കരുത്. ആദ്യത്തെ തുള്ളി രക്തം തുടച്ചുകളഞ്ഞ് കൈവിരലില്‍ ചെറുമര്‍ദ്ദം മാത്രം നല്‍കി രണ്ടാമത്തെ തുള്ളി രക്തം സ്ട്രിപ്പിലെ ബ്ളഡ് എടുക്കാന്‍ രേഖപ്പെടുത്തിയ ഇടത്ത് ശേഖരിക്കുക..സ്ട്രിപ്പ് ഗ്ളൂക്കോമീറ്ററിന്‍റെ സ്ലോട്ടിലേക്ക് ഇറക്കിവച്ച് ബ്ളഡ് എടുത്തുകഴിഞ്ഞാല്‍ 5 മുതല്‍ 15 സെക്കന്‍റ് സമയംകൊണ്ട് സ്ക്രീനില്‍ അക്കങ്ങളില്‍ ഗ്ളൂക്കോസിന്‍റെ അളവ് കാണിക്കും.

ലാബ്ടെസ്‌റ്റും ഗ്ളൂക്കോമീറ്റര്‍ ടെസ്റ്റും ഒരുപോലെയല്ല..ഗ്ളൂക്കോമീറ്റര്‍ വിരലിലെ കാപ്പില്ലറികള്‍ എന്ന നേരിയ ധമനികളിലെ രക്തമാണ് പരിശോധിക്കുന്നത്..ലാബില്‍ സിരാരക്തത്തിലെ പ്ളാസ്മയിലുള്ള ഗ്ളൂക്കോസിന്‍റെ അളവാണ് പരിശോധിക്കുക..
ഫാസ്റ്റിങ്ങ് ലെവലില്‍ രണ്ടു റിപ്പോര്‍ട്ടുകളും  തുല്ല്യമാണ്..എന്നാല്‍ ഭക്ഷണം കഴിഞ്ഞുള്ള പരിശോധനയില്‍ കാപ്പില്ലറിയിലെ ഗ്ളൂക്കോസ് സിരകളിലേക്കാള്‍ 20 ശതമാനം  കൂടുതല്‍ ആണ്.ഇത് കണക്കിലെടുത്താലും, ഒരേ സമയമാണ് രക്തം എടുത്തത് എങ്കില്‍ കൂടി ലാബിലെ റിസല്‍ട്ടും ഗ്ളൂക്കോമീറ്ററിലെ  റിസല്‍ട്ടും തമ്മില്‍ 15 ശതമാനം വ്യത്യാസം വരെ സ്വീകാര്യമാണ്..ഒരേ റിസല്‍ട്ട് കിട്ടീല എന്നുവെച്ച് മെഷീനെയോ ലാബിനെയോ സംശയിക്കേണ്ടതില്ല..

എന്നിരുന്നാലും ഗ്ളൂക്കോമീറ്ററിനെ രണ്ടോ മൂന്നോമാസം  ഇടവേളകളില്‍ 'കാലിബ്രേറ്റ്' ചെയ്യണം..ഒരേസമയം ലാബിലും ഗ്ളൂക്കോമീറ്ററിലും ഷുഗര്‍ പരിശോധിച്ചു തന്നെയാണ് റിസല്‍ട്ട് ഒത്തുനോക്കിയാണ് 'കാലിബ്രേഷന്‍' ചെയ്യുന്നത്..

രണ്ട് അവസ്ഥകളില്‍ തെറ്റായ റിസല്‍ട്ട് ഗ്ളൂക്കോമീറ്റര്‍ തരും എന്നു അറിയണം..
വിളര്‍ച്ചയുള്ളവരില്‍ ഉള്ളതിനേക്കാള്‍ കൂടിയ റിസല്‍ട്ടും കാപ്പില്ലറികളില്‍ രക്തയോട്ടം കുറയുന്ന (hypoperfusion) അവസ്ഥകളില് ഉള്ളതിനേക്കാള്‍ കുറഞ്ഞ റിസല്‍ട്ടും കിട്ടാം..

രക്തത്തിലെ ഗ്ളൂക്കോസിന്‍റെ സ്വയം നിരീക്ഷണം എങ്ങനെ നടപ്പാക്കാം എന്നുനോക്കാം..ഇതിന് എത്ര ഇടവേളകളിൽ എപ്പോഴൊക്കെയാണ് ഗ്ളൂക്കോസ് ലെവൽ നോക്കേണ്ടത് എന്ന അറിവ് പ്രധാനമാണ്

എത്രതവണ നോക്കണം:-

പ്രമേഹത്തിന്‍റെ തരം,ഗ്ളൂക്കോസ് ലെവലിന്‍റെ സഥിരതയും അളവും,ഗര്‍ഭം,ഓപറേഷന്‍,അടിയന്തിര കാലയളവ് എന്നിവക്ക് അനുസരിച്ച് ഗ്ളൂക്കോസ് പരിശോധിക്കേണ്ട ഇടവേളകളില്‍ വ്യത്യാസം ഉണ്ടാകും..
സാധാരണ ടൈപ്പ് 2 പ്രമേഹത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയാണ്  ഗ്ളൂക്കോസ് പരിശോധന വേണ്ടി വരികയുള്ളൂ..
ടൈപ്പ് ഒന്ന് പ്രമേഹത്തിലും ഗ്ളൂക്കോസ് ലെവല്‍ അങ്ങേതലക്കലും ഇങ്ങേതലക്കലും ആടിനില്‍ക്കുന്നവര്‍ക്കും പ്രമേഹമുള്ള ഗര്‍ഭിണികള്‍ക്കും ദിവസവും മൂന്നുനേരമോ അതിലധികമോ നോക്കാനുണ്ടാകും.
ഡോക്ടറുടെ നിര്‍ദേശം ഇക്കാര്യത്തില്‍ കണക്കിലെടുക്കണം..

എപ്പോഴൊക്കെയാണ് രക്തത്തിലെ ഗ്ളൂക്കോസ് നോക്കേണ്ടത്ഃ-

സാധാരണ പരിശോധിക്കേണ്ട സമയങ്ങള്‍ 
ഭക്ഷണ(പ്രാതല്‍,ഉച്ചഭക്ഷണം,അത്താഴം)ത്തിന് മുംബും രണ്ട് മണിക്കൂറിന് ശേഷവുമാണ്..പ്രമേഹനിയന്ത്രണത്തില്‍ ഭക്ഷണത്തിന്(പ്രാതല്‍,ഉച്ചഭക്ഷണം,അത്താഴം) മുംബുള്ള ഷുഗര്‍ ലെവലുകള്‍ നിയന്ത്രിതമാക്കുകയാണ് ആദ്യഘട്ടം..

അതില്‍ വിജയിച്ചാല്‍ ഭക്ഷണശേഷമുള്ള ലെവലുകള്‍ ശരിയാക്കണം.
ഒന്നു പരിചയമായിക്കഴിഞ്ഞാല്‍ ഭക്ഷണത്തിനും മുംബും ശേഷവും വ്യത്യസ്ത സമയങ്ങളിലായി വ്യത്യസ്ത ദിവസങ്ങളില്‍ ഗ്ളൂക്കോസ് അളവ് നോക്കാം..
 ഉദാഃ ഞായറാഴ്ച പ്രാതലിനു മുംബ് ഉച്ചഭക്ഷണത്തിന് ശേഷം അത്താഴത്തിന് മുംബ്...തിങ്കളാഴ്ച പ്രാതലിന് മുംബ് ഉച്ചഭക്ഷണശഷം  അത്താഴത്തിനു മുംബ് എന്ന രീതിയില്‍..

മൂന്ന്മണി പരിശോധന- മേല്‍പറഞ്ഞ സമയങ്ങളിലെ പരിശോധന കൂടാതെ, ദിവസത്തില്‍ ഒരു തവണ ഇന്‍സുലിന്‍ എടുക്കുന്നവര്‍ മാസത്തില്‍ ഒരിക്കലും, ഒന്നില്‍ കൂടുതല്‍ തവണ ഇന്‍സുലിന്‍ എടുക്കുന്നവര്‍ ആഴ്ചയില്‍ ഒരിക്കലും രാവിലെ മൂന്ന്മണിക്ക് (3am) ഗ്ളൂക്കോസ് പരിശോധിക്കണം.ഷുഗറിന്‍റെ രാത്രിയിലെ നിയന്ത്രണത്തെ കുറിച്ച്  കൃത്യമായ വിവരം ലഭിക്കാനും അത്താഴത്തിനുമുംബും കിടക്കുന്ന സമയത്തുമുള്ള ഇന്‍സുലിന്‍ ഡോസ് ശരിയായി നിര്‍ണയിക്കുന്നതിനും മൂന്നുമണി പരിശോധന സഹായിക്കും.
കൂടിയ  അളവില്‍ അത്താഴത്തിന് മുന്‍പ് ഇന്‍റര്‍മീഡിയേറ്റ് പ്രവര്‍ത്തന (intermediate acting)മുള്ള ഇന്‍സുലിന്‍ എടുക്കുന്ന ചിലരില്‍ മൂന്ന് മണിയോടടുപ്പിച്ച്  രക്തത്തിലെ ഗ്ളൂക്കോസ് ലെവല്‍ പാടെ താഴ്ന്ന് ഹൈപ്പോഗ്ളൈസീമിയ ലെവലില്‍  എത്താറുണ്ട്.അതിനോടുള്ള ശരീരത്തിന്‍റെ പ്രതികരണമായി സ്ട്രെസ്സ് ഹോർമോണുകൾ പ്രവർത്തിച്ച് രക്തത്തിലെ ഗ്ളൂക്കോസ് നിരക്ക് കൂടുകയും ചെയ്യും.രാവിലെ പ്രാതലിനു മുംബ് നോക്കുംബോള്‍ ഷുഗര്‍ കൂടുതലാകും.അത്കണ്ട് 
മുകളിലെ കഥയില്‍ പറഞ്ഞ നായകനെ പോലെയുള്ളവരോ ഒക്കെ ഇന്‍സുലിന്‍ ഡോസ് കൂട്ടി അപകടം വരുത്തും..അതിരാവിലത്തെ (3 am) പരിശോധന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ്..

വിശപ്പ്,നെഞ്ചിടിപ്പ്,പെട്ടെന്നുള്ള വിയർപ്പ്,തലചുറ്റൽ എന്നീ അടിയന്തിരപ്രാധാന്യമുള്ള അവസ്ഥകൾ രക്തത്തിൽ ഗ്ളൂക്കോസിന്റെ അളവ് കുറയുന്നതുമൂലമാണോ അല്ലേ എന്നത് ഉറപ്പിക്കാൻ ഗ്ളൂക്കോമീറ്റർ പരിശോധന ആവശ്യമാണ്.ഷുഗർ കുറയുന്നതിനും ഹൃദയാഘാതത്തിനും-വിയർപ്പും നെഞ്ചിടിപ്പും ഒക്കെ ഒരുപോലെ ലക്ഷണങ്ങളാണ്..ആ സമയത്തുള്ള പരിശോധന ഒരുപക്ഷേ ആവശ്യമല്ലാത്ത ഒരു ആശുപത്രിവാസം ഒഴിവാകാൻ സഹായിക്കും.

ഉത്കണ്ഠ,വിഷാദം തുടങ്ങിയ മാനസിക പ്രയാസങ്ങളും പ്രമേഹരോഗികളിൽ കൂടുതലാണ്.ഉത്കണ്ഠ(Anxiety) കൂടുതലുള്ളവർ തങ്ങളുടെ അസുഖം 'ഷുഗർ കുറയലാണ്' എന്നു ധരിച്ചു മധുരപദാർത്ഥങ്ങൾ വാരിക്കഴിക്കാറുണ്ട്...
ചിലർ കഴിക്കുന്ന ഗുളിക നിർത്തുകയോ തന്നിഷ്ടപ്രകാരം കുറക്കുകയോ ചെയ്യും.ഈ ലക്ഷണങ്ങൾ കാണുമ്പഴേ എന്തെങ്കിലും കഴിക്കാൻ തുടങ്ങും..
ഉത്കണ്ഠയുടെ ലക്ഷണങ്ങൾ താനേ അടങ്ങും..പക്ഷേ പ്രമേഹനിയന്ത്രണം കൈയീന്ന് പോകും..ആ സമയത്തെ ഗ്ളൂക്കോമീറ്റർ പരിശോധനകൊണ്ട് ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.

ഇവ കൂടാതെ തുടർച്ചയായി രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്ന (CGM)  വേറെയും സങ്കേതിക മുന്നേറ്റങ്ങൾ ഉണ്ട്.അവയെ പറ്റി മറ്റൊരിക്കൽ എഴുതാം..

ഗ്ളൂക്കോമീറ്റർ പലരുടെ വീട്ടിലും കണ്ടിട്ടുണ്ട്.പലപ്പോഴും ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് വെറുതേ ഷോക്കേസിൽ വെച്ച നിലയിലാണ് എന്നുമാത്രം.ശരിയായ ഉപയോഗം അറിഞ്ഞാൽ പ്രമേഹനിയന്ത്രണത്തിന് ഇത്രയും ഉപകാരപ്പെടുന്ന വേറൊരു വസ്തു ഇല്ല.പ്രായമുള്ള പ്രമേഹബാധിതർക്ക് ഗ്ലൂക്കോമീറ്ററുകൾ നൽകുന്ന 'വയോമധുരം' പോലുള്ള സർക്കാർ പദ്ധതികൾ ഫലവത്താകാൻ ഗ്ളൂക്കോമീറ്ററുകളുടെ ശരിയായ ഉപയോഗത്തെ കുറിച്ചുള്ള അറിവുകൂടി വ്യാപകമാകേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGlucometerHealth News
News Summary - Sugar test at Home - Health News
Next Story