ഗർഭകാലം മുതൽ ആർത്തവവിരാമം വരെ; നാം അവഗണിക്കുന്ന അമ്മമാരുടെ ആരോഗ്യയാത്ര
text_fieldsമാതൃത്വം കേവലം പ്രസവത്തിൽ അവസാനിക്കുന്ന ഒന്നല്ല, അത് ആജീവനാന്തം നീളുന്ന ഒരു ശാരീരിക-മാനസിക പരിവർത്തനമാണ്. ഒരു കൊച്ചു ഉദാഹരണത്തിലൂടെ തുടങ്ങാം. ഗർഭകാലത്ത് തന്റെ ആരോഗ്യത്തെക്കുറിച്ച് അതീവ ജാഗ്രത പുലർത്തുകയും കൃത്യസമയത്ത് പരിശോധനകൾ നടത്തുകയും ചെയ്തിരുന്ന 'സീത' എന്ന സ്ത്രീയെ സങ്കൽപ്പിക്കുക. കുട്ടി ജനിച്ച് മാസങ്ങൾ കഴിഞ്ഞതോടെ അവളുടെ ലോകം കുഞ്ഞിന് ചുറ്റുമായി. സ്വന്തം നടുവേദനയും ക്ഷീണവും ഉറക്കമില്ലായ്മയും "സാധാരണമാണ്" എന്ന് കരുതി അവളും കൂടെയുള്ളവരും തള്ളിക്കളഞ്ഞു. വർഷങ്ങൾക്കുശേഷം ആർത്തവവിരാമത്തിന്റെ (Menopause) ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴും അത് ആരോടെങ്കിലും ചർച്ച ചെയ്യാൻ അവൾ മടിച്ചു. ഇതൊരു സീതയുടെ മാത്രം കഥയല്ല, നമ്മുടെ നാട്ടിലെ ഭൂരിഭാഗം അമ്മമാരുടെയും അവസ്ഥയാണ്.
ഗർഭകാലം: കരുതൽ ഘട്ടം
ഈ ഘട്ടത്തിലാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധയും കരുതലും ലഭ്യമാകുന്നത് . കൃത്യമായ ചെക്കപ്പുകൾ, സ്കാനിംഗുകൾ, രക്തപരിശോധനകൾ പ്രിയപെട്ടവരുടെ കരുതൽ എന്നിവയിലൂടെ ഒരു സ്ത്രീ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും. കുടുംബവും സമൂഹവും അവൾക്ക് പ്രത്യേക പരിഗണന നൽകുന്ന ഏക സമയവും ഇതുതന്നെയാകാം. എന്നാൽ ഈ 'വിസിബിൾ' ഘട്ടം കഴിയുന്നതോടെ ചിത്രം മാറുന്നു.
പ്രസവാനന്തരം: വിസ്മരിക്കപ്പെടുന്ന കാലം
കുഞ്ഞ് ജനിക്കുന്നതോടെ വീടിനുള്ളിൽ ആഘോഷങ്ങൾ തുടങ്ങുകയായി. എന്നാൽ ഈ സമയത്താണ് ഒരു സ്ത്രീ ജീവിതത്തിലെ ഏറ്റവും വലിയ ശാരീരിക-മാനസിക പരിവർത്തനങ്ങളിലൂടെ കടന്നുപോകുന്നത്. നിർഭാഗ്യവശാൽ, ഈ ഘട്ടത്തിലാണ് അവൾ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നതും.
അദൃശ്യമാകുന്ന ശാരീരിക അവശതകൾ
പ്രസവാനന്തരം ശരീരം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. എന്നാൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 30-40% സ്ത്രീകൾ പ്രസവശേഷം നടത്തേണ്ട നിർണ്ണായകമായ ഫോളോ-അപ്പ് പരിശോധനകൾക്ക് എത്താറില്ല. വിട്ടുമാറാത്ത നടുവേദന, അമിതമായ ക്ഷീണം, വിളർച്ച, പെൽവിക് ആരോഗ്യപ്രശ്നങ്ങൾ എന്നിവ പലപ്പോഴും ഗൗരവമായി എടുക്കപ്പെടാറില്ല. "അമ്മയായാൽ ഇതൊക്കെ സ്വാഭാവികമാണ്" എന്ന സമൂഹത്തിന്റെ പതിവ് പല്ലവി കാരണം, സ്വന്തം വേദനകൾ ഉള്ളിലൊതുക്കി ജീവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. ഇത് പിൽക്കാലത്ത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് അടിത്തറയിടുന്നു.
തിരിച്ചറിയപ്പെടാതെ പോകുന്ന മനോവ്യഥകൾ
പ്രസവാനന്തരം ഏതാണ്ട് 10-20% അമ്മമാരെ ബാധിക്കുന്ന ഒന്നാണ് പ്രസവാനന്തര വിഷാദം (Postpartum Depression). കുഞ്ഞിനെ പരിചരിക്കാനുള്ള താൽപ്പര്യക്കുറവ്, അകാരണമായ കരച്ചിൽ, കുറ്റബോധം, കടുത്ത മാനസിക സമ്മർദ്ദം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഇതിൽ പകുതിയിലധികം കേസുകളും ചികിത്സ ലഭിക്കാതെ പോകുന്നു എന്നതാണ് ക്രൂരമായ സത്യം. പുതിയ ഉത്തരവാദിത്തങ്ങൾക്കിടയിൽ മനസ്സ് തളരുമ്പോൾ, അത് വെറും 'മൂഡ് സ്വിങ്സ്' ആയി തള്ളിക്കളയാതെ ശാസ്ത്രീയമായ പിന്തുണയും സ്നേഹവും അവർക്ക് ഉറപ്പാക്കേണ്ടതുണ്ട്.
മറഞ്ഞിരിക്കുന്ന ആരോഗ്യ ഭീഷണികൾ: സങ്കീർണ്ണതകളുടെ തുടർച്ച
ഗർഭകാലത്ത് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പ്രസവത്തോടെ അവസാനിക്കുമെന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. പലപ്പോഴും അവ പിൽക്കാലത്ത് വലിയ രോഗങ്ങളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്:
ഗർഭകാല പ്രമേഹം (Gestational Diabetes): ഗർഭാവസ്ഥയിൽ പ്രമേഹം കണ്ടെത്തിയവരിൽ പകുതിയോളം പേർക്കും പത്തു വർഷത്തിനുള്ളിൽ 'ടൈപ്പ് 2 പ്രമേഹം' വരാൻ സാധ്യതയുണ്ട്. എന്നാൽ പ്രസവശേഷം ഭൂരിഭാഗം സ്ത്രീകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാറില്ല.
പ്രീ-എക്ലാംപ്സിയ (Preeclampsia): ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം വെറുമൊരു താൽക്കാലിക പ്രതിഭാസമല്ല. ഇത് ഭാവിയിൽ ഹൃദ്രോഗങ്ങൾക്കും സ്ട്രോക്കിനുമുള്ള സാധ്യത ഇരട്ടിയാക്കുന്നു.
അവഗണിക്കപ്പെടുന്ന ഫോളോ-അപ്പുകൾ: പ്രസവത്തിന് മുമ്പ് ഡോക്ടറെ കാണാൻ കാണിക്കുന്ന ശുഷ്കാന്തി, പ്രസവശേഷം ഈ രോഗാവസ്ഥകളുടെ ഫോളോ-അപ്പ് പരിശോധനകളിൽ സ്ത്രീകൾ കാണിക്കാറില്ല എന്നതാണ് കയ്പ്പുള്ള സത്യം.
മധ്യവയസ്സ്: മാറ്റങ്ങളുടെ കാലം
പ്രസവാനന്തരമുള്ള തിരക്കുകൾ കഴിഞ്ഞാൽ പിന്നെ ഒരു സ്ത്രീയുടെ ജീവിതം കുട്ടികളുടെ പഠനം, കരിയർ, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഇതിനിടയിൽ സ്വന്തം ശരീരം നൽകുന്ന അപായസൂചനകൾ പലപ്പോഴും അവർ കേൾക്കാതെ പോകുന്നു.
ഹോർമോൺ വ്യതിയാനങ്ങൾ: 40-കളിൽ എത്തുന്നതോടെ ഈസ്ട്രജൻ ഹോർമോണിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തെ സ്വാധീനിച്ചു തുടങ്ങും. എന്നാൽ പലരും ഇതിനെ കേവലം 'പ്രായമാകുന്നതിന്റെ ലക്ഷണമായി' തള്ളിക്കളയുകയാണ് പതിവ്.
മാനസിക സമ്മർദ്ദവും ശാരീരിക ലക്ഷണങ്ങളും: അകാരണമായ ദേഷ്യം, ഉറക്കമില്ലായ്മ, സന്ധിവേദന, അമിതമായ ക്ഷീണം എന്നിവയെല്ലാം ജീവിതസമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് സ്വയം വിശ്വസിക്കുന്നു.
സ്വയം മുൻഗണന നൽകുന്നതിലെ പരാജയം: കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഓടുന്നതിനിടയിൽ സ്വന്തം ഭക്ഷണക്രമമോ വ്യായാമമോ പരിശോധനകളോ അവർക്ക് അപ്രധാനമായി മാറുന്നു. ശാരീരികമായ മാറ്റങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ കൃത്യമായി ചികിത്സിക്കപ്പെടാത്തത് പിൽക്കാലത്ത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ആർത്തവവിരാമം (Menopause): നിഗൂഢമാക്കപ്പെടുന്ന പരിവർത്തനം
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ ശാരീരിക മാറ്റമാണ് ആർത്തവവിരാമം. എന്നാൽ ഇന്നും നമ്മുടെ സമൂഹത്തിൽ ആർത്തവവിരാമത്തെ രഹസ്യമായോ അല്ലെങ്കിൽ ഒരു 'അസുഖമായോ' ആണ് പലപ്പോഴും കാണുന്നത്.
- അജ്ഞതയും മിഥ്യാധാരണകളും: ആർത്തവം നിലയ്ക്കുന്നതോടെ ഒരു സ്ത്രീയുടെ ആരോഗ്യവും ഉന്മേഷവും അവസാനിക്കുന്നു എന്ന തെറ്റായ ധാരണ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. വാസ്തവത്തിൽ, ഇത് ഒരു അസുഖമല്ല, മറിച്ച് ശരീരത്തിലെ സ്വാഭാവികമായ ഒരു പരിവർത്തന ഘട്ടം മാത്രമാണ്. ആർത്തവവിരാമവുമായി (Menopause) ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ ശരിയായ ജീവിതശൈലിയിലൂടെയും ആവശ്യമായ ഘട്ടങ്ങളിൽ ഹോർമോൺ തെറാപ്പിയിലൂടെയും ലഘൂകരിക്കാനാകും. എന്നാൽ, ഇതിനെക്കുറിച്ച് സ്ത്രീകൾക്കോ അവരുടെ പങ്കാളികൾക്കോ കൃത്യമായ ധാരണയില്ലാത്തതിനാൽ പലരും ഈ ഘട്ടത്തെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്.
- ശാരീരിക വെല്ലുവിളികൾ: ശരീരത്തിൽ ഈസ്ട്രജൻ ഹോർമോൺ കുറയുന്നത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. ശരീരം പെട്ടെന്ന് ചൂടാകുക (Hot flashes), അമിതമായി വിയർക്കുക, ഉറക്കമില്ലായ്മ എന്നിവ ഇതിൽ പ്രധാനമാണ്.
- അസ്ഥികളുടെയും ഹൃദയത്തിന്റെയും ആരോഗ്യം: ആർത്തവവിരാമത്തോടെ അസ്ഥികളുടെ സാന്ദ്രത വേഗത്തിൽ കുറയാൻ തുടങ്ങുന്നു (Osteoporosis), ഇത് സന്ധിവേദനയ്ക്കും ഒടിവുകൾക്കും കാരണമാകാം. കൂടാതെ, ഈ ഘട്ടത്തിൽ ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നതിനാൽ ഹൃദയാരോഗ്യ കാര്യത്തിൽ പ്രത്യേക ജാഗ്രതയും കൃത്യമായ പരിശോധനകളും അനിവാര്യമാണ്.
- സാമൂഹികമായ ഒളിച്ചുവെക്കൽ: ആർത്തവവിരാമത്തെക്കുറിച്ച് സംസാരിക്കുന്നത് ലജ്ജാകരമാണെന്ന് കരുതുന്നതിനാൽ, മാനസികമായുണ്ടാകുന്ന മാറ്റങ്ങൾക്ക് (Mood swings) കൃത്യമായ കൗൺസിലിംഗോ പിന്തുണയോ ഇവർക്ക് ലഭിക്കാറില്ല.
- ആർത്തവവിരാമം ഒരു അവസാനമല്ല, മറിച്ച് സ്ത്രീത്വത്തിന്റെ മറ്റൊരു ഘട്ടമാണ്. ഈ സമയത്ത് ലഭിക്കുന്ന ശരിയായ വൈദ്യസഹായവും കുടുംബത്തിന്റെ പിന്തുണയും വരുംവർഷങ്ങളിലെ അവളുടെ ജീവിതനിലവാരം നിശ്ചയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
മാറ്റത്തിന്റെ വഴി: ഒരു പുതിയ ആരോഗ്യ സംസ്കാരം
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം പ്രസവമുറിയിൽ അവസാനിക്കേണ്ട ഒന്നല്ല. അതിന് ജീവിതകാലം മുഴുവൻ നീളുന്ന ഒരു സമീപനം ആവശ്യമാണ്:
- തുടർച്ചയായ സ്ക്രീനിംഗ്: പ്രസവശേഷവും വർഷത്തിലൊരിക്കലെങ്കിലും ബോഡി ചെക്കപ്പുകൾ നടത്തുന്നത് ശീലമാക്കുക. ഗർഭകാലത്തെ ആരോഗ്യ ചരിത്രം ഡോക്ടറോട് കൃത്യമായി പങ്കുവെക്കുക.
- ആർത്തവവിരാമത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ: മെനോപോസ് ലക്ഷണങ്ങളെ ലജ്ജയോടെ കാണാതെ, അത് തുറന്നു സംസാരിക്കാനും ആവശ്യമായ വൈദ്യസഹായം തേടാനും സ്ത്രീകൾ മുന്നോട്ട് വരണം.
- സ്വയം സ്നേഹിക്കുക (Self-Prioritization): കുടുംബത്തിന് വേണ്ടി ജീവിക്കുമ്പോഴും, "ഞാൻ ആരോഗ്യമുള്ളവളായിരുന്നാൽ മാത്രമേ എനിക്ക് മറ്റുള്ളവരെ നോക്കാൻ കഴിയൂ" എന്ന ബോധ്യം ഓരോ സ്ത്രീക്കും ഉണ്ടാകണം.
ഒരു അമ്മയുടെ ആരോഗ്യയാത്ര പ്രസവത്തോടെ അവസാനിക്കുന്നില്ല, മറിച്ച് അത് പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ആ യാത്രയിൽ അവൾക്ക് നൽകുന്ന പിന്തുണ കേവലം സ്നേഹപ്രകടനമല്ല, മറിച്ച് ഒരു ആരോഗ്യകരമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള നിക്ഷേപമാണ്. അമ്മമാരുടെ ആരോഗ്യം അവഗണിക്കപ്പെടുന്നത് ഒരു തലമുറയുടെ തന്നെ ഭാവിയെ അവഗണിക്കുന്നതിന് തുല്യമാണ്. ഇനി വേണ്ടത് അവഗണനയല്ല, മറിച്ച് ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന കരുതലാണ്.
ആസ്റ്റർ മിംസ് കോട്ടക്കലിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജിസ്റ്റാണ് ലേഖിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

