അമിതവണ്ണവും അൽഷിമേഴ്‌സ് രോഗവും തമ്മിൽ ബന്ധമുണ്ടോ.? ഉണ്ടെന്ന് പഠനം, കരുതണമെന്നും മുന്നറിയിപ്പ്
text_fieldsപ്രതീകാത്മക ചിത്രം
അമിത ഭാരം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കാറുണ്ട്. അമിതവണ്ണം അൽഷിമേഴ്‌സ് രോഗത്തിലേക്ക് നയിക്കുമോ? ഏറെക്കാലമായി വൈദ്യശാസ്ത്രരംഗത്തെ കുഴക്കുന്ന ചോദ്യമാണ്.
അമിതവണ്ണവും മറവിരോഗവും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് ടെക്സസിലെ ഹ്യൂസ്റ്റൺ മെത്തഡിസ്റ്റിൽ നിന്നുള്ള ഒരു പഠനം പറയുന്നു. കൊഴുപ്പ് കലകളിൽ നിന്ന് ഉത്ഭവിക്കുന്ന എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകൾ പൊണ്ണത്തടിയുള്ള വ്യക്തികളുടെ ശരീരത്തിൽ അമിലോയിഡ്-β പെപ്റ്റൈഡുകൾ അടിഞ്ഞുകൂടാൻ കാരണമാകുന്നതായാണ് കണ്ടെത്തൽ. അൽഷിമേഴ്‌സ് രോഗത്തിന്റെ ഒരു പ്രധാന സ്വഭാവമായാണ് അമിലോയിഡ്-β പെപ്റ്റൈഡുകളുടെ പ്ളേക്കുകൾ രൂപപ്പെടുന്നതിനെ വൈദ്യശാസ്ത്രം വിലയിരുത്തുന്നത്.
ശരീരത്തിൽ കോശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന കൊഴുപ്പ് ആവരണമുള്ള കണികകളാണ് എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകൾ. ഇവ ശരീരത്തിലുടനീളം സഞ്ചരിക്കുകയും കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുന്നു. രക്തവും ഉമിനീരുമടക്കം മിക്ക ശരീര സ്രവങ്ങളിലും എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകളുടെ സാന്നിധ്യം കാണാം.
‘ഡീകോഡിംഗ് അഡിപ്പോസ്-ബ്രെയിൻ ക്രോസ്‌സ്റ്റാക്ക്: ഡിസ്റ്റിങ്ക്റ്റിവ് ലിപിഡ് കാർഗോ ഇൻ ഹ്യൂമൻ അഡിപ്പോസ്-ഡെറിവേഡ് എക്സ്ട്രാ സെല്ലുലാർ വെസിക്കിൾസ് മോഡുലേറ്റ്സ് അമിലോയിഡ് അഗ്രഗേഷൻ ഇൻ അൽഷിമേഴ്‌സ് ഡിസീസ്’ എന്ന തലക്കെട്ടിലുള്ള പഠനം ഒക്ടോബർ രണ്ടിന് അൽഷിമേഴ്‌സ് ആൻഡ് ഡിമെൻഷ്യ: ദി ജേണൽ ഓഫ് ദി അൽഷിമേഴ്‌സ് അസോസിയേഷനിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അമേരിക്കൻ ജനസംഖ്യയുടെ 40 ശതമാനത്തോളം ആളുകളെ ബാധിക്കുന്ന പൊണ്ണത്തടിയും 70 ലക്ഷത്തിലധികം അമേരിക്കക്കാരെ ബാധിക്കുന്ന അൽഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതായിരുന്നു പഠനം.
ഹ്യൂസ്റ്റൺ മെത്തഡിസ്റ്റിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ജോൺ എസ്. ഡൺ പ്രസിഡൻഷ്യൽ ഡിസ്റ്റിംഗ്വിഷ്ഡ് ചെയർ പദവി വഹിക്കുന്ന സ്റ്റീഫൻ വോങിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
അമിത ഭാരമുള്ളവരുടെ ശരീരത്തിലെ കൊഴുപ്പിന്റെ സാമ്പിളുകൾ ഉപയോഗിച്ച്, എലികളിൽ എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകളുടെ പ്രവർത്തനത്തെ സംഘം പഠനവിധേയമാക്കി. ഈ വെസിക്കിളുകൾ തലച്ചോറിലടക്കം കടന്നെത്തുന്നുവെന്ന് സംഘം കണ്ടെത്തി. തലച്ചോറിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകളുടെ ആശയവിനിമയത്തെ തടസപ്പെടുത്താനായാൽ അത് മറവിരോഗത്തിന്റെ ചികിത്സയിൽ നിർണായകമാവുമെന്നാണ് കരുതപ്പെടുന്നത്.
അൽഷിമേഴ്‌സുമായി നേരിട്ട് ബന്ധമുള്ള അമിലോയിഡ്-ബീറ്റ പോലുള്ള പ്രോട്ടീനുകൾ ശരീരത്തിൽ അടിഞ്ഞ് കൂടുന്നത് തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാനുള്ള മാർഗങ്ങൾ ആരാഞ്ഞ് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്ന് അടിവരയിടുന്നതാണ് പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

