Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ ഗവേഷണത്തിൽ വ്യാജ പ്രബന്ധങ്ങൾ; 4,085 ലേഖനങ്ങൾ സംശയനിഴലിൽ, ചികിത്സാരംഗത്തെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ

text_fields
bookmark_border
കാൻസർ ഗവേഷണത്തിൽ വ്യാജ പ്രബന്ധങ്ങൾ; 4,085 ലേഖനങ്ങൾ സംശയനിഴലിൽ, ചികിത്സാരംഗത്തെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ
cancel

ന‍്യൂഡെൽഹി: കാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട 33,159 ജേണൽ ലേഖനങ്ങൾ വിശകലനം ചെയ്തതിൽ, വ്യാജ റിസർച്ച് പേപ്പർ നിർമ്മാണ സംഘങ്ങൾ ('റിസർച്ച് പേപ്പർ മില്ലുകൾ') പുറത്തിറക്കിയ 4,000-ത്തോളം ലേഖനങ്ങളിൽ കൃത്രിമമായി കൂട്ടിയ സൈറ്റേഷൻ (ഉദ്ധരണി) സംഖ്യകളുടെ വ്യക്തമായ തെളിവുകൾ കണ്ടെത്തി.

പ്രസിദ്ധീകരിച്ച് ഒന്നു മുതൽ മൂന്ന് വർഷത്തിനുള്ളിൽ, സംശയസ്പദമായ ഈ പേപ്പറുകൾക്ക് മറ്റ് സാധാരണ ലേഖനങ്ങളെക്കാൾ 50 മുതൽ 100 ശതമാനം വരെ കൂടുതൽ സൈറ്റേഷനുകൾ ലഭിച്ചതായി കണ്ടെത്തി. എന്നാൽ അതേസമയം ഇവയ്ക്ക് ഓൺലൈനിൽ വായനക്കാരും സന്ദർശകരും വളരെ കുറവായിരുന്നു. 'പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ്' എന്ന ജേണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

വ്യാജ റിസർച്ച് പേപ്പറുകളിൽ പണം വാങ്ങി ആളുകളുടെ പേരുകൾ ചേർത്തു നൽകുന്ന ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങൾ ('റിസർച്ച് പേപ്പർ മില്ലുകൾ'), അക്കാദമിക് മികവിന്റെ പ്രധാന അളവുകോലായ സൈറ്റേഷൻ എണ്ണത്തിലും കൃത്രിമം കാണിക്കുന്നുണ്ടെന്ന് ഗവേഷകർ പറഞ്ഞു. 'ജേണൽ ഓഫ് എക്‌സ്‌പെരിമെന്റൽ ആൻഡ് ക്ലിനിക്കൽ ക്യാൻസർ റിസർച്ച്', 'മോളിക്യുലാർ കാൻസർ' തുടങ്ങിയ ചില പ്രത്യേക ജേണലുകളിലാണ് ഇത്തരം സംശയസ്പദമായ പേപ്പറുകൾ കൂടുതലായി കാണപ്പെട്ടത്. എന്നാൽ മറ്റ് ജേണലുകളിൽ ഇതിന്റെ സ്വാധീനം വളരെ കുറവായിരുന്നു.

കൃത്രിമമായി ഉയർത്തുന്ന സൈറ്റേഷൻ സംഖ്യകൾ തെറ്റായ വിവരങ്ങൾ നൽകുകയും അത് ഭാവിയിലെ ഗവേഷണങ്ങളെയും ചികിത്സാരംഗത്തെ പുരോഗതിയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷണ സംഘം വ്യക്തമാക്കി.

"സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ ജനപ്രീതി അളക്കാൻ 'ലൈക്കുകളും' 'ഷെയറുകളും' സഹായിക്കുന്നത് പോലെ, ശാസ്ത്രജ്ഞരുടെ ഗവേഷണത്തിന്റെ സ്വാധീനം വിലയിരുത്താനുള്ള പ്രധാന അക്കാദമിക് അളവുകോലാണ് മറ്റ് ഗവേഷകരിൽ നിന്നുള്ള സൈറ്റേഷനുകൾ," ക്വീൻസ്‌ലാന്റ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഹെൽത്ത് സർവീസസ് ഇന്നൊവേഷനിലെ സ്ഥിതിവിവരക്കണക്ക് വിദഗ്ദ്ധനും പഠനത്തിന്റെ രചയിതാവുമായ അഡ്രിയാൻ ബാർനെറ്റ് വിശദീകരിച്ചു.

"സൈറ്റേഷൻ എണ്ണം ഇപ്പോൾ അക്കാദമിക് പ്രകടനത്തിന്റെ പ്രധാന ഉപാധിയായതിനാൽ, സൈറ്റേഷനുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കാൻ ഇത് ജേണലുകളെയും ഗവേഷകരെയും പ്രേരിപ്പിക്കുന്നു. പേപ്പർ മില്ലുകൾ വ്യാപകവും ഏകോപിതവുമായ രീതിയിൽ സൈറ്റേഷൻ എണ്ണത്തിൽ കൃത്രിമം കാണിക്കുന്ന രീതിയാണ് തങ്ങൾ രേഖപ്പെടുത്തിയത്. കൃത്രിമമായി ഉണ്ടാക്കുന്ന ഉയർന്ന സൈറ്റേഷൻ നിരക്കുകൾ ജേണലിന്റെ ഇംപാക്ട് ഫാക്ടർ വർദ്ധിപ്പിക്കുകയും വിശ്വസനീയമല്ലാത്ത കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രീയ പുരോഗതിയെ മന്ദഗതിയിലാക്കുകയും ചെയ്യും." - ബാർനെറ്റ് പറഞ്ഞു.

2012-നും 2023-നും ഇടയിൽ 20 ജേണലുകളിലായി പ്രസിദ്ധീകരിച്ച 33,159 ലേഖനങ്ങളിൽ പേപ്പർ മില്ലുകൾ വരുത്തിയ സ്വാധീനമാണ് സംഘം വിലയിരുത്തിയത്.

"ഞങ്ങൾ മുമ്പ് വികസിപ്പിച്ചെടുത്ത ഡിറ്റക്ഷൻ മോഡൽ ഉപയോഗിച്ച്, പിൻവലിക്കപ്പെട്ട പേപ്പർ മിൽ ലേഖനങ്ങളുടെ തലക്കെട്ടുകളോടും സംഗ്രഹങ്ങളോടും ഉള്ള സാദൃശ്യം അടിസ്ഥാനമാക്കി ആകെ 4,085 ലേഖനങ്ങൾ പേപ്പർ മില്ലുകളുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുള്ളവയായി അടയാളപ്പെടുത്തി," സഹ-ഗവേഷകനായ ബാപ്റ്റിസ്റ്റ് സ്കാൻകാർ പറഞ്ഞു.

അടയാളപ്പെടുത്തിയ പേപ്പറുകൾക്ക് മറ്റ് പേപ്പറുകളെ അപേക്ഷിച്ച് കൂടുതൽ സൈറ്റേഷനുകൾ ഉണ്ടായിരുന്നുവെങ്കിലും വായനക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. "സൈറ്റേഷനുകൾ ഉണ്ടാകുന്നത് വായനക്കാരിൽ നിന്നായതുകൊണ്ടുതന്നെ, കൂടുതൽ സൈറ്റേഷനുകളും എന്നാൽ കുറഞ്ഞ വായനക്കാരും എന്നത് യുക്തിക്ക് നിരക്കാത്തതാണ്," സ്കാൻകാർ വ്യക്തമാക്കി.

അടയാളപ്പെടുത്തിയ പേപ്പറുകൾ പരസ്പരം ഉദ്ധരിക്കുകയും അത്തരം പേപ്പറുകളിൽ നിന്ന് മാത്രം ഉദ്ധരണികൾ സ്വീകരിക്കുകയും ചെയ്യുന്നു, ഇത് ചില ക്യാൻസർ ഗവേഷണ ജേണലുകളുടെ സൈറ്റേഷൻ സൂചികകളെ വലിയ തോതിൽ വർദ്ധിപ്പിക്കുന്നു. 'ജേണൽ ഓഫ് എക്‌സ്‌പെരിമെന്റൽ ആൻഡ് ക്ലിനിക്കൽ ക്യാൻസർ റിസർച്ച്', 'മോളിക്യുലാർ ക്യാൻസർ' എന്നിവയുൾപ്പെടെയുള്ള ചില ജേണലുകളിലാണ് ഇവ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇത്തരം സൈറ്റേഷൻ കൃത്രിമത്വങ്ങൾ കണ്ടെത്തുന്നതിനായി ലേഖനങ്ങളും ജേണലുകളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെ തങ്ങളുടെ പഠന ഫലങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. "പ്രമുഖ ക്യാൻസർ ജേണലുകളിൽ, വായനക്കാർ കുറവാണെങ്കിലും പേപ്പർ മില്ലുകളുടെ ലക്ഷണങ്ങളുള്ള ഇത്തരം ലേഖനങ്ങൾ മറ്റ് ലേഖനങ്ങളേക്കാൾ കൂടുതൽ സൈറ്റേഷനുകൾ നേടുന്നുണ്ട്. സൈറ്റേഷൻ പാറ്റേണുകളിൽ കൃത്രിമത്വമമായ അടയാളങ്ങൾ ബാക്കി വയ്ക്കുന്നുണ്ടെന്ന് ഈ പഠനം തെളിയിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fake Cancer Research Papers: Over 4,000 Articles Under Scanner, Risking Medical Progres
Next Story