കേൾക്കുന്നുണ്ടോ..? കാതുകൾക്ക് കരുതൽ വേണം
text_fieldsപഞ്ചേന്ദ്രിയങ്ങളിൽ പ്രധാനിയായ കാതുകൾ ആശയവിനിമയം നടത്താനും ആളുകളുമായി ഇടപഴകാനും ചുറ്റുമുള്ള ലോകത്തെ ആസ്വദിക്കാനും സഹായിക്കുന്ന സുപ്രധാന അവയവം ആണെന്നതിൽ തർക്കമില്ല. എന്നാൽ, ലോകമെമ്പാടും പ്രായ ലിംഗ ഭേദമന്യേ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് കേൾവിക്കുറവ്. ഈ പശ്ചാത്തലത്തിലാണ് കേൾവിയുടെയും ചെവിയുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലോകാരോഗ്യ സംഘടന എല്ലാ വർഷവും മാർച്ച് മൂന്നിന് ലോക കേൾവിദിനമായി ആചരിച്ചു പോരുന്നത്.
നവജാത ശിശു ശ്രവണസംബന്ധമായ തകരാറുകളുമായി ജനിക്കുകയും ആദ്യനാളുകളിൽ തന്നെ തിരിച്ചറിയാതിരിക്കുകയുമാണെങ്കിൽ സംസാരത്തിലും ഭാഷാവികാസത്തിലും കാലതാമസം നേരിടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് കുട്ടികളുടെ ആശയവിനിമയത്തിലുള്ള കാലതാമസം ഓരോ വ്യക്തികളും വിശിഷ്യാ മാതാപിതാക്കളും അധ്യാപകരും സൂക്ഷ്മമായി നിരീക്ഷിക്കുകയും കേൾവിക്കുറവ് ശ്രദ്ധയിൽപെട്ടാൽ ഏറ്റവും വേഗത്തിൽ ഇ.എൻ.ടി വിദഗ്ധനെയോ ഓഡിയോളജിസ്റ്റിനെയോ സമീപിച്ച് ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടതാണെന്ന് ലോകാരോഗ്യ സംഘടന ഉണർത്തുന്നു.
മുതിർന്നവരെ സംബന്ധിച്ച് ഫോണിൽ സംസാരിക്കുമ്പോഴോ ടെലിവിഷൻ കാണുമ്പോഴോ ആളുകളുമായി സംസാരിക്കുമ്പോഴോ സംഭാഷണങ്ങൾ വ്യക്തമാകാത്ത അവസ്ഥ ഉണ്ടെന്നു തോന്നിയാൽ ശ്രവണവൈകല്യത്തിന്റെ തുടക്കമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആവശ്യമായ പരിശോധനയും സമയബന്ധിതമായ ചികിത്സയും വൈകല്യം സങ്കീർണമാവാതിരിക്കാൻ സഹായിക്കും.
ലളിതമായ ജീവിത ചിട്ടകളിലൂടെ ആളുകൾ അവരവരുടെ കേൾവിയെ കുറിച്ച് ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നു. ഒന്നാമതായി ഉയർന്ന ശബ്ദമുള്ള അന്തരീക്ഷങ്ങളിൽ ഇടപഴകുന്നവർ ഇയർപ്ലഗ് പോലെയുള്ള വസ്തുക്കൾ ധരിച്ച് അമിത ശബ്ദത്തിൽനിന്നും ചെവികളെ സംരക്ഷിക്കണം. കൂടാതെ സ്ഥിരമായ വ്യായാമം, സമീകൃതാഹാര ശീലങ്ങൾ, പുകവലിയും മറ്റ് ലഹരിയുടെ ഉപയോഗവും വർജിക്കൽ എന്നിവ പിന്തുടർന്ന് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തണം. മൂന്നാമതായി വ്യക്തികൾ പതിവായി ശ്രവണ പരിശോധന നടത്തുകയും കേൾവിക്കുറവിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുകയും വേണം. ശ്രവണവൈകല്യമുള്ളവർക്ക് പരിഹാരമായി അതിനൂതന സംവിധാനങ്ങളുള്ള ശ്രവണസഹായികൾ വിപണിയിൽ ലഭ്യമാണ്.
സ്മാർട്ട്ഫോണുകളുമായി ബന്ധിപ്പിച്ചും കേൾവി സുഗമമാക്കുന്ന തീരെ ചെറിയ ഉപകരണങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് മിതമായ നിരക്കിൽ ലഭ്യമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഫെയ്ത് മെഡിക്കൽ എക്യുപ്മെന്റ് ജനറൽ മാനേജർ അബ്ദുൽ ജലീൽ പറഞ്ഞു. യു.എ.ഇ ആരോഗ്യ മന്ത്രാലയവുമായും ചില ചാരിറ്റി സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ സാരഥി ആണ് ഇദ്ദേഹം. കോവിഡ് വൈറസിൽനിന്നും സുഖം പ്രാപിച്ച പലർക്കും രോഗവുമായി ദീർഘനാളുകൾ മല്ലിട്ടതിന്റെ ഫലമായി കേൾവിനഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് ജലീൽ വ്യക്തമാക്കുന്നു. മാത്രമല്ല, ലോക്ഡൗൺ മൂലം ശ്രവണ പരിചരണ സേവനങ്ങളിൽ ഉണ്ടായ കാലതാമസവും പലർക്കും തിരിച്ചടിയായിട്ടുണ്ട്. ആത്യന്തികമായി, കേൾവിക്കുറവുള്ള വ്യക്തികളുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയുംവിധം കേൾവി പരിചരണ സേവനങ്ങൾ സർക്കാർ കേന്ദ്രങ്ങൾ മുഖേനയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും കഴിയുന്നത്ര ആളുകളിൽ എത്തിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്റെ പരമപ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

