രാത്രി മുഴുവൻ എ.സി ഇട്ട് ഉറങ്ങാറുണ്ടോ? തണുപ്പിനൊപ്പം ഒളിഞ്ഞിരിക്കുന്ന ഈ അപകടങ്ങളും നിങ്ങളെ തേടിയെത്തും
text_fieldsകത്തുന്ന വേനൽച്ചൂടിൽനിന്ന് അൽപം ആശ്വാസം ലഭിക്കാൻ എ.സി ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയിലാണ് പലരും. എന്നാൽ, രാത്രി മുഴുവൻ എ.സി ഇട്ട് ഉറങ്ങുന്ന ശീലം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. സുഖകരമായ ഉറക്കം ലഭിക്കുമെന്നു കരുതുമ്പോഴും, ദീർഘനേരം എ.സിക്ക് താഴെ കഴിയുന്നത് ശരീരത്തിന് പലതരത്തിലുള്ള ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. വായുസഞ്ചാരം കുറഞ്ഞ മുറികളിൽ തുടർച്ചയായി എ.സി ഉപയോഗിക്കുന്നത് 'സിക്ക് ബിൽഡിങ് സിൻഡ്രോം' എന്ന രോഗാവസ്ഥക്ക് കാരണമാകുമെന്ന് പ്രമുഖ ആരോഗ്യ വെബ്സൈറ്റായ വെബ്എംഡി ചൂണ്ടിക്കാട്ടുന്നു. തലവേദന, വിട്ടുമാറാത്ത വരണ്ട ചുമ, തലകറക്കം, ഓക്കാനം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കടുത്ത ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
എ.സി ദീർഘനേരം ഉപയോഗിക്കുന്നത് വഴി ചർമവും കണ്ണുകളും വരളാൻ സാധ്യതയുണ്ട്. മുറിയിലെ ഈർപ്പം എ.സി വലിച്ചെടുക്കുന്നതിനാൽ ചർമം പെട്ടെന്ന് വരണ്ടുപോകുന്നു. എട്ടു മണിക്കൂറിലധികം എ.സിയിൽ കഴിയുന്നവരുടെ കണ്ണുകളിലും വരൾച്ച അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, ശ്വസന സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും. ജനലുകളും വാതിലുകളും അടച്ചിട്ട് എ.സി പ്രവർത്തിപ്പിക്കുമ്പോൾ മുറിക്കുള്ളിൽ വായുസഞ്ചാരം കുറയുന്നതും അത് പൂപ്പലുകൾ വളരാനും ശ്വാസംമുട്ടൽ പോലുള്ള അസുഖങ്ങൾ വർധിക്കാനും കാരണമാകും. എ.സിയിൽ നിന്നുള്ള വരണ്ട കാറ്റ് ശ്വാസനാളിയിൽ അസ്വസ്ഥതയുണ്ടാക്കുകയും വിട്ടുമാറാത്ത വരണ്ട ചുമക്ക് കാരണമാവുകയും ചെയ്യും.
ചെവി വേദനയും ക്ഷീണവുമാണ് മറ്റു ദോഷഫലങ്ങൾ. എ.സിയിൽ നിന്നുള്ള തണുത്ത കാറ്റ് നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ചെവിയിൽ അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കാൻ ഇടയാക്കും. രാത്രി മുഴുവൻ എ.സിയിൽ ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷക്കുറവും കടുത്ത ക്ഷീണവും അനുഭവപ്പെടുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നത് കൊണ്ടാണ്. കൂടാതെ, എ.സിയിലെ അമിതമായ തണുപ്പ് ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനത്തെ തകിടം മറിക്കുകയും ചെയ്യും.
എ.സി ഉപയോഗിക്കുമ്പോൾ താപനില 20 ഡിഗ്രി മുതൽ 25 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ക്രമീകരിക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ ശിപാർശ ചെയ്യുന്നു. കൂടാതെ, രാത്രി ഉറങ്ങുമ്പോൾ എ.സി ഉപയോഗിക്കുന്നത് ഒന്നു മുതൽ രണ്ട് മണിക്കൂർ വരെയായി പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

