ബാല്യകാല അനുഭവങ്ങൾ മാനസികാരോഗ്യത്തെ സ്വാധീനിക്കുമോ ?
text_fieldsബാല്യകാലം മനുഷ്യജീവിതത്തിന്റെ അടിസ്ഥാനകല്ലാണ്. ഈ കാലഘട്ടത്തിലെ അനുഭവങ്ങൾ, നല്ലതോ ചീത്തയോ ആയിരുന്നാലും, മുതിരുമ്പോൾ അവരുടെ മാനസികാരോഗ്യത്തെ ആഴത്തിൽ സ്വാധീനിക്കും. പ്രതികൂല ബാല്യകാല അനുഭവങ്ങൾ (Adverse Childhood Experiences ) എന്നറിയപ്പെടുന്ന ദുരനുഭവങ്ങൾ, ശാരീരിക ദ്രോഹം, മാനസിക പീഡനം, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയവ, മുതിർന്ന ശേഷം ജീവിതത്തിൽ വിഷാദം (ഡിപ്രഷൻ), ഉൽക്കണ്ഠ (ആങ്സൈറ്റി), പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതേസമയം, ബാല്യകാലത്തിലെ നല്ല അനുഭവങ്ങൾ (Positive Childhood Experiences ) മനസ്സിന്റെ ഇച്ഛാശക്തി വർധിപ്പിക്കുകയും മാനസികാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.
മാനസിക പ്രശ്നങ്ങൾ
ശാരീരികമോ മാനസികമോ ആയ പീഡനം അനുഭവിച്ച കുട്ടികൾക്ക് മുതിരുമ്പോൾ വിഷാദം, ഉൽക്കണ്ഠ, സോമറ്റൈസേഷൻ (മാനസിക പ്രശ്നങ്ങൾ ശാരീരിക ലക്ഷണങ്ങളായി പ്രകടമാകുന്നത്) എന്നിവയുടെ സാധ്യത കൂടുതലാണ്. 452 മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ, കുട്ടിക്കാലത്ത് കുടുംബത്തിലെ മാനസിക രോഗികളോടൊപ്പം ജീവിച്ചവരിൽ വിഷാദവും ഉൽക്കണ്ഠയും കൂടുതലായി കാണപ്പെടുന്നതായി കണ്ടെത്തി. പോസിറ്റീവ് അനുഭവം ഉള്ളവരിൽ മനസ്സിന് ഇച്ഛാശക്തിയും ആരോഗ്യവും ഉള്ളതായി കണ്ടെത്തുകയും പ്രതികൂല അനുഭവങ്ങളുടെ ആഘാതത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് കാര്യക്ഷമതയും ശുഭാപ്തി വിശ്വാസവും വളർത്തുന്നു. പിടിഎസ്ഡി പോലുള്ള അവസ്ഥകൾ ബാല്യകാല ട്രോമയിൽ നിന്നുണ്ടാകുന്നു. ഇത് ഫ്ളാഷ്ബാക്കുകൾ, അസ്വസ്ഥകരമായ ചിന്തകൾ എന്നിവയിലൂടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു.
സാമൂഹിക പ്രശ്നങ്ങൾ
ബാല്യകാല അനുഭവങ്ങൾ സാമൂഹിക ബന്ധങ്ങളെയും സമൂഹത്തിലെ പങ്കാളിത്തത്തെയും രൂപപ്പെടുത്തുന്നു. പ്രതികൂല അനുഭവങ്ങൾ സാമൂഹിക പിന്മാറ്റത്തിനും ഒറ്റപ്പെടലിനും കാരണമാകുന്നു. കാരണം ഇവ സാമൂഹിക പിന്തുണാ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു. ഇത് കുടുംബ ബന്ധങ്ങളെ ദുർബലതയിലേക്ക് നയിക്കുന്നു. പഠനങ്ങൾ കാണിക്കുന്നത്, ബാല്യകാല പീഡനം അനുഭവിച്ചവർക്ക് സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ്. ഇത് മാനസികാരോഗ്യ പ്രശ്നങ്ങളെ വർധിപ്പിക്കുന്നു. എന്നാൽ കുട്ടിക്കാലത്ത് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർക്ക് സാമൂഹിക ബന്ധങ്ങൾ മികച്ച രീതിയിൽ നിലനിർത്താനാകുന്നു. ഇത് പുറത്തുനിന്നുള്ള സാമൂഹിക പിന്തുണാ സംവിധാനങ്ങളെയും സാമൂഹിക ബന്ധങ്ങളെയും വർധിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തിന് സഹായകമാകുന്നു.
ഇന്റർപേഴ്സണൽ പ്രശ്നങ്ങൾ
വ്യക്തിപര ബന്ധങ്ങൾ ബാല്യകാല അനുഭവങ്ങളാൽ ഏറ്റവും കൂടുതൽ സ്വാധീനിക്കപ്പെടുന്നു. അറ്റാച്ച്മെന്റ് തിയറി അനുസരിച്ച്, ബാല്യകാലത്തിലെ അസുരക്ഷിത ബന്ധങ്ങൾ മുതിരുമ്പോൾ റിലേഷൻഷിപ്പ് പ്രശ്നങ്ങൾക്ക് കാരണമാകുന്നു (ഉദാഹരണത്തിന് ട്രസ്റ്റ് പ്രശ്നങ്ങൾ, ഇമോഷണൽ ഡിസ്റെഗുലേഷൻ). ഇവ ഇമോഷണൽ പ്രോസസിങ്ങിനെ ബാധിക്കുകയും വ്യക്തികൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ലൈംഗിക ദുർ സ്വഭാവങ്ങൾക്ക് വഴിയൊരുക്കുന്നു. കുട്ടിക്കാലത്ത് ഗാർഹിക ഉപദ്രവം കണ്ടവരിൽ വിഷാദം, ഉൽക്കണ്ട എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും. അതേസമയം പോസിറ്റീവ് അനുഭവങ്ങൾ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇന്റർജെനറേഷണൽ ട്രോമയെ തടയുകയും ചെയ്യുന്നു.
തൊഴിൽപരമായ പ്രശ്നങ്ങൾ
ബാല്യകാല പ്രതികൂല അനുഭവങ്ങൾ തൊഴിൽ ജീവിതത്തെ ബാധിക്കുന്നു, കാരണം ഇവ മാനസികാരോഗ്യ പ്രശ്നങ്ങൾ വഴി വർക്ക് പെർഫോമൻസിനെ കുറയ്ക്കുന്നു. കൂടുതൽ മോശം അനുഭവങ്ങൾ ഉള്ളവർക്ക് ജോലിയിൽ വളർച്ച ഉണ്ടാകുന്നത് കുറവായിരിക്കും. ഇത് അവരുടെ ജോലി സ്ഥിരത കുറച്ചേക്കും. വിഷാദവും ഉൽക്കണ്ടയും ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഇത് തൊഴിൽ നഷ്ടപ്പെടുന്നതിനോ അല്ലെങ്കിൽ കുറഞ്ഞ ഉത്പാദന ക്ഷമതയിലേക്കോ നയിക്കുന്നു. എന്നാൽ പോസിറ്റീവ് അനുഭവങ്ങൾ സമ്മർദങ്ങളെ മറികടക്കുന്നതിനും കുടുംബാരോഗ്യ റിസോഴ്സുകളെ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് തൊഴിൽ വിജയത്തിന് സഹായകമാകുന്നു. ട്രോമ അനുഭവിച്ചവരിൽ ശ്രദ്ധ, ഏകാഗ്രത എന്നിവ കുറവായിരിക്കും.
ശാരീരിക പ്രശ്നങ്ങൾ
മാനസികാരോഗ്യത്തോടൊപ്പം, ബാല്യകാല അനുഭവങ്ങൾ ശാരീരിക ആരോഗ്യത്തെയും സ്വാധീനിക്കുന്നു. മോശം അനുഭവങ്ങൾ സോമറ്റൈസേഷനിലേക്ക് നയിക്കുകയും ക്രോണിക് അസുഖങ്ങളായ ഹൃദയ രോഗങ്ങൾ, പ്രമേഹം എന്നിവയുടെ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ട്രോമ സ്ട്രെസ് റെസ്പോൺസ് സിസ്റ്റത്തെ ബാധിക്കുകയും പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ പോസിറ്റീവ് അനുഭവങ്ങൾ ആരോഗ്യകരമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയും ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ബാല്യകാല അനുഭവങ്ങൾ മുതിർന്നവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും രൂപപ്പെടുത്തുന്നതിൽ മുഖ്യമായ പങ്ക് വഹിക്കുന്നു. പ്രതികൂല അനുഭവങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിപ്പിക്കുമ്പോൾ, പോസിറ്റീവ് അനുഭവങ്ങൾ ഇച്ചാശക്തി നൽകുന്നു. തെറാപ്പി, സപ്പോർട്ട് സംവിധാനങ്ങൾ എന്നിവയിലൂടെ നെഗറ്റീവ് സ്വാധീനങ്ങളെ മറികടക്കാം. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നത് ഭാവി തലമുറകളുടെ മാനസികാരോഗ്യത്തിന് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

