ഷുഗർ ഫ്രീ അല്ല, ഷുഗർബോംബുകളാണ് നിങ്ങൾ കഴിക്കുന്നത്... പാക്കറ്റ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കുക
text_fieldsലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിലെ രോഗികളുടെ തലസ്ഥാനം കേരളവും. അതുകൊണ്ടുതന്നെ ഷുഗർ ഫ്രീ ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാൻഡാണ് കേരളത്തിലുള്ളത്. പ്രമേഹം, ഫാറ്റി ലിവർ, കൊളസ്ട്രോൾ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ ഭീഷണി കൂടുതലായതിനാൽ സൂപ്പർമാർക്കറ്റുകളിൽ ഷുഗർ ഫ്രീ ഉൽപ്പന്നങ്ങൾ തിരഞ്ഞുപിടിച്ച് വാങ്ങുന്നവരെ നമുക്ക് ധാരാളം കാണാം. എന്നാൽ ഇത്തരം ഷുഗർ ഫ്രീ ഭക്ഷണങ്ങൾ നിങ്ങൾക്ക് പഞ്ചസാരയേക്കാൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സമ്മാനിക്കുന്നത്. ഷുഗർ ഫ്രീ എന്ന് ലേബലിൽ ഭക്ഷ്യസാധനങ്ങളിൽ ഉൾപ്പെടുത്തുന്ന മാൾട്ടോഡെക്‌സ്‌ട്രിൻ (Maltodextrin) ഉൾപ്പെടെ പല ചേരുവകളും പഞ്ചസാരയേക്കാൾ അപകടകാരിയാണെന്ന് ഡോ. ഡാനിഷ് സലീം വ്യക്തമാക്കുന്നു. അവ ഷുഗർ ഫ്രീ അല്ല, ഷുഗർബോംബുകളാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ വിപണിയിൽ നിന്ന് വാങ്ങുന്ന പല "ഷുഗർ ഫ്രീ" (Sugar-Free) അല്ലെങ്കിൽ "നോ ആഡഡ് ഷുഗർ" (No Added Sugar) ഉൽപ്പന്നങ്ങളും യഥാർത്ഥത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. പഞ്ചസാരയേക്കാൾ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index - GI - അഥവാ രക്തത്തിലേക്ക് പഞ്ചസാര ഇറങ്ങുന്ന വേഗത) ഉള്ളവയാണ് ഇത്തരം ഷുഗർ ഫ്രീ ചേരുവകൾ. ജി.ഐ. ഇൻഡക്സ് പഞ്ചസാരയുടേത് 65 ആണെങ്കിൽ മാൾട്ടോഡെക്‌സ്‌ട്രിന്റേത് 110 ആണ്. അതായത് പഞ്ചസാരയുടെ ഇരട്ടി.
അതിനാൽ ഇവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. ഭക്ഷ്യസാധനങ്ങളുടെ ലേബലിൽ Maltodextrin, dextrol, modified starch, refined starch, corn syrup solids, അല്ലെങ്കിൽ INS 1422, INS 1442, INS 1400 തുടങ്ങിയവ ഉണ്ടെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടാൻ ഇടയാക്കുമെന്നും ഡോ. ഡാനിഷ് സലീം പറയുന്നു. ഫുഡ് ആന്റ് സേഫ്റ്റി അതോരിറ്റി ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇത്തരം ചേരുവകൾ ചേർത്താൽ ഷുഗർ ഫ്രീ എന്ന് ലേബൽ ചെയ്യാൻ പറ്റും. ഇത്തരം സാധനങ്ങൾ ഉൾക്കൊള്ളിച്ച ഭക്ഷ്യസാധനങ്ങൾ നിയമപരമായി പഞ്ചസാരയല്ലെങ്കിലും ഷുഗർ ബോംബുകളാണ്. പ്രമേഹം, ഫാറ്റി ലിവർ, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവ ഉണ്ടാക്കാൻ ഇവ കാരണമാകും. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഇൻഗ്രീഡിയൻസ് ലിസ്റ്റിലും INS കോഡുകളിലും ഒളിഞ്ഞിരിക്കുന്ന ഇത്തരം അപകടങ്ങളെ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

