ആൻജിയോപ്ലാസ്റ്റി അർജന്റായി ചെയ്യേണ്ടത് എപ്പോൾ; കൺഫ്യൂഷൻ ഒഴിവാക്കാം
text_fieldsകോഴിക്കോട്: ആവശ്യമില്ലാത്തവർക്കും ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ആരോഗ്യ മേഖലയിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ പിന്തുണച്ച് കോഴിക്കോട് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായർ രംഗത്തെത്തിയതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ഹൃദ്രോഗ വിദഗ്ധർ ഇതിനെതിരെ രംഗത്തെത്തി. ആൻജിയോഗ്രാം കഴിഞ്ഞ ഉടൻ ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റി നിർദേശിക്കുമെന്നും, വീട്ടിൽ പോയി ആലോചിക്കട്ടെ എന്ന് പറഞ്ഞാൽ അത് നിങ്ങളുടെ സ്വന്തം റിസ്കിൽ ആയിരിക്കുമെന്ന് ഡോക്ടർമാർ പറയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
എന്നാൽ ആൻജിയോഗ്രാം കഴിഞ്ഞാൽ ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടത് എപ്പോൾ, സാവകാശം ലഭിക്കുന്നത് എപ്പോൾ എന്ന് വ്യക്തമാക്കുകയാണ് ഡോ. അനിൽ സലീം. ആൻജിയോഗ്രാം ചെയ്ത് ബ്ലോക്ക് ഉണ്ട് എന്ന് കണ്ടെത്തിയാൽ ഉടനെ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യണോ, അതോ വീട്ടിൽ പോയി ആലോചിച്ചതിന് ശേഷം സാവകാശം ചെയ്താൽ മതിയോ എന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത് പരിശോധനാ ഫലം നോക്കിയാണെന്ന് ഡോ. അനിൽ സലീം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ആൻജിയോഗ്രാം ചെയ്ത്, ബ്ലോക്ക് ഉണ്ട് എന്ന് പറയുമ്പോൾ അതിന് രണ്ട് അർഥങ്ങളുണ്ട്. ഒന്നുകിൽ ആ ബ്ലോക്ക് ഉടൻ നീക്കണം, അല്ലെങ്കിൽ നിങ്ങൾക്ക് ആലോചിച്ച് തീരുമാനമെടുക്കാം. ഇതിൽ ഒരു അഭിപ്രായവ്യത്യാസവുമില്ലാതെ തീരുമാനമെടുക്കാൻ സാധിക്കുമെന്ന് ഡോ. അനിൽ സലീം പറയുന്നു.
ആൻജിയോഗ്രാം കഴിഞ്ഞ ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ട ഒരേഒരു സാഹചര്യം മാത്രമേ ഉള്ളൂ. അത് ഹാർട്ട് അറ്റാക്ക് സംഭവിക്കുമ്പോഴാണ്. ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തിയിൽ രക്തധമനി 100 ശതമാനം അടഞ്ഞിരിക്കും. ആ സമയത്ത് ഉടൻ തന്നെ ആ രക്തധമനി ആൻജിയോപ്ലാസ്റ്റി ചെയ്ത് കൊടുത്തില്ലെങ്കിൽ ഹൃദയ മാംസപേശികൾ ഓരോ സെക്കൻഡിലും നശിച്ചുകൊണ്ടിരിക്കും. അത് പിന്നീട് തിരിച്ചുപിടിക്കാൻ സാധിക്കില്ല. ഇത്തരം കേസുകളിൽ ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ രോഗിക്ക് ജീവൻ തന്നെ നഷ്ടമാവും.
പക്ഷേ ആൻജിയോഗ്രാം ചെയ്യുന്ന ഭൂരിപക്ഷം രോഗികൾക്കും ഹൃദയാഘാതമല്ല ഉണ്ടാകുന്നത്. ചിലർക്ക് നെഞ്ചുദേവയാവാം, ട്രെഡ്മിൽ ടെസ്റ്റ് പോസിറ്റീവ് ആയതുകൊണ്ട് പരിശോധന നടത്തുന്നതാവാം. ഇവിടെ ഹാർട്ട് അറ്റാക്ക് ആയിരിക്കില്ല, റിസ്ക് കുറഞ്ഞ സാഹചര്യമായിരിക്കും. അപ്പോൾ എങ്ങനെ തീരുമാനത്തിലെത്തും എന്നല്ലേ? ഇത്തരം കേസുകളിൽ ഭൂരിഭാഗവും ഉടൻ ആൻജിയോപ്ലാസ്റ്റി ആവശ്യമുണ്ടാവാറില്ല. ഇവർക്ക് വീട്ടിലേക്ക് മടങ്ങിപ്പോവുകയും രണ്ടാമതൊരാളോട് അഭിപ്രായം തേടുകയും ചെയ്യാം. എല്ലാത്തിനും സമയം കിട്ടും.
ഹൃദയാഘാതം അല്ലാതെ അർജന്റായി ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ട, അതില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാക്കുന്ന ചില സാഹചര്യങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്:
1. ഇടതുഭാഗത്തെ പ്രധാന രക്തധമനിയിലെ ബ്ലോക്ക്: ഹൃദയത്തിന്റെ ഇടതുഭാഗത്തെ പ്രധാനപ്പെട്ട രക്തധമനിക്ക് (Left main coronary artery) അകത്ത് ബ്ലോക്ക് വരുന്നതാണ് ഒന്നാമത്തെ സാഹചര്യം. ഇങ്ങനെ ബ്ലോക്ക് വന്നാൽ പെട്ടെന്നുള്ള ഹൃദയാഘാതവും മരണവും വരെ സംഭവിക്കാം. അതിനാൽ ഇത്തരം ബ്ലോക്ക് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്ത് ബ്ലോക്ക് നീക്കണം.
2. അടയാൻ തുടങ്ങിയ രക്തധമനികൾ: ചില രക്തധമനികൾ അടയാൻ തുടങ്ങിയിട്ടുണ്ടാവും. രക്തയോട്ടം പൂർണ്ണമായി നിന്നിട്ടുണ്ടാവില്ല, പക്ഷേ ഏത് സമയത്തും അത് അടഞ്ഞ് അറ്റാക്ക് വരാൻ സാധ്യതയുണ്ടാവും.
3. കഠിനമായ നെഞ്ചുവേദന: ചില ആളുകൾക്ക് ബ്ലോക്കിന്റെ കൂടെ സഹിക്കാൻ കഴിയാത്ത വേദന ഉണ്ടാകും. ചെറുതായി നടക്കുമ്പോൾ വേദന അനുഭവപ്പെടും. തലേദിവസം രാത്രിയും വേദന അനുഭവിച്ചിട്ടുണ്ടാവും. ഇതുപോലെ നന്നായി നെഞ്ചുവേദന അനുഭവപ്പെടുന്നവർക്കും പെട്ടെന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

