ആർത്തവവിരാമത്തിന് മുമ്പുള്ള മാറ്റങ്ങൾ; എന്താണ് പെരിമെനോപോസ്?
text_fieldsസ്ത്രീകളുടെ ജീവിതത്തിലെ നിർണായകമായ എന്നാൽ അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു ഘട്ടമാണ് പെരിമെനോപോസ് (Perimenopause). ആർത്തവവിരാമത്തിന് മുമ്പുള്ള ഈ പരിവർത്തന കാലഘട്ടത്തെക്കുറിച്ച് അടുത്തിടെ ബോളിവുഡ് നടി സോഹ അലി ഖാൻ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു.
‘40കളിൽ എന്റെ ശരീരത്തിന് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ ശ്രദ്ധിക്കുക എന്നതിനർത്ഥം ശരിയായ പോഷകാഹാരം, വ്യായാമം പിന്നെ സപ്ലിമെന്റുകളും എന്നാണ്. സപ്ലിമെന്റുകൾ എടുക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു. കാരണം പെരിമെനോപോസ് ഓരോ സ്ത്രീയുടെയും ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടമാണ്. ഇത് ആർത്തവവിരാമമല്ല 35 വയസ്സു മുതൽ എപ്പോൾ വേണമെങ്കിലും ഇത് സംഭവിക്കാം. ഏകദേശം ഒരു ദശകത്തോളം നീണ്ടുനിൽക്കുകയും ചെയ്യാം. ഡോക്ടറുടെ നിർദേശ പ്രകാരം ശരീരത്തിന് എന്താണ് ആവശ്യമെന്ന് കണ്ടെത്തിയ ശേഷമാണ് ഞാൻ സപ്ലിമെന്റുകൾ എടുക്കുന്നത്.
വിറ്റാമിൻ ഡി, സിങ്ക്, കൊളാജൻ, ഒമേഗ-3, മിൽക്ക് തിസിൽ, മഗ്നീഷ്യം എന്നിവയാണ് എന്റെ ദിനചര്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലുകളുടെ ആരോഗ്യം, മെറ്റബോളിസം, ഉറക്കം, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ ഇവ സഹായിക്കുന്നു. ഇതെന്റെ വ്യക്തിഗതമായ കിറ്റാണ്. നിങ്ങൾ എപ്പോഴും ഒരു ഡോക്ടറുടെ ഉപദേശം തേടണം, എങ്കിലും വിശ്വസിക്കൂ, ഈ സമയത്ത് നിങ്ങളുടെ ശരീരത്തിന് ശരിയായ പിന്തുണ നൽകുന്നത് വളരെ പ്രധാനമാണ്’ എന്നാണ് സോഹ സോഷ്യൽമീഡിയയിൽ കുറിച്ചത്.
എന്താണ് പെരിമെനോപോസ്?
ആർത്തവവിരാമം എന്നത് ഒരു നിശ്ചിത സമയത്ത് സംഭവിക്കുന്നതാണെങ്കിൽ പെരിമെനോപോസ് എന്നത് അതിലേക്കുള്ള വർഷങ്ങൾ നീളുന്ന ഒരു മാറ്റത്തിന്റെ കാലഘട്ടമാണ്. ഹോർമോൺ വ്യതിയാനങ്ങൾ ശരീരത്തിലും മനസ്സിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന സമയമാണിത്. സാധാരണയായി 40കളിലാണ് ഇത് കണ്ടുതുടങ്ങുന്നതെങ്കിലും ചില സ്ത്രീകളിൽ 35 വയസ്സ് മുതൽക്കേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
പ്രധാന ലക്ഷണങ്ങൾ
ആർത്തവത്തിലെ മാറ്റങ്ങൾ: ആർത്തവചക്രം ക്രമം തെറ്റുക, രക്തസ്രാവം കൂടുകയോ കുറയുകയോ ചെയ്യുക.
ഹോട്ട് ഫ്ലഷസ്: പെട്ടെന്ന് ശരീരത്തിൽ അമിതമായ ചൂട് അനുഭവപ്പെടുകയും വിയർക്കുകയും ചെയ്യുക.
ഉറക്കമില്ലായ്മ: രാത്രിയിൽ ഉറക്കം തടസ്സപ്പെടുകയോ വിയർത്ത് ഉണരുകയോ ചെയ്യുക.
മൂഡ് മാറ്റങ്ങൾ: പെട്ടെന്നുണ്ടാകുന്ന ദേഷ്യം, സങ്കടം, ഉത്കണ്ഠ അല്ലെങ്കിൽ ഡിപ്രഷൻ.
ശാരീരിക ക്ഷീണം: വിശ്രമിച്ചാലും മാറാത്ത തളർച്ചയും സന്ധിവേദനയും.
ഓർമക്കുറവ്: കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുക അല്ലെങ്കിൽ ഏകാഗ്രത ലഭിക്കാതെ വരിക.
ശരീരഭാരം കൂടുക: വയറിന് ചുറ്റും കൊഴുപ്പ് അടിയുന്ന അവസ്ഥ.
സപ്ലിമെന്റുകൾ നിർബന്ധമാണോ?
എല്ലാ സ്ത്രീകൾക്കും സപ്ലിമെന്റുകൾ ആവശ്യമുണ്ടാവില്ലെന്ന് ഡോക്ടർമാർ പറയുന്നു.
ജീവിതശൈലി: ശരിയായ ഉറക്കം, പേശീബലം കൂട്ടാനുള്ള വ്യായാമം, മതിയായ പ്രോട്ടീൻ ആഹാരം, മാനസിക സമ്മർദം കുറക്കൽ എന്നിവയിലൂടെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കാം.
വ്യക്തിഗതമായ ആവശ്യം: രക്തപരിശോധനയിലൂടെ ശരീരത്തിൽ എന്തെങ്കിലും പോഷകക്കുറവ് ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ സപ്ലിമെന്റുകൾ കഴിക്കാവൂ. മറ്റുള്ളവർ കഴിക്കുന്നത് കണ്ട് സ്വയം ചികിത്സ നടത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

