Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഓരോ മിനിറ്റും...

ഓരോ മിനിറ്റും ലക്ഷക്കണക്കിന് മസ്തിഷ്കകോശങ്ങൾ നഷ്ടപ്പെടാം; ആദ്യത്തെ 10 മിനിറ്റ് അതീവ നിർണായകം!, സ്ട്രോക്ക് വന്നാൽ ആദ്യം ചെയ്യേണ്ടത്

text_fields
bookmark_border
ഓരോ മിനിറ്റും ലക്ഷക്കണക്കിന് മസ്തിഷ്കകോശങ്ങൾ നഷ്ടപ്പെടാം; ആദ്യത്തെ 10 മിനിറ്റ് അതീവ നിർണായകം!, സ്ട്രോക്ക് വന്നാൽ ആദ്യം ചെയ്യേണ്ടത്
cancel

ഏതൊരു അസുഖത്തിനും എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക എന്നത് പ്രധാനമാണ്. സ്ട്രോക്ക് അനുഭവപ്പെട്ടാൽ നിങ്ങൾക്കുമുന്നിലുള്ള ഓരോ സെക്കൻഡും അതീവ നിർണായകമാണ്. രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമോ, തളർന്നു കിടക്കുമോ, വീണ്ടും നടക്കുമോ തുടങ്ങി എല്ലാ കാര്യങ്ങളും അയാൾക്ക് ചികിത്സ ലഭിക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും. സമീപകാലത്തായി യുവാക്കളിലും സ്ത്രീകളിലും അടക്കം സ്ട്രോക്ക് അഥവാ പക്ഷാഘാതം വർധിച്ചുവരികയാണ്. ലോകമെമ്പാടും ഏറ്റവും കൂടുതൽ വൈകല്യത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നുകൂടിയാണ് പക്ഷാഘാതം.

സ്ട്രോക്ക് വന്ന രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമോ, വീണ്ടും നടക്കുമോ, ജോലിയിൽ വീണ്ടും പ്രവേശിക്കുമോ എന്നതെല്ലാം ആദ്യത്തെ 10 മിനിറ്റിനുള്ളിൽ നിങ്ങൾ എടുക്കുന്ന നിർണായക തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ വ്യക്തമാക്കുന്നു. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചാൽ പലരെയും പൂർണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രോക്ക് ഉടനടി തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം. സ്ട്രോക്ക് ലക്ഷണങ്ങളെ തിരിച്ചറിയാനുള്ള മാർഗങ്ങളെ BE FAST എന്ന രൂപത്തിലാണ് ആരോഗ്യ പ്രവർത്തകർ പരിചയപ്പെടുത്തുന്നത്.

B – Balance: പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുക.

E – Eyes: ഒരു കണ്ണിലോ രണ്ടുകണ്ണിലോ കാഴ്ച മങ്ങുക.

F – Face: മുഖം ഒരു വശത്തേക്ക് കോടിപ്പോവുക.

A – Arm: ഒരു കൈ ഉയർത്താൻ കഴിയാതിരിക്കുക, ബലക്കുറവ് അനുഭവപ്പെടുക.

S – Speech: സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, നാവ് കുഴയുക.

T – Time: മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഒരു നിമിഷം പോലും പാഴാക്കരുത്. പെട്ടെന്ന് ചികിത്സ തേടണം.

ആദ്യ ശുശ്രൂഷ എന്താണ്?

പലരും കരുതുന്നത് പോലെ വീട്ടുവൈദ്യമോ, മരുന്നോ, വെള്ളമോ, കാപ്പിയോ, പഞ്ചസാരയോ അല്ല ആദ്യ ശുശ്രൂഷയെന്ന് ഡോ. അരുൺ പ്രത്യേകം ഓർമപ്പെടുത്തുന്നു.

ഏറ്റവും പ്രധാനപ്പെട്ട ആദ്യ ശുശ്രൂഷ, രോഗിയെ കഴിയുന്നത്ര വേഗത്തിൽ ഒരു സമ്പൂർണ സ്ട്രോക്ക് യൂണിറ്റ് ഉള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ്. സ്ട്രോക്കിനുള്ള അത്യാവശ്യ ചികിത്സ സാധാരണയായി നാലര മണിക്കൂറിനുള്ളിൽ ആരംഭിക്കണം. ഇതിൽ യാത്രാസമയവും, അടിയന്തര എം.ആർ.ഐ. (Emergency MRI) ഉൾപ്പെടെ പക്ഷാഘാതം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ സമയവും ഉൾപ്പെടുന്നു.

എത്ര നേരത്തെയാകുന്നുവോ അത്രയും നല്ലത്. ഓരോ മിനിറ്റും ലക്ഷക്കണക്കിന് മസ്തിഷ്കകോശങ്ങൾ നഷ്ടപ്പെടാം. സ്ട്രോക്ക് സംശയിക്കുന്ന രോഗിയെ സമയം നഷ്ടപ്പെടുത്തി ചെറിയ ക്ലിനിക്കുകളിലോ സ്ട്രോക്ക് ചികിത്സ സൗകര്യമില്ലാത്ത ആശുപത്രികളിലോ കൊണ്ടുപോകുന്നത് ചികിത്സ വൈകിപ്പിച്ചേക്കാം. സാധ്യമെങ്കിൽ നേരിട്ട് സ്ട്രോക്ക് യൂണിറ്റ് (Stroke Unit) ഉള്ള ആശുപത്രിയിലേക്കാണ് എത്തിക്കേണ്ടത്.

ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA)

"ആക്രമിക്കുന്നതിന് മുൻപേ മുന്നറിയിപ്പ് നൽകുന്ന ചെറിയ പക്ഷാഘാതം" – ശരീരം നൽകുന്ന ഈ അവസാന മുന്നറിയിപ്പ് ഒരിക്കലും അവഗണിക്കരുത്. തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ ഉണ്ടാകുന്ന താൽക്കാലിക തടസ്സം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA). ഇതിനെ 'മിനി-സ്ട്രോക്ക്' എന്നും വിളിക്കാറുണ്ട്. ലക്ഷണങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുമെങ്കിലും, വരാനിരിക്കുന്ന വലിയൊരു പക്ഷാഘാതത്തിന്റെ പ്രധാന മുന്നറിയിപ്പായി ഇതിനെ കാണണം.

പെട്ടെന്ന് സംസാരിക്കാൻ കഴിയാതെ വരികയോ, ഒരു കൈയ്ക്ക് ബലക്കുറവ് അനുഭവപ്പെടുകയോ, അല്ലെങ്കിൽ ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെടുകയോ ചെയ്യുന്നതായി സങ്കൽപ്പിക്കുക. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ എല്ലാം സാധാരണ നിലയിലാകുന്നു. മിക്ക ആളുകളും ആശ്വാസത്തോടെ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കുകയാണ് പതിവെന്നും, അത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി മാറിയേക്കാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം താൽക്കാലികമായി തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടുന്നതിനാൽ ലക്ഷണങ്ങൾ സാധാരണയായി നിമിഷങ്ങൾക്കോ മിനിറ്റുകൾക്കോ ഉള്ളിൽ അപ്രത്യക്ഷമാകുമെങ്കിലും അപകടം ഒഴിഞ്ഞുപോയിട്ടില്ല. TIA നിസ്സാരമായ ഒരു സംഭവമല്ല; ഇത് തലച്ചോറിന്റെ അടിയന്തര മുന്നറിയിപ്പ് സന്ദേശമാണ്. വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ ഒരു വലിയ പക്ഷാഘാതം (Major Stroke) ഉണ്ടായേക്കാം എന്ന് ഇത് നിങ്ങളെ അറിയിക്കുന്നു.

ലക്ഷണങ്ങൾ തിരിച്ചറിയുക, ഉടൻ ചികിത്സിക്കുക

'BE FAST' ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ – അവ പൂർണ്ണമായും അപ്രത്യക്ഷമായാൽ പോലും – പക്ഷാഘാത ചികിത്സയ്ക്കായി പ്രത്യേക വിഭാഗമുള്ള (Stroke Unit) ആശുപത്രിയിൽ ഉടൻ തന്നെ ചികിത്സ തേടുക. നേരത്തെയുള്ള പരിശോധനയും ചികിത്സയും വഴി മാരകമായ പക്ഷാഘാതമോ സ്ഥിരമായ അംഗവൈകല്യമോ ഒഴിവാക്കാനോ, അല്ലെങ്കിൽ ജീവൻ തന്നെ രക്ഷിക്കാനോ സാധിക്കും. ലക്ഷണങ്ങൾ അപ്രത്യക്ഷമായതിൽ ആശ്വസിക്കുകയല്ല വേണ്ടത്; മറിച്ച്, പക്ഷാഘാതം തടയാൻ കഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ആശ്വസിക്കുക.

ഈ കാര്യങ്ങൾ ചെയ്യരുത്

ഭണമോ വെള്ളമോ കൊടുക്കരുത്.

രോഗി "കുറച്ചു കഴിഞ്ഞാൽ ശരിയാകും" എന്ന് പറഞ്ഞാലും കാത്തിരിക്കരുത്.

സ്വയം വാഹനമോടിക്കാൻ അനുവദിക്കരുത്.

ലക്ഷണങ്ങൾ മാറിയാലും അവഗണിക്കരുത്.

'BE FAST' എപ്പോഴും മനസ്സിൽ കുറിച്ച് വെക്കുക. നിങ്ങളുടെ ഇടപെടൽ ഒരാളെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strokeawarenessFirst AidsBrain HealthLife saving
News Summary - ആദ്യത്തെ 10 മിനിറ്റ് അതീവ നിർണായകം! സ്ട്രോക്ക് വന്നാൽ ആദ്യം ചെയ്യേണ്ടത്
Next Story