Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്കാലത്ത് ചർമ്മത്തിന് വേണം കൂടുതൽ ശ്രദ്ധ, അറിയാം മഴക്കാല ചർമ്മ രോഗങ്ങളും പ്രതിരോധവും

text_fields
bookmark_border
മഴക്കാലത്ത് ചർമ്മത്തിന് വേണം കൂടുതൽ ശ്രദ്ധ, അറിയാം മഴക്കാല ചർമ്മ രോഗങ്ങളും പ്രതിരോധവും
cancel

മഴക്കാലത്ത് പകർച്ചവ്യാധികൾ പോലെതന്നെ ചർമ്മരോഗങ്ങളും വളരെ കൂടുതലാണ്. അന്തരീക്ഷത്തിലെ ഈർപ്പവും മനുഷ്യരിലെ അമിത വിയർപ്പും ആണ് ഇതിന് പ്രധാന കാരണം. ചർമ്മത്തിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ട കാലം കൂടിയാണിത്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, വിയർപ്പ്, നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത്, മലിനജലവുമായുള്ള സമ്പർക്കം തുടങ്ങിയവ ചർമ്മരോഗങ്ങൾ വർധിക്കാനിടയാക്കുന്നു. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള മഴക്കാലം ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ വളരാൻ അനുകൂലമാണ്.

മഴക്കാലത്ത് സാധാരണയായി കാണപ്പെടുന്ന ചർമ്മ രോഗങ്ങൾ താഴെ പറയുന്നവയാണ്:

ഫംഗസ് അണുബാധകൾ

മഴക്കാലത്ത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ചർമ്മപ്രശ്നങ്ങളിലൊന്നാണ് ഫംഗസ് അണുബാധ. ശരീരത്തിലെ ഈർപ്പം നിലനിൽക്കുന്ന ഭാഗങ്ങളിലാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. ശരീരത്തിലെ മടക്കുകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. അമിതമായി വിയർക്കുന്നവരിൽ ഇതിന് സാധ്യത കൂടുതലാണ്.

വട്ടച്ചൊറി

വട്ടച്ചൊറി (റിങ്‌വോം) മഴക്കാലത്ത് ധാരാളം കാണാറുണ്ട്. വൃത്താകൃതിയിലുള്ള ചുവന്ന പാടുകൾ, അരികുകളിൽ ചെറിയ കുരുക്കളോ പൊങ്ങലോ, ശക്തമായ ചൊറിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.

വളംകടി

മഴക്കാലത്ത് കർഷകർ, തൊഴിലാളികൾ തുടങ്ങി നിരന്തരം കാൽപാദം നനയുന്നവരെ ബാധിക്കുന്ന പ്രധാപ്പെട്ട ഒരു അസുഖമാണ് കാലിലെ ഫംഗസ് ബാധ (Athlete's foot). കാൽവിരലുകൾക്കിടയിൽ ചൊറിച്ചിൽ, തൊലി വെളുത്ത് മൃദുവാകുക, പൊട്ടുക, തൊലി അടരുക, ചിലപ്പോൾ ദുർഗന്ധം എന്നിവയാണ് ലക്ഷണങ്ങൾ. മഴവെള്ളത്തിൽ നനഞ്ഞ ചെരിപ്പും സോക്സും ദീർഘനേരം ഉപയോഗിക്കുന്നത് രോഗസാധ്യത കൂട്ടുന്നു. ഇത് പ്രധാനമായും ഫംഗസ് ബാധ മൂലമാണ് ഉണ്ടാകുന്നത്. തൊലി പൊട്ടിക്കീറി ചെറിയ മുറിവുകളും അതിൽനിന്ന് നീരൊഴുകുന്ന അവസ്ഥയും ഉണ്ടാകാം. അണുബാധയുള്ള ഭാഗത്തുനിന്ന് വിയർപ്പും അണുക്കളും കാരണം കടുത്ത ദുർഗന്ധം ഉണ്ടായേക്കാം.

ബാക്ടീരിയ അണുബാധ

മഴക്കാലത്തെ ഈർപ്പമുള്ള അന്തരീക്ഷത്തിൽ ബാക്ടീരിയകൾക്കും വളരാൻ അനുകൂല സാഹചര്യമുണ്ട്. ചർമ്മത്തിലെ ചെറിയ മുറിവുകൾ, ചൊറിഞ്ഞുണ്ടാകുന്ന പോറലുകൾ എന്നിവയിലൂടെ ബാക്ടീരിയകൾ പ്രവേശിച്ച് അണുബാധയുണ്ടാക്കാം.ചുവന്ന പാടുകൾ, വേദന, വീക്കം, ചൂട്, പഴുപ്പ് നിറഞ്ഞ കുരുക്കൾ എന്നിവ ബാക്ടീരിയ അണുബാധയുടെ ലക്ഷണങ്ങളാകാം. ചിലരിൽ പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം. പഴുപ്പ് നിറഞ്ഞ കുരുക്കൾ സ്വയം പൊട്ടിക്കാതിരിക്കുന്നതാണ് നല്ലത്.

കോൺടാക്ട് ഡെർമറ്റൈറ്റിസ്

മലിനജലം, ചെളി, നനഞ്ഞ ചെരിപ്പ്, ചില റബർ-പ്ലാസ്റ്റിക് വസ്തുക്കൾ, സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവയുമായുള്ള സമ്പർക്കം ചിലരിൽ ചർമ്മത്തിൽ അലർജിയോ അസ്വസ്ഥതയോ ഉണ്ടാക്കാം. ചുവപ്പ്, ചൊറിച്ചിൽ, ചെറിയ കുമിളകൾ, തൊലി വരണ്ടുപൊട്ടൽ, പൊള്ളുന്ന അനുഭവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പ്രശ്നത്തിന് കാരണമാകുന്ന വസ്തുവുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധമാർഗം. മലിനജലത്തിൽ ഇറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ അനുയോജ്യമായ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കണം.

വിയർപ്പുകുരു

മഴക്കാലത്ത് അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ വിയർപ്പ് എളുപ്പത്തിൽ ബാഷ്പീകരിക്കാതെ ചർമ്മത്തിൽ തങ്ങിനിൽക്കാം. ഇതുമൂലം വിയർപ്പുഗ്രന്ഥികളുടെ വഴികൾ അടഞ്ഞ് ചെറിയ ചുവന്ന കുരുക്കളും ചൊറിച്ചിലും സൂചികുത്തുന്നതുപോലുള്ള അസ്വസ്ഥതയും ഉണ്ടാകാം. കഴുത്ത്, പുറം, നെഞ്ച്, കക്ഷം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത് കാണപ്പെടുന്നത്.

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വിയർപ്പുണ്ടായാൽ വസ്ത്രം മാറ്റുകയും ശരീരം തണുപ്പോടെയും വരണ്ടതായും സൂക്ഷിക്കുകയും ചെയ്യുന്നത് സഹായകരമാണ്.

നഖങ്ങളിലെ ഫംഗസ് ബാധ

കാലുകൾ ദീർഘനേരം നനഞ്ഞിരിക്കുന്നവരിൽ നഖങ്ങളിലും ഫംഗസ് ബാധയുണ്ടാകാം. നഖത്തിന്റെ നിറം മഞ്ഞയോ വെളുപ്പോ ആയി മാറുക, നഖം കട്ടിയാകുക, പൊടിഞ്ഞുപോകുക തുടങ്ങിയവ ലക്ഷണങ്ങളാണ്. നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരുടെ നെയിൽ കട്ടർ പോലുള്ള വ്യക്തിഗത വസ്തുക്കൾ പങ്കിടാതിരിക്കുകയും വേണം.

പ്രതിരോധ മാർഗ്ഗങ്ങൾ

* മഴ നനഞ്ഞാൽ കഴിയുന്നത്ര വേഗം കുളിച്ച് ശരീരം നന്നായി തുടച്ച് ഉണക്കുക.

* നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ധരിക്കരുത്. അടിവസ്ത്രങ്ങളും സോക്സും ദിവസവും മാറ്റണം.

* വിയർപ്പും ഈർപ്പവും കൂടുതലായി അടിഞ്ഞുകൂടുന്ന ശരീരഭാഗങ്ങൾ വരണ്ടതായി സൂക്ഷിക്കുക.

* ഇറുകിയ വസ്ത്രങ്ങൾക്ക് പകരം വായുസഞ്ചാരം ലഭിക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

* നനഞ്ഞ ഷൂസും സോക്സും വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് പൂർണമായി ഉണക്കണം. കഴിയുന്നിടത്ത് കാലുകൾക്ക് വായുസഞ്ചാരം ലഭിക്കുന്ന പാദരക്ഷകൾ ഉപയോഗിക്കാം.

* ടവൽ, വസ്ത്രം, ചീപ്പ്, റേസർ, സോക്സ്, ചെരിപ്പ് തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടരുത്.

* ഫംഗസ് ബാധയുള്ളവർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ടവലുകളും പ്രത്യേകം കഴുകി നന്നായി ഉണക്കുന്നത് രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും.

* സ്വന്തം തീരുമാനപ്രകാരം മരുന്നുകടയിൽനിന്ന് സ്റ്റിറോയിഡ് അടങ്ങിയ ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ചില സ്റ്റിറോയിഡ് സംയുക്ത ക്രീമുകൾ ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ താൽക്കാലികമായി കുറയ്ക്കുമെങ്കിലും രോഗം കൂടുതൽ വ്യാപിക്കാനും ചികിത്സ ബുദ്ധിമുട്ടാകാനും ഇടയാക്കും. ചികിത്സ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് സുരക്ഷിതം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മഴക്കാലത്ത് ചർമ്മത്തിന് വേണം കൂടുതൽ ശ്രദ്ധ, അറിയാം മഴക്കാല ചർമ്മ രോഗങ്ങളും പ്രതിരോധവും
Next Story