Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_right11 മാസം അടിഞ്ഞുകൂടിയ...

11 മാസം അടിഞ്ഞുകൂടിയ വിഷാംശം ഒരുമാസം ഒഴിവാക്കുകയോ? കർക്കട ചികിത്സയുടെ യുക്തിയെ ചോദ്യം ചെയ്ത് ഡോ. ജോജോ വി ജോസഫ്

text_fields
bookmark_border
11 മാസം അടിഞ്ഞുകൂടിയ വിഷാംശം ഒരുമാസം ഒഴിവാക്കുകയോ? കർക്കട ചികിത്സയുടെ യുക്തിയെ ചോദ്യം ചെയ്ത് ഡോ. ജോജോ വി ജോസഫ്
cancel

കർക്കടക മാസമായതോടെ സോഷ്യൽ മീഡിയയിലും തെരുവിലും ഒരുപോലെ നിറഞ്ഞിരിക്കുകയാണ് കർക്കടക ചികിത്സയുടെ പരസ്യങ്ങൾ. ശക്തമായ മഴയും തണുപ്പും ലഭിക്കുന്ന കർക്കടകത്തിൽ ശരീരം ഇളമിക്കുമെന്നും ശരീരത്തിലെ സുഷിരങ്ങൾ തുറക്കുമെന്നും ചികിത്സയിലൂടെ വിഷാംശങ്ങൾ പുറത്തുകളയാമെന്നുമാണ് പരസ്യങ്ങളിലെ പ്രധാന വാഗ്ദാനങ്ങൾ. മൊത്തത്തിൽ പറഞ്ഞാൽ പഞ്ഞമാസം ഇപ്പോൾ "സുഖചികിത്സാ മാസമാണ്". എന്നാൽ മനുഷ്യശരീരത്തെ ശാസ്ത്രീയമായി പരിശോധിച്ചാൽ, ഇത്തരം വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അക്കമിട്ട് നിരത്തുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഓങ്കോ സർജൻ ഡോ. ജോജോ വി ജോസഫ്.

കർക്കടക ചികിത്സയിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശം പുറംതള്ളുമെന്ന വാദം ശുദ്ധ തട്ടിപ്പാണെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, രോഗമില്ലാത്ത ഒരാൾക്ക് എന്തിനാണ് ഔഷധം? രോഗമില്ലാത്ത ഒരാൾക്ക് ഔഷധത്തിനും ചികിത്സക്കും പകരം പോഷകമൂല്യങ്ങളുള്ള ഭക്ഷണമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കർക്കടകം ഒരു മാസം മാത്രമാണ്. നമ്മുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നത് 12 മാസവും നമ്മൾ അനുവർത്തിച്ച് പോകുന്ന ആരോഗ്യകരമായ ഭക്ഷണരീതിയും ദിനചര്യകളുമാണ്. ഒരു മാസം മാത്രം പ്രത്യേക ചികിത്സ എടുത്തതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. ഡോ. ജോജോ വി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

കാലാവസ്ഥയനുസരിച്ച് മനുഷ്യശരീരത്തിൽ മാറ്റം സംഭവിക്കുമോ

കർക്കിടക മാസത്തിൽ ശരീരം ഇളതാക്കും, ശരീരത്തിലെ സുഷിരങ്ങൾ തുറക്കും, അല്ലെങ്കിൽ ശരീരത്തിൽ പ്രത്യേകമായി മാറ്റങ്ങൾ സംഭവിക്കുന്നുവെന്നാണ് കർക്കിട ചികിത്സയെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം. എന്നാൽ പുറത്തെ കാലാവസ്ഥ എന്താണെങ്കിലും, മനുഷ്യൻ അല്ലെങ്കിൽ നട്ടെല്ലുള്ള ജീവികളുടെ ശരീരത്തിന്റെ അകത്തെ താപനില, ഗ്ലൂക്കോസിന്റെ ലെവൽ, ഹൈപ്രെഷർ, നമ്മുടെ രക്തചംക്രമണം തുടങ്ങി എല്ലാം ഒരേ രീതിയിലായിരിക്കും. അതായത് പുറത്തെന്ത് കാലാവസ്ഥയാണെങ്കിലും, അത് നമ്മുടെ ശരീരത്തിന് അകത്ത് ബാധിക്കില്ല. അതിനെയാണ് ഹോമിയോസ്റ്റേസിസ് എന്ന് പറയുന്നത്. ഇതിനുള്ള വിവിധ അവയവങ്ങളും റെഗുലേറ്ററി മെക്കാനിസങ്ങളും നമ്മുടെ ശരീരത്തിലുണ്ട്. ഇതിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ മനുഷ്യൻ മരിച്ചുപോകും.എന്നാൽ നട്ടെല്ലില്ലാത്ത ചിലതരം ജീവികളിൽ പുറത്തെ കാലാവസ്ഥയനുസരിച്ച് അവരുടെ ശരീരത്തിന്റെ താപനിലയും മാറ്റം വരും. ഇതിനെ കൺഫോർമേഴ്സ് എന്ന് പറയും.

കർക്കടകത്തിൽ ശരീരത്തിലെ സുഷിരങ്ങൾ തുറക്കുമെന്നത് ശാസ്ത്രീയ അടിത്തറയില്ലാത്ത വാദമാണ്. ശരീരത്തിന്റെ പ്രവർത്തനരീതി പരിശോധിച്ചാൽ ചിത്രം മറ്റൊന്നാണ്. മഴക്കാലത്ത് തണുപ്പ് ഉണ്ടാവുമ്പോൾ എന്താണ് ശരീരത്തിൽ സംഭവിക്കുക? നമ്മുടെ ശരീരത്തിലെ ചൂട് നഷ്ടപ്പെടാതിരിക്കാൻ, തൊലിക്ക് താഴെയുള്ള രക്തവാഹിനികൾ ചുരുങ്ങും. ഇതിലൂടെ ചർമത്തിലേക്കുള്ള രക്തപ്രവാഹം കുറയും. ശരീരത്തിലെ ചൂട് പുറത്തേക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഈ സംവിധാനം. അതിനാൽ തണുപ്പ് കാലത്ത് ശരീരത്തിലെ സുഷിരങ്ങൾ തുറക്കുന്നു എന്ന വാദം ശരീരശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ല.

കർക്കടകക്കഞ്ഞി

സോഷ്യൽ മീഡിയയിലെ പരസ്യങ്ങളെല്ലാം പറയുന്നത് ഇപ്പോൾ കർക്കടകക്കഞ്ഞി കുടിക്കാനാണ്. ഇന്ന് കർക്കടകക്കഞ്ഞിയെ "വെൽനെസ് ഭക്ഷണം", "ആരോഗ്യം വർധിപ്പിക്കുന്ന പ്രത്യേക ചികിത്സ" എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ അതിന്റെ ചരിത്രപരമായ പശ്ചാത്തലം വ്യത്യസ്തമാണ്.

പഴയകാലത്ത് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം കൃഷിയായിരുന്നു. കർക്കടകമാസമാകുമ്പോൾ ശക്തമായ മഴ കാരണം കൃഷിപ്പണികൾക്ക് പുറത്തിറങ്ങാൻ പറ്റില്ല. അതിനൊപ്പം വീട്ടിൽ കൂടുതൽ ആളുകൾക്ക് ഭക്ഷണം ഒരുക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

ഇത്തരം സാഹചര്യത്തിൽ ഭക്ഷണം കൂടുതൽ ആളുകൾക്ക് മതിയാകുന്ന രീതിയിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു മാർഗമായിരുന്നു കർക്കടകക്കഞ്ഞി. കഞ്ഞിയായതിനാൽ കൂടുതൽ വെള്ളം ചേർത്ത് തയ്യാറാക്കാനും കൂടുതൽ പേർക്ക് പങ്കുവെക്കാനും സാധിക്കും. അക്കാലത്ത് അരിയേക്കാൾ കൂടുതൽ ഞവരെയാണ് ഉപയോഗിച്ചിരുന്നത്. കാരണം അരി എളുപ്പത്തിൽ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. രുചി കൂട്ടുന്നതിനായി നാട്ടിൽ ലഭ്യമായിരുന്ന ചേമ്പിൻതാള്‍, പയർ, തേങ്ങാപ്പാൽ, തേങ്ങയുടെ പീര എന്നിവ ചേർക്കുമായിരുന്നു. അങ്ങനെ കുറച്ച് വിഭവങ്ങൾ ഉപയോഗിച്ച് ഒരു കുടുംബത്തെ പഞ്ഞമാസം തരണം ചെയ്യാൻ സഹായിക്കുന്ന ഭക്ഷണമായിരുന്നു കർക്കടകക്കഞ്ഞി. അതായിരുന്നു അതിന്റെ യഥാർഥ ലക്ഷ്യം. അത് ആരോഗ്യവർധക ചികിത്സയോ വെൽനെസ് പദ്ധതിയോ ആയിരുന്നില്ല. അത് കാലം കഴിഞ്ഞപ്പോൾ, സോഷ്യൽ മീഡിയയിൽ, അതൊരു വെൽനെസ് ട്രീറ്റ്‌മെന്റായി മാറുകയാണ്.

കിഴികളും ലേപനങ്ങളും ശരീരത്തിലേക്ക് ആഗിരണം ചെയ്യുമോ?

കർക്കടകചികിത്സകളുമായി ബന്ധപ്പെട്ട് ഉഴിച്ചിലും വിവിധ തരത്തിലുള്ള കിഴികളും, ശരീരത്തിന് പുറത്ത് തേക്കുന്ന ലേപനങ്ങൾ ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെട്ട് ആരോഗ്യം വർധിക്കുമെന്നാണ് അവകാശവാദം. എന്നാൽ ചർമ്മം പ്രധാനമായും ഒരു സംരക്ഷണകവചമാണ്. ശരീരത്തെ സംരക്ഷിക്കാനാണ് അതിന്റെ പ്രധാന ധർമ്മം. അത് സാധാരണ സാഹചര്യത്തിൽ വസ്തുക്കളെ എളുപ്പത്തിൽ ഉള്ളിലേക്ക് ആഗിരണം ചെയ്യുന്ന ഒരു ഉപരിതലമല്ല.

പിന്നെ ഒരു സംശയം ഉയർന്നേക്കാം. മോഡേൺ മെഡിസിനിൽ പുറത്ത് ഒട്ടിച്ച് മരുന്ന് അബ്സോർബ് ചെയ്യിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ എന്ന്. വളരെ ചെറിയ മൈക്രോൺ സൈസിലുള്ള മോളിക്യൂളുകളോ, ലൈപ്പോഫിലിക്, ഫാറ്റ് സൊള്യൂബിൾ ആയിട്ടുള്ള പ്രത്യേക മരുന്നുകളാണ് തൊലിപ്പുറത്ത് നൽകുന്നത്. ഇങ്ങനെ പ്രത്യേകം തയ്യാറാക്കിയ മരുന്നുകളാണ് തൊലിയിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യിപ്പിക്കുന്നത്.

വിഷാംശങ്ങൾ പുറംതള്ളുമോ?

ശരീരത്തിലെ വിഷാംശങ്ങൾ പുറത്തുപോയി, ശരീരം ശുദ്ധീകരിക്കുന്നു എന്നാണ് കർക്കിട ചികിത്സക്കാരുടെ മറ്റൊരു അവകാശവാദം. അതായത് ശരീരത്തിൽ 11 മാസമായി അടിഞ്ഞുകൂടിയ വിഷാംശം കർക്കടത്തിൽ പുറംതള്ളാം. ഇതും ശരീരശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ല.

നമ്മുടെ ശരീരത്തിൽ വിഷാംശം കടന്നാൽ കരളിലെ സൈറ്റോക്രോം പി450 എന്ന എൻസൈം സിസ്റ്റം അതിനെ അപ്പോൾത്തന്നെ പുറംതള്ളും. ഒരിക്കലും വിഷാംശം എല്ലാം കർക്കടകം ആകുന്നതുവരെ സൂക്ഷിച്ചുവെക്കില്ല. നമ്മുടെ കിഡ്നി ഒരു ദിവസം 180 ലിറ്റർ ഫ്ലൂയിഡ് ആണ് ഒരു ദിവസം അരിച്ചെടുക്കുന്നത്. ഇതിലൂടെയും വിഷാംശങ്ങൾ പുറത്തുപോകും. അതിനാൽ കർക്കടകത്തിലെ ശരീരശുദ്ധീകരണം തികച്ചും മാർക്കറ്റിങ്ങാണ്. നമ്മുടെ ശരീരം എന്നും ശുദ്ധീകരണ പ്രക്രിയ നടത്തുന്നുണ്ട്.

ആവിക്കുളിയുടെ സുഖം

മറ്റൊരു പ്രധാന ഇനമാണ് ആവിക്കുളി. ഇത് പ്രത്യേക പുനരുജ്ജീവനമാണ് എന്നാണ് പറയുന്നത്. എന്നാൽ അതിനും ശാസ്ത്രീയ അടിസ്ഥാനമില്ല. വിവിധ കർക്കടക ചികിത്സകളും ആവിക്കുളിയും തിരക്കേറിയ ദിനചര്യകളിൽ നിന്ന് വിടുതൽ നൽകി വിശ്രമം നൽകുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് കുറച്ച് ദിവസത്തേക്ക് മാറിനിൽക്കുന്നത് ശരീരത്തിന് കൂടുതൽ വിശ്രമം ലഭിക്കും. മാനസിക സമ്മർദം കുറയ്ക്കും. നല്ല ഉറക്കം ലഭിക്കും. ഭക്ഷണക്രമം കൂടുതൽ നിയന്ത്രിതമാകും.

ഈ താൽക്കാലിക വിശ്രമം മാനസിക സമ്മർദം കുറക്കും. ആവിക്കുളിയിൽ ചൂടും ഈർപ്പവും ലഭിക്കുന്നത് ചിലർക്ക് ആശ്വാസവും സുഖവും അനുഭവപ്പെടും. മൂക്കടപ്പ്, ശ്വാസസംബന്ധമായ അസ്വസ്ഥതകൾക്കും താൽക്കാലിക ആശ്വാസം ലഭിക്കും. പേശികളുടെ മുറുക്കം കുറയും. വിയർപ്പും ചൂടും കാരണം ചർമ്മത്തിലെ ഉപരിതലത്തിലെ എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. ആവിക്കൊള്ളുമ്പോഴുള്ള ചൂടിൽ രക്തക്കുഴലുകൾ താൽക്കാലികമായി വികസിക്കുന്നത് സുഖാനുഭവം നൽകും. ഈ ഘടകങ്ങൾ ഒരുമിക്കുമ്പോൾ ശരീരത്തിന് ഒരു സുഖാനുഭവം ലഭിക്കുകയും പുതുമ അനുഭവപ്പെടുകയും ചെയ്യാം. ഇത്തരത്തിലുള്ള അനുഭവം പ്ലാസിബോ ഇഫക്റ്റ് (Placebo Effect) ആയിരിക്കാം. ഹൃദ്രോഗമുള്ളവർ ആവിക്കുളി പോലുള്ള സുഖചികിത്സ സ്വീകരിക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkadakamLifestyle Diseasekarkidaka chikitsaLifestylehealthnews
News Summary - karkidaka chikithsa- Dr Jojo V Joseph,
Next Story