കരാട്ടെ ഫാമിലി
text_fieldsപ്രേംകുമാര്‍ ഭാര്യ ഭാഗ്യലക്ഷ്മി മക്കളായ അനൈഷ പ്രേഷ്മി എന്നിവർ
ഈ കുടുംബത്തോട് കളിക്കുമ്പോൾ ഇനി രണ്ട് തവണ ആലോചിക്കേണ്ടി വരും. കാരണം ആയോധന കലയായ കരാട്ടെയില്‍ ഔദ്യോഗികമായി പ്രാഗത്ഭ്യം തെളിയിച്ചിരിക്കുകയാണ് പ്രവാസി മലയാളി കുടുംബം. പാലക്കാട് ജില്ലയിലെ കോട്ടപ്പുറം സ്വദേശികളായ പ്രേംകുമാര്‍, ഭാര്യ ഭാഗ്യലക്ഷ്മി, മകള്‍ അനൈഷ പ്രേഷ്മി എന്നിവരാണ് ആയോധന കലയെ വരുതിയിലാക്കിയത്. ഷാര്‍ജയിലാണ് ഈ കരാട്ടെ കുടുംബത്തിന്റെ താമസം. ഷാര്‍ജ ജംസ് കാംബ്രിഡ്ജ് സ്കൂളിലെ ഗ്രേഡ് വണ്‍ ഇയര്‍ ടു വിദ്യാര്‍ഥിനിയാണ് അനൈഷ.
ഏഴു വയസ്സുകാരി മകൾക്ക് മാർഷൽ ആർട്സിനോട് തോന്നിയ മുഹബ്ബത്താണ് കുടുംബത്തെ ഒന്നടങ്കം ബ്ലാക്ക്ബെൽറ്റ് ചുറ്റാൻ കാരണം. ഷാര്‍ജയിലെ റെഡ് ബെല്‍റ്റ് അക്കാദമിയിലായിരുന്നു മകളെ കരാട്ടെ പഠിപ്പിക്കാൻ ചേര്‍ത്തിയത്. മകളെ കരാട്ടെ ക്ലാസിൽ കൊണ്ട് വിടാന്‍ പോകുന്ന മാതാപിതാക്കള്‍ക്ക് യാദൃശ്ചികമായി കരാട്ടെയില്‍ കമ്പം കൂടുകയായിരുന്നു. മകള്‍ അനൈഷയുടെ കരാട്ടെയിലുള്ള പാഷനും പ്രകടനവും വീട്ടിലെത്തിയാല്‍ മകള്‍ നടത്തുന്ന പരിശീലനവും മറ്റും ഈ മാതാപിതാക്കളെ വല്ലാതെ ആകര്‍ഷിച്ചു.
കരാട്ടെ സ്വയം രക്ഷക്ക് മാത്രമല്ല സാമൂഹികവും ശാരീരികവും മാനസികവുമായ നേട്ടം നല്കുന്ന ജീവിത കാലം മുഴുവന്‍ പരിശീലിക്കാവുന്ന ഒരു മേഖലയാണെന്ന തിരിച്ചറിവ് ഈ രക്ഷിതാക്കളെയും കരാട്ടെ ക്ലാസിലെത്തിച്ചു. അതോടെ പ്രേമും കുടുംബവും റെഡ് ബെല്‍റ്റ് അക്കാദമിയിലെ പഠിതാക്കള്‍ ആവുകയായിരുന്നു. പ്രവാസ ലോകത്തെ ജീവിതത്തിനിടക്ക് എന്തെങ്കിലും ആക്ടിവിറ്റി വേണമെന്ന ആഗ്രഹം ഇതോടെ സഫലമായി. കഴിയുന്നത്ര ഈ മേഖലയില്‍ മുന്നോട്ട് പോകണമെന്നാണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം. മൂന്നു വര്‍ഷത്തെ പഠന ശേഷം കഴിഞ്ഞ ദിവസം ഷാര്‍ജ സഫാരി മാളില്‍ നടന്ന ചടങ്ങിലാണ് ഈ കുടുംബം അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്. ഷാർജ റോയൽ ഫാമിലി അംഗങ്ങളും യു.എ.ഇ.യിലെ പ്രമുഖരായ സ്വദേശികളും മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ സാക്ഷികളായിരുന്നു. ചടങ്ങിൽ റെഡ് ബെൽറ്റ് സ്ഥാപകൻ സിബോക് മുജീബ്, ഡയറക്ടർ സിബോക് ഷൗക്കത്ത്, കരാട്ടെ പ്രധാന അധ്യാപകൻ സെൻസെയ് അബ്ദുൽ ഗഫൂർ എന്നിവർ ചേർന്ന് ബ്ലാക്ക് ബെൽറ്റ് സമ്മാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

