നിങ്ങളുടെ സന്ധികൾ അപകടത്തിലാണോ? തണുപ്പുകാലം വില്ലനാകുന്നത് എപ്പോൾ?
text_fieldsസന്ധിവേദനയും ആർത്രൈറ്റിസും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ആർത്രൈറ്റിസ് എന്നാൽ ലളിതമായി പറഞ്ഞാൽ സന്ധികളിലുണ്ടാകുന്ന വീക്കം എന്നാണ് അർത്ഥം. സന്ധിവേദനയും ആർത്രൈറ്റിസും (സന്ധിവാതം) തമ്മിൽ അടുത്ത ബന്ധമുണ്ട്. സന്ധിവേദന ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണമാണ്.
പ്രധാന തരം ആർത്രൈറ്റിസുകൾ
ഓസ്റ്റിയോ ആർത്രൈറ്റിസ്: പ്രായമാകുമ്പോൾ സന്ധികളിലെ തരുണാസ്ഥികൾ തേഞ്ഞുപോകുന്ന അവസ്ഥയാണിത്. ഇത് സാധാരണയായി മുട്ടുകൾ, ഇടുപ്പ്, നട്ടെല്ല് എന്നിവയെ ബാധിക്കുന്നു.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്: ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വന്തം സന്ധികളെത്തന്നെ ആക്രമിക്കുന്ന അവസ്ഥയാണിത്. ഇത് കൈവിരലുകളിലും കാൽവിരലുകളിലും ചെറിയ സന്ധികളിലുമാണ് ആദ്യം തുടങ്ങുക.
ഗൗട്ട്: രക്തത്തിൽ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധികളിൽ ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന കഠിനമായ വേദനയാണിത്. ഇത് സാധാരണയായി പെരുവിരലിനെയാണ് ബാധിക്കുക.
ലക്ഷണങ്ങൾ
സന്ധികളിൽ അനുഭവപ്പെടുന്ന കഠിനമായ വേദന, രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ ചലിപ്പിക്കാൻ പ്രയാസം അനുഭവപ്പെടുക, സന്ധികളിൽ കാണുന്ന വീക്കം, ചുവപ്പ് നിറം, അല്ലെങ്കിൽ ചൂട്, സന്ധികൾ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം എന്നിവയാണ് ലക്ഷണങ്ങൾ.
തണുപ്പുകാലത്ത് ശ്രദ്ധിക്കാൻ
തണുപ്പുകാലത്ത് അന്തരീക്ഷ മർദത്തിലുണ്ടാകുന്ന കുറവും താഴ്ന്ന താപനിലയും കാരണം സന്ധികൾക്കുള്ളിലെ ദ്രാവകത്തിന് സാന്ദ്രത കൂടുകയും പേശികൾ വലിഞ്ഞു മുറുകുകയും ചെയ്യാറുണ്ട്. ഇതുമൂലമാണ് ആർത്രൈറ്റിസ് ഉള്ളവർക്ക് തണുപ്പുകാലത്ത് വേദന വർധിക്കുന്നത്. തണുപ്പിൽ നിന്ന് സന്ധികളെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കമ്പിളി വസ്ത്രങ്ങളോ കട്ടിയുള്ള തുണികളോ ഉപയോഗിച്ച് സന്ധികൾ പ്രത്യേകിച്ച് മുട്ട്, കൈമുട്ട് മറക്കുക. കൈയുറകളും സോക്സും ധരിക്കുന്നത് നന്നായിരിക്കും. വേദനയുള്ള ഭാഗങ്ങളിൽ ഹോട്ട് വാട്ടർ ബാഗ് ഉപയോഗിച്ച് 15-20 മിനിറ്റ് ചൂട് നൽകുന്നത് പേശികൾക്ക് അയവ് നൽകും.
തണുപ്പ് കാരണം ദീർഘനേരം അനങ്ങാതെ ഇരിക്കുന്നത് സന്ധികൾ മുറുകാൻ കാരണമാകും. വീടിനുള്ളിൽ തന്നെ ചെയ്യാവുന്ന സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക. സന്ധികളുടെ ചലനശേഷി വർധിപ്പിക്കാൻ ലഘുവായ യോഗാസനങ്ങൾ സഹായിക്കും. പകൽ സമയത്ത് വീടിനുള്ളിൽ അല്പദൂരം നടക്കുന്നത് രക്തയോട്ടം കൂട്ടാൻ സഹായിക്കും. ഭക്ഷണത്തിലൂടെ വീക്കം കുറക്കാൻ സാധിക്കും. ഇവക്ക് സ്വാഭാവികമായി വേദനയും വീക്കവും കുറക്കാനുള്ള കഴിവുണ്ട്. മീൻ എണ്ണ, വാൾനട്ട്, ചിയ സീഡ്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് സന്ധികളിലെ ലൂബ്രിക്കേഷൻ നിലനിർത്താൻ സഹായിക്കും. തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കി ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. ഇത് സന്ധികളിലെ വേദനക്ക് വലിയ ആശ്വാസം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

