Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഎച്ച്1എൻ1 വ്യാപനം...

എച്ച്1എൻ1 വ്യാപനം സീസണൽ; കരുതൽ മതി, ആശങ്ക വേണ്ടെന്ന് ഐ.സി.എം.ആർ

text_fields
bookmark_border
എച്ച്1എൻ1 വ്യാപനം സീസണൽ; കരുതൽ മതി, ആശങ്ക വേണ്ടെന്ന് ഐ.സി.എം.ആർ
cancel

ന്യൂഡൽഹി: രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിലായി എച്ച്1എൻ1 കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കയും വർധിക്കുകയാണ്. എന്നാൽ പകരുന്നത് പുതിയ വകഭേദമല്ലെന്നും എച്ച്1എൻ1 ഇന്ത്യയിൽ സീസണൽ പനിയായി മാറിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹ്ൽ അറിയിച്ചു. രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത് ഇൻഫ്ലുവൻസ എ (എച്ച്1എൻ1) pdm09 വകഭേദമാണെന്നും, 2009 ലെ മഹാമാരിയുടെ കാലം മുതൽ നിലവിലുള്ള അതേ വകഭേദമാണെന്നും അതിൽ മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഫ്ലൂ സീസണിലും സ്വാഭാവികമായി ചെറിയ ജനിതക മാറ്റങ്ങൾ സംഭവിക്കാറുണ്ടെങ്കിലും, ഈ മാറ്റങ്ങൾ പുതിയതോ കൂടുതൽ മാരകമായതോ ആയ ഒരു വകഭേദത്തിന്റെ സൂചനയല്ലെന്നും ഡോ. ബഹ്‌ൽ വ്യക്തമാക്കി.പൊതുജനങ്ങൾ ശുചിത്വം പാലിച്ചാൽ മതിയെങ്കിലും, പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന സീസണൽ ഫ്ലൂ വാക്സിനേഷനുകൾ പരിഗണിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.

മഹാമാരിയിൽ നിന്ന് സീസണൽ ഫ്ലൂവിലേക്ക്

ഇൻഫ്ലുവൻസ എ (എച്ച്1എൻ1 ) വകഭേദം 2009 ലാണ് പൊട്ടിപ്പുറപ്പെട്ടത്. ആഗോള മഹാമാരിയായി വ്യാപിച്ച അതിനുശേഷം കഴിഞ്ഞ ഒന്നര ദശാകമായി, യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ സംഘടനകൾ എച്ച്1എൻ1 -നെ ഒരു സാധാരണ സീസണൽ ഇൻഫ്ലുവൻസ വൈറസായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫ്ലൂ വൈറസുകൾ സ്വാഭാവികമായും എല്ലാ വർഷവും ചെറിയ ആന്റിജനിക് മാറ്റങ്ങൾക്ക് (ഡ്രിഫ്റ്റ്) വിധേയമാകുന്നു. നിലവിൽ ഇന്ത്യയിൽ കാണപ്പെടുന്ന വൈറസ് ആഗോള പാറ്റേണുകളുമായി പൊരുത്തപ്പെടുന്ന എച്ച്1എൻ1 വകഭേദത്തിന് കീഴിലാണ് വരുന്നതെന്ന് ഐ.സി.എം.ആർ ജീനോമിക് സീക്വൻസിങ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യമുള്ള മിക്ക വ്യക്തികളിലും നേരിയ അസുഖം, പനി, ചുമ, തൊണ്ടവേദന, ശരീരവേദന എന്നിവ അനുഭവപ്പെടുമ്പോൾ, പ്രതിരോധ ശേഷി കുറഞ്ഞവരിൽ ന്യുമോണിയ പോലുള്ള ഗുരുതരമായ സങ്കീർണ്ണതകൾ ഉണ്ടാക്കാം. 65 വയസും അതിൽ കൂടുതലുമുള്ള പ്രായമായവർ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികൾ (കീമോതെറാപ്പിക്ക് വിധേയരായ വ്യക്തികൾ, അവയവമാറ്റം സ്വീകരിച്ചവർ, അല്ലെങ്കിൽ ദീർഘകാല കോർട്ടികോസ്റ്റീറോയിഡുകളിൽ ഉള്ളവർ) എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.

പ്രതിരോധം

സീസണൽ പീക്കുകളിൽ സമൂഹത്തിലെ രോഗവ്യാപനം തടയുന്നതിന്, കോവിഡ് കാലത്ത് ഉപയോഗിച്ചതിന് സമാനമായ വ്യക്തി ശുചിത്വ രീതികൾ സ്വീകരിക്കാൻ ഐ.സി.എം.ആർ നിർദേശിക്കുന്നു. പനി ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ 2 മുതൽ 3 ദിവസം വരെ മാറിനിന്ന് വിശ്രമിക്കുക. H1N1 പ്രധാനമായും ശ്വാസകോശ സ്രവങ്ങൾ വഴിയാണ് പടരുന്നത്. അതിനാൽ രോഗികളിൽ നിന്ന് ശാരീരിക അകലം പാലിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാതെ മുഖത്ത് തൊടുന്നത് ഒഴിവാക്കണം. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ടിഷ്യൂവോ കൈമുട്ടോ ഉപയോഗിച്ച് വായ മൂടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1N1InfluenzaICMR.Infectious Diseaseseasonal influenzaHealthy LifeHealth News
News Summary - H1N1 Surge Is Seasonal- No New Strain says ICMR
Next Story