Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊത്തം മരണങ്ങളിൽ 30 ശതമാനവും ഹൃദ്രോഗം മൂലം; ഒരു ഹൃദയ മിടിപ്പുപോലും നഷ്ടപ്പെടരുത്...

text_fields
bookmark_border
ലോക ഹൃദയ ദിനം
heart health
cancel
camera_alt

പ്രതീകാത്മക ചിത്രം

ഹൃദയാരോഗ്യത്തെക്കുറിച്ചും അനുബന്ധ രോഗങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ നിർണ്ണായകമായ അവബോധം സൃഷ്ടിക്കുന്നതിനായാണ് 2011 മുതൽ ലോക ഹൃദയ ദിനാചരിക്കുന്നത്. ഇന്ന് ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങൾക്കും മാരക വൈകല്യങ്ങൾക്കും പ്രധാന കാരണം ഹൃദ്രോഗവും പക്ഷാഘാതവുമാണ്. പലപ്പോഴും യാതൊരു സൂചനയും നൽകാതെ വളരെ നിശ്ശബ്ദമായാണ് ഈ രോഗം മനുഷ്യജീവനുകൾ അപഹരിക്കുന്നത്.

ഇത്തവണത്തെ ഹൃദയദിന സന്ദേശം "Don’t Miss a Beat" (ഒരു ഹൃദയ മിടിപ്പുപോലും നഷ്ടപ്പെടരുത്) എന്നതാണ്. ഹൃദ്രോഗങ്ങൾ പലപ്പോഴും നിശ്ശബ്ദ കൊലയാളിയായി മാറാമെന്ന അടിയന്തര മുന്നറിയിപ്പാണ് ഈ സന്ദേശം നൽകുന്നത്. ശരീരത്തിലെ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കുന്നതും ചികിത്സ വൈകിപ്പിക്കുന്നതും ലളിതമായി പരിഹരിക്കാമായിരുന്ന രോഗാവസ്ഥകളെ ജീവനുതന്നെ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഉയർന്നു വരുന്ന ഭീതിജനകമായ അവസ്ഥ

കണക്കുകൾ പരിശോധിച്ചാൽ ഏറെ ആശങ്കാജനകമായ ചിത്രമാണ് നമുക്ക് മുന്നിൽ തെളിയുന്നത്. ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ ഏകദേശം 30 ശതമാനവും ഹൃദ്രോഗങ്ങൾ മൂലമാണ് സംഭവിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നത് രോഗത്തിന്റെ വ്യാപ്തി കൂട്ടുന്നു.

1990കളിൽ ഇന്ത്യയിൽ ഹൃദ്രോഗികളായ ആളുകളുടെ എണ്ണം 2.57 കോടിയായിരുന്നത് സമീപകാലത്ത് 5.4 കോടിയായി കുതിച്ചുയർന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ നിരക്കിലും മരണനിരക്കിലും കേരളം വളരെ മുന്നിലാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്കാരിൽ ഹൃദ്രോഗം മൂന്ന് പ്രധാന സവിശേഷതകളോടെയാണ് കണ്ടുവരുന്നത്:

ചെറുപ്പക്കാരിലെ രോഗബാധ: പാശ്ചാത്യരിൽ ഹൃദ്രോഗം കണ്ടുവരുന്ന ശരാശരി പ്രായത്തേക്കാൾ 10 വർഷം മുമ്പേ തന്നെ ഇന്ത്യക്കാരിൽ ഹൃദയാഘാതം ഉണ്ടാകുന്നു.

നിശ്ശബ്ദ ആഘാതങ്ങൾ: പ്രകടമായ ലക്ഷണങ്ങളോ സാധാരണ കണ്ടുവരുന്ന പ്രയാസങ്ങളോ ഇല്ലാതെയാണ് പലരിലും ഹൃദയാഘാതം സംഭവിക്കുന്നത്. ഇത് മുൻകൂട്ടി രോഗം തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു.

ചികിത്സയിലെ കാലതാമസം: വ്യക്തമായ ലക്ഷണങ്ങൾ കണ്ടാൽ പോലും രോഗികൾ ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യസഹായം തേടാൻ വൈകിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.

ഹൃദ്രോഗങ്ങൾ: ജന്മനാലുള്ളവയും ജീവിതശൈലീ രോഗങ്ങളും

ഹൃദ്രോഗങ്ങളെ പ്രധാനമായും ജന്മനാലുള്ളവ (Congenital), ജീവിതശൈലി മൂലം ഉണ്ടാകുന്നവ (Acquired) എന്നിങ്ങനെ രണ്ടായി തിരിക്കാം.

1. ജന്മനാലുള്ള ഹൃദ്രോഗങ്ങൾ (Congenital Heart Defects): ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മൂലം ഗർഭസ്ഥ ശിശുവിൽ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങൾ ജനനത്തിന് മുമ്പേ തന്നെ തിരിച്ചറിയാൻ ഇന്ന് സാധിക്കും. ഫീറ്റൽ എക്കോകാർഡിയോഗ്രാഫി (Fetal Echocardiography) പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഗർഭപാത്രത്തിനുള്ളിൽ വെച്ചുതന്നെ വൈകല്യങ്ങൾ കണ്ടെത്താം. സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ഗർഭപാത്രത്തിനുള്ളിൽ വെച്ചുതന്നെ നടത്തുന്ന ചികിത്സകളായ ഫീറ്റൽ കാർഡിയാക് ഇന്റർവെൻഷൻസ് വഴി ജനിക്കുന്ന കുഞ്ഞിന് മികച്ച ആരോഗ്യവും ജീവിതവും ഉറപ്പാക്കാൻ സാധിക്കുന്നു.

2. ജീവിതശൈലിയും അപകട ഘടകങ്ങളും: മുതിർന്നവരിൽ കാണുന്ന 80 ശതമാനത്തോളം ഹൃദ്രോഗങ്ങളും മാറ്റിനിർത്താൻ സാധിക്കുന്ന ജീവിതശൈലീ ഘടകങ്ങൾ മൂലം ഉണ്ടാകുന്നതാണ്.

നിയന്ത്രിക്കാവുന്ന ഘടകങ്ങൾ: ഉയർന്ന രക്തസമ്മർദം, രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, പുകയില ഉപയോഗം, ലഹരിമരുന്ന് ഉപയോഗം, അമിതവണ്ണം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അമിതമായ മാനസിക സമ്മർദം, അമിത മദ്യപാനം.

നിയന്ത്രിക്കാൻ സാധിക്കാത്ത ഘടകങ്ങൾ: വർധിച്ചുവരുന്ന പ്രായം, ലിംഗഭേദം (പുരുഷന്മാർക്ക് ചെറുപ്പത്തിൽ ഉയർന്ന സാധ്യതയുണ്ട്; സ്ത്രീകൾക്ക് ആർത്തവവിരാമത്തിന് ശേഷമാണ് സാധ്യത വർദ്ധിക്കുന്നത്).

ലക്ഷണങ്ങൾ തിരിച്ചറിയാം

ഹൃദയാഘാതം എന്നാൽ സഹിക്കാനാവാത്ത നെഞ്ചുവേദന മാത്രം ആകണമെന്നില്ല. താഴെ പരാമർശിക്കുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങളുള്ളവർ, ഉടൻതന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്:

നെഞ്ചുവേദനയും അസ്വസ്ഥതയും: നെഞ്ചിൽ കടുത്ത വേദന, മുറുക്കം, അല്ലെങ്കിൽ അമിതമായ ഭാരവും അമർത്തലും അനുഭവപ്പെടുക.

അസ്വാഭാവികമായ ശ്വാസംമുട്ടൽ: ചെറിയ ശാരീരിക അധ്വാനത്തിൽ പോലും അനുഭവപ്പെടുന്ന അമിതമായ കിതപ്പ്, നെഞ്ചിടിപ്പ് അല്ലെങ്കിൽ വിശ്രമ വേളയിൽ പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം.

ക്ഷീണവും തലകറക്കവും: വ്യക്തമായ കാരണങ്ങളില്ലാതെ ഉണ്ടാകുന്ന കടുത്ത ക്ഷീണം, പെട്ടെന്നുണ്ടാകുന്ന തലകറക്കം, ബോധക്ഷയം.

ശരീരത്തിലെ നീര്: കാലുകളിലും പാദങ്ങളിലും ഉപ്പൂറ്റിയിലും ഉണ്ടാകുന്ന നീര് (എഡിമ).

ആധുനിക രോഗനിർണ്ണയ രീതികൾ

ഹൃദയധമനികളിലെ തടസ്സങ്ങൾ നേരത്തെ കണ്ടെത്താനും അപകടസാധ്യതകൾ വിലയിരുത്താനും ഇന്ന് കൃത്യമായ പരിശോധനാ രീതികൾ ലഭ്യമാണ്:

ഇ.സി.ജി: ഹൃദയത്തിന്റെ വൈദ്യുത തരംഗങ്ങളെയും മിടിപ്പുകളിലെ വ്യതിയാനങ്ങളെയും രേഖപ്പെടുത്തുന്നു. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും ഹൃദയ മിടിപ്പിലെ അപാകതകളും (അരിത്മിയ) തിരിച്ചറിയാൻ സഹായിക്കുന്ന പ്രാഥമിക പരിശോധനയാണിത്.

എക്കോകാർഡിയോഗ്രാം: ശബ്ദതരംഗങ്ങൾ (അൾട്രാസൗണ്ട്) ഉപയോഗിച്ച് ഹൃദയത്തിന്റെ ഘടന, അറകളുടെ വലിപ്പം, വാൽവുകളുടെ പ്രവർത്തനം, രക്തം പമ്പ് ചെയ്യാനുള്ള ശേഷി (ഇജക്ഷൻ ഫ്രാക്ഷൻ) എന്നിവ തത്സമയം നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കുന്നു.

ടി.എം.ടി (ട്രെഡ്‌മിൽ സ്ട്രെസ് ടെസ്റ്റ്): വിശ്രമാവസ്ഥയിൽ മാത്രം നടത്തുന്ന ഇ.സി.ജിയിൽ ചിലപ്പോൾ രക്തധമനികളിലെ തടസ്സങ്ങൾ പ്രകടമാകണമെന്നില്ല. രോഗിയെ ട്രെഡ്മില്ലിൽ നടത്തുമ്പോൾ ഹൃദയത്തിന് ഉണ്ടാകുന്ന ശാരീരിക അധ്വാനവും ഓക്സിജൻ ആവശ്യകതയും വർദ്ധിക്കുന്നു. ഈ സമയത്ത് ഹൃദയപേശികൾക്ക് ആവശ്യത്തിന് രക്തം ലഭിക്കുന്നുണ്ടോ എന്ന് ഇ.സി.ജി തരംഗങ്ങളിലൂടെയും രക്തസമ്മർദ്ദ വ്യതിയാനങ്ങളിലൂടെയും മനസ്സിലാക്കാൻ ടി.എം.ടി സഹായിക്കുന്നു.

സി.ടി കൊറോണറി ആൻജിയോഗ്രാം: കത്തീറ്ററുകൾ ഉപയോഗിക്കാതെ തന്നെ സി.ടി സ്കാനർ വഴി ഹൃദയധമനികളുടെ ത്രീഡി (3D) ചിത്രങ്ങൾ പകർത്തി തടസ്സങ്ങളും കാൽസ്യം നിക്ഷേപങ്ങളും തിരിച്ചറിയുന്ന നോൺ-ഇൻവേസീവ് രീതിയാണിത്.

ഇൻവേസീവ് ആൻജിയോഗ്രാം: രക്തധമനിയിലൂടെ അതിസൂക്ഷ്മമായ കത്തീറ്റർ കടത്തിവിട്ട് പ്രത്യേക ഡൈ (കോൺട്രാസ്റ്റ് ഡൈ) ഉപയോഗിച്ച് തടസ്സങ്ങളുടെ സ്ഥാനം, കഠിനത, എണ്ണം എന്നിവ 100 ശതമാനം കൃത്യതയോടെ നിർണ്ണയിക്കുന്നു. ഉടനടി ആൻജിയോപ്ലാസ്റ്റി ചികിത്സ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നത് ഈ പരിശോധനയിലൂടെയാണ്.

ട്രോപോണിൻ (Troponin) ബയോമാർക്കർ പരിശോധനകൾ: ഹൃദയപേശികൾക്ക് പരിക്കേൽക്കുമ്പോൾ രക്തത്തിലേക്ക് പ്രവഹിക്കുന്ന പ്രത്യേക പ്രോട്ടീനാണ് ട്രോപോണിൻ. നെഞ്ചുവേദനയോടെ അടിയന്തര വിഭാഗത്തിൽ എത്തുന്ന ഒരു രോഗിക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടോ എന്ന് മിനിറ്റുകൾക്കുള്ളിൽ സ്ഥിരീകരിക്കാൻ സഹായിക്കുന്ന ഏറ്റവും വിശ്വസനീയമായ രക്തപരിശോധനയാണിത്.

ബി.എൻ.പി / എൻ.ടി-പ്രോ ബി.എൻ.പി (BNP / NT-proBNP) പരിശോധന: ബി-ടൈപ്പ് നാട്രിയൂററ്റിക് പെപ്റ്റൈഡ് (ബി-ടൈപ്പ് നാട്രിയുറെറ്റിക് പെപ്റ്റൈഡ്) എന്നത് ഹൃദയത്തിന് അമിതമായ സമ്മർദ്ദമോ ജോലിഭാരമോ അനുഭവപ്പെടുമ്പോൾ ഹൃദയ അറകളിൽ നിന്ന് രക്തത്തിലേക്ക് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോണാണ്.

പ്രത്യക്ഷത്തിൽ ലക്ഷണങ്ങളില്ലാത്ത തടസ്സങ്ങളും ഉപാപചയ വൈകല്യങ്ങളും വലിയൊരു ആഘാതമായി മാറുന്നതിന് മുമ്പേ കണ്ടെത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തിന്നത് സഹായിക്കും.

അത്യാധുനിക ചികിത്സാരീതികൾ

ഹൃദയധമനികളിൽ ഗുരുതരമായ തടസ്സങ്ങൾ കണ്ടെത്തിയാൽ രക്തയോട്ടം പൂർവ്വസ്ഥിതിയിലാക്കാൻ മികച്ച ചികിത്സാ മാർഗ്ഗങ്ങളുണ്ട്. കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സി.എ.ബി.ജി) ശസ്ത്രക്രിയയിലൂടെ പുതിയ രക്തപാത നിർമ്മിക്കുന്ന രീതി.

ശസ്ത്രക്രിയരീതികൾ

ഓഫ്-പമ്പ് / ബീറ്റിംഗ് ഹാർട്ട് സർജറി: ഹൃദയം താത്കാലികമായി നിർത്തിവെക്കാതെ, കൃത്രിമ ഹാർട്ട്-ലങ് മെഷീന്റെ സഹായമില്ലാതെ തന്നെ തുടിക്കുന്ന ഹൃദയത്തിൽ ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്. ഇത് പാർശ്വഫലങ്ങളും ആശുപത്രി വാസവും വൻതോതിൽ കുറയ്ക്കുന്നു.

മിനിമലി ഇൻവേസീവ് സി.എ.ബി.ജി: നെഞ്ചെല്ല് (സ്റ്റെർണം) മുറിക്കാതെ, വാരിയെല്ലുകൾക്കിടയിലൂടെയുള്ള ചെറിയ ദ്വാരങ്ങളിലൂടെ നിർവ്വഹിക്കുന്ന ബൈപാസ് ശസ്ത്രക്രിയ. കുറഞ്ഞ രക്തസ്രാവം, കുറഞ്ഞ വേദന, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

റോബോട്ടിക് സി.എ.ബി.ജി: റോബോട്ടിക് സംവിധാനത്തിന്റെ സഹായത്തോടെ അത്യന്തം സൂക്ഷ്മതയോടെയും വിറയലുകളില്ലാതെയും ബൈപാസ് ശസ്ത്രക്രിയ നിർവ്വഹിക്കുന്നു.

കാൽസ്യം അടങ്ങിയിട്ടുള്ള അതികഠിന ബ്ലോക്കുകൾ നീക്കുന്നതിനുള്ള നൂതന ചികിത്സാരീതികൾ : ഡോ. ആന്ദ്രേയാസ് ഗ്രന്റ്സിഗ് തുടക്കം കുറിച്ച ആൻജിയോപ്ലാസ്റ്റി ചികിത്സാ ശാഖ കഴിഞ്ഞ 50 വർഷത്തിനിടെ വൻ മുന്നേറ്റമാണ് നടത്തിയത്. തുടക്കകാലത്ത് ലളിതമായ തടസ്സങ്ങൾ മാത്രമാണ് നീക്കിയിരുന്നതെങ്കിൽ, ഇന്ന് റോട്ടേഷണൽ അതെറെക്ടമി, ഓർബിറ്റൽ അതെറെക്ടമി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രക്തധമനികളിൽ കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന സങ്കീർണ്ണമായ തടസ്സങ്ങൾ പോലും എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും.

റോട്ടാബ്ലേറ്റർ (റൊട്ടേഷണൽ അഥെറെക്ടമി): അറ്റത്ത് വജ്രപ്പൊടി (ഡയമണ്ട് ബർ) പതിപ്പിച്ച അതിസൂക്ഷ്മ ഉപകരണം ഉപയോഗിക്കുന്ന രീതിയാണിത്. മിനിറ്റിൽ 1,40,000 മുതൽ 1,80,000 തവണ വരെ വേഗതയിൽ കറങ്ങി ധമനിയിലെ കഠിനമായ കാൽസ്യം തടസ്സങ്ങളെ അങ്ങേയറ്റം സൂക്ഷ്മമായ കണികകളായി പൊടിച്ചുകളയാൻ ഇതിന് സാധിക്കും.

ഐ.വി.എൽ (ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി): മൂത്രക്കല്ലുകൾ പൊടിക്കാൻ ഉപയോഗിക്കുന്ന ലിത്തോട്രിപ്സി സാങ്കേതികവിദ്യയുടെ ലഘുരൂപമാണിത്. ബലൂൺ കത്തീറ്ററിലൂടെ ശബ്ദതരംഗങ്ങൾ കടത്തിവിട്ട് ധമനിയുടെ ആഴത്തിലുള്ള കാൽസ്യം നിക്ഷേപങ്ങളെ മാറ്റുന്നു. ധമനിയുടെ മറ്റ് കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ കാൽസ്യം ഇല്ലാതാക്കാൻ ഐ.വി.എൽ വളരെ പ്രയോജനകരമാണ്.

ഓർബിറ്റൽ അതെറെക്ടമി (ഓ.എ): ഡയമണ്ട് കോട്ടഡ് ബർ വശങ്ങളിലേക്ക് വൃത്താകൃതിയിൽ കറങ്ങി കാൽസ്യം നീക്കം ചെയ്യുന്ന രീതിയാണിത്. ചികിത്സ നടക്കുമ്പോൾ തന്നെ ധമനിയിലൂടെയുള്ള രക്തയോട്ടം നിലയ്ക്കാതെ കാൽസ്യം മാറ്റാൻ ഇത് സഹായിക്കുന്നു.

ലേസർ ആഞ്ചിയോപ്ലാസ്റ്റി: സാധാരണ ബലൂണുകൾക്ക് കടന്നുപോകാൻ കഴിയാത്ത കഠിനമായ തടസ്സങ്ങളും, മുമ്പ് വച്ച സ്റ്റെന്റുകൾക്കുള്ളിൽ വീണ്ടും തടസ്സമുണ്ടാകുന്ന അവസ്ഥയും (ഇൻ-സ്റ്റെന്റ് റീസ്റ്റെനോസിസ്) ലേസർ ഊർജ്ജം (ഫോട്ടോ-അബ്ലേഷൻ) ഉപയോഗിച്ച് ബാഷ്പീകരിച്ചു കളയുന്ന അത്യാധുനിക രീതിയാണിത്.

80% ഹൃദ്രോഗങ്ങളും തടയാം: പ്രതിരോധ മാർഗ്ഗങ്ങൾ

കാര്യക്ഷമമായ ജീവിതശൈലീ മാറ്റങ്ങളിലൂടെയും ജാഗ്രതയിലൂടെയും അകാലത്തിൽ സംഭവിക്കുന്ന 80 ശതമാനത്തോളം ഹൃദ്രോഗങ്ങളെയും തടഞ്ഞുനിർത്താൻ നമുക്ക് സാധിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി പിന്തുടരേണ്ട പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്:

1. സന്തുലിതവും ഹൃദയാനുകൂലവുമായ ഭക്ഷണരീതി:

കുറയ്ക്കേണ്ടവ: ഭക്ഷണത്തിൽ ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ട്രാൻസ് ഫാറ്റ് അടങ്ങിയ അടങ്ങിയ പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

ഉൾപ്പെടുത്തേണ്ടവ: നാരുകൾ സമൃദ്ധമായി അടങ്ങിയ തവിടു കളയാത്ത ധാന്യങ്ങൾ, ധാരാളം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, നട്സ് (ബദാം, വാൽനട്ട്), പയറുവർഗ്ഗങ്ങൾ എന്നിവ ദിനചര്യയുടെ ഭാഗമാക്കുക. റെഡ് മീറ്റിന് (ബീഫ്, മട്ടൺ) പകരം കൊഴുപ്പ് കുറഞ്ഞ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: കഴിക്കുന്ന ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവ് 30 ശതമാനത്തിൽ താഴെ മാത്രമായി പരിമിതപ്പെടുത്തുക.

2. കൃത്യമായ ശാരീരിക വ്യായാമം

ആഴ്ചയിൽ കുറഞ്ഞത് പ്രതിദിനം 30 മിനിറ്റ് വീതം, ആഴ്ചയിൽ 5 ദിവസം മിതമായ നിർബന്ധമായി വ്യായാമം ചെയ്യുക.

വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾക്കൊപ്പം ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പേശീബലം വർദ്ധിപ്പിക്കുന്ന ലളിതമായ വ്യായാമങ്ങളും (റെസിസ്റ്റൻസ് ട്രെയിനിങ്) ചെയ്യാം.

മണിക്കൂറുകളോളം ഒരേയിരിപ്പ് തുടരുന്ന ശീലം (സെഡന്ററി ലൈഫ്‌സ്‌റ്റൈൽ) ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാൻ ശ്രദ്ധിക്കുക.

3. രക്തസമ്മർദ്ദവും പ്രമേഹവും കൃത്യമായി നിയന്ത്രിക്കുക

നിശ്ശബ്ദ കൊലയാളികൾ എന്ന് വിളിക്കപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമാണ് ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ കാരണങ്ങൾ. രക്തസമ്മർദ്ദം (BP), രക്തത്തിലെ ഗ്ലൂക്കോസ് അളവ് (HbA1c) എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ കഴിച്ച് അവ നിശ്ചിത അളവിൽ നിലനിർത്തുകയും ചെയ്യുക.

4. ശരീരഭാരവും നിയന്ത്രിക്കുക: ശരീരഭാരം ആരോഗ്യകരമായ ബി.എം.ഐ (18.5 - 22.9) പരിധിക്കുള്ളിൽ നിലനിർത്തുക.

5. ലഹരിവർജ്ജനവും പുകവലി വിരുദ്ധതയും

പുകവലിയും മറ്റ് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും രക്തധമനികളുടെ ആന്തരിക പാളികളെ നശിപ്പിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ വലിച്ചുവിടുന്ന പുക ശ്വസിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. കൂടാതെ, അമിതമായ മദ്യപാനം രക്തസമ്മർദ്ദം ഉയർത്തുകയും ഹൃദയപേശികളെ ദ്രോഹിക്കുകയും ചെയ്യുമെന്നതിനാൽ മദ്യപാനം ഒഴിവാക്കുക.

6. മാനസിക സമ്മർദ്ദം കുറയ്ക്കലും ഗാഢനിദ്രയും

കടുത്ത മാനസിക സമ്മർദ്ദം (ക്രോണിക് സ്ട്രെസ്) ശരീരത്തിൽ കൊർട്ടിസോൾ, അഡ്രിനാലിൻ എന്നീ ഹോർമോണുകളുടെ അളവ് കൂട്ടുകയും രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഉയർത്തുകയും ചെയ്യും. അതിനാൽ യോഗ, ധ്യാനം തുടങ്ങിയ മറ്റ് വിനോദങ്ങൾ എന്നിവയിലൂടെ സമ്മർദ്ദം അകറ്റുക. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ തടസ്സമില്ലാത്ത നല്ല ഉറക്കം ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

7. കൃത്യമായ മുൻകരുതൽ പരിശോധനകൾ

30-35 വയസ്സ് കഴിയുമ്പോൾ മുതൽ വർഷത്തിലൊരിക്കൽ എങ്കിലും രക്തസമ്മർദ്ദം, ലിപിഡ് പ്രൊഫൈൽ (കൊളസ്ട്രോൾ), ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ എന്നിവ പരിശോധിക്കുക. കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുള്ളവർ ചെറുപ്പത്തിലെ തന്നെ ഇത്തരം മുൻകരുതൽ പരിശോധനകൾ തുടങ്ങേണ്ടതുണ്ട്.

ജീവിതത്തിലുടനീളം ഒരു വിശ്രമവുമില്ലാതെ പ്രവർത്തിക്കുന്ന അവയവമാണ് നമ്മുടെ ഹൃദയം. ഈ ലോക ഹൃദയദിനത്തിൽ, നിങ്ങളുടെ ശരീരം നൽകുന്ന ചെറിയ സൂചനകൾ പോലും അവഗണിക്കരുത്. കാരണം നിങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഒരു മിടിപ്പുപോലും തെറ്റാൻ പാടില്ല!

തയാറാക്കിയത്-ഡോ. വിനു .എ, സീനിയർ കൺസൾട്ടന്റ് & ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്,ആസ്റ്റർ മിംസ് കണ്ണൂർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expert Warns on Silent Heart Risks
Next Story