ചിക്കൻപോക്സ്; ഈ വർഷം ഒമ്പത് മരണം, കുട്ടികളിൽ രോഗം വ്യാപനം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വിദ്യാർത്ഥികളിൽ ചിക്കൻപോക്സ് വ്യാപിക്കുന്നു. ഈ വർഷം ജനുവരി ഒന്നുമുതൽ ഒക്ടോബർ അഞ്ച് വരെ 31,074 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒമ്പത് പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ആകെ 29,055 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 10 പേർ മരിക്കുകയും ചെയ്തിരുന്നു. ഈ വർഷം രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ അഞ്ചിന് മാത്രം 74 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം അഞ്ചു ദിവസത്തിനിടെ 345 പേർക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. സെപ്റ്റംബറിൽ 2,334 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്കൂളുകളിലും കോളേജുകളിലും ചിക്കൻപോക്സ് വ്യാപിക്കുന്നത് പലപ്പോഴും അധ്യാപനത്തെ വരെ ബാധിക്കുന്നുണ്ട്. അതിനാൽ രോഗ ലക്ഷണം കാണുന്ന കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് ആരോഗ്യ വകുപ്പ് നിദേശിക്കുന്നു.
'വേരിസെല്ല സോസ്റ്റർ' (Varicella-Zoster Virus) എന്ന വൈറസാണ് ചിക്കൻപോക്സ് പരത്തുന്നത്. ചെറിയ കുട്ടികളിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളതെങ്കിലും, മുതിർന്നവരിലും ഇത് ഗുരുതരമായി ബാധിക്കാം. വേനൽക്കാലത്തോ അന്തരീക്ഷ താപനിലയിൽ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴോ കൂടുതലായി കണ്ടുവരുന്ന ഒരു വൈറൽ രോഗമാണ് ചിക്കൻപോക്സ്. നേരത്തെ സീസണലായി അനുഭവപ്പെട്ടിരുന്ന ഈ പകർച്ചവ്യാധി ഇപ്പോൾ എല്ലാ കാലാവസ്ഥയിലും കാണപ്പെടുന്നത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ചിക്കൻപോക്സ് അതിവേഗം മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോഗമാണ്.
ലക്ഷണങ്ങൾ
* രോഗാണു ശരീരത്തിലെത്തിയാൽ 10-21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
* രോഗം വരുന്നതിന് തൊട്ടുമുമ്പ് കഠിനമായ പനിയും ക്ഷീണവും അനുഭവപ്പെടാം.
* ശരീരത്തിൽ ചെറിയ ചുവന്ന പാടുകൾ രൂപപ്പെടുകയും പിന്നീട് വെള്ളം നിറഞ്ഞ കുരുക്കളായി (Blisters) മാറുകയും ചെയ്യും.
* കുരുക്കൾ രൂപപ്പെടുന്ന ഭാഗത്ത് കടുത്ത ചൊറിച്ചിൽ അനുഭവപ്പെടും.
* ശരീരവേദന, തലവേദന, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടും.
പകരുന്നതെങ്ങനെ?
* രോഗബാധിതനായ ഒരാൾ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ വായുവിൽ കൂടിയോ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് എത്താം.
* രോഗിയുടെ ശരീരത്തിലെ കുരുക്കളിൽ നിന്നുള്ള സ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുമ്പോൾ.
* രോഗബാധിതർ ഉപയോഗിച്ച വസ്ത്രങ്ങൾ, ടവൽ, കിടക്ക എന്നിവ മറ്റുള്ളവർ ഉപയോഗിക്കുന്നത് വഴി.
രോഗം ബാധിച്ചാൽ:
* രോഗം ഭേദമാകുന്നതുവരെ പൂർണ്ണമായും വീട്ടിൽ വിശ്രമിക്കുക. കുട്ടികളാണെങ്കിൽ സ്കൂളിൽ അയക്കാതിരിക്കുക.
* ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗിയുടെ വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകി വൃത്തിയാക്കുക.
* കുരുക്കൾ ചൊറിഞ്ഞു പൊട്ടിച്ചാൽ ശരീരത്തിൽ സ്ഥിരമായി പാടുകൾ ഉണ്ടാകാനും, പിന്നീട് ബാക്ടീരിയൽ അണുബാധയ്ക്ക് (Secondary Infection) കാരണമാകാനും ഇടയാക്കും.
* വെള്ളവും ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങളും ധാരാളം കഴിക്കുക. എരിവുള്ളതും എണ്ണയിൽ വറുത്തതുമായ ആഹാരങ്ങൾ ഒഴിവാക്കുക.
ശ്രദ്ധിക്കുക:
രോഗലക്ഷണങ്ങൾ തീവ്രമാകുകയോ ശ്വാസതടസ്സം, കഠിനമായ തലവേദന തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

