ഇന്ത്യയുടെ ആന്റി റാബിസ് വാക്സിൻ വ്യാജമെന്ന് ആസ്ട്രേലിയയുടെ മുന്നറിയിപ്പ്; വെല്ലുവിളിച്ച് വാക്സിൻ നിർമാതാവ്
text_fieldsമെൽബൺ: ഇന്ത്യയിൽ നിർമിക്കുന്ന ‘അഭയറാബ്’ എന്ന ആന്റി റാബിസ് വാക്സിൻ വ്യാജമെന്ന മുന്നറിയിപ്പുമായി ആസ്ട്രേലിയ. 2023 നവംബർ മുതൽ ഇന്ത്യയിൽ പ്രചരിക്കുന്ന ആന്റി റാബിസ് വാക്സിനുകളുടെ ‘വ്യാജ ബാച്ചുകൾ’ സംബന്ധിച്ച ആസ്‌ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനും (എ.ടി.എ.ജി.ഐ) വിക്ടോറിയ ആരോഗ്യ വകുപ്പുമാണ് മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യയിലായിരിക്കുമ്പോൾ ഈ വാക്സിൻ സ്വീകരിച്ച ആളുകൾക്ക് റാബിസ് വൈറസ് ബാധിക്കാനോ അതിൽനിന്ന് പൂർണമായി സംരക്ഷിക്കപ്പെടാതിരിക്കാനോ ഉള്ള സാധ്യതയുണ്ടെന്നും കൂടാതെ ആസ്‌ട്രേലിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റാബിസ് വാക്സിൻ ഉപയോഗിച്ചവർ പകരം ഡോസുകൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് ശിപാർശ ചെയ്യുന്നു.
2023 നവംബർ 1 മുതൽ ഇന്ത്യയിൽ അഭയറാബിന്റെ ഒന്നോ അതിലധികമോ ഡോസുകൾ സ്വീകരിച്ചവരോ ഒരു അജ്ഞാത റാബിസ് വാക്സിൻ ബ്രാൻഡ് സ്വീകരിച്ചവരോ ആരോഗ്യ സംരക്ഷണ ദാതാവിനെ/ ഡോക്ടറെ കാണാനും നിർദേശിക്കുന്നു.
എന്നാൽ, ഈ മുന്നറിയിപ്പിനെ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ വാക്സിൻ നിർമാതാവായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് (ഐ.ഐ.എൽ) വെല്ലുവിളിക്കുകയാണ് ചെയ്തത്. മുന്നറിയിപ്പ് നോട്ടീസ് പുനഃപരിശോധിക്കാൻ ആസ്ടേലിയൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.
തങ്ങളുടെ ആന്റി റാബിസ് വാക്സിൻ ‘അഭയ്‌റാബി’ന്റെ ഒരു ബാച്ച് ഉൾപ്പെട്ടുവെന്ന ‘വ്യാജ സംഭവം’ റിപ്പോർട്ട് ചെയ്തതായി ഐ.ഐ.എൽ പറഞ്ഞു. കൂടാതെ ആസ്‌ട്രേലിയൻ ഉപദേശക സമിതി പൊതുജനങ്ങളിലും ആരോഗ്യ സംരക്ഷണ വിദഗ്ധരിലും ഉത്കണ്ഠയും അവിശ്വാസവും സൃഷ്ടിച്ചേക്കാമെന്നും പറഞ്ഞു.
ഇന്ത്യയിലെയും ആഗോള വിപണികളിലെയും അഭയ്‌റാബിന്റെ 210 ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും രാജ്യത്തെ ‘ഏറ്റവും വിശ്വസനീയമായ ബ്രാൻഡ്’ എന്ന് ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ റാബിസ് വിരുദ്ധ വാക്സിൻ വിപണിയുടെ 40 ശതമാനത്തോളം തങ്ങളുടെ കൈവശമുണ്ടെന്നുമാണ് വാക്സിൻ നിർമാതാക്കളുടെ അവകാശവാദം.
അതേസമയം, ഇന്ത്യയുടെ കേന്ദ്ര മരുന്ന് നിയന്ത്രണ അതോറിറ്റി വ്യാജ ബാച്ചിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, വ്യാജ വാക്സിൻ എത്രത്തോളം പ്രചരിച്ചിരിക്കാം, എത്ര പേർക്ക് അത് ലഭിച്ചിരിക്കാം എന്നിവയൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ സംഭവത്തിന്റെ വ്യാപ്തിയും അതിന്റെ ആഘാതവും എത്രത്തോളമുണ്ടെന്നും വ്യക്തമല്ല.
വിക്ടോറിയ ആരോഗ്യ വകുപ്പ് നൽകിയ അധിക വിവരങ്ങൾ
കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവവും എന്നാൽ വളരെ മാരകവുമായ ഒരു രോഗമാണ് റാബിസ്. ഇത് റാബിസ് വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഇത് രോഗബാധിതരായ മൃഗങ്ങളിൽ നിന്നും ആളുകളിലേക്ക് പടരുന്നു. ആസ്‌ട്രേലിയയിൽ ഇത് സംഭവിക്കാറില്ല. പക്ഷേ, ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്നു. റാബിസിന്റെ ലക്ഷണങ്ങൾ സമ്പർക്കം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലോ വർഷങ്ങൾക്കുള്ളിലോ ഉണ്ടാകാം. റാബിസ് വാക്സിൻ അല്ലെങ്കിൽ ആന്റി റാബിസ് ‘ഇമ്യൂണോഗ്ലോബുലിൻ’ രോഗത്തെ തടയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

