You are here

ചിക്കൻ പോക്​സ്​ പടരാതെ ശ്രദ്ധിക്കാം...

Chicken-Pox

ചൂടുകാലത്ത്​ സർവ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ്​ ചിക്കൻപോക്​സ്​. അതിവേഗം പടരുന്ന രോഗമാണിത്​. ‘‘വേരിസെല്ലസോസ്​റ്റർ’’ എന്ന വൈറസാണ്​ ചിക്കൻപോക്​സ്​ പടർത്തുന്നത്​. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, എയ്​ഡ്​സ്​ രോഗികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ ഇതിനെ ഏറെ ശ്രദ്ധയോടെ കാണേണ്ടതുണ്ട്​. 1767ൽ ആണ്​ വസൂരിയിൽനിന്ന്​ വ്യത്യസ്​തമായ ഇൗ രോഗത്തെ ലോകം തിരിച്ചറിഞ്ഞത്​. ‘‘ലഘു വസൂരിക’’ എന്നാണ്​ ആയുർവേദത്തിൽ ഇൗ രോഗം അറിയപ്പെടുക.

പ്രധാന ലക്ഷണങ്ങൾ

  1. പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ്​ ചിക്കൻപോക്​സി​​​​​​െൻറ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിന്​ മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്​. ചിലരിൽ പനി ഉണ്ടാകും.
  2. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ്​ മിക്കവരിലും ചിക്കൻപോക്​സ്​ പ്രകടമാക്കുന്ന ആദ്യ ലക്ഷണം. പൂവി​​​​​​െൻറ ഇതളുകളിൽ വെള്ളത്തുള്ളി പറ്റിയിരിക്കുന്നതുപോലുള്ള കുമിളകൾ ഒറ്റ​ക്കോ കൂട്ടമായോ പ്രകടമാകും. ഏകദേശം 2-6 വരെ ദിവസം ഇൗ ഘട്ടം നീളും. ചുവന്ന തടിപ്പ്​, കുരു, കുമിള, പഴുപ്പ്​, ഉണങ്ങൽ എന്നീ ക്രമത്തിലാണ്​ ഇവ രൂപാന്തരപ്പെടുന്നത്​. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്​സിൽ സാധാരണയാണ്​.

മിക്കവരിലും തലയിലും വായിലും ആണ്​ കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട്​ നെഞ്ചത്തും പുറത്തും ഉണ്ടാകുന്നു. എണ്ണത്തിൽ ഇത്​ കൂടുതലാണ്​. എന്നാൽ, കൈകാലുകളിൽ എണ്ണം കുറവാണ്​. എന്ന പ്രത്യേകതയുമുണ്ട്​.
ചിക്കൻപോക്​സി​​​​​​െൻറ മറ്റൊരു പ്രധാന ലക്ഷണമാണ്​ ചൊറിച്ചിൽ. കുരുക്കളുള്ള ഭാഗത്ത്​ മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ്​ പൊട്ടിയാൽ പഴുക്കാൻ സാധ്യത കൂടുതലാണ്.

രോഗം പകരുന്നത്​ എങ്ങനെ?
ഒരാൾ രോഗിയാകുന്നതിനു മുമ്പുതന്നെ രോഗംപരത്താൻ പ്രാപ്​തനാകുന്നു എന്ന ദൗർഭാഗ്യകരമായ അവസ്​ഥയുള്ള ഒരു രോഗമാണ്​ ചിക്കൻപോക്​സ്​. ഉയർന്നതോതിൽ രോഗം പടർത്തുന്നു എന്നതുതന്നെയാണ്​ ഇൗ രോഗത്തി​​​​​​െൻറ പ്രധാനപ്രശ്​നം.

രോഗിയുടെ വായിൽനിന്നും മൂക്കിൽനിന്നും ഉള്ള സ്രവങ്ങളാണ്​ പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്​പർശനം മൂലവും ചുമ​യ്ക്കു​േമ്പാൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന്​ രണ്ടുദിവസം മുമ്പ്​ മുതൽ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഇൗ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്​.

ഷിംഗിൾസ്​: ചിക്കൻപോക്​സി​​​​​​െൻറ വകഭേദം
ഒരിക്കൽ ചിക്കൻപോക്​സ്​ ബാധിച്ചവരിൽ മാത്രം കാണപ്പെടുന്ന ചിക്കൻപോക്​സി​​​​​​െൻറ ഒരു വകഭേദമാണ്​ ‘ഞരമ്പ്​ പൊട്ടി’ അഥവാ ഷിംഗിൾസ്​. ഇവരിൽ ശരീരത്തിൽ ശക്തമായ വേദന അനുഭവപ്പെടുകയും സംവേദന നാഡികളുടെ വിന്യാസത്തിൽ കൂട്ടമായി കുരുക്കൾ ഉണ്ടാവുകയും ചെയ്യും. ചിക്കൻപോക്​സ്​ വന്നവരിൽ വൈറസ്​ ഉറങ്ങിക്കിടക്കുകയും അനുകൂല സാഹചര്യത്തിൽ പ്രവർത്തന സജ്ജമാകുകയും ചെയ്യുന്നതാണ്​ ഷിംഗിൾസിന്​ ഇടയാക്കുന്നത്​. നെഞ്ചത്തും പുറത്തും മുഖത്തുമാണ്​ ഇവ സാധാരണ കാണപ്പെടുക. കുരുക്കൾ പോയാലും വർഷങ്ങൾ കഴിഞ്ഞും വേദന നിലനിൽക്കുന്നവരുമുണ്ട്​.

ചിക്കൻപോക്​സ്​ സങ്കീർണതകൾ

  • ഗർഭിണികൾ: ഗർഭത്തി​​​​​​െൻറ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്​ചകളിൽ അമ്മ​ക്ക്​ ചിക്കൻപോക്​സ്​ ബാധിച്ചാൽ ഗർഭസ്​ഥ ശിശുവിന്​ കണ്ണിനും തലച്ചോറിനും തകരാറ്​, അംഗവൈകല്യം, നാഡി തളർച്ച ഇവ സംഭവിക്കുമെന്നതിനാൽ ഗർഭിണികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്​.
  • പ്രതിരോധ ശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കൻപോക്​സ്​ ബാധിക്കാറുണ്ട്​. പ്രത്യേകിച്ച്​ തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ ബാധിച്ച്​ പ്രശ്​നങ്ങൾ സങ്കീർണമാക്കാറുണ്ട്​.
  • ചിക്കൻ പോക്​സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത്​ ഗർഭിണികളിലും ദുർബലരിലും സങ്കീർണതക്കിടയാക്കും.
  • കുമിളകൾ പഴുക്കുക, രക്തസ്രാവം എന്നിവ ചിലരിൽ സങ്കീർണത സൃഷ്​ടിക്കും.

പരിഹാരങ്ങൾ
ചികിത്സ, പോഷക ഭക്ഷണം, വിശ്രമം ഇവ അനിവാര്യമായ ഒരു രോഗമാണ്​ ചിക്കൻപോക്​സ്​. കുരുക്കൾ ഉണക്കുക, പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക, വേദന കുറ​ക്കുക, പനി ശമിപ്പിക്കുക ഇവ ഉൾപ്പെട്ടതാണ്​ ചിക്കൻ പോക്​സി​​​​​​െൻറ ആയുർവേദ ചികിത്സകൾ. കണിക്കൊന്ന, വേപ്പ്​, മഞ്ചട്ടി, ഗുഗ്ഗുലു ഇവ ഉൾപ്പെട്ട മരുന്നുകൾ അതിവേഗം കുരുക്കളെ ഉണക്കുകയും പാട്​ ഇല്ലാതാക്കുകയും ചെയ്യും. കുളിക്കാൻ നാൽപാമരമോ ത്രിഫലയോ വേപ്പിലയും മഞ്ഞളും ചേർത്തതോ ആയ ചെറുചൂടുള്ള വെള്ളം ഉപയോഗപ്പെടുത്താം. പ്രതിരോധ ശക്തിക്ക്​ രസായനൗഷധങ്ങളും നൽകുന്നു. ചികിത്സ​ക്കൊപ്പം വിശ്രമം അനിവാര്യമാണ്​. മറ്റുള്ളവർക്ക്​ രോഗം പരത്താതിരിക്കാനും രോഗി ശ്രദ്ധിക്കേണ്ടതുണ്ട്​.

പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ വിഭവങ്ങൾ ചിക്കൻപോക്​സ്​ ബാധിച്ചവർക്ക്​ അനുയോജ്യം. ഒപ്പം വെള്ളവും ധാരാളം ഉൾപ്പെടുത്തേണ്ടതാണ്​. തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം.

രോഗി ശ്രദ്ധിക്കേണ്ടത്​

  • കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും.
  • മറ്റുള്ളവരുമായി ഇടപഴകുന്നത്​ രോഗി പരമാവധി ഒഴിവാക്കുക. മൂക്കിലെയും വായിലെയും സ്രവങ്ങളും പൊട്ടിയ കുരുവിലെ സ്രവങ്ങളും രോഗം പകർത്തുമെന്നറിയുക.
  • പോഷക ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
  • കുരുക്കൾ പൊന്തി 6-10 ദിവസംവരെ രോഗം പരത്തുമെന്നതിനാൽ ഇൗ കാലയളവിൽ കുട്ടികൾ സ്​കൂളിലും മുതിർന്നവർ ജോലി സ്​ഥലത്തും പൊതുസ്​ഥലത്തും പോകാതിരിക്കുക.

 

തയാറാക്കിയത്​: ഡോ. പ്രിയ ദേവദത്ത്​
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com

 

Loading...
COMMENTS