Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightവേനലിനെ നേരിടാം

വേനലിനെ നേരിടാം

text_fields
bookmark_border
വേനലിനെ നേരിടാം
cancel

സൂര്യനോട് ഭൂമി ഏറ്റവും അടുത്തുവരുന്നത് വേനല്‍ക്കാലത്താണ്. തീക്ഷ്ണമായ സൂര്യരശ്മികള്‍ പതിക്കുന്നതോടെ വറ്റിവരണ്ട ജലാശയങ്ങളും വാടിക്കരിഞ്ഞ സസ്യങ്ങളുമായി പ്രകൃതിയും മാറുന്നു. ജീവജാലങ്ങളുടെ ബലത്തെ അപ്പാടെ വലിച്ചെടുക്കുന്നത് എന്നര്‍ത്ഥത്തില്‍ ‘ആദാനകാലം’ എന്നാണ് വേനലിനെ ആയുര്‍വേദം സൂചിപ്പിക്കുക.
വേനല്‍ക്കാലവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. നിര്‍ജ്ജലീകരണം, പൊള്ളല്‍, സൂര്യാഘാതം എന്നീ മൂന്ന് ആരോഗ്യപ്രശ്നങ്ങളാണ് വേനല്‍ പ്രധാനമായും നല്‍കുന്നത്. ഇതിന് പുറമെ വെള്ളം, വായു ഇവവഴി പകരുന്ന രോഗങ്ങള്‍, ത്വക്രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ കൂട്ടമായത്തെുന്നതും വേനല്‍ക്കാലത്താണ്.

നിര്‍ജലീകരണം
നിര്‍ജലീകരണത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. ദാഹം, ഉണങ്ങിയ വായ, സാന്ദ്രത കൂടിയ ഉമിനീര് എന്നിവയാണ് നിര്‍ജലീകരണം നല്‍കുന്ന ആദ്യ സൂചനകള്‍. അമിതമായ ചൂടുള്ള സമയത്ത് വിയര്‍പ്പിലൂടെ മാത്രം ധാരാളം ജലം പുറത്തുപോകും. പുറംപണികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അതിവേഗത്തിലാണ് നിര്‍ജലീകരണം സംഭവിച്ച് ജലനഷ്ടമുണ്ടാവുക. ഈര്‍പ്പം നഷ്ടപ്പെട്ട കണ്ണ്, കടുംമഞ്ഞ നിറത്തിലോ തവിട്ട് നിറത്തിലോ മൂത്രം പോവുക, മൂത്രം പോകുന്നത് കുറയുക, വായും നാവും വരണ്ടുണങ്ങുക തുടങ്ങിയ ലക്ഷണങ്ങളിലൂടെ നിര്‍ജലീകരണം രണ്ടാം ഘട്ടത്തിലത്തെുന്നു.
ചിലപ്പോള്‍ നിര്‍ജലീകരണം മാരകമാകാറുണ്ട്. അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ശരീരം പെട്ടെന്ന് ക്ഷീണിക്കും. ഗുരുതരമായ മൂന്നാം ഘട്ടത്തില്‍ കിടന്നാലും കുറയാത്ത തലചുറ്റല്‍, വേഗത്തിലും ദുര്‍ബലവുമായ നാഡിമിടിപ്പ്, മൂത്രമില്ലായ്മ, ബോധക്കേട് ഇവ പ്രകടമാകും. ഈ അവസ്ഥയില്‍ തീവ്രപരിചരണം അനിവാര്യമാണ്.
ചൂടുകാലത്ത് ക്ഷീണംതോന്നിയാല്‍ ഉടന്‍ വെള്ളം കുടിക്കണം. പതിവ് പോലെയുള്ള വെള്ളംകുടിയല്ല ചൂടുകാലത്ത് വേണ്ടത്. കൂടുതല്‍ തവണകളായി വെള്ളം കുടിക്കുന്നതാണ് ഉചിതം. കുറേവെള്ളം ഒറ്റയടിക്ക് കുടിക്കാതെ കുറേശ്ശെ വെള്ളം കൂടുതല്‍ തവണകളായി കുടിക്കുന്നതാണ് നല്ല ഫലം തരിക. ഉപ്പിട്ടകഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോര്, പഴങ്ങള്‍ ഇവ പ്രയോജനപ്പെടുത്താം. ശരീരത്തിന് ആവശ്യമായ വെള്ളത്തിന്‍െറ തോത് നിര്‍ണ്ണയിക്കുന്നത് വ്യക്തിയുടെ ജോലി, വ്യായാമം, രോഗങ്ങള്‍ എന്നിവ കണക്കാക്കിയാണ്.

പൊള്ളല്‍
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് പൊള്ളലുണ്ടാക്കുന്നത്. ചര്‍മ്മത്തില്‍ വസ്ത്രംകൊണ്ട് മറയാത്ത ഭാഗത്താണ് കൂടുതല്‍ പൊള്ളലേല്‍ക്കുക. വേനല്‍ക്കാലത്ത് മേഘത്താല്‍ സൂര്യന്‍ മറഞ്ഞിരുന്നാലും അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നതിന് കുറവുണ്ടാകില്ല. ഇതറിയാതെ പുറം പണിയെടുക്കുന്നവരാണ് കൂടുതലും പൊള്ളലിനിരയാവുക. പൊള്ളലേറ്റാല്‍ ഉടന്‍ ചികിത്സതേടേണ്ടതാണ്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

സൂര്യാഘാതം
ചൂടില്‍നിന്ന് രക്ഷിക്കുന്നതിനായി ശരീരം സ്വയം ഒരുക്കുന്ന പ്രതിഭാസമാണ് വിയര്‍പ്പ്. വിയര്‍പ്പ് കണങ്ങള്‍ തൊലിപ്പുറത്ത് ബാഷ്പമാകുന്നതിന്‍െറ ഫലമായി ശരീരോഷ്മാവ് ഗണ്യമായി കുറയും. എന്നാല്‍, ഒരുപരിധിക്ക് മുകളിലുള്ള കഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ ജലനഷ്ടം കുറയ്ക്കാനായി ശരീരം വിയര്‍ക്കുന്ന പ്രതിഭാസം നിര്‍ത്തിവെക്കും. ഇതുമൂലം ശരീരതാപനില അപകടകരമായ നിലയില്‍ ഉയരുന്നതാണ് സൂര്യാഘാതം. തലവേദന, തലകറക്കം, പേശിപിടുത്തം തുടങ്ങിയ ലക്ഷ്ണങ്ങളിലൂടെ അതിവേഗത്തിലാണ് സൂര്യാഘാതം ശരീരത്തെ കീഴ്പ്പെടുത്തുക. നിര്‍ജലീകരണം ഉണ്ടാകുമ്പോള്‍ വൃക്കകള്‍, ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കാറുണ്ട്. ആന്തരികാവയവങ്ങളില്‍ രക്തമത്തൊത്ത രീതിയില്‍ നിര്‍ജലീകരണമുണ്ടാകും.

കുടിവെള്ളം ശ്രദ്ധയോടെ
വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഭക്ഷണപദാര്‍ത്ഥങ്ങളേക്കാള്‍ പാനീയങ്ങള്‍ക്കാണ് വേനല്‍ക്കാലത്ത് ഏറെ ആവശ്യകത. കിട്ടുന്ന വെള്ളമാകട്ടെ വിവിധതരത്തില്‍ മലിനപ്പെട്ട് രോഗങ്ങള്‍ക്ക് ഇടയാകുമെന്നതിനാല്‍ കുടിവെള്ളം ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ.

 • ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കിണറും കക്കൂസുകള്‍പോലെയുള്ള മാലിന്യസ്രോതസുകളും നിശ്ചിത അകലം പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.
 • ടാപ്പിലെ വെള്ളം ഇടക്കിടെ നിന്നുപോകുന്നതോടെ ടാപ്പിനുള്ളില്‍ ഒരുവാക്വം രൂപപ്പെടാറുണ്ട്. ഒപ്പം പൊട്ടലുണ്ടെങ്കില്‍ ചുറ്റുപാടുമുള്ള മലിനജലത്തെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും വെള്ളത്തില്‍ കലര്‍ന്ന് വിവിധ രോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യും.
 • ക്ളോറിനേറ്റഡ് വെള്ളം അപ്പാടെ ഉപയോഗിക്കാതെ രണ്ടു മണിക്കൂറോളം വാവട്ടമുള്ള പാത്രത്തില്‍ തുറന്ന് വെക്കുന്നത് ക്ളോറിന്‍െറയും ബ്ളീച്ചിങ് പൗഡറിന്‍െറയും സാന്നിധ്യം കുറെയൊക്കെ ഒഴിവാക്കും.
 • മധുരമുള്ള പാനീയങ്ങള്‍ വെള്ളത്തിന് പകരമാകില്ല. വേനല്‍ക്കാലത്ത് തിളപ്പിച്ചാറിയ ശുദ്ധജലം വേണ്ടത്ര അളവില്‍ ഉപയോഗിക്കണം. വെട്ടിത്തിളച്ച് ഇളകി മറിഞ്ഞശേഷം 2-3 മിനുറ്റ് കൂടി തിളപ്പിച്ച് ഉപയോഗിക്കുകയാണ് വേണ്ടത്.
 • പഴച്ചാറുകള്‍ വീട്ടില്‍തന്നെ തയാറാക്കുന്നതാണ് ഉചിതം. കടകളില്‍ പഴങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന വെള്ളം മലിനമാണെങ്കില്‍ വിവിധ രോഗങ്ങള്‍ വന്നേക്കാം.
 • അവധിക്കാലമായതിനാല്‍ വേനല്‍ യാത്രകളുടെ കാലം കൂടിയാണ്. മിനറല്‍ വാട്ടറുകള്‍ മാലിന്യ മുക്തമാണെന്നതിന് ഉറപ്പൊന്നുമില്ല. അതിനാല്‍ വീട്ടില്‍നിന്ന് തന്നെ വെള്ളം യാത്രാവേളകളില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം.
 • വേനല്‍ ചൂടിനെ കുറക്കാന്‍ മദ്യം കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. മദ്യം ചൂടിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍െറ ശേഷിയെ കുറക്കുകയും മൂത്രത്തിന്‍െറ അളവ് കൂട്ടി ജലനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് സൂര്യാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
 • മല്ലിവെള്ളം, ബാര്‍ലിവെള്ളം, കരിക്കിന്‍വെള്ളം, രണ്ട്, മൂന്ന് കഷ്ണം പച്ചമാങ്ങ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം, ഉപ്പ് കുറച്ച് ചേര്‍ത്ത നാരങ്ങവെള്ളം, കഞ്ഞിവെള്ളം ഇവ ചൂടിന്‍െറ കാഠിന്യത്തെകുറക്കാന്‍ മാറിമാറി കഴിക്കണം. നറുനീണ്ടിയൊ  രാമച്ചമോ ചേര്‍ത്ത് തിളപ്പിച്ചവെള്ളം കൂജയില്‍വെച്ച് കുടിക്കുന്നതും ചൂടകറ്റും. ഒപ്പം ശീതളപാനീയങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. അസിഡിറ്റി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശീതളപാനീയങ്ങള്‍ കാരണമാകാറുണ്ട്.

ത്വക്രോഗങ്ങള്‍
ചര്‍മ്മ സൗന്ദര്യത്തിന് വേനല്‍ മങ്ങലേല്‍പ്പിക്കാറുണ്ട്. ചൂടുകുരു, ചര്‍മ്മം കാരുവാളിക്കല്‍, അണുബാധമൂലം ചര്‍മ്മം ചൊറിഞ്ഞ് തടിക്കല്‍ തുടങ്ങിയവയാണ് സാധാരണ കാണുന്ന പ്രശ്നങ്ങള്‍.

ചൂടുകുരു
സ്വേദഗ്രന്ഥികള്‍ അടഞ്ഞ് വിയര്‍പ്പ് തൊലിക്കടിയില്‍ അടിയുമ്പോഴാണ് ചൂടുകുരു പൊങ്ങുന്നത്. വസ്ത്രങ്ങള്‍ ഉരയുന്ന ഭാഗങ്ങളിലും തൊലിമടക്കുകളിലുമാണ് ഇത് കൂടുതലും ഉണ്ടാവുക. ചുമന്ന പാടുകളായോ ചെറിയ കുമിളകളായോ ഇത് പ്രകടമാകാം.

 • നെല്ലിക്കപ്പൊടി വെള്ളത്തില്‍ ചാലിച്ച് പുരട്ടുന്നത് ചൂടുകുരു അകറ്റും.
 • ഏലാദി ചൂര്‍ണ്ണവും നല്ല ഫലംതരും.
 • നാല്‍പ്പാമരം വെന്തവെള്ളത്തില്‍ മേല്‍കഴുകാം.

ചര്‍മ്മം കരുവാളിക്കല്‍
അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലെ മെലാനിന്‍ എന്ന രാസവസ്തുവുമായി പ്രതിപ്രവര്‍ത്തിക്കുന്നതാണ് കരുവാളിപ്പിനിടയാക്കുന്നത്. വെയില്‍ നേരിട്ട് കൊള്ളാതിരിക്കുന്നതിനോടൊപ്പം വെള്ളരിക്ക പാലില്‍ അരച്ച് പുരട്ടുന്നത് കരുവാളിപ്പ് അകറ്റും. തക്കാളി അരച്ച് പുറമേ പുരട്ടുന്നതും ഗുണകരമാണ്. പിണ്ണതൈലം, ഏലാദിതൈലം എന്നിവ നല്ല ഫലം തരും.

ചൊറിഞ്ഞ്തടിപ്പ്
വിവിധ അണുബാധകള്‍ മൂലം ചര്‍മ്മം ചൊറിഞ്ഞ് പൊട്ടുകയും തടിക്കുകയും ചെയ്യാറുണ്ട്. ഒൗഷധങ്ങള്‍ക്കൊപ്പം തെച്ചിവേരിലെ തൊലി തേങ്ങാപ്പാലില്‍ അരച്ച് പുരട്ടാം. ഏലാദി, ദുര്‍മാദി, ചെമ്പരുത്ത്യാദി കേരങ്ങള്‍ ചൊറിച്ചില്‍ അകറ്റും.

നേത്രരോഗങ്ങള്‍
നിസാരമായ ചൊറിച്ചില്‍ മുതല്‍ ഗുരുതരമായ നേത്രരോഗങ്ങള്‍വരെ വേനല്‍ച്ചൂട് മൂലം കണ്ണിനുണ്ടാകും. അലര്‍ജി, ചെങ്കണ്ണ്, കണ്ണ് വരളല്‍, കണ്‍കുരു, കണ്ണിന്‍െറ സുതാര്യമായ പാളി (കോര്‍ണിയ)യില്‍ അണുബാധ തുടങ്ങിയ പ്രശ്നങ്ങളാണ് വേനല്‍ക്കാലത്തുണ്ടാകുക. കൂടാതെ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിലേല്‍ക്കുന്നവരില്‍ തിമിരം നേരത്തെ ഉണ്ടാകാനുള്ള സാധ്യത  കൂട്ടാറുണ്ട്. രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും വേനലില്‍ കുടിക്കുന്നത് കണ്ണിന്‍െറ ഈര്‍പ്പം നിലനിര്‍ത്തും. ശുചിത്വം കര്‍ശനമായി പാലിക്കുന്നതോടൊപ്പം പുറത്ത് പോകുമ്പോള്‍ സണ്‍ഗ്ളാസ് ധരിക്കുന്നതും കണ്ണിന്‍െറ ആരോഗ്യത്തിന് നല്ലതാണ്. നെല്ലിക്ക, കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ എന്നിവ ഭക്ഷണത്തില്‍പ്പെടുത്തുന്നതും നല്ല ഫലം തരും. നേത്രാമൃതം ഓരോതുള്ളി വീതം പകല്‍ കണ്ണിലിറ്റിക്കുന്നതും കണ്ണിന്‍െറ ചൂട് കുറക്കും. ഒൗഷധങ്ങള്‍ക്കൊപ്പം കണ്ണ് ശുചിയായി സംരക്ഷിക്കുക, കണ്ണിലേക്ക് ശുദ്ധജലം തെറിപ്പിക്കുക, കണ്ണ് ചിമ്മുക എന്നിവയും അനിവാര്യമാണ്.

ജലജന്യരോഗങ്ങള്‍
മഞ്ഞപ്പിത്തം, ടൈഫ്രോയ്ഡ്, കോളറ, വയറിളക്കം, അമീബിയാസിസ് എന്നിവ മലിനജലം വഴി പകരുന്ന രോഗങ്ങളാണ്.

വായുവഴി പകരുന്ന രോഗങ്ങള്‍
ചിക്കന്‍ പോക്സ്, അഞ്ചാം പനി എന്നിവയാണ് വേനലില്‍ വായുവഴി പകരുന്ന പ്രധാന രോഗങ്ങള്‍. ഡോക്ടറുടെ നിര്‍ദേശാനുസരണം ചികിത്സ നല്‍കേണ്ടതാണ്.

Show Full Article
TAGS:summer hot 
Next Story