Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightമൈഗ്രേന്‍ തടയാം

മൈഗ്രേന്‍ തടയാം

text_fields
bookmark_border
മൈഗ്രേന്‍ തടയാം
cancel

വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പനാണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്പാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു എന്നതിനാല്‍ ‘അര്‍ധാവ ഭേദകം’ എന്നും ‘ഹെമിക്രേനിയ’ എന്നും മൈഗ്രേന് പേരുണ്ട്. മിക്കവാറും നെറ്റിയുടെ വശത്ത് നിന്ന് വേദന ആരംഭിക്കുന്നതിനാല്‍ ‘ചെന്നിക്കുത്ത്’ എന്നും പറയാറുണ്ട്.

മൈഗ്രേന്‍ ഉണ്ടാകുന്നത്
വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡിതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേന് വഴിയൊരുക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം എന്നിവയും മൈഗ്രേനിടയാക്കും.
ശരീരത്തിന്‍െറ ഇതര അവയവങ്ങളിലുണ്ടാകുന്ന വേദന അറിയാനുള്ള സിദ്ധി തലച്ചോറിനുണ്ടെങ്കിലും മസ്തിഷ്കത്തിന് സ്വയം വേദനാനുഭവമില്ല. എന്നാല്‍ വേദന അറിയുന്ന തന്തുക്കള്‍ നിറഞ്ഞ മസ്തിഷ്കത്തിന്‍െറ ആവരണമായ ഡ്യൂറാമേറ്ററിലുണ്ടാകുന്ന വീക്കവും വികാസവുമെല്ലാം വേദനയുണ്ടാക്കും. കൂടാതെ കഴുത്തിന്‍െറ പിന്‍ഭാഗം, തലയുടെ പിറക്വശം, തലച്ചോറിന്‍െറ അടിവശം തുടങ്ങിയ ഭാഗങ്ങളിലെ ധമനികള്‍ക്ക് ചുറ്റും വേദന അറിയുന്ന തന്തുക്കള്‍ സുലഭമാണ്. രക്തധമനികള്‍ക്കും അതുവഴി തന്തുക്കള്‍ക്കും ഏല്‍ക്കുന്ന ആഘാതങ്ങള്‍ വേദനയായി മാറുന്നു. മിക്കപ്പോഴും തലയുടെ ഒരു വശത്തുമാത്രമാണ് വേദന തുടങ്ങുന്നത്. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും. രോഗത്തിന്‍െറ ദുരിതങ്ങളില്‍ ഏറ്റവും കുടുതലായി അനുഭവപ്പെടുന്നതും വേദനയാണ്.

സ്ത്രീകളില്‍ കൂടുതല്‍
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൈഗ്രേന്‍ കൂടുതലായി കാണാറുണ്ട്. 15 ശതമാനത്തോളം സ്ത്രീകളില്‍ ആര്‍ത്തവത്തിന് തൊട്ട്മുമ്പുള്ള ദിവസങ്ങളില്‍ മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. ഗര്‍ഭിണികളില്‍ തലവേദനയുടെ കാഠിന്യം കുറയുമെങ്കിലും അപൂര്‍വമായി മൈഗ്രേന്‍ സങ്കീര്‍ണതകള്‍ക്കിടയാക്കാറുണ്ട്. 40-45 വയസ്സോടെ തലവേദനയുടെ കാഠിന്യവും ആവര്‍ത്തനവും കുറയാറുണ്ട്. എന്നാല്‍ ചിലരില്‍ മൈഗ്രേന്‍ ആര്‍ത്തവ വിരാമശേഷം കൂടിവരാറുണ്ട്. പാരമ്പര്യമായും ഉണ്ടാകാറുണ്ട്.

ലക്ഷണങ്ങള്‍
മൈഗ്രേന്‍െറ പ്രധാന ലക്ഷണം ദിവസങ്ങളോ ആഴ്ചകളോ ഇടവിട്ടുണ്ടാകുന്ന ശക്തമായ തലവേദനയാണ്. തലയുടെ വശങ്ങളില്‍ വിങ്ങലുള്ള വേദനയോടെയാണ് മിക്കവരിലും മൈഗ്രേന്‍ തുടങ്ങുക. ഈ ഭാഗത്ത് രക്തക്കുഴലുകള്‍ ശക്തമായി തുടിക്കുന്നത് സ്പര്‍ശിച്ചറിയാനാകും. ചിലരില്‍ കണ്ണിന് ചുറ്റുമായാണ് വേദന തുടങ്ങുക. ഏതാനും സമയംകൊണ്ട് തലവേദന ശക്തിപ്രാപിക്കും. ഇരുണ്ട മുറിയില്‍ കിടക്കാന്‍ താല്‍പര്യം, ഓക്കാനം, ഛര്‍ദി എന്നിവയും കാണാറുണ്ട്.

തലവേദന തുടങ്ങുംമുമ്പ്
തലച്ചോറിന്‍െറ  ചില ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലെ താല്‍ക്കാലികമായ മാറ്റങ്ങള്‍ മൂലം 20 ശതമാനം രോഗികളില്‍ തലവേദന തുടങ്ങുന്നതിന് മുമ്പായ ചില ലക്ഷണങ്ങള്‍ കാണാറുണ്ട്. കണ്ണിന് മുമ്പില്‍ തിളങ്ങുന്ന കമ്പികള്‍ പോലെയോ കോട്ടകള്‍ പോലെയോ പ്രകാശം കാണുന്ന കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മിക്കവരിലും ഉണ്ടാവുക. പ്രകാശവലയത്തന് പുറമെ വെള്ളിവെളിച്ചം, കറുത്തപൊട്ട്, ചിലന്തിവലയിലൂടെ നോക്കുന്നപോലെ തോന്നുക എന്നിവയും കാണാറുണ്ട്. അപൂര്‍വമായി ശരീരത്തിന്‍െറ ഒരു വശത്ത് ശേഷിക്കുറവോ, പെരുപ്പോ ഉണ്ടാവാറുണ്ട്.
ലക്ഷണങ്ങള്‍ കുറയുന്നതോടെ തലവേദന ശക്തിപ്രാപിക്കും.

തലകറക്കത്തോടെയുള്ള മൈഗ്രേന്‍
തലകറക്കം, നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി വേച്ച് പോവുക, അവ്യക്തമായ സംസാരം, പെരുപ്പ്, മോഹലസ്യം തുടങ്ങിയ ലക്ഷണങ്ങള്‍ 10-30 മിനിട്ടുവരെ നീണ്ടുനിന്ന ശേഷം തലവേദന കൂടുന്ന തരം മൈഗ്രേന്‍. ചെറുപ്പക്കാരായ സ്ത്രീകളിലും കുട്ടികളിലും കാണുന്നു.

തുടര്‍ന്ന് നില്‍ക്കുന്ന മൈഗ്രേന്‍
മയക്കുമരുന്നിന്‍െറ ഉപയോഗം, തലക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍, മാനസിക പിരിമുറുക്കം, അണുബാധ എന്നിവയൊക്കെ തുടര്‍ച്ചയായി ശക്തമായ വേദനയോടെ മൈഗ്രേന്‍ നിലനില്‍ക്കാന്‍ ഇടയാക്കാറുണ്ട്.

കണ്ണും മൈഗ്രേനും
മൈഗ്രേന്‍ കണ്ണുകളുടെ ചലനത്തെയും ചിലപ്പോള്‍ ബാധിക്കാറുണ്ട്. കാഴ്ച കുറയുക, കോങ്കണ്ണ്, നോക്കുന്നതെല്ലാം രണ്ടായി തോന്നുക എന്നിവയും ഉണ്ടാകാറുണ്ട്. തലവേദനക്കൊപ്പമോ അതിന് ശേഷമോ ഇവ ഉണ്ടാകാം.

കുട്ടികളും മൈഗ്രേനും
വിവിധ ലക്ഷണങ്ങളോട് കൂടിയ പലതരം മൈഗ്രേനുകള്‍ കുട്ടികളെ ബാധിക്കാറുണ്ട്. പാരമ്പര്യമായും മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. പെട്ടെന്ന് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താനാകാത്ത മാനസികാവസ്ഥ മൂലം മൈഗ്രേനുണ്ടാവുക, പ്രകാശവലയമോ നിറങ്ങളോ കാണുക, മദ്യപന്‍െറ രീതിയിലുള്ള നടപ്പ്, ഇരട്ടയായി കാണുക, തളര്‍ച്ച, തുടരത്തെുടരെയുള്ള ഛര്‍ദിയും വയറുവേദനയയും എന്നിവയൊക്കെ കുട്ടികളില്‍ കാണപ്പെടുന്ന മൈഗ്രേനുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. പാരമ്പര്യവുമായി ബന്ധപ്പെട്ട മൈഗ്രേന് മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഒരു വശം തളരുകയും ചെയ്യുന്നു.

മൈഗ്രേനും ഉദ്ദീപനഘടകങ്ങളും
മൈഗ്രേന്‍ ഉള്ളവരില്‍ ചില ഉദ്ദീപന ഘടങ്ങള്‍ മൈഗ്രേന്‍ പെട്ടെന്ന് തീവ്രമാക്കാറുണ്ട്. ദിനചര്യയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, ചിലയിനം ഭക്ഷണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അധികമായ വ്യായാമം, മാനസിക സമ്മര്‍ദം, അമിതമായ ലൈംഗികവേഴ്ച, മദ്യപാനം, പുകവലി, ഉറക്കം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവയൊക്കെ പലരിലും ഉദ്ദീപനമാകാറുണ്ട്.
ചോക്ളേറ്റ്, വൈന്‍, കാപ്പി, ചായ, കോള, മദ്യം, അണ്ടിപ്പരിപ്പുകള്‍, പൈനാപ്പിള്‍, ഓറഞ്ച്, പഴുത്ത മുന്തിരി, ഉള്ളി, ബീന്‍സ്, കൃത്രിമമധുരം എന്നിവ മൈഗ്രേനുള്ളവരില്‍ ഉദ്ദീപനമാറാറുണ്ട്. വിരുദ്ധാഹാരങ്ങള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, സാംസ്കാരിക മാംസാഹാരങ്ങള്‍, അജിനോമോട്ടോ അടങ്ങിയ ഭക്ഷണങ്ങള്‍  ഇവയും ഉദ്ദീപനമാകാറുണ്ട്.

വേദനയുടെ കാഠിന്യം കുറക്കുന്ന ഭക്ഷണങ്ങള്‍
മൈഗ്രേന്‍ വേദന കുറക്കുന്നവയില്‍ പ്രധാനം ഇഞ്ചിയാണ്. പാകപ്പെടുത്താത്ത ഇഞ്ചിയാണ് കൂടുതല്‍ ഗുണകരം. വേദനക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്രാന്‍സിനുകളെ തടഞ്ഞാണ് ഇഞ്ചി വേദന കുറക്കുന്നത്. കൂടാതെ പുഴുങ്ങിയ ഏത്തപ്പഴം, ഓട്സ്, ബദാം കപ്പലണ്ടി, എള്ള്, മത്തി, അയല, ഇലക്കറി, മുഴുധാന്യങ്ങള്‍ ഇവ നല്ല ഫലം തരും. കൃത്യസമയത്ത് വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും മൈഗ്രേന്‍ സാധ്യതയുള്ളവര്‍ ശ്രദ്ധിക്കണം.

ചികിത്സ
ഒൗഷധങ്ങള്‍ക്കൊപ്പം സ്നേഹപാനം, സ്വേദനം, നസ്യം, തളം, ശിരോവസ്തി, ലേപനം, വസ്തി ഇവ അവസ്ഥാനുസരണം നല്‍കുന്നത് മികച്ച ഫലം തരും. ഉചിതമായ തൈലങ്ങള്‍ തലയിലും ഉപയോഗിക്കണം. വേണ്ടത്ര വിശ്രമവും മെച്ചപ്പെട്ട ജീവിതശൈലിയും ചികിത്സയുടെ ഭാഗമാണ്. ഒപ്പം ഉഴുന്ന് വേവിച്ചുടച്ച് പാലില്‍ ചേര്‍ത്ത്  കഴിക്കുക, ജീരകക്കഞ്ഞി, ജീരകം ചേര്‍ത്ത് പാല്‍ കാച്ചി കുടിക്കുക, ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച് കുടിക്കുക തുടങ്ങിയവയും നല്ല ഗുണം തരും. മുക്കൂറ്റി അരച്ച് നെറ്റിയുടെ വശങ്ങളില്‍ പുരട്ടുന്നതും പൂവന്‍ കുറുന്നില നീര് തലയില്‍ തളം വയ്ക്കുന്നതും വേദന കുറയ്ക്കും.

drpriyamannar@gmail.com

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migraine headache
Next Story