ഇന്ത്യയിൽ ആദ്യമായി 84കാരിക്ക് താക്കോൽദ്വാര ശസ്ത്രക്രിയ
text_fieldsrepresentational image
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഡയഫ്രമാറ്റിക് ഹെർണിയക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ 84കാരിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യയിൽതന്നെ ഇതിനുമുമ്പ് ഈ രോഗത്തിനുള്ള ശസ്ത്രക്രിയ നടന്നത് 82 വയസ്സുള്ള രോഗിക്കാണ്.
ഉദരവും ശ്വാസകോശവും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രത്തിലെ ഹെർണിയമൂലമുള്ള അസ്വസ്ഥതയാൽ രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് രോഗിയുടെ പ്രായം വെല്ലുവിളിയായിരുന്നു. മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ കേടുപാടുകൾ തീർത്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗി സുഖം പ്രാപിച്ചുവരുന്നു.
സർജറി വിഭാഗത്തിലെ ഡോ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. ജി. ഉണ്ണികൃഷ്ണൻ, ഡോ. സജിൻ, ഡോ. കെവിൻ, ഡോ. അർച്ചന, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മായ, ഡോ. സുമ, ഡോ. തുഷാര, ഡോ. രഞ്ജന, നഴ്സുമാരായ പ്രിൻസിത, ശിൽപ എന്നിവർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

