പ്രമേഹരോഗികൾക്കായി പ്രത്യേക കായികാരോഗ്യകേന്ദ്രം വേണം
text_fieldsമനാമ: പ്രമേഹരോഗികൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനായി തെക്കൻ ഗവർണറേറ്റിൽ സംയോജിത കായികാരോഗ്യകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം പുനരുജ്ജീവിപ്പിച്ച് മുനിസിപ്പൽ കൗൺസിലർമാർ. ഇത് സംബന്ധിച്ച പ്രമേയം വീണ്ടും ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ചു. നേരത്തേ കൗൺസിൽ അംഗങ്ങൾ സമാന നിർദേശം സമർപ്പിച്ചപ്പോൾ, രാജ്യത്തുടനീളമുള്ള പ്രമേഹരോഗികൾക്ക് വിപുലമായ പരിചരണം നൽകാൻ ബഹ്റൈനിലെ നിലവിലുള്ള പ്രാഥമികാരോഗ്യ ശൃംഖലക്ക് കഴിവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മറുപടി നൽകിയിരുന്നു.
എല്ലാ ഗവർണറേറ്റുകളിലുമായി സ്ഥിതി ചെയ്യുന്ന 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പൗരന്മാർക്കും താമസക്കാർക്കും വിപുലമായ നിലവാരമുള്ള സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നെന്ന് കൗൺസിലിന്റെ നിർദേശത്തിന് മറുപടി നൽകി ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ലുൽവ ശുവൈത്തർ പറഞ്ഞിരുന്നു. ഫാമിലി മെഡിസിൻ ക്ലിനിക്കുകൾ, വിട്ടുമാറാത്ത രോഗ ക്ലിനിക്കുകൾ, കൂടാതെ വയോജനങ്ങൾക്കും പ്രത്യേക ആവശ്യങ്ങളുള്ള രോഗികൾക്കുമുള്ള മൊബൈൽ യൂനിറ്റുകൾ എന്നിവ വഴിയുള്ള പ്രമേഹപരിചരണവും ഇതിൽ ഉൾപ്പെടുന്നു.
രോഗികൾക്ക് ഏറ്റവും ഉചിതമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാഥമിക പരിചരണ കേന്ദ്രങ്ങളും സർക്കാർ ആശുപത്രികളും തമ്മിൽ വ്യക്തമായ റഫറൽ സംവിധാനങ്ങളുണ്ട്. നിലവിലെ സംവിധാനം പ്രമേഹരോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും സേവനങ്ങൾ ഇരട്ടിക്കുന്നത് ഒഴിവാക്കാനും ദേശീയവിഭവങ്ങൾ ഒപ്റ്റിമൽ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഏതൊരു അധിക സ്ഥാപനവും ശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ടെന്നും ഡോ. ശുവൈത്തർ കൂട്ടിച്ചേർത്തു. എന്നാൽ, രോഗികളുടെ എണ്ണവും അവരുടെ ബുദ്ധിമുട്ടിന്റെ വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ ഇതിലും മികച്ച ഒരു സൗകര്യം അനിവാര്യമാണെന്ന് തെക്കൻ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ തറപ്പിച്ചുപറഞ്ഞു. വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടാം തവണയും ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദിന് പ്രമേയം സമർപ്പിച്ചത്. പ്രതിശീർഷ പ്രമേഹവ്യാപനത്തിൽ ആഗോളതലത്തിൽ ആദ്യ 20 രാജ്യങ്ങളിൽ ബഹ്റൈൻ ഉൾപ്പെടുന്നുണ്ടെന്ന് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

