പകർച്ചവ്യാധികളല്ല, മരണകാരണങ്ങളിൽ കൂടുതൽ ഹൃദ്രോഗവും പ്രമേഹവും; ജീവിതശൈലീ രോഗങ്ങൾ ആയുർദൈർഘ്യത്തെ ബാധിക്കുന്നെന്ന് ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മരണങ്ങളിൽ പകുതിയിലധികവും രക്തസമ്മർദ്ദം, ഹൃദയാഘാതം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ മൂലമാണെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ ആകെ മരണങ്ങളിൽ 63 ശതമാനവും ഇതുമൂലമാണെന്നും പകർച്ചവ്യാധികൾക്കുപരിയായി ജീവിതശൈലീ രോഗങ്ങൾ ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നതായും ലോകാരോഗ്യ സംഘടന പുതിയ പഠന റിപ്പോര്‍ട്ടിൽ പറയുന്നു.
രാജ്യത്ത് ഉണ്ടാകുന്ന മൊത്തം മരണങ്ങളിൽ 63 ശതമാനവും ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ പാരമ്പര്യേതര രോഗങ്ങൾ മൂലമാണ്. ഈ രോഗങ്ങൾ ദീർഘകാലം നിലനിൽക്കുന്നതാണെങ്കിലും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഇവ ഭൂരിഭാഗവും തടയാനാകും. 1990കളിൽ 30.5 ശതമാനമായിരുന്നു കാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ അനുപാതം. എന്നാൽ, 2016ൽ 55.4 ശതമാനമായി വർധിച്ചതായി ഐ.സി.എം.ആറിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. പിന്നീട് ചികിത്സാ മാർഗങ്ങളിൽ വൻ മാറ്റവും കുതിപ്പുമുണ്ടായെങ്കിലും ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.
ചികിത്സാവകാശ നിഷേധവും ആരോഗ്യ സേവനങ്ങളിലെ അസമത്വം വലിയ പ്രശ്നമായി രാജ്യത്ത് തുടരുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. എല്ലായ്പ്പോയും ഒരുപോലെയല്ല, രാജ്യത്ത് ആരോഗ്യ സൗകര്യങ്ങൾ എത്തുന്നത്. സ്ത്രീകൾ, പ്രായമായവർ, ഗ്രാമീണ മേഖലയിലുള്ളവർ എന്നിവർ വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. പലപ്പോഴും രോഗം ഗുരുതരമായ ഘട്ടത്തിൽ മാത്രമാണ് ഇവർ ആശുപത്രികളെ സമീപിക്കുക. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന പേരിൽ ഗ്രാമീണ മേഖലകളിൽ പ്രാഥമിക ആരോഗ്യ സേവനവും ജീവിതശൈലീ രോഗ പരിശോധനയും നൽകുന്നുണ്ട്. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്ന പേരിൽ വ്യായാമം പ്രോത്സാഹിപ്പിക്കാനായുള്ള പദ്ധതിയുണ്ട്. എന്നാൽ രാജ്യത്ത് ഇവ ഏറ്റവും അധികം ആവശ്യമായിട്ടുള്ള 50 ശതമാനത്തിലധികം ആളുകൾക്കും ഇതിനെകുറിച്ച് അറിവില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പാരമ്പര്യേതര രോഗങ്ങൾക്കിടയിലും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം മന്ത് രോഗമാണ്. 2017ഓടെ രാജ്യം മന്ത് രോഗമുക്തമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് സാധ്യമായില്ലെന്ന് കണക്കുകൾ പറയുന്നു. 2022ൽ ഇന്ത്യയിൽ 6.96 ലക്ഷം മന്ത് രോഗികൾ വര്‍ധിച്ചു. ശാസ്ത്രീയ നിയന്ത്രണ ഔഷധങ്ങളുടെ ലഭ്യത കുറവും ശരിയായ മരുന്ന് ഉപയോഗത്തിലെ കുറവും ശുചിത്വ പ്രശ്നങ്ങളുമാണ് ഇത് വര്‍ധിക്കാൻ ഇടയാക്കിയതെന്നും പറയുന്നു. ലോകത്തിലെ ഏറ്റവും വിപുലമായ പ്രതിരോധ കുത്തിവെപ്പ് സംവിധാനം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ, നഗരപ്രദേശങ്ങളിൽ അതിന് പ്രശ്നങ്ങൾ നേരിടുന്നതായും ലോകാരോഗ്യ സംഘടന കണ്ടെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

