
ഒമിക്രോൺ; രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി 101 കേസുകൾ, ജാഗ്രത വേണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. ഒമിക്രോൺ വകഭേദം അതിവേഗത്തിലാണ് പടരുന്നതെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകത്തെ മൊത്തം കോവിഡ് കേസുകളിൽ 2.4 ശതമാനവും കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആണെന്നും ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപന ശേഷി ഒമിക്രോണിന് കൂടുതലാണെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ട 19 ജില്ലകളുണ്ട്. ഇവിടെ കോവിഡ് വ്യാപനം വേഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഒമിക്രോൺ ആശങ്ക പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൽഹിയിൽ പുതുതായി 10 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രതികരണം. മഹാരാഷ്ട്രയിൽ ഇതുവരെ 32 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടക, ഗുജറാത്ത്, കേരള, തമിഴ്നാട്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് എന്നിവയാണ് ഒമിക്രോൺ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
