ഹജ്ജ് ഒരുക്കം പൂർണം, വിശദീകരിച്ച് വിവിധ മന്ത്രിമാർ
text_fieldsതീർഥാടകർക്കിടയിൽ പകർച്ചവ്യാധികളൊന്നും കണ്ടെത്തിയിട്ടില്ല -ആരോഗ്യ മന്ത്രി
സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജൽ
റിയാദ്: തീർഥാടകരിൽ ഇതുവരെ പകർച്ചവ്യാധി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹജ്ജ് സീസണിനായി അനുവദിച്ച കിടക്ക ശേഷി 60 ശതമാനം വർധിപ്പിച്ചതായി മന്ത്രി സൂചിപ്പിച്ചു. ഹജ്ജിന് അനുയോജ്യമായ അന്തരീക്ഷം ലഭ്യമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും സുപ്രീം ഹജ്ജ് കമ്മിറ്റി പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ തീർഥാടകർ കർശനമായി പാലിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കണം. വെയിൽ കടുത്തിരിക്കുന്നതിനാൽ കുട ഉപയോഗിക്കണം. തിരക്കും ദീർഘനടത്തവും ഒഴിവാക്കണം.
രോഗപ്രതിരോധ നിർദേശങ്ങൾ പാലിക്കുക, മാസ്ക് ധരിക്കുക എന്നീ നിർദേശങ്ങൾ തീർഥാടകർ പാലിക്കണം. സുഖമില്ലെന്ന് തോന്നിയാൽ ഉടൻ തന്നെ സേവനവും സഹായവും ചോദിക്കാൻ മടിക്കരുതെന്ന് തീർഥാടകരോട് ആഹ്വാനം ചെയ്തു. തീർഥാടകരുടെ ആദ്യ ബാച്ചിന്റെ വരവിന് സമാന്തരാമയി മന്ത്രാലയത്തിന്റെ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 14 തുറമുഖങ്ങൾ വഴി തീർഥാടകർക്ക് ഇതുവരെ 50,000ലധികം ആരോഗ്യസേവനങ്ങൾ നൽകിയിട്ടുണ്ട്.
മിനായിൽ 200ലധികം കിടക്കകളുള്ള ഒരു പുതിയ അടിയന്തര ആശുപത്രി സ്ഥാപിച്ചു. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും നാഷനൽ ഗാർഡിന്റെയും സഹകരണത്തോടെ 1200ലധികം കിടക്കകളുള്ള മൂന്ന് ഫീൽഡ് ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലും മെഡിക്കൽ സേവന കേന്ദ്രങ്ങളിലും നൂതന സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി നൽകുന്ന സാങ്കേതികവിദ്യകൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഇത് തീർഥാടകരുടെ എണ്ണം, താപനില മുതലായവയുമായി ബന്ധപ്പെട്ടതാണ്. ‘സ്വിഹ’ ആപ്പ് തീർഥാടകർക്ക് അവരുടെ വസതികളിൽ മെഡിക്കൽ സേവനങ്ങളും കൺസൾട്ടേഷനുകളും നൽകാൻ ഉറപ്പാക്കുന്നു. ഇത് ആശുപത്രികളിലേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. സ്വിഹ വിർച്വൽ ആശുപത്രിയിലേക്കുള്ള നേരിട്ടുള്ള കണക്ഷനിലൂടെയാണ് ഇതു നേടുന്നത്.
ഗുരുതരാവസ്ഥയിലുള്ള തീർഥാടകർക്ക് അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി ഒരു വിർച്വൽ ഹെൽത്ത് ആശുപത്രിയുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് സെൻസറുകൾ നൽകിയിട്ടുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലുതായി ഇത് കണക്കാക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ 900 ആംബുലൻസുകൾക്ക് പുറമേ 11 എയർ ഇവാക്വേഷൻ വിമാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 7,500ലധികം പാരാമെഡിക്കലുകൾ ഉൾപ്പെടുന്ന 71 പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
25 ലക്ഷം തീർഥാടകർക്ക് മശാഇർ ട്രെയിനിൽ യാത്രാസൗകര്യമൊരുക്കും -ഗതാഗത മന്ത്രി
62 എയർലൈൻ കമ്പനികളുടെ 7,000 വിമാനങ്ങൾ സർവിസ് നടത്തുന്നു
റിയാദ്: ഈ ഹജ്ജ് സീസണിൽ തീർഥാടകരെ സേവിക്കുന്നതിനായി ഗതാഗത സംവിധാനം പൂർണമായും സജ്ജമാണെന്ന് ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മക്കയിലെ പുണ്യസ്ഥലങ്ങൾക്കിടയിൽ ഓടുന്ന മശാഇർ ട്രെയിനിൽ മണിക്കൂറിൽ 72,000 പേർക്ക് സഞ്ചരിക്കാം. ഹജ്ജ് സീസണിൽ 25 ലക്ഷത്തിലധികം തീർഥാടകർക്കാണ് മശാഇർ ട്രെയിൻ യാത്ര സൗകര്യമൊരുക്കുന്നത്. 62 വിമാനക്കമ്പനികൾ ചേർന്ന് ക്രമീകരിച്ച 7,000 സർവിസുകളിലാണ് തീർഥാടകർ എത്തിക്കൊണ്ടിരിക്കുന്നത്. 5,000 തീർഥാടകർ കപ്പലുകൾ വഴിയാണ് എത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ
തീർഥാടകരുടെ അനുഭവം സുഗമമാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കാൻ മന്ത്രാലയം താൽപര്യപ്പെടുന്നു. കടുത്ത ചൂട് കുറക്കുന്നതിനും ഗതാഗത അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും തണുത്ത റോഡുകൾക്കായുള്ള പരീക്ഷണം കൂടുതൽ വികസിപ്പിച്ചതായി മന്ത്രി സൂചിപ്പിച്ചു. അപകട സ്ഥലങ്ങളും സംഭവങ്ങളും ഉയർന്ന കൃത്യതയോടെയും വേഗത്തിലും രേഖപ്പെടുത്തുന്നതിനുള്ള നൂതന ഉപകരണമായ ഡ്രോണുകൾ ഉൾപ്പെടെ നാഷനൽ സെന്റർ ഫോർ ട്രാൻസ്പോർട്ട് സേഫ്റ്റി നടപ്പാക്കിയ ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും മന്ത്രി വിവരിച്ചു.
ഈ സാങ്കേതികവിദ്യ ത്രീഡി പനോരമിക് ആകാശ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമാക്കുന്നു. ഇത് സമഗ്രമായ ദൃശ്യവിശകലനത്തിന് സംഭാവന നൽകുകയും സാങ്കേതിക അന്വേഷണങ്ങളെ കൂടുതൽ കാര്യക്ഷമമായി പിന്തുണക്കുകയും ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെ 10 ലക്ഷത്തിലധികം തീർഥാടകരെത്തി –ഹജ്ജ് ഉംറ മന്ത്രി
14 ലക്ഷം നുസ്ക് കാർഡുകൾ വിതരണം ചെയ്തു
റിയാദ്: സൗദിയിലെ വിവിധ പ്രവേശന കവാടങ്ങൾ വഴി വിദേശരാജ്യങ്ങളിൽനിന്ന് ഇതുവരെ 10 ലക്ഷത്തിലധികം തീർഥാടകരെത്തിയെന്നും അതിൽ 47 ശതമാനം സ്ത്രീകളും 53 ശതമാനം പുരുഷന്മാരുമാണെന്നും ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഹജ്ജ് കർമങ്ങൾ അവസാനിച്ചപ്പോൾ തന്നെ പുതിയ ഹജ്ജ്, ഉംറ സീസണിനായുള്ള ഒരുക്കം മന്ത്രാലയം ആരംഭിച്ചിരുന്നു.
ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ
വിവിധ രാജ്യങ്ങൾക്ക് പ്രാഥമിക ക്രമീകരണ രേഖകൾ സമർപ്പിച്ചതും ലോകമെമ്പാടുമുള്ള 87 രാജ്യങ്ങളിൽനിന്നുള്ള നേതാക്കളുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ജനുവരിയിൽ ഏറ്റവും വലിയ ഹജ്ജ് സമ്മേളനവും പ്രദർശനവും സംഘടിപ്പിച്ചതും ഹജ്ജ് ഓഫിസുകളുമായി ചേർന്ന് 78 വിപുലമായ തയാറെടുപ്പ് യോഗങ്ങൾ നടത്തുകയും സംഘടിപ്പിക്കുകയും ചെയ്തതും മെച്ചപ്പെട്ട തയാറെടുപ്പിന് സഹായകമായി.
തീർഥാടകർക്കും ഹജ്ജ് സിസ്റ്റത്തിന് കീഴിലെ തൊഴിലാളികൾക്കും ഇതുവരെ 14 ലക്ഷം നുസ്ക് കാർഡുകൾ നൽകിയിട്ടുണ്ട്. ഉംറയും സന്ദർശന അനുഭവവും മെച്ചപ്പെടുത്തുന്നതിനായി 100 പൊതുസേവനങ്ങൾ കൂടി ഉൾപ്പെടുത്തി നുസ്ക് ആപ്ലിക്കേഷന്റെ സമഗ്രമായ വികസനത്തിന് ഈ വർഷം സാക്ഷ്യംവഹിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു. ഹജ്ജ് സീസണിനായി 30 പുതിയ സേവനങ്ങൾ ആപ്ലിക്കേഷനിൽ ചേർത്തിട്ടുണ്ട്. ഇത് തീർഥാടകർക്ക് കർമങ്ങൾ നിർവഹിക്കുന്നതിലും വിവിധ സേവനങ്ങൾ നേടുന്നതിലും ഏറ്റവും മികച്ച കൂട്ടാളിയായി മാറുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുതി ശൃംഖലകളുടെയും സന്നദ്ധത സ്ഥിരീകരിച്ചു.
ക്യാമ്പുകളിൽ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പരീക്ഷണങ്ങൾ നടത്തി. ഗതാഗതം, ഡെലിഗേഷൻ എന്നീ മേഖലകളിൽ ആവശ്യമായ ഒരുക്കം നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. തമ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തി. തീർഥാടകരെ സേവിക്കുന്ന ജീവനക്കാരുടെ സന്നദ്ധത ഉറപ്പാക്കി. വിവിധ സേവനദാതാക്കളുടെ കേന്ദ്രങ്ങളിൽ 37,000ത്തിലധികം പരിശോധനാ സന്ദർശനങ്ങൾ മന്ത്രി നടത്തി.
തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ പോരായ്മയോ അശ്രദ്ധയോ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തീർഥാടകരുടെ സുഖസൗകര്യങ്ങൾ തടസ്സപ്പെടുത്താൻ നിയമലംഘകരെ അനുവദിക്കില്ല –വാർത്തവിതരണ മന്ത്രി
‘അനുമതിയില്ലാതെ ഹജ്ജ് പാടില്ല’ കാമ്പയിൻ കൂടുതൽ ശക്തമാക്കും
റിയാദ്: നിയമാനുസൃതമായി ഹജ്ജിനെത്തുന്ന തീർഥാടകരുടെ സുഖസൗകര്യങ്ങൾ തടസ്സപ്പെടുത്താൻ ഒരു നിയമവിരുദ്ധ തീർഥാടകനെയും രാജ്യം അനുവദിക്കില്ലെന്നും ‘അനുമതി ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന കാമ്പയിൻ കൂടുതൽ ശക്തമാക്കുമെന്നും വാർത്തവിതരണ മന്ത്രി സൽമാൻ അൽദോസരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ തീർഥാടകർക്ക് ആതിഥേയത്വം വഹിക്കുക, ഇരുഹറമിലേക്കുള്ള പ്രവേശനം സാധ്യമാക്കുക, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുക, തീർഥാടകർക്ക് മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക എന്നീ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ‘സൗദി വിഷൻ 2030’ എന്നും വാർത്തമന്ത്രി പറഞ്ഞു.
വാർത്ത വിതരണ മന്ത്രി സൽമാൻ അൽദോസരി വാർത്തസമ്മേളനത്തിൽ
ഫലസ്തീനിലെ രക്തസാക്ഷികളുടെ കുടുംബങ്ങളിൽനിന്നുള്ള ആയിരം സ്ത്രീ-പുരുഷ തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ രാജകൽപന പുറപ്പെടുവിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. മതകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘ഖാദിമുൽ ഹറമൈന്റെ അതിഥികൾ’ എന്ന പരിപാടിയിൽ നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള 1300 സ്ത്രീ-പുരുഷ തീർഥാടകർ ഹജ്ജിനെത്തും. മക്ക, മദീന, ഹജ്ജ് റോഡുകൾ, തീർഥാടക നഗരങ്ങൾ, കര തുറമുഖങ്ങൾ, പുണ്യസ്ഥലങ്ങളുടെ അയൽപ്രദേശങ്ങൾ എന്നിവിടങ്ങളിലായി 25,000 പള്ളികൾ മതകാര്യ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്.
സൽമാൻ രാജാവിന്റെ സമ്മാനമായി ഖുർആന്റെ 25 ലക്ഷം പതിപ്പുകൾ തീർഥാടകർക്ക് വിതരണം ചെയ്യാനായി കര, കടൽ, വ്യോമ മാർഗങ്ങളിലെ കവാടങ്ങളിൽ സംവിധാനം ഒരുക്കി. ഈ വർഷം സേവനത്തിന് 25,000 പുരുഷ-വനിതാ വളന്റിയർമാരുണ്ടാകും. ഹജ്ജ് സീസണിലെ ഏറ്റവും ഉയർന്ന ആവശ്യം നിറവേറ്റുന്നതിനായി പ്രതിദിനം 12 ലക്ഷം ഘനമീറ്ററിലധികം വെള്ളം ഉൽപാദിപ്പിക്കുകയും പമ്പ് ചെയ്യുകയും ചെയ്യും.
ജലത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ജലവകുപ്പ് പ്രതിദിനം 4,000ത്തിലധികം ലബോറട്ടറി പരിശോധനകൾ നടത്തുന്നു.
കൂടാതെ 2,000ത്തിലധികം പ്രത്യേക സൗദി ടെക്നീഷ്യന്മാരും എൻജിനീയർമാരും അടങ്ങുന്ന സംഘം മുഴുസമയം സേവനത്തിനുണ്ടാകും. മക്കയിലെയും മദീനയിലെയും വിപണികളുടെയും സുപ്രധാന സ്ഥാപനങ്ങളുടെയും നിരീക്ഷണം വാണിജ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. 11,000ത്തിലധികം ഫീൽഡ് സന്ദർശനങ്ങൾ നടത്തി. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം 22,000ത്തിലധികം ജീവനക്കാരെയും 980 വാഹനങ്ങളും 177 ഷെൽട്ടറുകളും സജ്ജമാക്കിയിട്ടുണ്ടെന്നും വാർത്തമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

