Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഹാളണ്ടിന്റെ...

ഹാളണ്ടിന്റെ ഇരട്ടപ്രഹരം; ബ്രസീലിനെ വീഴ്ത്തി നോർവേ ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ

text_fields
bookmark_border
ഹാളണ്ടിന്റെ ഇരട്ടപ്രഹരം; ബ്രസീലിനെ വീഴ്ത്തി നോർവേ ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ
cancel

ന്യൂജഴ്സി: ലോകകപ്പ് ഫുട്ബാളിന്റെ പ്രീക്വാർട്ടറിൽ അട്ടിമറി വിജയവുമായി നോർവേ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ പോരാട്ടത്തിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് (2-1) നോർവേ തകർത്തത്.

പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം നെയ്മർ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ബ്രസീലിന് അത് മതിയാകുമായിരുന്നില്ല. ബ്രസീലിനെതിരെ ഫുട്ബാൾ ചരിത്രത്തിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലെന്ന തങ്ങളുടെ അപൂർവ്വ റെക്കോർഡ് നോർവേ ഈ ലോകകപ്പ് വേദിയിലും കാത്തുസൂക്ഷിച്ചു.

ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ തന്നെ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. ആദ്യ മിനിറ്റുകളിൽ തന്നെ ബ്രസീൽ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ നോർവേ നിര, മൂന്നാം മിനിറ്റിൽ പാട്രിക് ബെർഗിലൂടെ വലകുലുക്കിയെങ്കിലും അലക്‌സാണ്ടർ സൊർലോത്ത് ഓഫ്‌സൈഡായതിനാൽ റഫറി ഗോൾ അനുവദിച്ചില്ല.

പത്താം മിനിറ്റിൽ മത്തേയൂസ് കുന്യയെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയ്ക്കൊടുവിൽ റഫറി ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ 14-ാം മിനിറ്റിൽ കിക്കെടുത്ത മിഡ്ഫീൽഡർ ബ്രൂണോ ഗിമാറസിന് പിഴച്ചു. ഗിമാറസിന്റെ ഷോട്ട് നോർവീജിയൻ ഗോൾകീപ്പർ തകർപ്പൻ ഡൈവിലൂടെ തടഞ്ഞതോടെ ആദ്യ പകുതി ഗോളില്ലാ സമനിലയിൽ പിരിയുകയായിരുന്നു.

രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോച്ച് കാർലോ ആഞ്ചലോട്ടി ബ്രസീൽ നിരയിൽ മാറ്റങ്ങൾ വരുത്തി. 57-ാം മിനിറ്റിൽ കുന്യയ്ക്ക് പകരം എൻഡ്രിക്കിനെ പകരക്കാരനായി ഇറക്കി. തൊട്ടടുത്ത മിനിറ്റിൽ തന്നെ വിനീഷ്യസ് ജൂനിയർ നൽകിയ മികച്ചൊരു പാസിലൂടെ എൻഡ്രിക്കിന് മത്സരത്തിലെ ഏറ്റവും മികച്ച തുറന്ന അവസരം ലഭിച്ചെങ്കിലും, ഷോട്ട് പുറത്തേക്കടിച്ചു കളഞ്ഞത് ബ്രസീലിന് കനത്ത തിരിച്ചടിയായി.

ഗോൾവഴങ്ങാതെ പിടിച്ചുനിന്ന നോർവേ പ്രതിരോധം തകർക്കാൻ 67-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയെയും റയാനെയും പിൻവലിച്ച് ബ്രസീൽ നെയ്മറെയും കളത്തിലിറക്കി. 78-ാം മിനിറ്റിൽ നോർവേയുടെ ഒരു മികച്ച ഷോട്ട് അലിസൺ തടഞ്ഞിട്ടെങ്കിലും തൊട്ടുപിന്നാലെ ബ്രസീലിന്റെ പ്രതിരോധ കോട്ട തകർന്നു വീണു.

79-ാം മിനിറ്റിൽ ആന്ദ്രെ ഷെൽഡറപ്പിന്റെ കൃത്യമായ ക്രോസിൽ ഡിഫൻഡർ ഗബ്രിയേലിനൊപ്പം ഉയർന്നുചാടിയ ഹാളണ്ടിന്റെ എണ്ണം പറഞ്ഞ ഹെഡ്ഡർ അലിസണെ കീഴടക്കി ബ്രസീൽ വലയിൽ പതിച്ചു. സമനിലയ്ക്കായി ബ്രസീൽ കിണഞ്ഞുശ്രമിക്കുന്നതിനിടെ 85-ാം മിനിറ്റിൽ നോർവേ ഗോളി അപാരമായ സേവിലൂടെ വീണ്ടും മഞ്ഞപ്പടയെ നിരാശരാക്കി.

ഒടുവിൽ 90-ാം മിനിറ്റിൽ വീണ്ടും ഷെൽഡറപ്പും ഹാളണ്ടും ചേർന്നുള്ള മുന്നേറ്റം ബ്രസീലിന്റെ നെഞ്ചകം പിളർന്നു. ഷെൽഡറപ്പ് നൽകിയ പന്ത് സ്വീകരിച്ച് അവിശ്വസനീയമായ ഒരു ഗ്രൗണ്ടറിലൂടെ ലക്ഷ്യം കണ്ട ഹാളണ്ട് നോർവേയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ലോകകപ്പിലെ ഹാളണ്ടിന്റെ ഏഴാം ഗോളായിരുന്നു ഇത്.

രണ്ടു ഗോളുകൾക്ക് പിന്നിലായതോടെ പതറിയ ബ്രസീലിന്റെ നെയ്മർക്ക് 90+5 മിനിറ്റിൽ മഞ്ഞ കാർഡ് ലഭിച്ചു. എന്നാൽ 90+7 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഓസ്റ്റിഗാർഡ് വരുത്തിയ ഫൗളിൽ ബ്രസീലിന് വീണ്ടും പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത നെയ്മർ ലക്ഷ്യം തെറ്റാതെ പന്ത് വലയിലാക്കിയെങ്കിലും (90+9') അപ്പോഴേക്കും സമയം വൈകിയിരുന്നു.

വൈകാതെ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ സ്കാൻഡിനേവിയൻ കരുത്തിന് മുന്നിൽ വീണ് മുൻ ലോക ചാമ്പ്യന്മാർ ടൂർണമെന്റിൽ നിന്നും കണ്ണീരോടെ മടങ്ങി. നോർവേ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങളിലൊന്നിനാണ് ന്യൂയോർക്ക് ഇന്ന് സാക്ഷ്യം വഹിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymarnorwayerling haalandbrazilVini JrFIFA World Cup 2026
News Summary - Haaland’s Double Strike: Norway Stuns Brazil to Reach First-Ever World Cup Quarter-Final
Next Story