ഡൽഹിയിൽ നിന്ന് ദുബൈയിലേക്ക് പറന്ന വിമാനം കറാച്ചിയിൽ ഇറക്കി
text_fieldsദുബൈ: ഡൽഹിയിൽ നിന്ന് ദുബൈയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം പാകിസ്താനിലെ കറാച്ചിയിൽ അടിയന്തിരമായി ഇറക്കി. ഇൻഡിക്കേറ്റർ ലൈറ്റിന്‍റെ തകരാറിനെ തുടർന്നാണ് നടപടിയെന്ന് മാധ്യമങ്ങൾ റിപ്പോറട്ട് ചെയ്തു.
വിമാനം സുരക്ഷിതമായി കറാച്ചിയിൽ ഇറങ്ങിയതായും യാത്രക്കാർ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്തിന്‍റെ തകരാർ പറന്നുയരുമ്പോൾ ശ്രദ്ധയിൽ പെട്ടിരിന്നില്ല. യാത്രക്കിടയിൽ മനസിലാക്കിയതോടെയാണ് കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റ് അടിയന്തിരമായി ഇറക്കാൻ അനുമതി തേടുകയായിരുന്നു. യാത്രക്കാരെ ദുബൈയിലേക്ക് എത്തിക്കാൻ പകരം വിമാനം അയച്ചിട്ടുണ്ട്. സ്പൈസ്ജെറ്റ് വിമാന കമ്പനി വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച സ്പൈസ് ജെറ്റിന്‍റെ മറ്റൊരു വിമാനം ജബൽപൂരിൽ അടിയന്തിരമായി ഇറക്കിയിരുന്നു. ഡൽഹിയിൽ നിന്ന് പറന്ന വിമാനത്തിന്‍റെ കാബിനിൽ തീ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തിരമായി ഇറക്കിയത്.