ലോകത്ത് എണ്ണത്തിൽ വളരെ കുറഞ്ഞ, വംശനാശ ഭീഷണി നേരിടുന്ന ജീവിവിഭാഗമാണ് ചിമ്പൻസികൾ. ഇവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നാശവും വേട്ടയാടലും അടക്കമുള്ള കാരണങ്ങളാൽ വളരെ വേഗത്തിലാണ് ഇവ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ റെഡ് ലിസ്റ്റിലാണ് ചിമ്പൻസികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ സംരക്ഷിക്കുന്നതിന് അൽഐൻ മൃഗശാല വലിയ പ്രധാന്യമാണ് നൽകുന്നത്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ വനങ്ങളിൽ നിന്ന് മൃഗശാലയിലെത്തിച്ച 2ആണും 4പെണ്ണും അടക്കം 6 എണ്ണമാണ് ഇവിടെയുള്ളത്. പ്രത്യേക പ്രജനന പദ്ധതികളിലൂടെയും വന്യജീവികളെ സംരക്ഷിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും ഈ പ്രൈമേറ്റ് ഇനത്തെ നിലനിർത്താൻ ആവശ്യമായ എല്ലാ ശ്രമങ്ങളും മൃഗശാല നടത്തു.
അന്താരാഷ്ട്ര മൃഗസംരക്ഷണ രീതികൾക്കനുസൃതമായി അൽഐൻ മൃഗശാല ചിമ്പൻസികൾക്ക് നല്ല ആവാസ വ്യവസ്ഥയും പുനരധിവാസവും ഒരുക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വേനൽക്കാലത്ത് തണുപ്പിച്ച പഴങ്ങളും ജ്യൂസുകളും സൂര്യകാന്തി വിത്തുകളും നിലക്കടലകളും അവയുടെ ചുറ്റുപാടുകളിൽ വിതറുന്നതിലൂടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ അവർ ആഗ്രഹിക്കുന്നതുപോലെ ഭക്ഷണം ലഭ്യമാക്കുന്നു.
പൊതുജനങ്ങളെ സ്വീകരിക്കുന്നതിനായി മൃഗശാല ഉടൻ തന്നെ വാതിലുകൾ തുറക്കും. ചിമ്പൻസികൾക്ക് ഒരുക്കിയ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അവർ തങ്ങളുടെ ദൈനംദിന ജീവിതം എങ്ങനെ നയിക്കുന്നു എന്നത് സന്ദർശകർക്ക് കാണാനാകും. പരിസ്ഥിതിയെ സംരക്ഷിക്കുക, വന്യജീവികൾക്ക്, പ്രത്യേകിച്ച് വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവജാലങ്ങൾക്കും മികച്ച രീതിയിൽ സംരക്ഷണമൊരുക്കുക, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും മാനസിക ഉല്ലാസത്തോടൊപ്പം അറിവുകൾ കൈമാറുക എന്നതാണ് മൃഗശാല ലക്ഷ്യം വെക്കുന്നത്.