അേൻറാണിയോ ഗുട്ടെറസിനും ലത്തീഫ ഇബ്നു സിയാെറ്റനും സായിദ് അവാർഡ്
text_fieldsഅേൻറാണിയോ ഗുട്ടെറസ്, ലത്തീഫ ഇബ്നു സിയാറ്റെൻ
അബൂദബി: മാനവ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനായി യു.എ.ഇ ഭരണകൂടം നൽകുന്ന സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രെറ്റേണിറ്റി പുരസ്കാരത്തിന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസും മൊറോക്കൻ-ഫ്രഞ്ച് ആക്ടിവിസ്റ്റ് ലത്തീഫ ഇബ്ൻ സിയാറ്റനും തിരഞ്ഞെടുക്കപ്പെട്ടു. ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയാണ് (എച്ച്.സി.എച്ച്.എഫ്) അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. മനുഷ്യ പുരോഗതി, സമാധാനം, സഹവർത്തിത്വം എന്നിവക്കുള്ള സംഭാവനകൾ പരിഗണിച്ച് നൽകുന്ന അവാർഡ് 10ലക്ഷം ദിർഹമാണ്. അവാർഡ് ദാന ചടങ്ങ് വ്യാഴാഴ്ച വൈകീട്ട് വെർച്വലായി നടക്കും. അബൂദബി സ്ഥാപക മെമ്മോറിയലിെൻറ വെബ്സൈറ്റിൽ തത്സമയ സംപ്രേക്ഷണമുണ്ടായിരിക്കും.
സർവലോക ജനതയിൽ മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നതിലും മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും പ്രവർത്തിക്കുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആദരിക്കുന്നതിനായി 2019ൽ ആരംഭിച്ച പ്രഥമ അവാർഡ് ഫ്രാൻസിസ് മാർപാപ്പക്കും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ തയേബിനുമായിരുന്നു സമ്മാനിച്ചത്. വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമിെൻറയും സാന്നിധ്യത്തിലാണ് 2020ലെ വെർച്വൽ അവാർഡ് ദാനം. അബൂദബി ഡോക്യുമെൻറ് ഓൺ ഹ്യൂമൻ ഫ്രറ്റേണിറ്റിയിൽ ചരിത്രപരമായ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് ഇരു നേതാക്കൾക്കും പ്രഥമ സായിദ് അവാർഡ് സമ്മാനിച്ചത്.
യു.എ.ഇ രാഷ്്ട്ര പിതാവും അബൂദബി ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അവാർഡ് ദാനച്ചടങ്ങ് വെർച്വലായി ആരംഭിക്കുക. ഉന്നതരായ സർക്കാർ പ്രതിനിധികൾ, മുൻ രാഷ്ട്രത്തലവന്മാർ, സുപ്രീംകോടതി ജഡ്ജിമാർ, യു.എൻ നേതാക്കൾ, വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ, അന്താരാഷ്ട്ര എൻ.ജി.ഒ മേധാവികൾ എന്നിവരാണ് അവാർഡിനർഹരായവരെ ഇക്കുറി നാമനിർദേശം ചെയ്തത്.നാമനിർദേശം ലഭിച്ച പട്ടികയിൽനിന്ന് ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ കീഴിലുള്ള സ്വതന്ത്ര വിദഗ്ധ സമിതിയാണ് 2020ലെ അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.
അേൻറാണിയോ ഗുട്ടെറസ്
2017 മുതൽ യു.എൻ സെക്രട്ടറി ജനറൽ എന്ന നിലയിൽ ലോക സമാധാനം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തിയ ശ്രമങ്ങളാണ് അേൻറാണിയോ ഗുട്ടെറസിനെ അവാർഡിന് അർഹനാക്കിയത്. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന അസമത്വം, സാമ്പത്തിക പ്രതിസന്ധി എന്നിവയെ മറികടക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ അവാർഡ് സമിതി പരിഗണിച്ചു. മരണം, ദുരന്തം, നിരാശ എന്നിവയുടെ വർഷമായി 2020 മാറിയപ്പോൾ മരണത്തിൽനിന്ന് ആരോഗ്യത്തിലേക്ക് മാറേണ്ടതുണ്ടെന്നും നിരാശയിൽനിന്ന് പ്രത്യാശയിലേക്ക് മടങ്ങിവരാനും ഗുട്ടെറസ് യു.എൻ പൊതുസഭയിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളോട് ആഹ്വാനം ചെയ്തു. ലോകജനതക്ക് പ്രതീക്ഷയും സാധ്യതകളും നൽകുന്നതിനും തുല്യവും താങ്ങാനാവുന്നതുമായ വാക്സിനുകൾ ലോകത്തുടനീളം ലഭ്യമാക്കുന്നതിനും മുൻെകെയെടുത്തു.
ലത്തീഫ ഇബ്നു സിയാറ്റെൻ
2012 ൽ തീവ്രവാദി ആക്രമണത്തിൽ മകൻ ഇമാദിനെ നഷ്ടപ്പെട്ടതോടെയാണ് ലത്തീഫ ഇബ്നു സിയാറ്റെൻ സാമൂഹിക പ്രവർത്തനത്തിൽ സജീവമായത്. തീവ്രവാദത്തിനെതിരെ അവബോധം വളർത്തുന്നതിന് പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നു. ഫ്രാൻസിലും പുറത്തും അറിയപ്പെടുന്ന സിവിൽ സൊസൈറ്റി പ്രവർത്തക.യുവാക്കളിൽ സമാധാനം, സംഭാഷണം, പരസ്പര ബഹുമാനം എന്നിവയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും കുടുംബങ്ങളുമായും സമൂഹങ്ങളുമായും ചേർന്നു പ്രവർത്തിക്കുന്നു. 1960 ജനുവരിയിൽ മൊറോക്കോയിലാണ് ജനനം. ആദ്യ ഒമ്പത് വർഷം സ്പെയിനിൽ അമ്മക്കും മൂന്നു സഹോദരങ്ങൾക്കുമൊപ്പം. അമ്മയുടെ മരണശേഷം മൊറോക്കോയിലേക്ക് മടങ്ങി. പിതാവിെൻറ പരിചരണത്തിനായി സ്കൂൾ പഠനം നിർത്തി.
സഹിഷ്ണുത, സ്വീകാര്യത, കുടുംബ ഐക്യദാർഢ്യം, തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ ആത്മവിശ്വാസം എന്നിവ മുത്തശ്ശിയിൽനിന്ന് സ്വായത്തമാക്കി. 17ാം വയസ്സിൽ മൊറോക്കോ വിട്ട് സോട്ടെവില്ലെ-ലോസ്-റൂവനിൽ എത്തി. തനിക്കു നഷ്ടപ്പെട്ട വിദ്യാഭ്യാസം ഭാവിതലമുറയിലെ കുട്ടികൾക്ക് പകരാനുറച്ചു. വായിക്കാനോ എഴുതാനോ സംസാരിക്കാനോ അറിയില്ലായിരുന്നു.
ഇച്ഛാശക്തികൊണ്ടും ഫ്രഞ്ച് ദേശത്തെ ആദ്യ ചുവടുകളിൽ പിന്തുണച്ച സ്ത്രീകളുടെ സഹായത്താലും ബുദ്ധിമുട്ടുകൾ മറികടന്നു. ഫ്രഞ്ച് പഠിച്ചു. ഡ്രൈവിങ് ലൈസൻസ് നേടി. പ്രഫഷനൽ ജീവിതത്തിൽ ഏർപ്പെട്ടു.കുടുംബമായശേഷം ലിംഗവ്യത്യാസമില്ലാതെ നാല് ആൺമക്കളെയും മകളെയും ഒരേ രീതിയിൽ പഠിപ്പിച്ചു. 2012 മാർച്ച് 11നാണ് തീവ്രവാദി ആക്രമണത്തിൽ മകൻ ഇമാദ് ഉൾപ്പെടെ എട്ടു പേർ മരിച്ചത്. 2012 ഏപ്രിൽ 24 ന് യുവാക്കൾക്കും സമാധാനത്തിനുമായി ഇമാദ് അസോസിയേഷൻ സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

