ശൈഖ് സായിദ് ജന്മശതാബ്ദി: നാടെങ്ങും വിപുല പദ്ധതികൾ
text_fieldsഅബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ പൈതൃകത്തിനും മൂല്യങ്ങൾക്കുമുള്ള അംഗീകാരമായി അബൂദബി പൊലീസ് ‘സായിദ് വർഷ പുരസ്കാരം’ ഏർപ്പെടുത്തി. ശൈഖ് സായിദിെന ലോക നേതാവും ഭാവി തലമുറയുടെ ദീപസ്തംഭവുമാക്കിയ അദ്ദേഹത്തിെൻറ പൈതൃകവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസിൽ ‘സായിദ് വർഷ പുരസ്കാരം’ എന്ന പേരിൽ ആഭ്യന്തര അവാർഡ് ഏർപ്പെടുത്തിയതെന്ന് അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി പറഞ്ഞു.
ലോകത്താകമാനം സമാധാനത്തിെൻറയും സഹിഷ്ണുതയുടെയും സന്ദേശം വ്യാപിപ്പിക്കാനുള്ള ശൈഖ് സായിദിെൻറ പ്രതിബദ്ധത ഉയർത്തിക്കാട്ടുക കൂടിയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി കൂട്ടിച്ചേർത്തു.വിവിധ പൊലീസ് വകുപ്പുകൾക്കാണ് പുരസ്കാരം സമ്മാനിക്കുക. സംസ്കാരവും വിജ്ഞാനവും, പരിസ്ഥിതിയും സുസ്ഥിരതയും, ദാനവും മനുഷ്യത്വവും, സാമൂഹിക വികസനം എന്നീ നാല് മുഖ്യ മേഖലകളിൽ വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തുക.
സർക്കാർ ജീവനക്കാർക്ക് ബോണസുമായി കൂടുതൽ എമിറേറ്റുകൾ
അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ നൂറാം ജന്മദിനത്തോടനുബന്ധിച്ച് കൂടുതൽ എമിറേറ്റുകൾ സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. അബൂദബി, ദുബൈ എമിറേറ്റുകൾക്ക് പിന്നാലെ അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു മാസത്തെ അടിസ്ഥാന ശമ്പളം ബോണസായി നൽകാൻ തീരുമാനിച്ചത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ നിർദേശം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് വിവിധ എമിറേറ്റ് ഭരണാധികാരികൾ ബോണസ് വിതരണത്തിന് ഉത്തരവ് നൽകിയത്. അജ്മാൻ സർക്കാറിലെ എല്ലാ ജീവനക്കാർക്കും ബോണസ് നൽകാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി ഉത്തരവിട്ടു.
റാസൽഖൈമ സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമി, ഫുജൈറ സർക്കാർ ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി, ഉമ്മുൽഖുവൈനിൽ ബോണസ് വിതരണം ചെയ്യാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാശിദ് ആൽ മുഅല്ല എന്നിവരും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
