യൂസുഫലിയും ആസാദ് മൂപ്പനും അനുശോചിച്ചു
text_fieldsദുബൈ: ലാൻഡ്‌മാർക്ക് ഗ്രൂപ്പ് സ്ഥാപകൻ മിക്കി ജഗ്ത്യാനിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും അനുശോചിച്ചു. റീട്ടെയിൽ വ്യവസായത്തിലെ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് യൂസുഫലി പറഞ്ഞു. ജ്യേഷ്ഠ തുല്യനായ അദ്ദേഹം ബഹുമാന്യനായ സംരംഭകനായിരുന്നു. വർഷങ്ങളായി വ്യക്തിപരമായും ബിസിനസ്സ് രംഗത്തും മികച്ച ബന്ധമാണ് അദ്ദേഹവുമായുള്ളത്. എനിക്കും ബിസിനസ് സമൂഹത്തിനും അദ്ദേഹത്തെ മിസ് ചെയ്യും.
നികത്താനാവാത്ത നഷ്ടം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്‍റെ കുടുംബത്തിനുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നതായും യൂസുഫലി പറഞ്ഞു. റീട്ടെയിൽ രംഗത്ത് മെന മേഖലയിൽ ലാൻഡ്‌മാർക്ക് ഗ്രൂപ്പിനെ വിജയകരമായി കെട്ടിപ്പടുത്ത ദീർഘവീക്ഷണമുള്ള ബിസിനസുകാരനായിരുന്നു മിക്കി ജഗ്ത്യാനിയെന്ന് ആസാദ് മൂപ്പൻ പറഞ്ഞു.
റീട്ടെയിൽ, ഉപഭോക്തൃ ബിസിനസ്സ് വിഭാഗങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പരിചയ സമ്പന്നനായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ഉദാര മനസ്ക്കനായിരുന്ന മിക്കി, നിശബ്ദമായി ആളുകളെ സഹായിക്കുന്ന മനുഷ്യ സ്നേഹിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ഉദ്യമങ്ങളിലൂടെ ആ ഓർമ്മകൾ എന്നും നിലനിൽക്കും. വിയോഗ വേദനയിൽ കഴിയുന്ന കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.