സ്കൂളുകളിൽ 'യൂത്ത് ടു കമ്യൂണിറ്റി ഡേ'യുമായി ദീവ
text_fieldsദുബൈ: സുസ്ഥിരത, വൈദ്യുതി, ജലസംരക്ഷണം, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ദുബൈയിലെ വിദ്യാഭ്യാസ മേഖലയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) യൂത്ത് കൗൺസിൽ 'യൂത്ത് ടു കമ്യൂണിറ്റി ഡേ'സംഘടിപ്പിച്ചു. വെർച്വലായി സംഘടിപ്പിച്ച പരിപാടിയിൽ ദുബൈയിലെ അഞ്ച് പൊതു, സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും പങ്കെടുത്തു.
വരുംതലമുറകൾക്ക് ഉജ്ജ്വലമായ ഭാവി ഉറപ്പാക്കുന്നതിൽ സുസ്ഥിരതയുടെ പങ്കിനെക്കുറിച്ച് യുവാക്കളെയും അടുത്ത തലമുറയെയും ബോധവത്കരിക്കാനുള്ള ദീവയുടെ ശ്രമങ്ങളെ പിന്തുണക്കാൻ ദീവയുടെ യൂത്ത് കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്. അറിവും നൂതനത്വവും അടിസ്ഥാനമാക്കി സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള വിവേകപൂർണമായ നേതൃത്വത്തിെൻറ കാഴ്ചപ്പാട് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യൂത്ത് കൗൺസിൽ ചെയർപേഴ്സനും സീനിയർ എൻജിനീയറുമായ ആയിഷ മുഹമ്മദ് അൽറെമിതി പറഞ്ഞു.
യുവാക്കളുമായി കൂടുതൽ ഇടപഴകുന്നതിനായി കൗൺസിൽ നിരവധി സംരംഭങ്ങളും അവബോധം വളർത്തുന്ന പരിപാടികളും ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വിവിധ മേഖലകളിൽ യു.എ.ഇയുടെ മത്സരശേഷി വർധിപ്പിക്കുകയെന്നതും ദീവയുടെ ലക്ഷ്യമാണ്. ദീവയുടെ പുതുതലമുറ ജീവനക്കാരുമായുള്ള ആശയവിനിമയത്തെ പിന്തുണക്കുന്നതിനായി 2019 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ കൗൺസിൽ നിരവധി സംരംഭങ്ങളും പത്ത് പ്ലാറ്റ്ഫോമുകളും ആരംഭിച്ചതായി അൽറെമിതി പറഞ്ഞു. വെർച്വലായി സംഘടിപ്പിച്ച 30 പരിപാടികളിലായി 1,200ൽപരം പേരാണ് പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

