ലഹരി കടത്ത്; യുവാവിന് ജീവപര്യന്തം തടവ്
text_fieldsദുബൈ: മയക്കുമരുന്ന് വിൽപനക്കിടെ പിടിയിലായ യുവാവിന് ദുബൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും പിടിച്ചെടുത്ത എല്ലാ ലഹരിമരുന്നുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 28കാരനായ ഏഷ്യൻ പൗരനാണ് ശിക്ഷ ലഭിച്ചത്. ഈ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിൽപനക്കായി ലഹരിമരുന്ന് കൈവശം വെച്ചിട്ടുള്ള ഏഷ്യൻ പൗരനെ കുറിച്ച് ലഹരിവിരുദ്ധ വിഭാഗത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യക്കാരനായി ചമഞ്ഞ് പ്രതിക്കായി കെണിയൊരുക്കി. പറഞ്ഞ സ്ഥലത്ത് എത്തിയ പ്രതി 200 ദിർഹത്തിന് ലഹരി മരുന്ന് പൊലീസിന് കൈമാറുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ യു.എ.ഇയിൽ നിരോധിച്ച ലഹരി മരുന്നായ മെത്തഫെറ്റമിൻ അടങ്ങിയ ഏകദേശം 24 ഗ്രാം വെള്ള ക്രിസ്റ്റൽ മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലായി കണ്ടെത്തി. വിൽപന മാത്രമല്ല, പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും ലബോറട്ടറി പരിശോധനയിൽ വ്യക്തമായി.
ചോദ്യം ചെയ്യലിൽ പ്രതി ഇക്കാര്യം സമ്മതിച്ചു. ഏഷ്യൻ ഡീലറിൽ നിന്നാണ് ലഹരി മരുന്ന് വാങ്ങിയതെന്നും അയാളെ അറിയില്ലെന്നും ഇയാൾ മൊഴി നൽകി. തെളിവുകൾ പരിശോധിച്ച ദുബൈ ക്രിമനിൽ കോടതി പ്രതിയുടെ കൈവശമുള്ള ലഹരി മരുന്നിന്റെ അളവ്, വിതരണം ചെയ്യാനുള്ള ഉദ്ദേശ്യം, ലഹരിമരുന്ന് ഉപയോഗം എന്നിവ പരിഗണിച്ച് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
പൊതുസുരക്ഷയും നിയമവാഴ്ചയും ഉറപ്പാക്കി ലഹരി ഇടപാടുകൾ നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് ഈ കേസെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

