തൊഴിൽ ശക്തിയുടെ പകുതിയും യുവാക്കൾ
text_fieldsജി 20 തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുന്ന
മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ
ദുബൈ: രാജ്യത്തെ തൊഴിൽ ശക്തിയുടെ പകുതിയും യുവാക്കളാണെന്നും, യുവാക്കളെ ശാക്തീകരിക്കുന്നതിൽ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ. രാജ്യത്തെ തൊഴിൽ ശക്തിയിൽ 12ശതമാനം വളർച്ച രേഖപ്പെടുത്തിയതായും ആകെ കമ്പനികളുടെ എണ്ണത്തിൽ 17ശതമാനം വർധനവാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 തൊഴിൽ മന്ത്രിമാരുടെ യോഗത്തിലെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാത്രം ‘നാഫിസ്’ പദ്ധതിയിലൂടെ തൊഴിൽശക്തിയിലെ പൗരൻമാരുടെ എണ്ണം 325ശതമാനം വർധിപ്പിക്കാൻ സാധിച്ചു. ഇത് സാമ്പത്തിക വളർച്ചയെ സമഗ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങളിൽ യുവാക്കളുടെ പങ്ക് വർധിപ്പിച്ചു -അദ്ദേഹം കൂട്ടിച്ചേർത്തു. ജി 20 തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതോടൊപ്പം ‘തൊഴിൽ ശക്തിയിലെ ലിംഗസമത്വം’ എന്ന വിഷയത്തിലുള്ള മറ്റൊരു സെഷനിലും മന്ത്രി അൽ അവാർ പങ്കെടുത്തു.
സമത്വവും നീതിയും ഉറപ്പാക്കുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങൾ വിശദീകരിച്ച അദ്ദേഹം, രാജ്യത്തെ നിയമം ജോലിസ്ഥലത്ത് എല്ലാതരം വിവേചനവും നിരോധിക്കുകയും എല്ലാവരെയും അക്രമത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി. യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും അവരിൽ 30 ശതമാനത്തിലധികം പേർ നേതൃസ്ഥാനങ്ങൾ വഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്വകാര്യ മേഖലയിൽ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ 21 ശതമാനം വളർച്ചയുണ്ടായതായും സ്വകാര്യ മേഖലയിലെ മൊത്തം സ്ത്രീ തൊഴിലാളികളിൽ 46 ശതമാനവും നൈപുണ്യമുള്ള ജോലികൾ ചെയ്യുന്ന സ്ത്രീകളാണെന്നും അൽ അവാർ പറഞ്ഞു. 1999ൽ സ്ഥാപിതമായ ജി20, ആഗോള ജിഡിപിയുടെ 85 ശതമാനവും, അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്ന ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയാണ്. അന്താരാഷ്ട്ര സഹകരണം, നയരൂപീകരണം, ആഗോള ലക്ഷ്യങ്ങളും പ്രതിബദ്ധതകളും രൂപപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് വേദി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

