യുവകലാസാഹിതി സ്കൂൾ കലോത്സവം ശ്രദ്ധേയമായി
text_fieldsയുവകലാസാഹിതി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം ജേതാക്കൾ
ദുബൈ: യുവകലാസാഹിതി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം 15 ,16, 22, 23 തീയതികളിൽ നടന്നു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു.
നടനും സംവിധായകനുമായ വിനീത് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡോ: ആർ.എൽ.വി. രാമകൃഷ്ണൻ , ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ പ്രിൻസിപ്പാൾ ഡോ. എസ്. രേഷ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
22,23 തീയതികളിൽ ദുബൈ ഗൾഫ് ഇന്ത്യൻ സ്കൂളിൽ നടന്ന സ്റ്റേജ് മത്സരങ്ങൾ കാണികളിൽ ആവേശമുണർത്തി. പ്രവാസികളായ കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ സംസ്ഥാന ഗവൺമെന്റിന്റെ മുൻകൈയിൽ ഒരു സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മുഹമ്മദ് മൊഹ്സിൻ എം.എൽ.എ പറഞ്ഞു.
1200 ഓളം മത്സരാർഥികൾ 5 കാറ്റഗറികളിലായി വ്യക്തിഗത ഇനങ്ങളിൽ മാറ്റുരച്ചു. റാസൽഖൈമ റീജിയനുവേണ്ടി ബിജു കൊട്ടില സംവിധാനം ചെയ്ത ‘എലിപ്പെട്ടി’ മികച്ച നാടകത്തിനുള്ള തോപ്പിൽ ഭാസി പുരസ്കാരം നേടി. അബുദബി, ദുബൈ റീജനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . മികച്ച നടിക്കുള്ള കെ.പി.എ.സി. ലളിത പുരസ്കാരം ആവണി വികാസും മികച്ച നടനുള്ള തിലകൻ പുരസ്കാരം ഓസ്റ്റിനും കരസ്ഥമാക്കി .
മേഖല മത്സരത്തിൽ കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ ഷാർജ മേഖല ഇത്തവണയും വയലാർ രാമവർമ ട്രോഫി നിലനിർത്തി. ദുബൈ മേഖല രണ്ടാം സ്ഥാനത്തും അബൂദബി മൂന്നാം സ്ഥാനത്തും എത്തി. കലാതിലകമായി മാളവിക മനോജ്, കലാപ്രതിഭയായി ശ്രീഹരി അഭിലാഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ കാറ്റഗറികളിൽ കൂടുതൽ പോയന്റുകൾ നേടി ലയന നായർ, വേദിക മാധവ് , വേദിക നായർ, ആർദ്ര ജീവൻ എന്നിവരും പ്രത്യേക പുരസ്കാരത്തിന് അർഹരായി. വിജയികൾക്ക് മുഹമ്മദ് മുഹ്സിൻ എം.എൽ.എയും വിനീത് കുമാറും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
വയലാർ രാമവർമ, മൃണാളിനി സാരാഭായി, കെടാമംഗലം സദാനന്ദൻ, തോപ്പിൽ ഭാസി, കെ.പി.എ.സി ലളിത, തിലകൻ, ഇന്ദ്രാണി റഹ്മാൻ, രുഗ്മിണി ദേവി അരുന്ധേൽ, കണിയാപുരം രാമചന്ദ്രൻ, സുഗതകുമാരി, കുഞ്ഞുണ്ണി മാഷ്, എം.ടി. വാസുദേവൻ നായർ അടക്കമുള്ളവരുടെ നാമധേയത്തിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയത് സാംസ്കാരിക മേഖലയിൽ ഇവർ നൽകിയ സംഭാവന വരും തലമുറകളിൽ കൂടുതൽ പ്രകാശമായി എത്തിച്ചേരുവാൻ സഹായിക്കുമെന്ന് സംഘാടക സമിതി അഭിപ്രായപ്പെട്ടു.
കുട്ടികൾക്കായി കൂടുതൽ മികച്ച പരിപാടികളുമായി മുന്നോട്ടുവരാൻ യുവകലാസാഹിതി പ്രതിജ്ഞാബദ്ധമാണ് എന്നും ഭാരവാഹികൾ അറിയിച്ചു.
ഉദ്ഘാടന , സമാപന സമ്മേളനങ്ങളിൽ കലോത്സവം സംഘാടകസമിതി ഭാരവാഹികളായ അജി കണ്ണൂർ ,സുബീർ ആരോൾ യുവകലാസാഹിതി നേതാക്കളായ വിൽസൺ തോമസ്, പ്രദീഷ് ചിതറ , സുഭാഷ് ദാസ്, ബിജു ശങ്കർ, സുനിൽ ബാഹുലേയൻ, പ്രശാന്ത് ആലപ്പുഴ, ജിബി ബേബി, നൗഷാദ് അറക്കൽ, നിംഷ ഷാജി, സർഗറോയ്, നമിത സുബീർ, അനീഷ് നിലമേൽ, മനു കൈനകരി, നൗഷാദ് പുലാമന്തോൾ, അഭിലാഷ് ശ്രീകണ്ഠപുരം, റോയ് നെല്ലിക്കോട്, രഘുരാജ് പള്ളിക്കാപ്പിൽ, രാജേഷ് എ.ജി , ഷിജോയ് ചന്ദ്രൻ, റോണി തോമസ്, വിൽസൺ എസ്.എ തുടങ്ങിയവർ സംബന്ധിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

