‘നിങ്ങളുടെ രാഷ്ട്രം ശക്തമാണ്’; അബൂദബിയിൽ ഓട്ടമത്സരത്തിൽ വൻ പങ്കാളിത്തം
text_fields‘നിങ്ങളുടെ രാഷ്ട്രം ശക്തമാണ്’ എന്ന തലക്കെട്ടിൽ അബൂദബിയിൽ സംഘടിപ്പിച്ച ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ
അബൂദബി: രാജ്യത്തെ ഐക്യവും സാമൂഹിക ബന്ധങ്ങളും അടയാളപ്പെടുത്താനായി ‘നിങ്ങളുടെ രാഷ്ട്രം ശക്തമാണ് ’ എന്ന തലക്കെട്ടിൽ അബൂദബിയിൽ നടന്ന ഓട്ടമത്സരത്തില്‍ സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നുള്ള 25,000 ത്തിലധികം ആളുകള്‍ പങ്കെടുത്തു. സായിദ് ചാരിറ്റി റണ്‍ കമ്മിറ്റിയും അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണ് പരിപാടി സംഘടിപ്പിച്ചത്. വഹത് അല്‍ കരാമയില്‍ നിന്ന് ആരംഭിച്ച ഓട്ടം ഇർദ് അബൂദബി (ആംഡ് ഫോര്‍സസ് ഓഫിസേഴ്‌സ് ക്ലബ് ആന്‍ഡ് ഹോട്ടല്‍) യില്‍ സമാപിച്ചു. രാഷ്ട്രത്തെ സംരക്ഷിക്കുക എന്നത് അവബോധം, ഐക്യം, സ്വന്തമാണെന്ന ബോധം എന്നിവയില്‍ കെട്ടിപ്പടുത്ത കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് പരിപാടി ഉയര്‍ത്തിക്കാട്ടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. യു.എ.ഇ പതാക യു.എ.ഇ നൈറ്റ്‌സ് ആകാശത്തു വരച്ചുകാട്ടിയതോടെയാണ് പരിപാടിക്കു തുടക്കമായത്.
പ്രൊഫഷണല്‍ ഓട്ടക്കാര്‍, യുവാക്കള്‍, കുടുംബങ്ങള്‍, നിശ്ചയദാര്‍ഢ്യ ജനത, വയോധികര്‍ തുടങ്ങിയവരാണ് ഓട്ടത്തില്‍ പങ്കെടുത്തത്. ഓട്ടത്തിനു ശേഷം ഇർദ് അബൂദബിയില്‍ ഒത്തുകൂടിയവര്‍ക്കായി ഒട്ടേറെ വിനോദ പരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു. യു.എ.ഇയുടെ ശക്തിയുടെയും മൂല്യങ്ങളുടെയും പ്രതിഫലനമാണ് ഈ പരിപാടിയെന്നും സുരക്ഷ, ഐക്യം, ഉള്‍പ്പെടുത്തല്‍ എന്നിവയില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശം ഇത് നല്‍കുന്നുണ്ടെന്നും യു.എ.ഇ സഹമന്ത്രി നൂറ അല്‍ കാബി പറഞ്ഞു. ഈ ഓട്ടം ശക്തമായ പൊതു അവബോധത്തെയും ജനങ്ങളും നേതൃത്വവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് സായിദ് ചാരിറ്റി റണ്ണിന്‍റെ പരമോന്നത സംഘാടക സമിതി ചെയര്‍മാന്‍ റിട്ട. ലഫ്റ്റനന്‍റ് ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ കാബി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവരുടെ ആധിക്യം ശ്രദ്ധേയമായിരുന്നുവെന്ന് അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആരിഫ് അല്‍ അവാനി ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ നേതൃത്വത്തിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്കുമുള്ള നന്ദിപ്രകടനമാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

