ഇ-സ്കൂട്ടർ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്
text_fieldsദുബൈ: ഇ-സ്കൂട്ടർ അപകടത്തിൽപെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇമാറാത്തി പൗരനായ തലാൽ മുഹമ്മദിനാണ് പരിക്കേറ്റത്. അപകടത്തിൽ ഇയാളുടെ നട്ടെല്ലിന് മൂന്ന് പൊട്ടലുകളാണ് സംഭവിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ പാം മരത്തിൽ ഇടിച്ചശേഷം തെറിച്ചുവീഴുകയായിരുന്നു. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ചെറുയാത്രകൾക്ക് സൗകര്യപ്രദമായ ഗതാഗത മാർഗമെന്ന നിലയിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗം ദുബൈയിൽ വർധിച്ചിട്ടുണ്ട്.
അതോടൊപ്പം ഇ-സ്കൂട്ടറുകളുടെ അപകടവും വർധിച്ചുവെന്നാണ് ദുബൈ പൊലീസ് കണക്ക്. നിശ്ചയിച്ച പാതകളിലൂടെ, മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാവൂവെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പു നൽകാറുണ്ട്. അനധികൃതമായി രൂപമാറ്റം വരുത്തുകയും വേഗം കൂട്ടുന്നതിനായി എൻജിനിലും മറ്റും കൂട്ടിച്ചേർക്കലുകളും വരുത്തുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 11 പേരാണ് ഇ-സ്കൂട്ടർ അപകടത്തിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

