ദുബൈയിൽ റോഡിൽ തീയിട്ട് ജന്മദിനാഘോഷം; യുവാവ് അറസ്റ്റിൽ
text_fieldsജന്മദിനാഘോഷത്തിന്‍റെ ഭാഗമായി യുവാവ് റോഡിൽ തീകൊണ്ട് 26 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു
ദുബൈ: ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി റോഡിൽ തീയിട്ട യുവാവിനെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. 26കാരനാണ് അറസ്റ്റിലായത്. ഇയാളുടെ 26ാം ജന്മദിനത്തിൽ റോഡിൽ 26 എന്ന് തീകൊണ്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തുടർന്ന് വിഡിയോ പരിശോധിച്ച ദുബൈ പൊലീസ് പ്രതിയെയും ഇയാൾ ഉപയോഗിച്ച വാഹനത്തേയും തിരിച്ചറിയുകയും ശക്തമായ നടപടി സ്വീകരിക്കുകയുമായിരുന്നു.
പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് വാഹനം കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 2000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയന്‍റും രേഖപ്പെടുത്തും. കൂടാതെ രണ്ട് മാസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കും. ട്രാഫിക് നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് ഇത്തരം പ്രവൃത്തികൾ എന്നും ജീവനും സ്വത്തിനും ഭീഷണിയാണെന്നും ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്സിനെ നേടാനും അതുവഴി പ്രശസ്തി കൂട്ടാനും ലക്ഷ്യമിട്ടാണ് ചിലർ ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത്.
എന്നാൽ, ഇത് അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നതാണ്. നഗരത്തിലെ റോഡിൽ തീയിടുന്നത് ഡ്രൈവർക്കും കാൽനടക്കാർക്കും മാത്രമല്ല ഭീഷണി, മറിച്ച് റോഡ് തടസ്സപ്പെടാനും ഇത്തരം പ്രവൃത്തികൾ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകൾ ഉപയോഗിച്ച് അഭ്യാസം കാണിക്കുന്നതും അതിന്‍റെ വീഡിയോ പകർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. റോഡ് ഉപഭോക്താക്കൾക്ക് വലിയ തരത്തിലുള്ള ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

